കോവിഡും കവിതയും – കൽപ്പറ്റ നാരായണൻ

കോവിഡ് കാലത്താണ് ഓർഹാൻ പാമുഖിനെയും ജയമോഹനനെയുമൊക്കെപ്പോലെ ഞാനുമൊരു മുഴുസ്സമയ എഴുത്തുകാരനായത്. യാത്രയിൽ നിന്നും പ്രസംഗത്തിൽ നിന്നും ബന്ധുവീടുകളിൽ നിന്നും ആശുപത്രി സന്ദർശനങ്ങളിൽ നിന്നും കല്യാണച്ചടങ്ങുകളിൽ നിന്നും മരണങ്ങളിൽ നിന്നും സുഹൃത്തുകളിൽ നിന്നും നഗരരസങ്ങളിൽ നിന്നും പോകാതെ പറ്റുമായിരുന്നില്ലാത്ത ഏതാണ്ടെല്ലാ ഇടങ്ങളിൽ നിന്നും ഞാൻ മോചിതനായി. വായനയിലും ആലോചനയിലും എഴുത്തിലും മാത്രമായി ഞാൻ. നടത്തംപോലും അടുത്ത ലേഖനത്തിലേക്കോ അടുത്ത കവിതയിലേക്കോ നോവലിന്റെ അടുത്ത അധ്യായത്തിലേക്കോ ആയി. ഉണ്ടതും ഉറങ്ങിയതും എന്നിലെ എഴുത്തുകാരനു വേണ്ടിയായി. ഉഗ്രശാസനനും അഭ്യുദയകാംക്ഷിയുമായ ഒരു കൊണഷ്യെറെപ്പോലെ കോവിഡ് ഞാൻ പുറത്തുപോകുന്നില്ലല്ലോ എന്ന് സദാ ഉറപ്പുവരുത്തി. ഞാൻ എഴുതുന്നുണ്ടല്ലോ എന്ന് ഉറപ്പാക്കി.


“When I lived amongst the roots

they pleased me more than flowers did,

and when I spoke to a stone

it rang like a bell.

which goes on all winter.

Time lost its shoes.

A year is four centuries.”


തൊള്ളായിരത്തി മുപ്പത്തിനാലിലെ ബീഹാർ ഭൂകമ്പത്തോട് പ്രതികരിച്ച് ഗാന്ധി എഴുതി, തൊട്ടുകൂടായ്മക്ക് കിട്ടിയ ദൈവശിക്ഷയാണിത്. ജീവിതത്തിന്റെ അനിത്യത ഇത്രമേൽ ബോദ്ധ്യപ്പെടുത്തിയ മറ്റൊരു ദുരന്തവും ആസന്നഭൂതകാലത്തിൽ ഗാന്ധി കണ്ടിട്ടില്ല. എന്നിട്ടും ഒരടിസ്ഥാനവുമില്ലാത്ത തൊട്ടുകൂടായ്മ പോലുള്ള വിവേചനങ്ങളെ മനുഷ്യർ പിന്തുടരുന്നല്ലോ? ആവുന്നത്ര പരസ്പരമുതകി ജീവിക്കുക എന്നതാണ് ദൈവാഭ്യർത്ഥന, അത് ചെവിക്കൊളളുക എന്ന് ഗാന്ധി പറഞ്ഞു.(ദൈവം,ഭാവനാപൂർവം കാര്യങ്ങൾ കാണാനുള്ള വളരെക്കാലമായി നിലവിലുള്ള ഒരു സാഹചര്യമാണ്.” വെളിച്ചം വേണ്ടോർക്കു വിളമ്പിടുന്നൊരു വിളക്കല്ലേ ദൈവം”) എല്ലാം കർമഫലമായിരിക്കാം. അതിനോട് യോജിക്കുന്നവർ, ഓർക്കണം ഏത് ദുഷ്ക്കര്‍മത്തിന്റെ ഫലമാണിത് എന്ന്. ഒരു നീതീകരണവുമില്ലാത്ത കുറ്റമായി താൻ കാണുന്നത് അസ്പൃശ്യതയെയാണ്. കർമഫലം പോലുള്ള മതപ്രയോഗങ്ങളെ രാഷ്ട്രീയ പ്രായോഗങ്ങളാക്കി ഗാന്ധി പരിവർത്തിച്ചു.