അപമാനം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ – ഡോ. മാർട്ടിൻ പുതുശ്ശേരി

ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഏറെ അപമാനവും മനഃക്ലേശവും നേരിടുന്നുണ്ട്. ഭാഷയും സംസ്‌കാരവും വ്യത്യസ്തമായതിനാൽ അവർ ഏറെ സംശയത്തിനും വിശ്വാസരാഹിത്യത്തിനും വിധേയരാകുന്നു. അപരിചിതരോടുള്ള ഭയാശങ്കകളും പീഡനങ്ങളും തുടങ്ങി പലവിധത്തിലുള്ള അകറ്റിനിറുത്തലുകൾക്കും മുറിവേല്പിക്കപ്പെടലിനും അവർ ഇരയാക്കപ്പെടുന്നു. വിഷാദം, ആകാംക്ഷ, മാസികസമ്മർദം എന്നിവയാൽ രോഗാതുരമാണവർ. ഇവയെല്ലാം അവരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുമുണ്ടത്രേ. ഈ അകറ്റിനിറുത്തലും മാനസികരോഗാതുരതയും അവരുടെ ജീവിതത്തെ നിർണായകമായ വിധത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ അകറ്റിനിറുത്തപ്പെടലിനും മാനസികരോഗാതുരതയ്ക്കും ഏറ്റവുമധികം കാരണമായി ഭവിക്കുന്നത് സാംസ്‌കാരികഘടകങ്ങളാണ്. ഈ അകറ്റിനിറുത്തലിന്റെയും രോഗാതുരതയുടെയും പരിണതഫലമായി അവർ ഏറെ അപമാനം നേരിടുകയും ഈ സഹനം അവരുടെ മാനസിക-സാമൂഹിക സുസ്ഥിതിയെയും മാനസികാരോഗ്യത്തെയും നിർണായകമായി സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.


തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ മൂന്നു ജില്ലകളിലെ 300 ഇതര സംസ്ഥാനത്തൊഴിലാളികളെയാണ് ഈ ഗവേഷണ പഠനത്തിനായി തിരഞ്ഞെടുത്തത്. വടക്കേന്ത്യയിൽ നിന്നും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികളെയാണ് പഠനവിധേയമാക്കിയത്. ഏതാനും തൊഴിലാളികളുടെ കേരളത്തിലെ അനുഭവകഥകളുടെ ആഖ്യാനവും ഈ ഗവേഷണപഠനം നൽകുന്നുണ്ട്.


ഇതരസംസ്ഥാന തൊഴിലാളികൾ


വടക്കേ ഇന്ത്യയിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഉപജീവനത്തിനായി കേരളത്തിലെത്തിയവർ ബഹുഭൂരിപക്ഷവും യുവാക്കളാണ്. അവരിൽ അധികംപേരും ഇവരുടെ നാട്ടിൽ കൃഷിക്കാരോ കർഷകത്തൊഴിലാളികളോ അത്രേ. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നും ആസ്സാമിലെ നഗോൺ നിന്നുമുള്ള യുവാക്കളുടെ വലിയ ഒരു കേന്ദ്രീകരണംതന്നെ കേരളത്തിലുണ്ടായി. ഇക്കൂട്ടരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷത്തിലും ആദിവാസിവിഭാഗത്തിലും പെടുന്നവരാണ് എന്നതാണ്. സ്വന്തം നിലയിൽ ജോലി കണ്ടെത്താനും അതിനായി കേരളത്തിലുടനീളം യാത്രചെയ്യാനും ഭാഷ ഒരു തടസ്സമായി അവർക്കെല്ലാം അനുഭവപ്പെട്ടു. സർക്കാർ പദ്ധതികളിൽ നിന്നും പൊതുവിതരണ സംവിധാനങ്ങളിൽ നിന്നും വോട്ടവകാശത്തിൽനിന്നും അവരെല്ലാം അകറ്റിനിറുത്തപ്പെട്ടു.


കുടുംബത്തെ സ്വദേശത്തുതന്നെ നിറുത്തിക്കൊണ്ടുള്ള വ്യക്തിപരമായ കുടിയേറ്റമാണ് ബഹുഭൂരിഭാഗംപേരും കേരളത്തിലേക്ക് നടത്തിയത്. കുടിയേറ്റത്തിനുള്ള മുഖ്യകാരണം, സാമൂഹികം എന്നതിനേക്കാൾ സാമ്പത്തികമായിരുന്നു. കുറഞ്ഞ വേതനവും സ്വന്തം സംസ്ഥാനത്തെ തൊഴിലില്ലായ്മയുമാണ് പ്രധാന സാമ്പത്തിക കാരണങ്ങൾ. അവരെ കേരളത്തിലേക്ക് ആകർഷിച്ച മുഖ്യഘടകങ്ങൾ (Pull Factors) ഇവിടത്തെ ഉയർന്ന വേതനവും ജോലിലഭ്യതയുമത്രേ.


അകറ്റിനിറുത്തലും മാനസികരോഗാതുരതയും:


ഇല്ലായ്മ, അവകാശങ്ങളുടെ നിഷേധം, തൊഴിൽപരമായ സംവേദനക്ഷമത, സാഹചര്യപരമായ സംവേദനക്ഷമത എന്നിവയ്ക്ക് അകറ്റി നിറുത്തലും മാനസികരോഗാതുരതയും തമ്മിൽ ശക്തമായ പരസ്പരബന്ധമുണ്ട്. ഇവയെല്ലാം തൊഴിലാളികളുടെ അകറ്റി നിറുത്തപ്പെടലിനും മാനസികരോഗവിധേയത്വത്തിനും മുഖ്യകാരണങ്ങളായി ഭവിച്ചു. വളരെ ഉയർന്ന തോതിലുള്ള അകറ്റിനിറുത്തലും മാസികരോഗവിധേയത്വവുമാണ് കൂടുതൽ പേർക്കു അനുഭവപ്പെട്ടത്. അക്കൂട്ടരുടെ ഇല്ലായ്മയും സ്വാഭാവികമായും ഉയർന്ന തോതിലായിരുന്നു. തൊഴിലാളികളുടെ പ്രായം കൂടുന്നതിനനുസൃതമായി ഈ അകറ്റിനിറുത്തലും മാനസികരോഗവിധേയത്വവും കൂടുതൽ സാന്ദ്രമായി അവർക്ക് അനുഭവവേദ്യമാകുന്നുണ്ട്.


സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയപരം, ഭാഷാപരം എന്നിങ്ങനെയുള്ള സമഗ്രമായ അകറ്റിനിറുത്തലും മാനസികരോഗവിധേയത്വവും അവരെ തീർത്തും നിരാശയിലാഴ്ത്തുന്നുണ്ട്. ഇവിടത്തെ ജനങ്ങളും സമൂഹവും ഇതരസംസ്ഥാനത്തൊഴിലാളികളെ കണ്ടത് ഏറെ സംശയത്തോടെയാണ്. സ്വാഭാവികമായും അവരെ സമന്മാരായി ഉൾക്കൊള്ളാൻ ഇവിടത്തെ ജനസാമാന്യത്തിന് ഇതുവരെ സാധിച്ചില്ല. അവരെ അന്യസംസ്ഥാനത്തൊഴിലാളികളായിട്ടാണ് വളരെക്കാലം കരുതിയത്. പ്രാദേശിക ജനതയുമായി അവർ വേർതിരിക്കപ്പെട്ടിരുന്നു എന്നത് വസ്തുതയാണ്. 2013-ൽ നാരായണനും വെങ്കിടേശ്വരനും നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ആതിഥേയ കേരള സാമ്പത്തികവ്യവസ്ഥയും സംവിധാനവുമായി അവർ  വളരെ നല്ല രീതിയിൽത്തന്നെ ഉദ്ഗ്രഥനം ചെയ്യപ്പെട്ടുവെങ്കിലും കേരളസമൂഹവുമായി ഒരു ഉദ്ഗ്രഥനം സംഭവിച്ചില്ല എന്നത്രേ.

അകറ്റിനിറുത്തലും മാനസികരോഗവിധേയത്വവും ഇതരസംസ്ഥാനത്തൊഴിലാളികളിൽ മനഃശാസ്ത്രപരമായി വളരെയധികം ആഘാതം ഏല്പിക്കുകയുണ്ടായി പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾക്കും അതിടയാക്കി. അപമാനവും ഉയർന്ന തോതിലുള്ള അഭിമാനക്ഷതവും ഇതവരിലുണ്ടാക്കി. പലർക്കും അന്യഥാബോധവും (alienation) അന്യനാട്ടിലകപ്പെട്ടുപോയതുമൂലമുള്ള ഭയാശങ്കകളും (Agoraphobia)  വിധേയത്വവും അനുഭവപ്പെട്ടു.


ഒരു തൊഴിലാളിയുടെ അനുഭവവിവരണം


മുക്താർ അലി, 44 വയസ്സുള്ള തൊഴിലാളിയാണ്. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരൻ. ഭാര്യയും രണ്ടു പുത്രിമാരും ഒരു പുത്രനും അദ്ദേഹത്തിനുണ്ട്. ഉത്സവനാളുകളിൽ അടുത്ത പട്ടണത്തിലും മറ്റും ‘വള’ വില്പനയാണ് ഉപജീവനമാർഗം. ദേശവത്കൃത ബാങ്കിൽ നിന്ന് 50,000 രൂപ അദ്ദേഹം വായ്പ എടുത്തിരുന്നു. വീട് നിർമിക്കാനാണ് വായ്പ എടുത്തത്. വള വില്പനയിൽ നിന്നു ലഭിച്ചിരുന്ന തുച്ഛമായ വരുമാനംകൊണ്ട് വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നു. അങ്ങനെ അദ്ദേഹം കേരളത്തിലെത്തി. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് മുക്താറിനു ജോലി ലഭിച്ചത്. അവിടെ ചെറിയ ഒരു ഫാക്ടറിയിൽ 7 മാസത്തോളം ജോലി ചെയ്തു. അങ്ങനെ ഒരുനാൾ യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ വലതു കൈപ്പത്തി മുറിഞ്ഞുപോയി. കൈപ്പത്തി നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ മുറിവുണങ്ങാൻ ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു. സംസ്ഥാന തൊഴിൽവകുപ്പിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ മുക്താർ അപേക്ഷ നൽകി. എന്നാൽ യാതൊരു നഷ്ടപരിഹാരവും നൽകാൻ തൊഴിലുടമ തയ്യാറായില്ല. ഇത് കുടുംബത്തെ ആകെ തളർത്തി. അങ്ങനെ മുക്താർ അംഗപരിമിതി ഉണ്ടെങ്കിലും ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭാഗ്യക്കുറി ടിക്കറ്റ് വില്പനയുമായി ഇറങ്ങി. ഇതരസംസ്ഥാനതൊഴിലാളികൾ ഏറ്റവുമധികമുള്ള പ്രദേശമാണ് പെരുമ്പാവൂർ. ഈ ലോട്ടറി വില്പനമൂലം കിട്ടുന്ന വരുമാനത്തിൽനിന്നു ബാങ്കുവായ്പ തിരിച്ചടയ്ക്കാനാവുമെന്നാണ് മുക്താറിന്റെ പ്രത്യാശ. ഒപ്പം, തന്റെ പ്രിയപ്പെട്ട കുടുംബത്തെ പോറ്റാനും.


നിർദേശങ്ങൾ:


1. ഇതരസംസ്ഥാനത്തൊഴിലാളികളുടെ അവകാശ സംരക്ഷണ. ഇവിടത്തെ തൊഴിലാളികൾക്കു ലഭിക്കുന്ന അവകാശങ്ങൾ ഇതരസംസ്ഥാനത്തൊഴിലാളികൾക്കും ലഭ്യമാക്കണം. അവർക്ക് അപകടമോ മരണമോ സംഭവിച്ചാൽ മാനുഷികമായ, നിയമപരമായ പരിഗണന അവർക്കും കുടുംബത്തിനും ഉറപ്പാക്കണം. യഥാസമയം നഷ്ടപരിഹാരവും മറ്റും നൽകണം.


2. പോലീസിനും പൊതുജനസേവകർക്കും ഉദ്യോഗസ്ഥർക്കും ബോധവത്കരണം നൽകണം. ഇതരസംസ്ഥാനത്തൊഴിലാളികൾ ക്രിമിനലുകളാണെന്ന മുൻവിധിയും അതിനാൽത്തന്നെ അവർ സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്ന ഭീതിയും പലരിലുമുണ്ട്. അവരോടുള്ള പെരുമാറ്റത്തിൽ പോലീസ് ജാഗ്രതപുലർത്തുന്നതോടൊപ്പെ മിതത്വവും പാലിക്കണം. പലപ്പോഴും അവരോടുള്ള പെരുമാറ്റം കൂടുതൽ കാർക്കശ്യത്തോടെയാണെന്ന പരാതിയുണ്ട്. അവരുടെ സേവനത്തെയും സംഭാവനകളെയും ഒരിക്കലും നാം കുറച്ചുകണ്ടുകൂടാ. രാഷ്ട്രനിർമാണത്തിൽ അവരും പങ്കാളികളാണെന്ന ധനാത്മകമായ ഒരു മനോഭാവം നാം വച്ചുപുലർത്തണം.


3. ഇതരസംസ്ഥാന മാനവശേഷി കേന്ദ്രങ്ങളും സേവന കേന്ദ്രങ്ങളും സ്ഥാപിക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അല്ലെങ്കിൽ സന്നദ്ധസംഘടനകളുടെ പ്രവർത്തനം വഴി ഇവരെ സഹായിക്കാനാവും. വിവിധ ഭാഷകളറിയുന്നവരുടെ സേവനം അവർക്കു ലഭ്യമാക്കണം; അവർക്ക് നിയമസഹായവും കൗൺസലിംഗും ഉറപ്പുവരുത്തണം. അവരുടെ പരാതി പരിഹരിക്കാനുള്ള സംവിധാനം സത്വരം നടപ്പിലാക്കണം.


4.അടിസ്ഥാന സേവനങ്ങളും അവകാശങ്ങളും ഇതരസംസ്ഥാനത്തൊഴിലാളികൾ എവിടെയാണെങ്കിലും അവിടെ ലഭ്യമാക്കണം. പൊതുവിതരണ സംവിധാനം, പൊതുജനാരോഗ്യ സംവിധാന, ശിശുപരിപാല കേന്ദ്രം, വോട്ടവകാശം, ഭവനപദ്ധതികൾ, ഇൻഷുറൻസ്, തൊഴിൽ നിയമസംവിധാനം എന്നിവയുടെയെല്ലാം സേവനങ്ങളും നേട്ടങ്ങളും അവർക്കും ലഭ്യമാക്കണം. അതുവഴി അവരുടെ കുടുംബത്തിനു ലഭിക്കുന്ന പരിരക്ഷ വലുതായിരിക്കും.


5. ഇതരസംസ്ഥാനത്തൊഴിലാളികളും ഈ നാട്ടിലെ പൗരന്മാരാണെന്ന ചിന്ത നമ്മിലേവരിലും ഉണ്ടാവണം. കേരള സംസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ അവരുടെ തുല്യപങ്കാളികളാണെന്ന അവബോധം നമ്മെ നയിക്കട്ടെ. അവരെക്കുറിച്ചുള്ള മുൻവിധികൾ മാറ്റിവച്ച് യാഥാർത്ഥ്യബോധത്തോടെ അവരുമായി നമുക്ക് ഇടപെടാം.


6, സോഷ്യൽവർക്ക് വിഷയം പഠിപ്പിക്കുന്ന കോളജുകളിൽ ഇതരസംസ്ഥാനത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും സിലബസിൽ ഉൾപ്പെടുത്തണം. ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ സാമൂഹികപ്രവർത്തനങ്ങൾക്കുവേണ്ട പരിശീലനവും നൽകേണ്ടതാവശ്യമാണ്. സോഷ്യൽവർക്ക് കോളേജുകളിൽ അവരുടെ ക്ഷേമം ലാക്കാക്കി കൗൺസലിംഗ് കേന്ദ്രങ്ങൾ തുടങ്ങുന്നതും ഉപകാരപ്രദമായിരിക്കും. അവരുടെ മാനസികസുസ്ഥിതിയും ആരോഗ്യവും ഇതുമൂലം ഉറപ്പിക്കാൻ ഒരു പരിധിവരെ സാധിക്കും.


(മൊഴിമാറ്റം: ഡോ. മാത്യു കുരിശുംമൂട്ടിൽ)