മീഡിയോക്രിറ്റികൾ തിങ്ങിനിറയുന്ന കേരളം – സക്കറിയ

മലയാളി യുവതയുടെ പലായനവും അതിഥിത്തൊഴിലാളി കുടിയേറ്റവും   കേരളത്തോട് സംസാരിക്കുന്നത്?


കേരളത്തിൽ നിന്ന് യുവതികളുടെയും യുവാക്കളുടെയും പലായനം തുടങ്ങിയിട്ട് ഏറ്റവും കുറഞ്ഞത് അരനൂറ്റാണ്ടായി. അതിന്റെ കാരണം ലളിതമാണ്. 1947-നുശേഷം കേരളം ഭരിച്ച ഭരണകൂടങ്ങൾ കേരളത്തിന്റെ പ്രകൃതിദത്തമായ സാധ്യതകൾക്കും മനുഷ്യവിഭവശേഷിക്കും പ്രത്യേക ആവശ്യങ്ങൾക്കുമിണങ്ങിയ ഒരു സാമ്പത്തിക വികസനപദ്ധതി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെ ആസ്ഥാനവൽക്കരിച്ചത് ആ പരാജയത്തെ പൂര്‍ണമാക്കി. അവർ കൃഷിമേഖലയെയും വ്യവസായമേഖലയെയും തളർത്തുന്ന തൊഴിൽവിരുദ്ധ തൊഴിലാളി മനഃശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു. വിദ്യാഭ്യാസമേഖലയെ വിദ്യാർത്ഥി-അധ്യാപക സമരങ്ങളിലൂടെ പരിക്കേൽപ്പിക്കാനല്ലാതെ തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. മുതൽമുടക്കാൻ ശ്രമിക്കുന്നവരെ അടിച്ചമർത്തുന്ന ഉദ്യോഗസ്ഥ-രാഷട്രീയപ്പാർട്ടി-തൊഴിലാളി മനോഭാവം ശക്തമാണ്. സവര്‍ണ-യാഥാസ്ഥിതിക മനഃശാസ്ത്രം കൃഷിയെ ഒരു തൊഴിലെന്ന നിലയിൽ താഴ്ത്തിക്കെട്ടി. ഒപ്പം കാർഷിക വിഭവങ്ങളുടെ വിലയിടിച്ചിൽ നിത്യസംഭവമായി. ജീവിതമാർഗം തേടുന്ന യുവതീയുവാക്കൾക്ക് കേരളം വിട്ടുപോകുക മാത്രമായിത്തീർന്നു രക്ഷാമാർഗ്ഗം. സമീപകാലത്ത് ഐടി മേഖല മാത്രമാണ് കുറച്ചെങ്കിലും ഇതിനൊരപവാദം.


അതിഥിത്തൊഴിലാളികളുടെ കുടിയേറ്റം മേൽപ്പറഞ്ഞതുപോലെയുള്ള ഒരു സാഹചര്യത്തിൽ അനിവാര്യമാണ്.  അവർ ചെയ്യുന്ന ജോലികൾ ചെയ്യാൻ പൊതുവിൽ മലയാളികൾ തയ്യാറല്ല – അതേസമയം തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നുമുണ്ട്. അതല്ലെങ്കിൽ അവർ തൊഴിലുറപ്പ് പോലെയുള്ള തൊഴിലില്ലാ തൊഴിലുകൾ മാത്രം ചെയ്യുന്നു. ഇതിന് ഇനി മാറ്റമുണ്ടാകാനിടയില്ല. അതിഥിത്തൊഴിലാളികൾ ക്രമേണ സ്വാഭാവിക ഉദ്ഗ്രഥനത്തിലൂടെ കേരളീയരായി മാറും – ഒരുപക്ഷേ, അനവധിപ്പേർ ഇപ്പോൾത്തന്നെ ആയിട്ടുണ്ട്. മലയാളികളുടെ ഗൾഫ് കുടിയേറ്റവുമായുള്ള വ്യത്യാസം അവർക്ക് അവിടുത്തുകാരായിത്തീരാനുള്ള അനുവാദമില്ല എന്നതാണ്. അതിഥിത്തൊഴിലാളികളെ സൃഷ്ടിച്ചത് കേരളത്തിലെ ഭരണകൂടങ്ങളുടെ ബഹമുഖ പരാജയങ്ങളാണ്. കേരളത്തിന്റെ ഭാവിക്ക് അതിഥിത്തൊഴിലാളികൾ ഒരു മുതൽക്കൂട്ടല്ലാത്തെ മറ്റൊന്നുമാകാൻ വഴിയില്ല-അതായത് അവർ കേരളത്തൊഴിലാളികളുടെ മനഃശാസ്ത്രം പങ്കുവച്ചു തുടങ്ങുംവരെ. അവരുമായുള്ള മലയാളികളുടെ ജനിതക സങ്കലനത്തെ  ഭയപ്പെടുന്ന ജാതി-മത-യാഥാസ്ഥിതികരുണ്ടാവാം. വാസ്തവത്തിൽ അതിന്റെ സാധ്യത ഏറ്റവും പരിമിതമാണ്. പ്രവാസി മലയാളികൾ ഉദാഹരണം. അവർ ഭൂരിപക്ഷവും വിവാഹബന്ധത്തിലേർപ്പെടുന്നത് കേരളത്തിൽ നിന്നുതന്നെയാണ്.


യുവത ഒഴിഞ്ഞു പോകുന്ന കേരളം വാർദ്ധക്യത്തിലേയ്ക്കോ ?


യുവത ഒഴിഞ്ഞുപോകുന്നതിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം വൃദ്ധരുടെ എണ്ണം പെരുകുന്നതല്ല, കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നരും സർഗ്ഗശേഷിയുള്ളവരും ഒരു പുതിയ കേരളം സൃഷ്ടിക്കാൻ ശേഷിയുള്ളവരും കേരളത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നുവെന്നതാണ്. ഇവിടെ അവശേഷിക്കുന്നവരിലെ ഭൂരിപക്ഷം മീഡിയോക്രിറ്റികളാണ് എന്ന് വന്നുചേരുന്നു. അങ്ങനെയാണ് രാഷ്ട്രീയത്തിലും ഭരണമേധാവിത്വത്തിലും ഉദ്യോഗസ്ഥമേഖലയിലും മാധ്യമരംഗത്തും വിദ്യാഭ്യാസമേഖലയിലുമെല്ലാം മീഡിയോക്രിറ്റികൾ തിങ്ങിനിറയുന്നത്. കേരളത്തിന്റെ എല്ലാ മുഖ്യധാരാരംഗങ്ങളെയും ഒരു ശാപം പോലെ ബാധിച്ചിരിക്കുന്ന ആശയക്ഷാമം, ബൗദ്ധികമായ മൂഢത, ഇടുങ്ങിയ ചിന്താലോകം, അന്ധവിശ്വാസങ്ങളുടെയും വർഗ്ഗീയതയുടെയും വളർച്ച എന്നിവയെല്ലാം യുവാക്കളുടെ പലായനത്തിൽ നിന്നുണ്ടായ ഒഴിവിൽ കയറിപ്പറ്റിയിരിക്കുന്ന ശരാശരിത്വത്തിൽ നിന്ന് ജനിച്ചതാണ്. കേരളത്തെ തകർക്കാൻ പോകുന്ന സംഭവവികാസം ഇതാണ്. വൃദ്ധരെ പുലർത്തുന്ന ചുമതല പലവിധത്തിൽ കൈകാര്യം ചെയ്യാം. അവർ സമൂഹത്തിന് ഭീഷണിയല്ല. എന്നാൽ നമ്മെ നിയന്ത്രിക്കുന്ന ശരാശരിക്കാർ ഒരു വലിയ ഭീഷണിതന്നെയാണ്.


അതിഥിത്തൊഴിലാളി കുടിയേറ്റം കേരളീയ ജീവിതത്തെ സ്വാധീനിക്കുമോ?


കുടിയേറ്റം കൊണ്ട് മാത്രം ജീവിക്കുന്ന കേരളത്തിന് ഇങ്ങനെ ഒരു ചോദ്യമുയർത്താൻ സാധ്യമല്ല. അല്ലെങ്കിൽ അതിലൊരു കണ്ണടച്ച് ഇരുട്ടാക്കലുണ്ട്. ഒരു സമൂഹമെന്ന നിലയിൽ നാം തിരഞ്ഞെടുത്ത ഭരണകൂടങ്ങളുടെ ലജ്ജാവഹമായ പരാജയമാണ് അതിഥിത്തൊഴിലാളികളെ ഇവിടെ എത്തിച്ചിരിക്കുന്നത്. അതേ പരാജയമാണ് കഴിവും സർഗശേഷിയുമുള്ള യുവാക്കളെ ഇവിടെനിന്ന് പലായനം ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഗൾഫിന്റെ കഴിഞ്ഞ 60-ഓളം ദശകങ്ങളുടെ വളർച്ചയിൽ മലയാളികൾ ഒരു വലിയ പങ്ക് വഹിച്ചു. ഒരുപക്ഷേ, അതുതന്നെയാവാം അതിഥിത്തൊഴിലാളികൾ ഇവിടെ ചെയ്യുക. പക്ഷേ, ഗൾഫിൽ മലയാളികളുടെ പ്രവർത്തനത്തെ ഫലപ്രദമാക്കിയ പുരോഗമനോന്മുഖവും സത്യസന്ധരുമായ ഭരണാധികാരികൾ ഉണ്ടായിരുന്നു. ഇവിടെ അതില്ല. അതിഥിത്തൊഴിലാളികൾ തീർച്ചയായും കേരളജീവിതത്തെ സ്വാധീനിക്കും. സ്വാധീനിച്ചുകഴിഞ്ഞു. അവരില്ലാതായാൽ ശാരീരികാധ്വാനം ആവശ്യമുള്ള തൊഴിൽമേഖലകൾ അടച്ചുപൂട്ടേണ്ടി വരും. കാർഷികമേഖലയടക്കം. അവരുടെ സംസ്‌കാരം നമ്മുടേതുമായി കൂടിച്ചേരും. രക്തബന്ധങ്ങളും ഉണ്ടാകും. അതിൽ അത്ഭുതപ്പെടാനോ ആശങ്കപ്പെടാനോ ഒന്നുമില്ല. നാം, ഹിറ്റ്‌ലർ പണ്ട് ജർമൻകാരെപ്പറ്റി പ്രഖ്യാപിച്ചതുപോലെ, ഒരു പരിശുദ്ധവര്‍ഗവും മറ്റുമല്ലല്ലോ. ഇത്രമാത്രം സങ്കരം നടന്നിട്ടുള്ള ഇന്ത്യൻ വര്‍ഗങ്ങൾ അധികമില്ല.


ഉന്നതവിദ്യാഭ്യാസ മേഖലയുടെ പരാജയവും മലയാളി വിദ്യാർത്ഥികളുടെ പലായനവും


നിലവിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അതിജീവിച്ച് വിജയം നേടുന്ന വിദ്യാർത്ഥികൾ ധാരാളമുണ്ട്. പക്ഷെ ആ അതിജീവനം കഠിനമാണ്. യൂണിവേഴ്‌സിറ്റികളിലെ ഉദ്യോഗസ്ഥവര്‍ഗം അതിന്റെ ദുഷ്പ്രഭുത്വത്തിൽ മുഴുകിയിരിക്കുന്ന ഒന്നാണ്. സിൻഡിക്കേറ്റ് തുടങ്ങിയ ഭരണസഭകൾ രാഷ്ട്രീയതന്ത്രങ്ങളിലും ചരടുവലികളിലും വ്യാപൃതരാണ്. അഴിമതിയാണ് എല്ലാത്തിനെയും കൂട്ടിയിണക്കുന്ന പശ. സമർത്ഥരും ആത്മാർത്ഥതയുള്ളവരുമായ ഒരുപിടി അധ്യാപകർ എവ്വിധേനയും തങ്ങളുടെ ജോലി നിർവഹിക്കുന്നതുകൊണ്ടുമാത്രമാണ് വിദ്യാഭ്യാസം നിലനിന്നുപോകുന്നത്. പരിവർത്തനത്തിനും പരിഷ്‌ക്കരണത്തിനുമുള്ള സാധ്യതകളെ തള്ളിക്കളയുന്നത് ആദ്യം യുണിവേഴ്‌സിറ്റികളിലെ ഉദ്യോഗസ്ഥലോകവും പിറകേ അവരുടെ വരുതിയിലുള്ള സിൻഡിക്കേറ്റ് തുടങ്ങിയ ഭരണസമിതികളുമാണ്. നടപ്പിലാക്കുന്ന പരിവർത്തനങ്ങളിൽ പലതും തലതിരിഞ്ഞതോ ഹ്രസ്വവീക്ഷണത്തിൽ നിന്നോ സ്ഥാപിത താത്പര്യങ്ങളിൽ നിന്നോ ഉണ്ടായവയുമാണ്. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങളാണ്. അവയിൽ തികഞ്ഞ വ്യാജരുമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് നമ്മുടെ ചെറുപ്പക്കാർ ലോകമെമ്പാടും ജീവിതവിജയം നേടുന്നത് അവരുടെ ഉൾക്കരുത്തുകൊണ്ടാണ്. ആ ഉൾക്കരുത്താണ് കേരളത്തിനൊരു പുതിയ ഭാവി സൃഷ്ടിക്കേണ്ടിയിരുന്നത്. പക്ഷേ, അവർ എന്നന്നേക്കുമായി പൊയ്ക്കഴിഞ്ഞു – പോയ്‌ക്കൊണ്ടേയിരിക്കുന്നു.


തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്ത രാഷ്ട്രീയം പ്രവാസ ജീവിതത്തെ  വളർത്തും


മുൻചൊന്നതെല്ലാം ഈ സന്ദേഹത്തിലടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ ഇച്ഛാശക്തിയുടെ പരാജയം എന്നത് ഒരു ഭംഗിവാക്കാണ്. രാഷ്ട്രീയ സ്വാർത്ഥതാത്പര്യങ്ങൾ ഒരു പുതുകേരളത്തെ നിർമ്മിക്കാനുള്ള സാധ്യതകൾക്ക് കടകവിരുദ്ധമായി നിൽക്കുന്നതാണ് നാം കാണുന്നത്. രാഷ്ട്രീയ സ്വാർത്ഥതാത്പര്യം എന്നു പറയുമ്പോൾ വെറും രാഷ്ട്രീയപ്പാർട്ടികൾ മാത്രമല്ല അതിലുള്ളത്. അവരോളമോ അല്ലെങ്കിൽ അവരേക്കാളോ ശക്തരായ ഉദ്യോഗസ്ഥ സംഘടനകളുടെ സ്വാർത്ഥതാത്പര്യങ്ങൾ അതിലുണ്ട്.


ആദ്യം സൂചിപ്പിച്ചതുപോലെ, യുവതയുടെ പലായനം തുടർക്കഥയായിട്ട് ഏതാണ്ട് ആറ് ദശകങ്ങളോളമായിക്കഴിഞ്ഞു. ഇനിയും തുടരുമെന്നതിന് സംശയമില്ല. കേരളത്തിന്റെ രാഷ്ട്രീയരംഗം ശുദ്ധീകരിക്കപ്പെടാതെ കേരളത്തിന് ഒരു ഭാവിയില്ല. രാഷ്ട്രീയപ്പാർട്ടികളോടുള്ള മലയാളികളുടെ അന്ധമായ ആരാധന അവസാനിക്കാതെ കേരളത്തിന് ഒരു ഭാവിയില്ല. ഇന്നത്തെ വ്യവസ്ഥിതിയിൽ യാതൊരു വികസന മോഡലിനും അതെഴുതുന്ന കടലാസിന്റെ വില പോലുമില്ല. അന്നത്തെ പത്രവാർത്തയിലും ഫോട്ടോയിലും അത് അവസാനിക്കുന്നു. കേരളത്തിന്റെ വികസനമോഡൽ രാഷ്ട്രീയപ്പാർട്ടികളുടെയും ഉദ്യോഗസ്ഥവര്‍ഗങ്ങളുടെയും ഒരുടച്ചുവാർക്കലിന്റെ പശ്ചാത്തലത്തിലല്ല സൃഷ്ടിക്കുന്നതെങ്കിൽ അതൊരു പാഴ്‌വേല മാത്രമാണ്.