വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി
അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല. തെരുവിലിറങ്ങിയ യൗവനങ്ങളും പ്രതിരോധത്തിന്റെ കനൽകെടാത്ത കർഷകരും വിളിച്ചുപറയുന്നത് ആസന്നമായ ഒരു രാഷ്ട്രീയപതനത്തെക്കുറിച്ചാണ്. രാമന്റെ പേരിൽ പണിതുയർത്തിയ കോട്ടയ്ക്കുള്ളിൽത്തന്നെ അധികാരത്തർക്കങ്ങളുടെ വിള്ളലുകൾ വീണുതുടങ്ങിയിരിക്കുന്നു. നുണകളുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ ഒരു ഭരണകൂടം അതിന്റെതന്നെ ആന്തരികവൈരുധ്യങ്ങളിൽക്കുരുങ്ങി ശ്വാസംമുട്ടുന്നതിന്റെ സൂക്ഷ്മമായ രാഷ്ട്രീയവായനയാണ്, ഈ ലേഖനം നിർവഹിക്കുന്നത്. കാലം കാത്തുവച്ചിരിക്കുന്ന കാവ്യനീതിയുടെ കാലൊച്ചകൾ ഈ വരികളിൽ കേൾക്കാം.
നരേന്ദ്രമോദി സർക്കാരിനുമുന്നിൽ പ്രതിസന്ധികൾ ഒന്നൊന്നായി ഉരുണ്ടുകൂടുകയാണ്. ഈ സർക്കാർ അഞ്ചുവർഷം തികയ്ക്കുമെന്ന് പ്രതീക്ഷിക്കാൻ വഴിയില്ല. കാരണം, മുന്നോട്ടുപോകാനുള്ള വഴികൾ പൂർണമായും തടയുന്ന ഗുരുതരമായ പ്രതിസന്ധികളാണ് സർക്കാരിപ്പോൾ നേരിടുന്നത്. അവയ്ക്കു പരിഹാരം കാണാനുള്ള മാർഗങ്ങളും സർക്കാരിനു മുന്നിലില്ല.
രണ്ടു കാര്യങ്ങൾ പരിഗണിക്കുക: ഒന്നാമത്, ജന്തർമന്തറിൽ തടിച്ചുകൂടിയ യുവജനങ്ങൾ പിരിഞ്ഞുപോകാനുള്ള സാധ്യതകൾ വിരളമാണ്. അവർ അങ്ങേയറ്റം അസംതൃപ്തരാണ്. എന്തുകൊണ്ടാണ് ഇന്ത്യയിലെ മധ്യവർഗ യുവജനങ്ങൾ മെച്ചപ്പെട്ട തൊഴിലുകൾ തേടി ജീവിതം ഭദ്രമാക്കുന്നതിനു ശ്രമിക്കുന്നതിനു പകരം തെരുവിൽ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ രാപകൽ കഴിച്ചുകൂട്ടുന്നത്? എന്താണ് അവരെ ഇങ്ങനെ പ്രകോപിതരാക്കുന്നത്?
രണ്ടാമത്, അയോധ്യയിലെ അമ്പലക്കൊള്ള സംഘപരിവാറിനുള്ളിൽ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. പതിറ്റാണ്ടുകളായി അവർ കെട്ടിപ്പൊക്കിക്കൊണ്ടുവന്ന അജണ്ടകളാണ് അവിടെ തകിടംമറിയുന്നത്. അതിന്റെ രാഷ്ട്രീയാഘാതം കടുത്തതായിരിക്കും. കാരണം, അതൊരു സാമ്പത്തികത്തട്ടിപ്പു മാത്രമല്ല; മറിച്ച്, രാമക്ഷേത്ര സങ്കല്പത്തിനു നേരേയുള്ള വിശ്വാസവഞ്ചനകൂടിയാണ്. അതിന്റെ ഉത്തരവാദിത്വത്തിൽനിന്നു മോദിക്കും സർക്കാരിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. കാരണം, ക്ഷേത്രനിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ഏറ്റെടുക്കാൻ നേരത്തെ വലിയ ഉത്സാഹം കാണിച്ചത് അദ്ദേഹമാണ്. സംഗതികൾ കുഴപ്പത്തിലേക്കു നീങ്ങുമ്പോൾ കൈകഴുകി ഒഴിയാൻ പരിവാർ നേതൃത്വമോ പാർട്ടിയിലെ എതിരാളികളോ മോദിയെ അനുവദിക്കുകയില്ല.
കഴിഞ്ഞ വർഷങ്ങളിൽ കർഷകസമരംപോലെ ശക്തമായ നിരവധി ജനകീയ പ്രക്ഷോഭങ്ങളെ സർക്കാരിനു നേരിടേണ്ടതായി വന്നിരുന്നു. പഞ്ചാബ്-ഹരിയാന പ്രദേശങ്ങളിൽനിന്നുള്ള കർഷകർ ട്രക്കുകളിലും ട്രാക്ടറുകളിലും ഡൽഹിയിലെത്തി നഗരം ഉപരോധിച്ച നാളുകൾ അധികം അകലെയല്ല. ഒരു കാരണവശാലും പിൻവാങ്ങുകയില്ല എന്ന സന്ദേശമാണ് അന്നു കർഷകർ നൽകിയത്. അവരുടെ കോപം പ്രധാനമായും ഉദ്ദീപിപ്പിച്ചത് സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച കാർഷിക നിയമങ്ങളായിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ന്യായമായ കാർഷികോല്പന്ന വില ഉറപ്പുവരുത്താനും ധാന്യവിഭവങ്ങൾ കർഷകരിൽനിന്നു സംഭരിക്കാനുമായി ഏർപ്പെടുത്തിയ സർക്കാർ നിയന്ത്രിത ‘മണ്ഡി’ സംവിധാനം ഒഴിവാക്കി പകരം സ്വകാര്യമേഖലയ്ക്ക് കാർഷികോല്പന്ന വിപണി പൂർണമായും തുറന്നുകൊടുക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നിയമനിർമാണമാണ് അന്നു സർക്കാർ നടപ്പിലാക്കിയത്. കാർഷികമേഖലയിൽ ഇന്ത്യൻ-വിദേശ കമ്പനികൾക്ക് പൂർണമായ ആധിപത്യം ഉറപ്പുവരുത്താനാണ് മോദി സർക്കാർ ശ്രമിച്ചത്.
അതു കർഷകർക്കിടയിൽ മാത്രമല്ല, സംഘപരിവാറിനെ പിന്തുണച്ച മറ്റു പല സാമൂഹിക വിഭാഗങ്ങൾക്കിടയിലും കടുത്ത ഉത്കണ്ഠയും പ്രതിഷേധവും ഉയർത്തിയിരുന്നു. സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള പല സംഘടനകളും ഈ നീക്കങ്ങളെക്കുറിച്ച് ഉത്കണ്ഠ പുലർത്തി. എന്നാൽ, സർക്കാർ അത് അവഗണിച്ചു. ഒടുവിൽ പ്രക്ഷോഭം കടുത്തപ്പോൾ പിൻവാങ്ങുകയല്ലാതെ മറ്റൊരു വഴിയും മോദിക്കു മുന്നിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് കർഷകർ താത്കാലികമായി സമരരംഗത്തുനിന്നു പിൻവാങ്ങിയത്. സമീപകാലത്ത് ഇന്ത്യ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാര ഉടമ്പടികളുടെ പ്രത്യാഘാതം എങ്ങനെയാണ് ഇന്ത്യൻ കാർഷികമേഖലയിൽ പ്രതിഫലിക്കുകയെന്ന് ഉറപ്പില്ല. പക്ഷേ, വിപണി തുറന്നിടുമ്പോൾ വിദേശ കാർഷികോല്പന്നങ്ങൾ വൻതോതിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. അത് ആഭ്യന്തര വിപണിവിലയെ സ്വാധീനിക്കും. അതിന്റെ ആഘാതത്തിൽനിന്ന് ഇന്ത്യൻ കാർഷികവിപണിയെ സംരക്ഷിച്ചുനിർത്താൻ സർക്കാരിനു കഴിയുമോ എന്നു കണ്ടറിയണം. വിപണിയിൽ ആഭ്യന്തരകർഷകർക്കു തിരിച്ചടിയേറ്റാൽ അവർ വീണ്ടും പ്രക്ഷോഭത്തിലിറങ്ങും എന്നുറപ്പാണ്. കാരണം, ഒരുതവണ തങ്ങളുടെ സംഘടിതശക്തി തിരിച്ചറിഞ്ഞ ഒരു സമൂഹത്തെ പിന്നീട് അതിൽനിന്നു പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല.
യുവജനപ്രക്ഷോഭവും അത്തരത്തിലുള്ള ദീർഘകാല പ്രത്യാഘാതങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാശക്തിയെയാണ് കെട്ടഴിച്ചുവിടുന്നത്. രാജ്യം അവലംബിച്ച നിയോലിബറൽ സാമ്പത്തികനയങ്ങൾ അവർക്കുമുന്നിൽ വലിയ സ്വപ്നങ്ങളാണ് വിതറിയത്. എന്നാൽ, വർഷങ്ങൾ നീണ്ട പഠനത്തിനും കടുത്ത മത്സരപരീക്ഷകൾക്കും ശേഷം അവർ കാണുന്നത് അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഒരു സംവിധാനത്തെയാണ്. തങ്ങൾ പ്രതീക്ഷിച്ച സുരക്ഷിതവും സുരഭിലവുമായ ഭാവി വെറുമൊരു ആകാശകുസുമമായി മാറിയിരിക്കുന്നു. മത്സരപരീക്ഷകളുടെ വിശ്വാസ്യത മാത്രമല്ല ഈ സംഭവങ്ങളിൽ നഷ്ടമായത്; മറിച്ച്, അതിനെ നിയന്ത്രിക്കുന്ന സർക്കാരിന്റെതന്നെ വിശ്വാസ്യതയാണ്. അതിനാലാണ് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അവർ ആവശ്യപ്പെട്ടത്. ഈ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറില്ല എന്നതുകൊണ്ടു മാത്രമാണ് സർക്കാർ അതിനു തയ്യാറാകാതിരിക്കുന്നത്. അതിനാൽ യുവജനങ്ങൾക്കിടയിൽ സർക്കാരിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കൽ മോദിയെ സംബന്ധിച്ച് എളുപ്പമല്ല.
നേരത്തെ ഉയർന്നുവന്ന മറ്റു പ്രക്ഷോഭങ്ങളിൽനിന്നും പ്രതിസന്ധികളിൽനിന്നും തികച്ചും വ്യത്യസ്തമായ പ്രശ്നങ്ങളാണ് ഇന്നു മോദി നേരിടുന്നത്. പൗരത്വസമരം പോലുള്ള പ്രക്ഷോഭങ്ങളെ നേരിടാൻ സാമൂഹികവിഭജനത്തിന്റെയും വർഗീയതയുടെയും മാർഗങ്ങളാണ് മോദിസർക്കാർ പ്രയോഗിച്ചത്. അർബൻനക്സലുകളും മുസ്ലിംഭീകരരും കൈകോർത്ത് നാടിനെ അട്ടിമറിക്കാൻ നീക്കംതുടങ്ങി എന്നായിരുന്നു അന്നൊക്കെയുള്ള വായ്ത്താരി. പലരെയും ദീർഘകാലത്തേക്കു ജയിലുകളിൽ പാർപ്പിച്ചും മുഖ്യധാരാ മാധ്യമങ്ങളെ വരുതിയിലാക്കി വിമർശകർക്കെതിരെ നുണപ്രചാരണം സംഘടിപ്പിച്ചും അന്നു രക്ഷപ്പെടാൻ സർക്കാരിനു കഴിഞ്ഞു. കാരണം, പ്രക്ഷോഭകരിൽ പലരും മുസ്ലിം നാമധാരികളായിരുന്നു.
എന്നാൽ, അത്തരം വ്യാജപ്രചാരണങ്ങളുടെ സംരക്ഷണം ഇനി മോദിക്കും കൂട്ടർക്കും ലഭ്യമാകില്ല. ഇത്രയുംകാലം അവരുടെ ഭരണത്തിനു പിന്തുണനൽകിയ അതേ സാമൂഹികവിഭാഗങ്ങൾതന്നെയാണ് ഇന്നു പ്രക്ഷോഭരംഗത്തു കാണപ്പെടുന്നത്. തെരുവിൽ പോരടിക്കുന്ന കർഷകരും യുവജനങ്ങളും വരുന്നത് ഇന്ത്യയിലെ ഇടത്തരം-മധ്യവർഗ കുടുംബങ്ങളിൽനിന്നാണ്. അവരെ ദേശവിരുദ്ധരാക്കി ചിത്രീകരിച്ച് രക്ഷപ്പെട്ടുപോകാൻ മോദിക്കു പ്രയാസമുണ്ട്.
എന്തുകൊണ്ട് മോദിസർക്കാർ ഇങ്ങനെയൊരു കൊടും പ്രതിസന്ധിയിൽ ചെന്നെത്തി? അതിനുള്ള പ്രധാന ഉത്തരവാദികൾ സർക്കാരിന്റെ നയങ്ങളും സമീപനങ്ങളും നിശ്ചയിച്ച സംഘപരിവാർ ശക്തികൾതന്നെയാണ്. ഒരു ഭാഗത്ത് ഹിന്ദുത്വ വർഗീയ രാഷ്ട്രീയവും മറുഭാഗത്ത് ആഗോള ഫിനാൻസ് മൂലധന താല്പര്യങ്ങളും കൂടിക്കലർന്ന ഒരു പൊതുധാരയാണ് മോദി സർക്കാരിന്റെ പിന്നിലെ യഥാർഥ ചാലകശക്തിയായി കാണപ്പെട്ടിരുന്നത്. അതിന്റെ പ്രധാന ഗുണഭോക്താക്കൾ ഗുജറാത്ത് ആസ്ഥാനമായ വൻകിട ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികളായിരുന്നു. അദാനിയുടെ മിന്നൽവേഗത്തിലുള്ള വളർച്ചയെന്നത് അതിന്റെ കൃത്യമായ സൂചനയായിരുന്നു. അദാനിയും ഗുജറാത്തി കോർപ്പറേറ്റ് സഖ്യവും മുന്നേറിയപ്പോൾ അതിന്റെ ആഘാതം ഏറ്റുവാങ്ങിയത് കർഷകരും മറ്റു സാധാരണക്കാരും മാത്രമല്ല. സർക്കാരിന്റെ പ്രത്യേക സൗജന്യങ്ങൾ ലഭിക്കാതെപോയ മറ്റു കോർപ്പറേറ്റ് കമ്പനികൾക്കും പല തരത്തിലുള്ള പ്രതിസന്ധികളെ നേരിടേണ്ടിവന്നു.
അതിനാൽ നിലവിലെ സാഹചര്യം തൊണ്ണൂറുകളിലെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയെ പലനിലയിൽ ഓർമിപ്പിക്കുന്നുണ്ട്. ഗുജറാത്തിലെ അംബാനികളും മുംബൈയിലെ വാഡിയ കമ്പനിയും തമ്മിലുള്ള കോർപ്പറേറ്റ് യുദ്ധമാണ് രാജീവ് ഗാന്ധിയുടെ സർക്കാരിനെതിരെയുള്ള കലാപമായി പിന്നീടു വികസിച്ചത്. അന്നു രാജീവ് ഭരണത്തിന്റെ തകർച്ചയ്ക്ക് കാരണമായ പ്രധാന വിഷയം മന്ത്രിസഭയിൽ പ്രധാനിയായിരുന്ന വി.പി. സിങ്ങിന്റെ രാജിയായിരുന്നു. വി.പി. സിങ് ഉത്തർപ്രദേശിൽനിന്നുള്ള നേതാവായിരുന്നു. അതിനുപിന്നിൽ പ്രവർത്തിച്ചതാകട്ടെ, സംഘപരിവാറിലെ ഒരു ബുദ്ധിജീവി വിഭാഗവും. അന്ന് ആർ.എസ്.എസിന്റെ ചാവേർ പടയാളികളായി രംഗത്തുവന്ന അരുൺ ഷൂരിയെപ്പോലുള്ളവർ ഇന്നു മോദിയുടെ കടുത്ത എതിരാളികളാണ്. മോദിയുടെ പ്രതിസന്ധികൾ ഫലപ്രദമായി ചൂഷണംചെയ്യാൻ ശേഷിയും പരിചയവുമുള്ള ഒരു സംഘം സംഘപരിവാറിന്റെ അകത്തളങ്ങളിൽത്തന്നെ വിഹരിക്കുന്നുണ്ട് എന്നതും വസ്തുതയാണ്.
അതിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് അയോധ്യാ ക്ഷേത്രവിഷയത്തിൽ സംഘപരിവാറിനുള്ളിൽത്തന്നെ കാണപ്പെടുന്ന ഭിന്നനിലപാടുകൾ. ഉത്തർപ്രദേശാണ് ഇത്തവണയും അസ്വസ്ഥതകളുടെ പ്രഭവകേന്ദ്രം. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ ഏജൻസിയെ വച്ച് അന്വേഷണം നടത്തുന്നത് അമ്പലത്തിലെ ഭണ്ഡാരക്കൊള്ളയെക്കുറിച്ചു മാത്രമല്ല; ക്ഷേത്രനിർമാണം അടക്കം അഞ്ചുകൊല്ലമായി നടക്കുന്ന തട്ടിപ്പുകൾ ഒന്നടങ്കം അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ നിർദേശം. അതായത്, മോദിയുടെ പ്രത്യേക താല്പര്യപ്രകാരം അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഗുജറാത്ത് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ കൂടി പരിശോധനാവിധേയമാക്കാനാണ് ആദിത്യനാഥിന്റെ നീക്കം.
അതൊരു ഏറ്റുമുട്ടലിന്റെ സൂചനയാണ്. മുൻകാലത്തെപ്പോലെ ഗുജറാത്തും ഉത്തർപ്രദേശും തമ്മിൽ അധികാര നിയന്ത്രണത്തിനായി നേർക്കുനേർ വരുന്ന സാഹചര്യം. ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇത്രയും കാലം ഇന്ത്യയെ നിയന്ത്രിച്ചത്. എന്നാൽ, ചരിത്രത്തിൽ ഉത്തർപ്രദേശാണ് എന്നും ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിച്ചിട്ടുള്ളത്. ഭരണനിയന്ത്രണം തിരിച്ചുപിടിക്കാനുള്ള സാധ്യതകൾ അവർ മുന്നിൽക്കാണുന്നു. അതിനായി വേണ്ടിവന്നാൽ മോദി ഭരണത്തെ വെട്ടിവീഴ്ത്താനും അവർ മടിക്കുകയില്ല എന്നതും ഉറപ്പാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സീറ്റുകൾ ഏറ്റവും കൂടുതൽ നഷ്ടമായത് യു.പി.യിലായിരുന്നു. അതൊരു ബോധപൂർവമായ അട്ടിമറിനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന അടക്കംപറച്ചിൽ ബി.ജെ.പി.യുടെ അകത്തളങ്ങളിൽത്തന്നെ കേട്ടിരുന്നു. അത്തരം ആഭ്യന്തരയുദ്ധങ്ങൾ ഇനിയുള്ള നാളുകളിൽ പരസ്യയുദ്ധങ്ങളായിത്തന്നെ പുറത്തുവരും. കാരണം, മോദിയെ മാറ്റാതെ യോഗിക്ക് ഇന്ത്യയുടെ നിയന്ത്രണം പിടിച്ചെടുക്കാനാവില്ല.


