കേരളമോഡൽ ആഘോഷിക്കപ്പെട്ട അസംബന്ധങ്ങളുടെ സാമൂഹികശാസ്ത്രം – ഡോ. ആന്റണി പാലക്കൽ

കേരളമോഡൽ ആഘോഷിക്കപ്പെട്ട അസംബന്ധങ്ങളുടെ സാമൂഹികശാസ്ത്രം – ഡോ. ആന്റണി പാലക്കൽ

അക്കങ്ങളുടെ മായാജാലത്തിൽ അഭിരമിക്കുന്ന ഒരു സമൂഹത്തോട്, നിങ്ങളുടെ വികസനം വെറുമൊരു അസംബന്ധമാണെന്ന് വിളിച്ചുപറയാൻ അസാമാന്യമായ ധൈര്യം വേണം. പ്രഫ. ടി. കെ. ഉമ്മൻ ചെയ്തത് ആ ധീരമായ പൊളിച്ചെഴുത്താണ്; കേരള മോഡൽ എന്ന മിഥ്യയെയും അതിനുപിന്നിലെ പാർട്ടി മേധാവിത്വത്തെയും വസ്തുതകളുടെ വെളിച്ചത്തിൽ വിചാരണചെയ്യുകയാണീ ലേഖനം.

കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമായി ഉയർന്നുവരുന്ന ഒരു പ്രയോഗമാണ് ‘കേരള മോഡൽ’ വികസനം. കേരളമോഡൽ വികസനത്തെ അടിസ്ഥാനമാക്കിയുള്ള അവകാശവാദങ്ങളും തർക്കവിതർക്കങ്ങളും കൊണ്ടു മുഖരിതമാണ് കേരളത്തിന്റെ വികസനത്തെക്കുറിച്ച് ഇവിടെ നടക്കുന്ന മിക്ക അക്കാദമിക്-ആക്ടിവിസ്റ്റ് വ്യവഹാരങ്ങളും. ലോകമെമ്പാടുമുള്ള വികസന സാമ്പത്തികശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും ഒരുകാലത്ത് വിസ്മയത്തോടെ നോക്കിക്കണ്ട ഒന്നാണ് കേരള മോഡൽ. കുറഞ്ഞ പ്രതിശീർഷ വരുമാനത്തിലും വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ സൂചികകൾ കൈവരിക്കാൻ കേരളത്തിന് എങ്ങനെ സാധിച്ചു എന്നത് അമർത്യാസെൻ മുതൽ റിച്ചാർഡ് ഫ്രാങ്കി വരെയുള്ളവർ അദ്ഭുതത്തോടെ ചർച്ചചെയ്തിട്ടുണ്ട്.

കേരളസർക്കാർ സംഘടിപ്പിച്ച ഒരു സെമിനാറിൽ “കേരള മോഡൽ ഒരു അസംബന്ധമാണ്” എന്നു പ്രഫസർ ഉമ്മൻ തുറന്നടിച്ചപ്പോൾ അതു പലരെയും ഞെട്ടിച്ചു. സർക്കാരിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സാണ് സെമിനാർ സംഘടിപ്പിച്ചത്. ‘State and Society in South India’ എന്നതായിരുന്നു സെമിനാറിന്റെ പ്രമേയം. മുഖ്യപ്രഭാഷണം ചെയ്തത് പ്രഫസർ ഉമ്മനായിരുന്നു. കേരളത്തിൽ ഒരു കേരളമോഡൽ വികസനം നടന്നിട്ടുണ്ടെന്നും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഭരണമാണ് അതിനു കാരണമായതെന്നുമായിരുന്നു, വേദിയിലിരുന്ന മന്ത്രിമാരടക്കമുള്ളവർ അന്നവിടെ പ്രസംഗിച്ചത്. പക്ഷേ, അവരിൽനിന്നൊക്കെ വ്യത്യസ്തമായി ഉമ്മൻ നടത്തിയ പ്രസ്താവനയ്ക്കുപിന്നിൽ കൃത്യമായ സാമൂഹികശാസ്ത്രപരമായ കാരണങ്ങളുണ്ടായിരുന്നു. വികസനത്തെ കേവലം സ്ഥിതിവിവരക്കണക്കുകൾക്കപ്പുറം മനുഷ്യന്റെ അന്തസ്സിനോടും സ്വതന്ത്ര ഇച്ഛയോടും ചേർത്തുവായിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വികസനത്തിന്റെ അളവുകോലുകൾ

വികസനത്തെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ തിരുത്തിക്കുറിക്കുന്ന ഒന്നാണ് ഉമ്മൻ മുന്നോട്ടുവച്ച ‘ത്രിമാന വികസന ചട്ടക്കൂട്’. ‘മാനവിക വികസന സൂചിക’ (Human Development Index – HDI) എന്നത് ഒരു സമൂഹത്തിന്റെ ഭൗതികവും സാമൂഹികവുമായ നേട്ടങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ആയുർദൈർഘ്യം എന്നിവയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ഈ സൂചികയിൽ നമ്മെ മുൻപന്തിയിൽ എത്തിച്ചു. എന്നാൽ, വികസനം എന്നത് കേവലം ഈ കണക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. ഇതിനോടൊപ്പംതന്നെ പരിഗണിക്കേണ്ട സുപ്രധാനമായ മറ്റൊരു ഘടകമാണ് ‘മാനവിക സ്വാതന്ത്ര്യ സൂചിക’ (Human Freedom Index). പൗരാവകാശങ്ങൾ, രാഷ്ട്രീയസ്വാതന്ത്ര്യം, വ്യക്തിപരമായ സ്വയംഭരണം എന്നിവ ഒരു പൗരന് എത്രത്തോളം ലഭ്യമാകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു സമൂഹത്തിന്റെ ജനാധിപത്യപരമായ കരുത്ത് അളക്കേണ്ടത്.

എന്നാൽ, ഈ രണ്ടു സൂചികകൾക്കുമപ്പുറം ഒരു സമൂഹത്തിന്റെ ആന്തരികമായ തകർച്ചയെ അളക്കാൻ ‘മാനവിക ദുരിതസൂചിക’ (Human Distress Profile) എന്ന മാനദണ്ഡം കൂടി ഉപയോഗിക്കുന്നു. ആത്മഹത്യ, കുറ്റകൃത്യങ്ങൾ, മദ്യപാനം, ലഹരി ഉപയോഗം, കുടുംബശൈഥില്യം, തൊഴിലില്ലായ്മ തുടങ്ങിയ സാമൂഹികരോഗങ്ങളുടെ ആഴമാണ് ഈ സൂചിക വെളിപ്പെടുത്തുന്നത്. ഒരു സമൂഹം യഥാര്‍ഥത്തിൽ വികസിതമാണെന്ന് അവകാശപ്പെടണമെങ്കിൽ ഉയർന്ന മാനവിക വികസനസൂചികയും, പരമാവധി മാനവിക സ്വാതന്ത്ര്യ സൂചികയോടൊപ്പം തന്നെ മാനവിക ദുരിതസൂചിക ഏറ്റവും കുറഞ്ഞ നിലയിലായിരിക്കുകയും വേണം. വികസനത്തിന്റെ ഈ മൂന്നുതലങ്ങളും ഒത്തുചേരുമ്പോൾ മാത്രമേ പൗരന് ഗുണമേന്മയുള്ള ഒരു ജീവിതം സാധ്യമാകൂ.

ഈ മാനദണ്ഡങ്ങൾ വച്ച് കേരളത്തിന്റെ അവസ്ഥ പരിശോധിക്കുമ്പോഴാണ് ‘കേരള മോഡൽ’ എന്ന പുകഴ്പെറ്റ സങ്കല്പം ചോദ്യംചെയ്യപ്പെടുന്നത്. മാനവിക വികസനസൂചികയുടെ കാര്യത്തിൽ കേരളം അന്താരാഷ്ട്ര നിലവാരത്തിൽ നിൽക്കുമ്പോഴും, മാനവിക ദുരിതസൂചികയിൽ നാം വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്.മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആത്മഹത്യാനിരക്കും മാനസികസമ്മർദവും ഭയാനകമായ രീതിയിൽ കൂടുതലാണ്. കുടുംബബന്ധങ്ങളിലെ തകർച്ചയും മദ്യപാനത്തിന്റെ അതിപ്രസരവും കുറ്റകൃത്യങ്ങളുടെ വര്‍ധനവും വിരൽചൂണ്ടുന്നത് കേരളീയസമൂഹത്തിന്റെ ആന്തരികമായ അശാന്തിയിലേക്കാണ്.

വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ടതുകൊണ്ടുമാത്രം ഒരു സമൂഹം സമാധാനപൂർണമാകണമെന്നില്ല എന്ന യാഥാർഥ്യമാണ് ഇവിടെ വെളിപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഉയർന്ന ഭൗതികനേട്ടങ്ങൾക്കിടയിലും വിട്ടുമാറാത്ത സാമൂഹികദുരിതങ്ങൾ പേറുന്ന ഈ അവസ്ഥയെ ഒരു ‘മാതൃക’ എന്നു വിശേഷിപ്പിക്കുന്നത് അസംബന്ധമാണ്. പകരം, സവിശേഷമായ നേട്ടങ്ങളും അതിലേറെ സങ്കീർണമായ പോരായ്മകളും ഒത്തുചേരുന്ന കേരളത്തിന്റെ ഈ അവസ്ഥയെ ‘കേരള അപവാദം’ (Kerala Exception) എന്നു വിളിക്കാനാണ് ഉമ്മൻ താല്പര്യപ്പെടുന്നത്. വികസനനയങ്ങൾ രൂപവല്‍ക്കരിക്കുമ്പോൾ കേവലം അക്കങ്ങൾക്കപ്പുറം മനുഷ്യന്റെ മനഃശാസ്ത്രപരവും സാമൂഹികവുമായ ക്ഷേമത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ നിരീക്ഷണം വിരൽചൂണ്ടുന്നത്.

ഇടതുപക്ഷവും കേരള മോഡലും

കേരള മോഡൽ വികസനം ഇടതുപക്ഷ ഭരണകൂടങ്ങളുടെ മാത്രം സംഭാവനയാണെന്ന രാഷ്ട്രീയ പ്രചാരണത്തെ ഉമ്മൻ ഖണ്ഡിക്കുന്നുണ്ട്. അദ്ദേഹം ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്: “ഇടതുപക്ഷം ദീർഘകാലം ഭരിച്ച ബംഗാളിലും ത്രിപുരയിലും എന്തുകൊണ്ട് ഈ കേരള മോഡൽ ഉണ്ടായില്ല?” ബംഗാളിൽ 1977 മുതൽ നടന്ന ശക്തമായ ഇടതുഭരണം കേരളത്തെക്കാൾ മികച്ച സാമൂഹികമാറ്റം അവിടെ കൊണ്ടുവരേണ്ടതായിരുന്നു. എന്നാൽ, യാഥാർഥ്യം നേരെ വിപരീതമാണ്. തമിഴ്‌നാടാകട്ടെ, ദീർഘകാലം ദ്രാവിഡകക്ഷികൾ ഭരിച്ചിട്ടും പല വികസനസൂചികകളിലും കേരളത്തിനൊപ്പമെത്തുന്നു. അപ്പോൾ, മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണമാണ് കേരള മോഡൽ വികസനം സാധ്യമാക്കിയതെന്ന വാദത്തിൽ യുക്തിയില്ല. പാർട്ടിയുടെ പക്ഷംപിടിച്ച് ഇതേക്കുറിച്ച് ആവേശപൂർവം വാദിക്കാമെങ്കിലും ആ വാദം നിലനിൽക്കുകയില്ല.

കേരളത്തിന്റെ സാമൂഹികവികാസത്തെയും വികസനചരിത്രത്തെയും വിശകലനംചെയ്യുമ്പോൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്‍ ഈ ഭൂപ്രദേശത്തെ വേറിട്ടുനിറുത്തുന്ന സവിശേഷമായ ചില ഘടകങ്ങൾ കാണാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിന്റെ ഭാഷാപരമായ സജാതീയതയാണ്. ഒരേ ഭാഷ സംസാരിക്കുന്നവർ എന്ന നിലയിലുള്ള ഐക്യം ആശയവിനിമയത്തെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും അതിവേഗം ജനകീയമാക്കാൻ സഹായിച്ചു. ഈ ഭാഷാപരമായ ഏകത്വം കേരളീയരെ ഒരു പൊതുസ്വത്വത്തിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കേരളത്തിലെ മതപരമായ വൈവിധ്യവും അവ തമ്മിലുള്ള ആരോഗ്യകരമായ സംയോജനവും. ഭാഷാപരമായി കേരളീയർ സജാതീയരാണെങ്കിലും മതപരമായി വളരെ വൈവിധ്യമുള്ളവരാണ്. ഇവിടത്തെ ക്രിസ്ത്യാനികൾക്ക് പൂർവ കൊളോണിയൽ പാരമ്പര്യവും മുസ്ലീങ്ങൾക്ക് പൂർവ അധിനിവേശ പാരമ്പര്യവുമാണുള്ളതെങ്കിലും വടക്കേ ഇന്ത്യയിലെ സാഹചര്യത്തിൽനിന്നു തീർത്തും വ്യത്യസ്തമായി, ഇവിടെ ഈ രണ്ടുകൂട്ടരും കൊളോണിയലിസത്തിന്റെയും അധിനിവേശത്തിന്റെയും വൈദേശികഭാണ്ഡം കൊണ്ടുനടക്കുന്നില്ല. മാത്രമല്ല, അവർ വൈദേശിക വേരുകളെ ഒരഭിമാനമായി കരുതുകയും ചെയ്യുന്നില്ല. അതിനാൽ, കേരളത്തിന്റെ വികസനപ്രക്രിയയിൽ അവർക്ക് സഹജമായി പങ്കാളികളാകാനും അതിന്റെ സദ്ഫലങ്ങൾ അനുഭവിക്കാനും സാധിക്കുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെ ആരംഭിച്ച വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ കേരളത്തിൽ വലിയൊരു മാറ്റത്തിന് തിരികൊളുത്തി. മിഷനറിമാർ തുടങ്ങിവച്ച ഈ പാത പിന്തുടർന്ന് നായർ, ഈഴവ, മുസ്ലിം തുടങ്ങിയ സാമുദായികസംഘടനകൾ മത്സരബുദ്ധിയോടെ ഈ മേഖലകളിലേക്കു കടന്നുവന്നത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുന്നതിൽ നിർണായകമായി.

കേരളത്തിൽ കാണാൻ കഴിയുന്ന സവിശേഷമായ സാമുദായിക സമവാക്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നായന്മാരാണ് കേരളത്തിലെ പ്രബല സമുദായമെങ്കിലും ഈഴവരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും എണ്ണംകൊണ്ടും സ്വാധീനംകൊണ്ടും നായന്മാർക്കൊപ്പം ശക്തരാണ്. ഈ നാലുകൂട്ടരും ഏതാണ്ട് ഒരേപോലെ ആധിപത്യമുള്ള വിഭാഗങ്ങളാണെന്നു പറയാം. മാത്രവുമല്ല, ഈ സമുദായങ്ങളിലെല്ലാം രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഒരു മേലാള വിഭാഗവും ഉടലെടുത്തിട്ടുണ്ട്. ഈയൊരു ചുറ്റുപാട് സഹജമായ ഒരു സാമൂഹിക സന്തുലിതാവസ്ഥ കേരളത്തിൽ നിലനിറുത്തുന്നുണ്ട്. ഇത്തരത്തിലൊരു സാമൂഹികചുറ്റുപാടിൽ സാമുദായിക സംഘർഷങ്ങൾക്കുള്ള സാധ്യത കുറവാണെന്നു മാത്രമല്ല അനുരഞ്ജനത്തിനുള്ള സാധ്യത കൂടുകയും ചെയ്യും.

കേരളത്തിന്റെ ജാതിഘടനയിലുണ്ടായ ഒരു പ്രത്യേകതയും ഇവിടത്തെ സാമ്പത്തികവികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ‘വൈശ്യ’ വിഭാഗത്തിന്റെ അഭാവം കേരളത്തിലെ കച്ചവട-വ്യവസായ മേഖലകളിൽ വലിയൊരു മാറ്റമുണ്ടാക്കി. കച്ചവടം ഒരു പ്രത്യേക ജാതിയുടെ മാത്രം കുത്തകയല്ലാതിരുന്നതിനാൽ നായന്മാരും ഈഴവരും മുസ്ലിങ്ങളുമെല്ലാം ഒരേപോലെ ഈ രംഗത്ത് സജീവമായി. ഇതു തൊഴിൽമേഖലകളിൽ ജാതിരഹിതമായ ഒരു സംരംഭകത്വ സംസ്കാരം വളർത്താൻ സഹായിച്ചു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നോക്കിയാൽ കേരളത്തിലെ ഗ്രാമ-നഗര നൈരന്തര്യങ്ങൾ എടുത്തു പറയേണ്ടതാണ്. വടക്കേ ഇന്ത്യയിൽ കാണുന്നതുപോലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിവേചനപരമായ വിടവ് കേരളത്തിലില്ല. ഒരു നഗരം അവസാനിക്കുന്നിടത്ത് മറ്റൊരു ഗ്രാമം തുടങ്ങുന്നില്ല, മറിച്ച്, അവ പരസ്പരം ലയിച്ചുകിടക്കുന്നു. ഇതു വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ പ്രദേശങ്ങളിലേക്കും ഒരുപോലെ എത്താൻ കാരണമായി. മലയാളികളുടെ സ്ഥലസംബന്ധമായ ചലനാത്മകതയാണ് കേരളത്തിന്റെ മറ്റൊരു വികസനഘടകം. ഇന്ത്യയുടെ ഇതരദേശങ്ങളിലും മറുനാടുകളിലും കുടിയേറിപ്പാർക്കാൻ മലയാളികൾക്ക് അസാമാന്യ കഴിവാണ്. ലോകത്തിന്റെ ഏതു കോണിലുംപോയി അധ്വാനിക്കാനും അവിടത്തെ സമ്പാദ്യം നാട്ടിലേക്ക് അയയ്ക്കാനുമുള്ള മലയാളിയുടെ താല്പര്യം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിറുത്തുന്ന പ്രധാന ഘടകമാണ് എന്നതും ശ്രദ്ധേയമാണ്.

വാർത്താമാധ്യമങ്ങളുടെ സാർവത്രികമായ പ്രചാരമാണ് കേരളീയരെ സാമൂഹികമായി ബോധവാന്മാരാക്കിയ മറ്റൊരു ഘടകം. പണ്ടുമുതലേയുള്ള അച്ചടിമാധ്യമങ്ങളുടെ സ്വാധീനവും പിന്നീടുവന്ന ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ചയും മലയാളിയുടെ ചിന്താഗതിയെ ആധുനികവൽക്കരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയിലെ സന്തുലിതാവസ്ഥയും ശ്രദ്ധേയമാണ്. ഇടതു-വലതു മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നത് ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിപ്പിക്കുകയും ജനാധിപത്യപരമായ കെട്ടുറപ്പിന് കരുത്തേകുകയും ചെയ്തു.

ഏറ്റവും പ്രധാനപ്പെട്ട വസ്തുത, കേരളം പ്രസ്ഥാനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള ഒരു മണ്ണായിരുന്നു എന്നതാണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ഇവിടത്തെ പിന്നാക്ക ജാതിയിൽപ്പെട്ടവർ നടത്തിയ ചെറുത്തുനിൽപ്പുകളാണ് പിന്നീട് കേരളീയർക്ക് വർഗപരമായി സംഘടിക്കുന്നതിനുള്ള വഴിയൊരുക്കിയത്. സാക്ഷരത, ലൈബ്രറി, ശാസ്ത്രബോധം എന്നിവയുടെ വ്യാപനത്തിനായി ഉടലെടുത്ത പ്രസ്ഥാനങ്ങൾ, ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന സൈലന്റ് വാലി പദ്ധതിക്കെതിരെയുള്ള ചെറുത്തുനിൽപ്പ് എന്നിവ എടുത്തുപറയേണ്ടതുണ്ട്. അതുപോലെ പിന്നാക്കജാതിയിൽപ്പെട്ട സ്ത്രീകളുടെ മാറുമറയ്ക്കുന്നതിനും പിന്നാക്കജാതിയിലുള്ള പുരുഷന്മാർക്ക് മീശ വയ്ക്കുന്നതിനും കർഷകത്തൊഴിലാളികൾക്ക് കുടികിടക്കുന്നതിനുമൊക്കെയുള്ള അവകാശങ്ങൾ കേരളത്തിൽ നേടിയെടുത്തത് സംഘടിച്ചും സമരംചെയ്തുകൊണ്ടുമാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വൈവിധ്യമാർന്ന ഘടകങ്ങളുടെ സമന്വയമാണ് കേരളത്തെ ഒരു ‘അപവാദമായി’ ലോകത്തിനു മുന്നിൽ പ്രതിഷ്ഠിക്കുന്നത്.

പാർട്ടികളുടെ സർവാധിപത്യം

ഇത്തരത്തിൽ സാമൂഹികശാസ്ത്രം നിഷ്കർഷിക്കുന്ന വസ്തുനിഷ്ഠതയുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ കേരളമോഡൽ എന്നത് ഒരു ഭാവനാസൃഷ്ടിയാണെന്നു മനസ്സിലാക്കാം. സാമൂഹികശാസ്ത്രം പ്രത്യയശാസ്ത്ര പ്രചരണത്തിനായി ഉപയോഗപ്പെടുത്താനുള്ളതല്ല; സമൂഹത്തോട് പ്രതിജ്ഞാബദ്ധനായ ഒരു സാമൂഹിക ശാസ്ത്രജ്ഞന് വിശകലനത്തിന്റെ വെളിച്ചത്തിൽ മാത്രമേ കാര്യങ്ങൾ പറയാൻ കഴിയൂ. നയരൂപവല്‍ക്കരണത്തിന് കൂടുതൽ ആവശ്യമായിട്ടുള്ളതും അതുതന്നെയാണ്.

പ്രഫസർ ഉമ്മന്റെ ഏറ്റവും ശക്തമായ വിമർശനം കേരളത്തിലെ കക്ഷിരാഷ്ട്രീയാധിപത്യത്തിനെതിരെയാണ്. “പാർട്ടികളുടെ സർവാധിപത്യത്തിന്റെ പിടിയിലായിപ്പോയി നമ്മുടെ നാട്” എന്നദ്ദേഹം വിലപിക്കുന്നു. ഒരു പാർട്ടി പ്രവർത്തകനല്ലെങ്കിൽ ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. വ്യക്തികളുടെ സ്വത്വം ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ വാലുമായി കൂട്ടിക്കെട്ടേണ്ട ഗതികേടാണ് (Hyphenated Identity) ഇന്നുള്ളത്. ഈ ‘ഫാസിസ്റ്റ്’ അന്തരീക്ഷത്തിൽ സ്വതന്ത്രമായ സാമൂഹികശാസ്ത്ര പഠനങ്ങൾക്ക് ഇടമില്ല. പാർട്ടിക്കും നേതാക്കൾക്കും സ്തുതി പാടിയാൽ മാത്രമേ ആസൂത്രണബോർഡിലും വൈസ്ചാൻസലർ കസേരകളിലും അക്കാദമിക സമിതികളിലുമൊക്കെ കയറിക്കൂടാൻ കഴിയൂ എന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല.

കേരളമോഡലിനെ തള്ളിക്കളയുകയല്ല, മറിച്ച്, അതിന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് തിരുത്തുവാനുള്ള ആഹ്വാനമാണിത്. ഗൾഫ് പണത്തെയും ഉപഭോഗസംസ്കാരത്തെയും മാത്രം ആശ്രയിച്ചുപോകുന്ന ഒരു സമ്പദ്‌വ്യവസ്ഥ ദീർഘകാലം നിലനിൽക്കില്ല. ഉയർന്ന മാനവിക വികസനസൂചിക മാത്രം പോരാ, ഭൗതിക ക്ഷേമത്തോടൊപ്പം മാനസികക്ഷേമവും (Mental Well-being) സാമൂഹികസമാധാനവും ഉറപ്പാക്കുന്ന ഒരു പുതിയ വികസനസംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. വികസനം എന്നത് കേവലം അക്കങ്ങളല്ല, അതു മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും മനുഷ്യനായി ജീവിക്കുവാനുള്ള അടിസ്ഥാനസാഹചര്യങ്ങളുമാണ് എന്നതാണ് കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് ഇവിടെ വികസ്വരമാകുന്ന സാമൂഹികപാഠം.

(ലേഖകൻ, കേരള സർവകലാശാല സോഷ്യോളജി വകുപ്പ്  മുൻ പ്രഫസറും മേധാവിയുമാണ്.)