സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ
അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ ഏകാന്തതകളിൽനിന്ന് ഒരു മനുഷ്യൻ കണ്ടെടുക്കുന്ന സംഗീതമാണ്. പ്രകൃതിയുടെ നിസ്സഹായതകളും മനുഷ്യന്റെ അടങ്ങാത്ത പ്രണയവും സംഗീതത്തിന്റെ ആത്മീയതയും ഇഴചേരുന്ന ആ എഴുത്തുജീവിതം അതിന്റെ അൻപതാണ്ട് പിന്നിടുമ്പോൾ, ഇവിടെ തന്റെ ഓർമകളിലേക്ക് തിരിഞ്ഞുനോക്കുകയാണ് വി.ആര്.സുധീഷ്. വാക്കുകളിൽ സംഗീതത്തിന്റെ അദൃശ്യമായ രാഗങ്ങൾ ഒളിപ്പിച്ചുവച്ച ഈ എഴുത്തുകാരനുമായുള്ള സംഭാഷണം കേവലമൊരു അഭിമുഖമല്ല; മറിച്ച്, കാലത്തിന്റെ തീരത്തുനിന്നുള്ള ചില ആത്മഭാഷണങ്ങളാണ്.
എഴുത്തിന്റെ അൻപത് വർഷങ്ങൾ തികയുകയാണല്ലോ. കുട്ടിക്കാലത്ത് വായനയിലേക്ക് എത്തപ്പെട്ടത് എങ്ങനെയായിരുന്നു?
സംഗീതത്തിലൂടെയാണ് ഞാൻ അക്ഷരങ്ങളിലെത്തിയത്. കവികളെഴുതിയ പാട്ടുഭാഷയാണ് ഞാൻ വായിച്ച ആദ്യ സാഹിത്യം. അന്നത്തെ നാട്ടിൻപുറവും വീടിനകവുമെല്ലാം പാട്ട് മുഖരിതമായിരുന്നു. കുടുംബത്തോടൊപ്പം ഞാൻ ജോലിമാറ്റത്തിനനുസരിച്ച് ഒരുപാട് നാട്ടിൻപുറങ്ങളിലൂടെ സഞ്ചരിച്ചു. എല്ലായിടത്തും മനുഷ്യർക്കും ഒരേ മുഖമായിരുന്നു. പാടങ്ങളും തോടുകളും മലകളും കാടും കടലുമൊക്കെ ഒരേ ദൃശ്യഭംഗി പകർന്നു. ചുറ്റുമുള്ള കൂട്ടുകാരുടെ ലോകത്തിൽനിന്നു ഞാൻ കഥ കണ്ടെത്തി.
ആദ്യത്തെ എഴുത്ത് എന്തായിരുന്നു? ആദ്യം പ്രസിദ്ധപ്പെടുത്തിയത് എവിടെയായിരുന്നു?
എന്തും ഏതും എഴുതുമായിരുന്നു. കണ്ടതും കേട്ടതുമൊക്കെ. കഥയ്ക്കൊന്നും കാര്യഗൗരവം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതൊന്നും സൂക്ഷിച്ചുവച്ചില്ല. ഓർമയിലുമില്ല.
വിദ്യാഭ്യാസകാലമാണല്ലോ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അക്കാലത്തെ എഴുത്ത്, വായനാനുഭവങ്ങൾ എങ്ങനെയായിരുന്നു?
സ്കൂളിൽ പഠിച്ച ഒരു കാരൂർ കഥയാണ് എന്നെ മാറ്റിമറിച്ചത്. അങ്ങനെ എഴുതണമെന്നു മനസ്സ് ശഠിച്ചു. ചിരപരിചിതമായ എഴുത്തിൽനിന്നു മാറിയത് കോളെജിലെത്തിയപ്പോഴാണ്. അപ്പോൾ, ആധുനികതയുടെ കാലമായിരുന്നു. ക്ഷോഭിക്കുകയും ത്രസിപ്പിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന കഥകൾ നാനാഭാഷകളിൽനിന്ന് എന്റെ തലച്ചോറിനെ മഥിച്ചു. തീർത്തും കാല്പനികനായ ഞാൻ ആധുനികതയിലൂടെ മറ്റൊരു വഴി തേടി.
കോഴിക്കോട് താങ്കളുടെ ജീവിതത്തിന്റെ ഭാഗമാണ്. കോഴിക്കോട്ടെ എഴുത്തുകാരുമായുള്ള താങ്കളുടെ സൗഹൃദബന്ധങ്ങൾ വേറിട്ട അനുഭവങ്ങൾതന്നെയാണ്. ബഷീറുമായുള്ള പരിചയവും അനുഭവങ്ങളും പറയൂ.
വലിയ എഴുത്തുകാരുമായുള്ള സഹവാസമാണ് എഴുത്തുജീവിതത്തിലെ എന്റെ വലിയ സാർഥകത. അവർക്കെല്ലാം അവരുടേതായ ഔന്നത്യമുണ്ടായിരുന്നു. അവരിൽനിന്നു പഠിക്കാൻ ഏറെയുണ്ടായിരുന്നു. ബഷീറിന്റെ സാന്നിധ്യം നമുക്ക് അപാരമായ രാസദീപ്തി പകർന്നുതരും. കാലങ്ങളുടെ ചരിത്രഭൂപടം നാം ബഷീറിന്റെ ശരീരത്തിലും വാക്കുകളിലും വായിച്ചെടുക്കും. വെറുമൊരു മനുഷ്യൻ എന്നുതോന്നുന്ന വലിയ അദ്ഭുതം; അതാണ് ബഷീർ.
എം.ടി. വാസുദേവൻ നായരുമായും സുകുമാർ അഴീക്കോടുമായും അടുപ്പം സൂക്ഷിച്ച വ്യക്തിയാണല്ലോ. എം.ടി.യെ പരിചയപ്പെട്ടതെങ്ങനെയായിരുന്നു?
എന്റെ അയൽവാസിയായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് എം.ടി.യെ പരിചയപ്പെടുത്തുന്നത്. അപ്പോഴേക്കും എന്റെ കുറെ കഥകൾ അച്ചടിച്ചുവന്നിരുന്നു. എം.ടി. അതൊക്കെ വായിച്ചിരുന്നു. കഥകൾ ഇഷ്ടപ്പെട്ടതുകൊണ്ടാകാം എന്നെ കൂടെ കൂട്ടിയത്. വേദിയിൽ കലഹിച്ചിട്ടാണ് അഴീക്കോടുമായി അടുത്തത്. സാഗരഗർജനത്തിന് സാന്ത്വനനിമന്ത്രണമുണ്ടെന്ന് അടുത്തപ്പോൾ മനസ്സിലായി. കാലങ്ങളുടെ അകൽച്ചയില്ല. വാക്കുകളുടെ വിടർച്ചയിൽ നാം മുഗ്ദ്ധരാകുന്നു.
എം.ടി.യുടെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രശാന്ത് നാരായണൻ സംവിധാനംചെയ്ത ‘മഹാസാഗര‘ത്തിന് ലിഖിതപാഠം തയ്യാറാക്കിയത് താങ്കളാണല്ലോ. ആ അനുഭവത്തെക്കുറിച്ചു വിശദീകരിക്കാമോ? രാമായണ-മഹാഭാരത പാഠങ്ങൾ വലിയ സംവാദങ്ങളുണ്ടാക്കുന്ന വർത്തമാനകാലത്ത് മഹാസാഗരത്തിന്റെ സാംസ്കാരിക പ്രസക്തി വിശദീകരിക്കാമോ?
എം.ടി.യുടെ രചനകളെ ആസ്പദമാക്കി ഒരു മണിക്കൂർ നാടകം, അതായിരുന്നു സംവിധായകന്റെ ആഗ്രഹം. അതിനനുസരിച്ച് ആ കഥാലോകത്തിലെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ചു. കുട്ട്യേടത്തി മുതൽ വാരണാസി വരെ. അതിനൊരു ആദിമധ്യാന്തമില്ല. പക്ഷേ, വിഷ്വലുകൾ ശ്രദ്ധേയമായി. അതു പ്രശാന്ത് നാരായണന്റെ സിദ്ധി.
അഴീക്കോടിന്റെ പ്രണയിനി വിലാസിനിട്ടീച്ചറുമായുള്ള അകലം ഇല്ലാതായത് താങ്കളുടെകൂടി ശ്രമഫലമായാണ്. അഴീക്കോടുമായി അടുപ്പവും അകലവും കലർന്ന സമ്മിശ്രാനുഭവങ്ങളാണുള്ളത്. അതേക്കുറിച്ച് പറയുമോ?
വിലാസിനിട്ടീച്ചർ കോളെജിൽ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അഴീക്കോട് പഠിപ്പിച്ചിട്ടില്ല. രണ്ടുപേരും എനിക്ക് ഗുരുശ്രേഷ്ഠരാണ്. ടീച്ചറുടെ മനസ്സിൽ ജീവപര്യന്തപ്രണയമാണ് മാഷോട്. അതേക്കുറിച്ച് എന്നോടു പറയാറുണ്ട്. അതുകൊണ്ട് ഞാൻ അവരെ വൈകിയ സായംകാലത്ത് അടുപ്പിക്കാൻ നോക്കി. സമയം കഴിഞ്ഞുപോയിരുന്നു. കാലം മാഷെ തിരികെ വിളിച്ചു. വലിയ ശാഠ്യക്കാരനായിരുന്നു, മാഷ്. ശകാരത്തോടെയുള്ള വാദമുഖങ്ങളെ ഞാനും എന്നാലാവുംവിധം തടുത്തു. ഇപ്പോൾ ഓർക്കുമ്പോൾ ചിരിക്കാനേറെ.
ആധുനിക മലയാളകഥയിൽ, മനുഷ്യകേന്ദ്രിത പ്രപഞ്ചബോധത്തിൽനിന്ന് വ്യത്യസ്തമായി പ്രപഞ്ചകേന്ദ്രിത പാരിസ്ഥിതികബോധത്തിൽനിന്നു സംസാരിച്ച കഥകളിലൊന്നാണ് താങ്കളുടെ ‘വംശാനന്തരതലമുറ‘. തവളയുടെ ജീവിതത്തിലൂടെ മനുഷ്യേതര ജൈവലോകത്തിന്റെ നോവുകൾ അടയാളപ്പെടുത്തുന്നുണ്ട്, ആ കഥ. ആ കഥ ഉടലെടുത്തതെങ്ങനെയാണ്? പ്രസിദ്ധപ്പെടുത്തിയതിനുശേഷമുള്ള അനുഭവങ്ങൾ എന്തൊക്കെയായിരുന്നു?
കുട്ടിക്കാലത്തെ അനുഭവമായിരുന്നു ‘വംശാനന്തരതലമുറ’. അങ്ങനെയൊരു കീറിമുറിക്കൽ അന്ന് സ്കൂൾ ക്ലാസിൽ നടന്നിരുന്നു. പത്തിരുപതുവർഷങ്ങൾക്കുശേഷമാണ് ആ ഓർമ കഥയായി വരുന്നത്. ഏറെ പ്രശംസിക്കപ്പെട്ടു. വലിയ എഴുത്തുകാരാണ് അഭിനന്ദിച്ചത്. പിന്നീട് ക്ലാസ് മുറികളിൽ ആ കഥ പഠിക്കപ്പെട്ടു. മുപ്പത്തിയഞ്ചുവർഷങ്ങൾ കഴിഞ്ഞു അത് എഴുതിയിട്ട്. മനുഷ്യേതരലോകം, നിസ്സഹായത, ത്യാഗം, കരുണ, കാരുണ്യം എന്നിങ്ങനെയുള്ള വിഷയങ്ങൾ ഒരുകാലത്തും കഥയ്ക്ക് അന്യമല്ല; പുതിയ ഭാഷയിൽ അവ നിർമിക്കുമ്പോൾ.
മനുഷ്യജീവിതത്തെ, ഇക്കോസിസ്റ്റത്തെ പ്രധാനമായി കാണുന്നവകൂടിയാണ് താങ്കളുടെ കഥകൾ. ആദ്യകാലകഥകൾമുതൽ ഗന്ധർവൻവരെയുള്ള സമാഹാരങ്ങളിൽ അതു കാണാം. കേരളത്തിൽ സമീപകാലത്തുണ്ടായിട്ടുള്ള വലിയൊരു കോവിഡ്-മഹാമാരി ഘട്ടത്തിലെ ആശങ്കകൾ ‘ഗന്ധർവൻ‘ എന്ന സമാഹാരത്തിൽ കാണാം. കോവിഡ് ഏകാന്തഘട്ടത്തെ എങ്ങനെയാണ് അനുഭവിച്ചത്?
ഏകാന്തനായി ജീവിക്കുന്ന ഒരാൾക്ക് കോവിഡ്കാലം വലിയ അപരിചിതത്വമൊന്നും നൽകുന്നില്ല. വ്യത്യസ്തരായ മനുഷ്യരെയും ഭാഷയെയും പരിചയപ്പെടാൻ കഴിഞ്ഞതാണ് ഒരനുഭവം. കോവിഡിന്റെ ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് ഞാനറിയാതെ ഗന്ധർവൻ കയറിവരുകയായിരുന്നു. ആ കഥ എനിക്ക് വളരെ ഇഷ്ടമാണ്. കോവിഡ് ധാരാളം കഥകൾ എനിക്ക് പറഞ്ഞുതന്നു. ഒരുതരത്തിലുള്ള Rediscovery of Enlightenment ആയിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കോവിഡ്കാലം; അതിന്റെ നോവും കെടുതികളും മറന്നുകൊണ്ട് പറയുകയാണെങ്കിൽ.
പ്രണയം മിക്ക കഥകളിലും സജീവമാണ്. ‘എന്റെ പ്രണയകഥകൾ‘ എന്ന പേരിൽ സമാഹാരമുണ്ട്. കൂടാതെ, മലയാളത്തിലെ പ്രധാന പ്രണയകഥകളും കവിതകളും സമാഹരിച്ചിട്ടുമുണ്ട്. പിതൃകേന്ദ്രിത അധികാരത്തെയും പുരുഷാധികാരത്തെയും മറികടക്കാൻ പലപ്പോഴും മലയാളകഥകളിലെ പ്രണയപുരുഷന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? കഥകളിലെ ചില കഥാപാത്രങ്ങളുടെ മാനസികാവസ്ഥ യാഥാസ്ഥിതികമാണെങ്കിൽ അതങ്ങനെ തന്നെ പറയേണ്ടതുണ്ട്. പക്ഷേ, എല്ലാവരും ഒരുപോലെ ആൺകോയ്മയിൽ തറഞ്ഞുനിൽക്കണമെന്നുമില്ലല്ലോ?
രീതിവിശേഷങ്ങളെയും ശീലങ്ങളെയും മറികടക്കാൻ നമ്മുടെ എഴുത്തുകാർ പലപ്പോഴും മറക്കും. വേണ്ടെന്നുവച്ചിട്ടാണ്. ചിലപ്പോൾ വായനക്കാരെ ഭയന്നിട്ടാണ്. അവർ സ്വീകരിച്ചില്ലെങ്കിലോ എന്നോർത്ത്. ചിലർ “ഇതെന്റെ ശൈലിയാണ്” എന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കും. വി.കെ.എൻ. കഥകളെല്ലാം ആൺകോയ്മകളാണ്. അന്നു വായനക്കാരോ നിരൂപകരോ അതിനെക്കുറിച്ച് ഒരാരോപണവും നടത്തിയിട്ടില്ല. പ്രണയകഥകൾതന്നെ ഇപ്പോൾ അങ്ങനെ എഴുതപ്പെടുന്നില്ല. വീറുള്ള സങ്കല്പങ്ങൾ കാണാനേയില്ല. ആണിനും പെണ്ണിനും അധികാരമില്ലാത്ത പ്രണയമായിരിക്കും ഭാവിയിലെ കഥകൾ.
ഫിക്ഷൻഎഴുത്തിൽ ഫെമിനിസം, തുല്യതാസങ്കല്പം, ജനാധിപത്യം, ഫാസിസ്റ്റ് വിരുദ്ധത എന്നിവ പലതരത്തിൽ അടയാളപ്പെടാറുണ്ട്. എഴുത്തിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
എഴുത്തിലല്ല ജീവിതത്തിലാണ് പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്. എഴുത്തിൽ എങ്ങനെയും വരാം. കാരണം മനുഷ്യനാണ്. അതാണ് നാം അവിശ്വസിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യൻ. പുതിയകാലത്തിലെ മനുഷ്യരിൽ വിശ്വാസമില്ലാത്തിടത്തോളംകാലം ഈ കറക്റ്റ്നെസ്സിന് എഴുത്തിൽ സാംഗത്യമില്ല.
സംഗീതം താങ്കൾക്ക് കഥയിലും പാട്ടെഴുത്തിലും വ്യക്തിജീവിതത്തിലും ഒഴിവാക്കാനാകാത്ത ഒന്നാണ്. പ്രിയപ്പെട്ട പാട്ടുകാരെക്കുറിച്ചും കുട്ടിക്കാലത്തെ പാട്ടുകേൾവിയെക്കുറിച്ചും പറയൂ.
പാട്ടിലാക്കപ്പെട്ടവനാണ് ഞാൻ എന്നു പറഞ്ഞല്ലോ. എല്ലാ വലിയ പാട്ടുകാരെയും കുട്ടിക്കാലം മുതലേ ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് ഭാഷ സ്വരസംവിധാനമാണ്. വാക്കുകളെ ചിട്ടപ്പെടുത്തുന്നത് അജ്ഞാതമായ രാഗം കൊണ്ടാണ്. എം.കെ. ത്യാഗരാജ ഭാഗവതർ തൊട്ട് നവനീത് ഉണ്ണികൃഷ്ണനെ വരെ ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട്. പാട്ടുകേൾവിയിൽനിന്നാണ് ‘ബാബുരാജ്’ എന്ന കഥയുണ്ടായത്.
ചലച്ചിത്രഗാനങ്ങളെക്കുറിച്ചാണ് കൂടുതൽ എഴുതിക്കണ്ടിട്ടുള്ളത്. കോഴിക്കോടിന് ചലച്ചിത്രഗാനങ്ങൾക്കൊപ്പം ഹിന്ദുസ്ഥാനിസംഗീതത്തിലാണ് കൂടുതൽ താൽപര്യം. കർണാടകസംഗീതത്തോടും നാടൻപാട്ടുകളോടും ആ അടുപ്പം അധികം കണ്ടിട്ടില്ല. എന്നാൽ തളിക്ഷേത്രത്തിലടക്കം കർണാടകസംഗീതത്തിലെ നിരവധി പ്രമുഖർ വന്നു പാടിയിട്ടുണ്ട്. എങ്കിലും കോഴിക്കോടിന് സാംസ്കാരികമായി ഹിന്ദുസ്ഥാനി സംഗീതത്തോട് ഇഴയടുപ്പം കൂടുതലുണ്ടോ?
കോഴിക്കോട് നൂറ്റാണ്ടുകൾക്കുമുൻപുതന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി ഹിന്ദുസ്ഥാനി സംഗീതജ്ഞർ വരുമായിരുന്നു. കുറ്റിച്ചിറ ഭാഗത്തുള്ള കോയാഗൃഹങ്ങളിലും പാണ്ടികശാലകൾക്കു മുകളിലും അവർ മെഹ്ഫിൽ അവതരിപ്പിക്കും. അതൊരു സംസ്കാരമായിരുന്നു. പുലരുംവരെ സംഗീതസദിരുകൾ നടത്തി വയറുനിറയെ ഭക്ഷണം കഴിച്ച് ഉറങ്ങുന്ന ഈ സംഗീതജ്ഞരുടെ പെരുമ നമ്മുടെ സങ്കല്പങ്ങൾക്കപ്പുറത്താണ്. അവരിൽനിന്നാണ് ബാബുരാജും കോഴിക്കോട് അബ്ദുൽഖാദറുമൊക്കെ ഉണ്ടാവുന്നത്. കിഴക്ക് തളിക്ഷേത്രത്തിൽനിന്നുള്ള കർണാടകകീർത്തനങ്ങൾ, പടിഞ്ഞാറ് സമ്പന്നഗൃഹങ്ങളിൽനിന്നുള്ള ഖവ്വാലികൾ; അങ്ങനെ മെഹ്ഫിലുകളുടെയും ഗസലുകളുടെയും നഗരമായി മാറി കോഴിക്കോട്. ഇന്നും ആ പാരമ്പര്യം ഇവിടെയുണ്ട്. മുഹമ്മദ് റാഫിയും തലത്ത് മുഹമ്മദും പിൽക്കാലത്ത് ഇവിടെ വന്നു പാടി.
കോഴിക്കോടിന് തനതായ ഒരു സംഗീതസംസ്കാരമുണ്ട് എന്നതുപോലെ ഒരു ഭക്ഷണസംസ്കാരവുമുണ്ട്. പെരുന്നാളിനും ഓണത്തിനും ക്രിസ്മസിനുമൊക്കെ കൂട്ടംചേർന്ന് പങ്കുവയ്ക്കുന്ന സമത്വസ്വഭാവമുള്ള ഭക്ഷണശൈലി. വൈവിധ്യം നിറഞ്ഞ കോഴിക്കോടൻ ഭക്ഷ്യകലയെ എങ്ങനെയാണ് നോക്കിക്കാണുന്നത്? പുനത്തിൽ കുഞ്ഞബ്ദുള്ളയും മാധവിക്കുട്ടിയും എം.ടി.യും ബഷീറുമൊക്കെ ഭക്ഷണത്തെ നോക്കിക്കണ്ടിരുന്ന രീതി, അവരെ അടുത്തറിഞ്ഞിരുന്ന എഴുത്തുകാരൻ എന്ന നിലയിൽ എങ്ങനെ നോക്കിക്കാണുന്നു?
സംഗീതം, ഫുട്ബോൾ, നാടകം, ഭക്ഷണം എന്നിവ സിരകളിൽ അലിഞ്ഞ നഗരമാണ് കോഴിക്കോട്. ഓരോ ദിവസവും ഇവിടെ പുതിയ ഭക്ഷണശാല ഉണ്ടാകുന്നു. കോഴിക്കോടൻ അലുവയും ബിരിയാണിയും ഉണ്ടാകുന്നു. നന്നായി ഭക്ഷണം കഴിക്കുന്നവർ ഞാൻ കണ്ട എഴുത്തുകാരിൽ ബഷീറും കുഞ്ഞബ്ദുള്ളയും കുഞ്ഞുണ്ണി മാഷുമാണ്. എം.ടി.ക്ക് വലിയ പ്രിയമൊന്നുമില്ല. ആവശ്യത്തിനുമാത്രം. മാധവിക്കുട്ടി മധുരപ്രിയയാണ്. മധുരത്തെക്കാൾ കുപ്പിവളകളെ സ്നേഹിച്ചവർ. കൈത്തണ്ടവരെ പലവർണങ്ങളിൽ വളകൾ ചാർത്തും. നല്ല പാചകക്കാരനുമായിരുന്നു, കുഞ്ഞബ്ദുള്ള.
കേരളത്തിലാദ്യമായി തെരുവുഗായകരുടെ പാട്ടുകൾ മുഖ്യധാരാ ചാനലിൽ ഒരു പ്രോഗ്രാമായി സംപ്രേഷണംചെയ്തതിന്റെ അവതാരകൻ കൂടിയായിരുന്നു താങ്കൾ. സംഗീതത്തിന്റെ വരേണ്യമല്ലാത്ത അടിത്തട്ടിനെക്കൂടി, അതിലെ ഏറ്റവും ദരിദ്രരായ മനുഷ്യരെക്കൂടി ഉൾക്കൊള്ളലായിരുന്നു അത്. അതിലെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവയ്ക്കുമല്ലോ?
തെരുവോരത്ത് പാടുന്നവരുടെ സംഘമായിരുന്നു ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന ആ പരിപാടി. ചിലരുടെ ആലാപനങ്ങൾ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ജീവിതാനുഭവങ്ങൾ കരയിച്ചിട്ടുണ്ട്. തെരുവോരത്ത് സ്വപ്നങ്ങളില്ലാതെ പാടുന്ന പാട്ടുകാരനാണ് വലിയ ആർട്ടിസ്റ്റ് എന്നു തോന്നിയിട്ടുണ്ട്.
പൊതുവിൽ ഒ.ബി.സി സാമൂഹിക അനുഭവലോകം മലയാളകഥയിൽത്തന്നെ വളരെ കുറവാണ്. ഒരുപക്ഷേ, ഒ.വി. വിജയന്റെ ‘തലമുറകൾ‘ ആകാം അത്തരത്തിലുള്ള ഒരു അടയാളമുള്ള പ്രധാന കൃതി. താങ്കളുടെ ‘തീയക്കുട്ടികൾ ഇന്നും വിചാരിക്കുന്നു‘ എന്ന രചനയിലടക്കം അത്തരമൊരു അടയാളപ്പെടുത്തലുണ്ടോ? വ്യക്തിജീവിതത്തിലെ ജാതി അനുഭവം എന്താണ്?
വ്യക്തിപരമായി ഞാനൊരു ജാതിയും അറിഞ്ഞിട്ടില്ല. ജാതിവ്യവസ്ഥയുടെ നെറികേടുകൾ കാണുമ്പോൾ പ്രതിരോധിക്കാൻ തോന്നാറുണ്ട്. തീയ്യക്കുട്ടികൾ എന്ന കഥ അങ്ങനെയുണ്ടായതാണ്. ജാതി അനുഭവിപ്പിക്കുന്ന കലാലയത്തിൽ പഠിപ്പിക്കേണ്ടിവന്നത് യാദൃച്ഛികം.
‘വിമതലൈംഗികം’ എന്നൊരു കൃതിയുണ്ട് താങ്കളുടേതായി. ‘എഴുത്തുകാരി അറിയുന്നു’ എന്നത് മറ്റൊരു കൃതിയാണ്. ഇന്ന് മലയാളത്തിൽ ആൺനോട്ടങ്ങളെയും ആണെഴുത്തിനെയും ചോദ്യംചെയ്യുന്ന അനേകം പെൺവായനകളുണ്ടായിട്ടുണ്ട്. എന്നാൽ, ക്വിയർസമൂഹത്തെ വിശാലമായി ഉൾക്കൊള്ളുന്ന സർഗാത്മക രചനകൾ ഇപ്പോഴും കുറവാണ്. വൈവിധ്യം നിറഞ്ഞ അനേകം പ്രണയ-ലൈംഗിക-രാഷ്ട്രീയ അഭിരുചികൾ ചേർന്നതാണ് ക്വിയർലോകം. വിമതലൈംഗികം എഴുതിയ എഴുത്തുകാരനെന്ന നിലയിൽ സ്ത്രീ-ക്വിയർ എഴുത്തനുഭവങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
പരിചയലോകത്തിൽനിന്നേ എഴുതാൻ പറ്റുകയുള്ളൂ. വിമതലൈംഗികം അങ്ങനെയുണ്ടായതാണ്. ക്വിയർ ലോകത്തെക്കുറിച്ച് ഒരു കഥ മനസ്സിലുണ്ട്. ഒരു ട്രാൻസ്ജെൻഡർ സ്നേഹിതയുടെ അനുഭവം.
എഴുത്തിന്റെ അൻപതുവർഷങ്ങൾ പിന്നിടുമ്പോൾ എഴുത്തിൽ അതിജീവിച്ചു എന്നാണോ അതോ തമസ്കരണങ്ങളാണ് കൂടുതൽ എന്നാണോ തോന്നുന്നത്?
ഇത്രയേറെ എഴുതാൻ കഴിഞ്ഞല്ലോ എന്ന അദ്ഭുതം. എഴുത്തിന്റെ വൈചിത്ര്യത്തെ നോക്കിക്കാണുമ്പോഴുള്ള കൗതുകം; അത്രയേയുള്ളൂ. മറ്റൊന്നും എന്നെ ബാധിക്കുന്നില്ല.
അൻപതുവർഷത്തെ എഴുത്തുജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട കഥകൾ ഏതൊക്കെയാണ്? പ്രിയപ്പെട്ട എഴുത്തുകാർ ആരൊക്കെയാണ്?
വീണ്ടും വായിക്കുമ്പോൾ പറച്ചിലിന്റെ മിടുക്കും ഭാഷയുടെ തുടിപ്പും അനുഭവപ്പെടുന്ന കഥകൾ എനിക്ക് പ്രിയപ്പെട്ടവയാണ്. ‘ബാബുരാജ്’, ‘ഗന്ധർവൻ’, ‘വംശാനന്തരതലമുറ’, ‘ഭൂമിയിലെ വീട്’, ‘ചന്ദ്രികാചർച്ചിതം’ എന്നിവയൊക്കെ അക്കൂട്ടത്തിൽപ്പെടും. മലയാളത്തിൽ പ്രിയപ്പെട്ട കുറച്ച് എഴുത്തുകാരുണ്ട്. കുറച്ചുമാത്രം എഴുതിയ വി.പി. ശിവകുമാറും വിക്ടർ ലീനസും ഞങ്ങൾക്ക് തൊട്ടുമുൻപ് കടന്നുപോയവരാണ്.
പലതരം പരോക്ഷ സെൻസർഷിപ്പുകൾ നേരിടേണ്ടിവരാറുണ്ട് എഴുത്തുകാർക്ക്. മതം, സാമുദായികം, സംഘടനകൾ, വിപണി എന്നിങ്ങനെ പലതരത്തിലുള്ള അധികാരഘടനകൾ എഴുത്തുകാർക്കു മുന്നിലുണ്ട്. എന്റെ ചോദ്യം, ഇതിന്റെ ഭാഗമായ സമ്മർദങ്ങൾ ഒരു സ്വയം സെൻസർഷിപ്പിലേക്ക് പുതിയകാലത്തെ എഴുത്തുകാരെ നിർബന്ധിക്കുന്നുണ്ടോ എന്നാണ്?
സ്വയം സെൻസർഷിപ്പ് വന്നാൽ എഴുത്തിന്റെ ഫയർ നഷ്ടമാകും. ധീരമായ എഴുത്താണ് പ്രധാനം. എഴുത്തുകാരാണ് പോരാളികൾ എന്നാണ് ഞാൻ കരുതുന്നത്. ഇന്നും അങ്ങനെയാണോ എന്നറിയില്ല.
ഇത്രയും നാളത്തെ എഴുത്തുജീവിതത്തിൽ കഥ, സാഹിത്യലേഖനങ്ങൾ, പഠനങ്ങൾ, സംഗീതലേഖനങ്ങൾ ഒക്കെ താങ്കൾ എഴുതിയിട്ടുണ്ട്. നോവൽ എന്ന വിശാലഭൂമികയിലേക്ക് എന്തുകൊണ്ട് കടന്നില്ല?
നോവൽ വരും. കൂടുതലൊന്നും പറയാനില്ല. അതിന്റെ ബാധയിലാണ് ഞാൻ.
കെ.പി. അപ്പൻ മാഷെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. വലിയ അടുപ്പമായിരുന്നല്ലോ?
അപ്പൻ മാഷ് എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, അദ്ദേഹത്തിൽനിന്ന് ഞാൻ ഒരുപാട് പാഠങ്ങൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം വലിയ മനുഷ്യനായിരുന്നു. വിമർശനകലയിൽ ഏകാന്തമായ ഒരു വഴി സൃഷ്ടിച്ചയാളായിരുന്നു. അദ്ദേഹം ചിന്തിച്ചതുപോലെ, എഴുതിയതുപോലെ വിമർശനത്തെ മുന്നോട്ടുകൊണ്ടുപോയവർ വളരെ ചുരുക്കമാണ്. അതിന് ഒരു വിശുദ്ധപാഠശാലയുടെ അന്തരീക്ഷഭംഗിയുണ്ടായിരുന്നു. ആ വിശുദ്ധപാഠശാലയിൽ കൂടുതലും പഠിപ്പിക്കപ്പെട്ടത് നിഷേധത്തിന്റെ കലയായിരുന്നു.
താങ്കളുടെ വായനാശീലത്തെക്കുറിച്ച് ഇതുവരെ പരാമർശിച്ചില്ലല്ലോ. പഴയകാലത്തെ വായനയും ഇന്നത്തെ വായനാനുഭവങ്ങളും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളാണുള്ളത്?
അന്നും ഇന്നും ഞാൻ ഏറെ വായിക്കുന്നുണ്ട്. അന്ന് വായിച്ചവരിൽ പലരും പിന്നീടുള്ള വായനയിൽ കൊഴിഞ്ഞുപോയി. ശേഷിച്ചവർ വളരെ കുറച്ചുപേരേ ഉള്ളൂ. അവരെ വീണ്ടും വീണ്ടും വായിക്കുന്നു. കഥയിൽ കാരൂരും നോവലിൽ നമ്മുടെ നവോത്ഥാനകാല എഴുത്തുകാരും ആധുനികരിൽ വിജയനും കുഞ്ഞബ്ദുള്ളയുമൊക്കെ ഇന്നും ഞാൻ വീണ്ടുവായനക്കെടുക്കുന്നു. അന്യദേശത്തുനിന്ന് എടുത്തുപറയാവുന്ന ഒരു എഴുത്തുകാരൻ എനിക്ക് ബെൻ ഓക്രിയാണ്. ‘ദി ഫാമിഷ്ഡ് റോഡ്’ എന്ന നോവൽ പല ആവർത്തി ഞാൻ വായിക്കാറുണ്ട്. അത് എന്നെ ദുഃസ്വപ്നങ്ങളുടെ സംഗീതഭംഗി അനുഭവിപ്പിക്കുന്നു. വായനയ്ക്ക് കൃത്യമായ ചട്ടക്കൂടൊന്നുമില്ല. എന്തും ഏതും വായിക്കും. നോവലുകളും കഥകളും കവിതകളും നിരൂപണങ്ങളും ആത്മകഥകളും ജീവചരിത്രങ്ങളുമെല്ലാം. എവിടെ വാക്കുകളിൽ സംഗീതമുണ്ടോ, അവിടെ എന്റെ ഹൃദയം ചെന്നുതൊടുന്നു. സംഗീതാത്മകമല്ലാത്തതോ കാവ്യാത്മകമല്ലാത്തതോ ആയ ഒന്നും എന്നെ സ്പർശിക്കുന്നില്ല.


