സ്വകാര്യമേഖലയോട് കേരളത്തിന് ഇനിയും അസ്പൃശ്യതയോ? – പ്രശാന്ത് വാസുദേവ്

സ്വകാര്യമേഖലയോട് കേരളത്തിന് ഇനിയും അസ്പൃശ്യതയോ? – പ്രശാന്ത് വാസുദേവ്

സ്വകാര്യ മൂലധനം ചൂഷണത്തിന്റെ പര്യായമാണെന്ന സൈദ്ധാന്തിക ദുർവാശിയിൽ കുരുങ്ങിപ്പോയ കേരളത്തിന്റെ  വികസന മുരടിപ്പിലേക്കുള്ള നോട്ടം. ചരിത്രപരമായ വിഡ്ഢിത്തങ്ങളിൽനിന്നു കുതറിമാറി,  പുതിയ സാമ്പത്തികയാഥാർഥ്യങ്ങളെ പ്രായോഗികമായി   സമീപിക്കുന്ന ചില ചിന്തകൾ.

സ്വകാര്യമേഖലയോടുള്ള കേരളത്തിന്റെ സമീപനം എപ്പോഴും ചരിത്രം, രാഷ്ട്രീയം, തൊഴിലാളി പ്രസ്ഥാനങ്ങൾ, സാമൂഹികനീതി, വികസനമാതൃക തുടങ്ങി നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. സ്വകാര്യ മൂലധനം എന്നത് ലാഭം മാത്രം ലക്ഷ്യമിടുന്ന ഒന്നാണെന്നും അതുകൊണ്ടുതന്നെ അതിനെ കർശനമായി നിയന്ത്രിക്കേണ്ടതാണെന്ന ചരിത്രപരമായ ഒരു ‘മണ്ടത്തരത്തിൽ’ നിന്നാണ് സ്വകാര്യമേഖലയോടുള്ള കേരളത്തിന്റെ സമീപനം തുടങ്ങുന്നത്.  അതിനു കാരണമായത് 1957-ൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ രൂപീകൃതമായതും, തുടർന്ന് 1990 വരെയുള്ള കാലഘട്ടത്തിൽ സംഭവിച്ച ചില ‘നല്ല മാറ്റങ്ങളും’, അതിനെത്തുടർന്ന് രൂപപ്പെട്ട ‘തെറ്റായ’ ചിന്താഗതിയുമാണ്. ഭൂപരിഷ്കരണ നിയമത്തെത്തുടർന്ന് ഭൂമിയില്ലാത്തവർക്ക് ഭൂമി ലഭ്യമായതും, തൊഴിലാളികൾക്ക് മെച്ചപ്പെട്ട സേവനവും സുരക്ഷയും ലഭിച്ചതും, തൊഴിലാളികളെ ചൂഷണംചെയ്യുന്ന സ്വകാര്യ ഉടമകളെ നിയന്ത്രിക്കാൻ സാധിച്ചതും സ്വകാര്യമേഖല കർശനമായി നിയന്ത്രിക്കപ്പെടേണ്ടതാണ് എന്ന  ചിന്താഗതിയിലേക്ക് കേരളത്തെ നയിച്ചു.

ആ  ചിന്താഗതി ചെറുകിട സംരംഭകരും കോർപ്പറേറ്റുകളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചിന്തിക്കാൻപോലും കേരള മനസ്സിനെ സമ്മതിച്ചില്ല. 1970-90 കാലഘട്ടത്തിൽ  ‘ഇൻഡസ്ട്രിയൽ അൺറെസ്റ്റ്’ (Industrial Unrest) എന്ന പ്രതിച്ഛായയാണ് കേരളത്തെക്കുറിച്ച് ഉണ്ടായത്. അതു വ്യാവസായികനിക്ഷേപം കുറയാൻ കാരണമായി. ‘നോക്കുകൂലി’ ആ അവസ്ഥയെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഇവിടെ  നിരന്തരമായി നടന്ന സമരങ്ങൾ സ്വകാര്യ ഫാക്ടറികൾ അടപ്പിക്കുകയും ഉൽപാദനം തടസ്സപ്പെടുത്തുകയും ചെയ്തപ്പോൾ പുതിയ നിക്ഷേപകർ തമിഴ്നാട്ടിലേക്കും കർണാടകത്തിലേക്കും പോയി.

സാമ്പത്തിക ഉദാരവൽക്കരണവും മാറ്റങ്ങളും

1991-ൽ ഇന്ത്യ സാമ്പത്തിക ഉദാരവൽക്കരണത്തിലേക്ക് പോയെങ്കിലും കേരളം അതിനെ പൂർണമായും സ്വീകരിക്കാൻ സമയമെടുത്തു. ഇടതുപക്ഷം ഉയർത്തിയ അനാവശ്യ സൈദ്ധാന്തികസംശയങ്ങൾ വലിയ സ്വകാര്യസംരംഭങ്ങളെയും വിദേശ നിക്ഷേപങ്ങളെയും ആശങ്കയോടെ കാണാൻ നമ്മെ പ്രേരിപ്പിച്ചു. അതേസമയം, തൊണ്ണൂറുകളിൽ കേരളത്തിനു ലഭിച്ച  പ്രവാസി മലയാളികളുടെ വരുമാനം ചെലവഴിച്ചത് വീട് വയ്ക്കുന്നതിലും റിയൽ എസ്റ്റേറ്റിലും വിദ്യാഭ്യാസത്തിലും വ്യാപാരങ്ങളിലും ആയിരുന്നു.

ആ കാലഘട്ടത്തിൽ നിരവധി പ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ട് ആരോഗ്യ, വിദ്യാഭ്യാസ, ബാങ്കിംഗ്, ടൂറിസം മേഖലകൾ ഉൾപ്പെടുത്തി   പുതിയയൊരു സാമ്പത്തികമാതൃക രൂപപ്പെടുത്തുവാനും കഴിഞ്ഞു. അതു കേരളം സ്വയം കൊണ്ടുവന്ന ഒരു മാറ്റമായിരുന്നു. ‘ഗോഡ്സ് ഓൺ കൺട്രി’ (God’s Own Country) ബ്രാൻഡിംഗ് അവതരിപ്പിക്കപ്പെട്ടതോടെ ടൂറിസം രംഗത്ത് സ്വകാര്യമേഖല ശക്തമായി മുതൽമുടക്കാൻ തുടങ്ങി. അപ്പോഴും വലിയ വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ നമ്മൾ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും തമിഴ്നാടിനും കർണാടകയ്ക്കും പിന്നിൽത്തന്നെയായിരുന്നു.

1957-90 കാലഘട്ടത്തിലെ സമീപനരീതിയിൽ മാറ്റംവരുത്താൻ 1990-2000 കാലഘട്ടത്തിൽ കഴിഞ്ഞതുകൊണ്ട് മാത്രമാണ്  സ്വകാര്യമേഖലയെ പൂർണമായി കേരളം നിരാകരിക്കാതിരുന്നത്. അതായിരുന്നു ഏറ്റവും വലിയ പിടിവള്ളിയും. രണ്ടായിരത്തിനുശേഷമുള്ള നയമാറ്റങ്ങൾക്ക് അടിസ്ഥാനമായത് ‘സമ്പൂർണ നിരാകരണം’ ഉപേക്ഷിച്ചുകൊണ്ടുള്ള ഈ സമീപനമാണ്. പൊതുമേഖലയിലെ നിക്ഷേപങ്ങളും സാമൂഹികപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളും ഒക്കെച്ചേർന്ന് ഉയർന്ന സാക്ഷരതയും സാമൂഹികനീതിയും മെച്ചപ്പെട്ട ആരോഗ്യസൂചികകളും കേരളത്തിനു സമ്മാനിച്ചപ്പോൾ, നേരത്തേ പറഞ്ഞ കാരണങ്ങളാൽ സ്വകാര്യമേഖല ശക്തിപ്പെടാതെപോയത് വ്യവസായവൽക്കരണത്തിലും ഉൽപാദനമേഖലയിലും തൊഴിൽ സൃഷ്ടിയിലും നമ്മളെ പിന്നോട്ടടിച്ചു.

ഇപ്പോഴത്തെ ആശങ്കകളും യാഥാർഥ്യങ്ങളും

ഈ സാഹചര്യത്തിലാണ്  സ്വകാര്യമേഖലയോടുള്ള   സമീപനത്തെ വിമർശനാത്മകമായി നാം നോക്കിക്കാണേണ്ടത്. നമ്മുടെ ഭൂമിയും  വിഭവങ്ങളും  മാനവ വിഭവശേഷിയും പൊതുതാൽപര്യവും തൊഴിലവകാശങ്ങളും പൂർണമായും വിപണി ശക്തികൾക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്ന ആശങ്കയാണ് എക്കാലവും നമ്മെ നയിക്കുന്നത്. എന്നാൽ, അതിനെ സർക്കാർതലത്തിൽ എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് നമ്മൾ വേണ്ടത്ര ചിന്തിക്കുന്നില്ല. കൂടാതെ, ഭരണകൂടവും സ്വകാര്യമേഖലയും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടാകുമോയെന്നു സംശയിക്കുകയും ചെയ്യുന്നു.

എല്ലാ സ്വകാര്യനിക്ഷേപങ്ങളെയും  ഒരേ കണ്ണിൽ കാണുന്നതുകൊണ്ടാണ് നമ്മുടെ വികസനസാധ്യതകൾ എപ്പോഴും പരിമിതപ്പെടുന്നത്. സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലും തൊഴിൽസൃഷ്ടിയിലും നവീകരണത്തിലും കയറ്റുമതിയിലും അടിസ്ഥാന സൗകര്യവികസനത്തിലും അതുപോലെയുള്ള മറ്റു പല മേഖലകളിലും സ്വകാര്യനിക്ഷേപത്തിന്റെ പങ്ക് തടസ്സപ്പെടുത്താൻ നാം ശ്രമിക്കുന്നിടത്തോളം കേരളം ഇനിയും പുറകോട്ടുതന്നെ പൊയ്ക്കൊണ്ടേയിരിക്കും.

ലോകത്തെവിടെയും ധനപരമായ പരിമിതികളും ഭരണപരമായ കാലതാമസങ്ങളും കാരണം നാടിന്റെ  എല്ലാ വികസനാവശ്യങ്ങളും നിറവേറ്റുന്നതിൽ ഭരണകൂടങ്ങൾക്ക് ഒറ്റയ്ക്ക് സാധ്യമല്ല. അതുകൊണ്ടുതന്നെ നമ്മുടെ ആശങ്കകൾ പൂർണമായും തള്ളിക്കളയാതെയും, സ്റ്റേറ്റിന്റെ താല്പര്യങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും എങ്ങനെ സ്വകാര്യ മേഖലയ്ക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്ര്യം നൽകാമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

മിക്സ്റ്റ് ഇക്കോണമിയും പുതിയ കാഴ്ചപ്പാടും

പൊതുമേഖലയും സ്വകാര്യമേഖലയും ചേരുന്ന ‘മിക്സ്റ്റ് ഇക്കോണമി’ (Mixed Economy) തന്നെയാണ് നമുക്ക് കൂടുതൽ അഭികാമ്യം. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷപോലുള്ള മേഖലകളിൽ പൊതുമേഖലയ്ക്ക് ഉത്തരവാദിത്വത്തിൽനിന്നു ഒളിച്ചോടാൻ കഴിയില്ല. എന്നാൽ, ടൂറിസം, വ്യവസായം, ഐ.ടി (IT), ലോജിസ്റ്റിക്സ്, കാർഷിക മൂല്യവർധിത ഉൽപാദനം തുടങ്ങിയ മേഖലകളിൽ സ്വകാര്യനിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചേ പറ്റൂ. അതേസമയം, ഭരണകൂടം സ്വകാര്യമേഖലയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കാതെയും, എന്നാൽ, ശക്തമായ നിയന്ത്രണ സംവിധാനങ്ങളും പരിസ്ഥിതി മാനദണ്ഡങ്ങളും സാമൂഹിക ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യണം.

ഇന്നു നാം നേരിടുന്ന വെല്ലുവിളി   മൂലധനത്തിന്റെ അഭാവമല്ല, മറിച്ച്, ‘വിശ്വാസത്തിന്റെ അഭാവമാണ്’. തൊഴിലാളികൾക്കും പ്രാദേശിക സമൂഹങ്ങൾക്കും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ലഭിക്കുന്നതിനൊപ്പം സ്വകാര്യമേഖലയിലെ നിക്ഷേപകർക്ക് സർക്കാരിൽനിന്ന് നയസ്ഥിരത ഉറപ്പാക്കപ്പെടുകയും വേണം. ഇതു രണ്ടും ഒത്തുചേരുന്ന ഒരു മാതൃകയാണ് കേരളത്തിന് അഭികാമ്യം. നമ്മുടെ സാമൂഹികവികസനമാതൃകയെ സുസ്ഥിരമാക്കാൻ അതാണ് ആവശ്യം.

നിക്ഷേപവും ഉൽപാദനവും തൊഴിൽ സൃഷ്ടിയും ഇല്ലാതെ ക്ഷേമരാഷ്ട്ര സങ്കല്പമില്ല. ക്ഷേമപദ്ധതികൾക്ക് വിഭവങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ സമ്പദ്‌വ്യവസ്ഥ വളരണം. പരിസ്ഥിതിസംരക്ഷണവും സാമൂഹികനീതിയും അവിടെ ഉറപ്പാക്കപ്പെടുകയും വേണം.

സ്വകാര്യനിക്ഷേപം എന്നു കേട്ടാൽ അവയെല്ലാം കോർപ്പറേറ്റുകളാണെന്ന ധാരണയിൽ മാറ്റം സംഭവിക്കേണ്ടതുണ്ട്. ചെറുകിടസംരംഭകരെയും സ്റ്റാർട്ടപ്പുകളെയും പ്രവാസി നിക്ഷേപങ്ങളെയും സഹകരണപ്രസ്ഥാനങ്ങളെയും സ്വകാര്യനിക്ഷേപത്തിന്റെ ഭാഗമായിത്തന്നെ കാണണം. പ്രാദേശിക സംരംഭകത്വത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെട്ടാൽ കോർപ്പറേറ്റുകളുടെ ആവശ്യം ഒരു പരിധിയിൽക്കവിഞ്ഞ് കേരളത്തിനു വേണ്ടിവരുന്നില്ല. അത്തരത്തിൽ പ്രാദേശിക സംരംഭകത്വത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തതുകൊണ്ടാണ് നമ്മുടെ സ്വകാര്യ ആശുപത്രികളെ ഇപ്പോൾ ആഗോള കോർപ്പറേറ്റ് ഭീമന്മാർ വിഴുങ്ങുന്നത്.  നാട്ടിലെ ഇടത്തരം ആശുപത്രികൾ വേണ്ടത്ര ശക്തമായിരുന്നുവെങ്കിൽ ഈ മാറ്റം സംഭവിക്കുമായിരുന്നില്ല.

ഇടതുപക്ഷത്തിന്റെ സമീപനവും മാറ്റങ്ങളും

പ്രത്യയശാസ്ത്രപരമായ വിജയത്തിനുവേണ്ടി വാശിപിടിക്കാതെ വികസനപരമായ പക്വതയാണ് നമ്മൾ കാണിക്കേണ്ടത്. അതിനു  പ്രധാനമായും കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചിന്താഗതികളാണ് മാറേണ്ടത്. തങ്ങൾ ഭരിക്കുമ്പോൾ സ്വകാര്യനിക്ഷേപം സ്വീകാര്യവും പ്രതിപക്ഷത്തിരിക്കുമ്പോൾ അത് നിഷിദ്ധവുമെന്ന  നിലപാടും, തങ്ങളുടെ ഭരണകാലത്ത് തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന സ്വകാര്യസംരംഭങ്ങൾ  പ്രതിപക്ഷത്താകുമ്പോൾ തടസ്സപ്പെടണമെന്ന വികസനവിരുദ്ധ ചിന്താഗതിയും ഇടതുപക്ഷം മാറ്റേണ്ടിയിരിക്കുന്നു. വിഴിഞ്ഞം പോർട്ടിന്റെ വിഷയത്തിൽ കേരളത്തിൽ നടക്കുന്ന ചർച്ചകളെ ഈ കണ്ണിലാണ് നാം കാണേണ്ടത്.

സ്വകാര്യനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി നാം തുടർന്നുവരുന്ന പരമ്പരാഗതശൈലികളിൽ സമൂലമായ പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. നിക്ഷേപകസംഗമങ്ങളും ഏകജാലക സംവിധാനങ്ങളും അപ്രസക്തമാണെന്നല്ല ഇതിനർഥം; മറിച്ച്, കേവലമൊരു ഏകജാലക സംവിധാനത്തിനപ്പുറം, വേഗത്തിൽ തീരുമാനങ്ങളെടുക്കാൻ പ്രാപ്തമായൊരു ‘സിംഗിൾ ഡിസിഷൻ സിസ്റ്റം’ (Single Decision System) ആണ് നമുക്കിന്നാവശ്യം. ഒരു വ്യവസായസംരംഭത്തിന് മുപ്പതുദിവസത്തിനുള്ളിൽ അനുമതി നൽകാൻ ഭരണസംവിധാനത്തിന് കഴിഞ്ഞില്ലെങ്കിൽ, ആ മൗനത്തെത്തന്നെ അനുമതിയായി (Silence is Approval) പരിഗണിക്കുന്ന വിപ്ലവകരമായ രീതികൾപോലും നാം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

ഇതിനുപുറമേ, വ്യവസായങ്ങൾക്കായി വിപുലമായൊരു ലാൻഡ് ബാങ്ക് രൂപവൽക്കരിക്കുകയും പുതിയ വ്യാവസായിക ഇടനാഴികൾ പ്രഖ്യാപിക്കുകയും വേണം. നൂതനസംരംഭങ്ങൾക്കായി (സ്റ്റാർട്ടപ്പ്) പ്രത്യേക ഫണ്ടും, പ്രവാസി മലയാളി നിക്ഷേപക മിഷനും അടിയന്തരമായി യാഥാർഥ്യമാകേണ്ടതുണ്ട്. ഇത്തരം സമഗ്രവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ മാത്രമേ സംസ്ഥാനത്തെ സ്വകാര്യമേഖലയ്ക്ക് ഇനി കരുത്താർജിക്കാനാകൂ.

ഐ.ടി മേഖല നൽകുന്ന മാതൃക

കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയസാഹചര്യങ്ങളിൽ, സ്വകാര്യമേഖലയിലെ ട്രേഡ് യൂണിയൻ ഇടപെടലുകൾ എത്രത്തോളം പ്രായോഗികമായി നിയന്ത്രിക്കാനാകും എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. വ്യവസായ സംരംഭങ്ങളുടെ  പുരോഗതിക്ക് അത്തരമൊരു നിയന്ത്രണം ആവശ്യമാണ്. ഈയൊരു മാറ്റത്തിന് ഏറ്റവും മികച്ച മാതൃകയായി ചൂണ്ടിക്കാണിക്കാവുന്നത് സംസ്ഥാനത്തെ ഐ.ടി. മേഖലയെയാണ്. തൊഴിലാളിസംഘടനകളുടെ ഐ.ടി. വിഭാഗങ്ങൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, പരമ്പരാഗത യൂണിയനുകളുടെ പ്രവർത്തനശൈലിയിൽനിന്നു തികച്ചും വിഭിന്നമാണ് അവയുടെ സ്വഭാവം. ഐ.ടി. വ്യവസായത്തിന്റെ സവിശേഷമായ തൊഴിൽസംസ്കാരവും അന്താരാഷ്ട്ര മാനവശേഷി  നയങ്ങളുമാണ് ഈ ഗുണപരമായ മാറ്റത്തിനടിസ്ഥാനം.

തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടല്ല ഐ.ടി. മേഖല ഇന്നുകാണുന്ന വളർച്ച കൈവരിച്ചത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മറിച്ച്, തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ ഉരുത്തിരിഞ്ഞ സൗഹാർദപരമായ സംവാദങ്ങളും, അവരുടെ തൊഴിൽബന്ധങ്ങളിൽ കൈവരിച്ച ഉയർന്ന പ്രഫഷണലിസവുമാണ് ആ വിജയത്തിനു പിന്നിൽ.

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ നാം പിന്തുടരേണ്ടത് ഇതേ ‘കേരള ഐ.ടി. മോഡൽ’ തന്നെയാണ്. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ മികച്ചൊരു നിക്ഷേപസൗഹൃദ അന്തരീക്ഷം കെട്ടിപ്പടുക്കാനും അത്തരം മാതൃകയിലൂടെ മാത്രമേ സാധിക്കൂ. നിക്ഷേപകരെ ശത്രുപക്ഷത്ത് നിറുത്തുന്ന മനോഭാവം നാം പൂർണമായും വെടിയേണ്ടതുണ്ട്. സ്വന്തം നാട്ടിൽ മുതൽമുടക്കാൻ സന്നദ്ധരാകുന്ന സംരംഭകരെപ്പോലും അന്യനാടുകളിലേക്ക് ചേക്കേറാൻ നിർബന്ധിതരാക്കുന്ന സാഹചര്യം ഒഴിവാക്കാനെങ്കിലും അടിയന്തരമായ ചില തിരുത്തലുകൾക്ക് നാം തയ്യാറായേ തീരൂ.

 (ലേഖകൻ: മുൻ ഡെപ്യൂട്ടി ഡയറക്ടർ, കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടന്റ്)