കേരളം താങ്ങുന്ന നഷ്ടങ്ങളുടെ സ്മാരകശിലകൾ – ആർ. മോഹൻ

കേരളം താങ്ങുന്ന നഷ്ടങ്ങളുടെ സ്മാരകശിലകൾ – ആർ. മോഹൻ

പൊതുമേഖല എന്നത് കേരളീയർക്ക് കേവലമൊരു സാമ്പത്തിക ക്രമപ്പെടുത്തലായിരുന്നില്ല, മറിച്ച്, അലംഘനീയമായ ഒരു പ്രത്യയശാസ്ത്ര ബിംബമായിരുന്നു. അതുകൊണ്ടാണ്, ഓരോ വർഷവും കോടികളുടെ ബാധ്യതകൾ പൊതുഖജനാവിലേക്ക് വലിച്ചെറിയുമ്പോഴും, അടച്ചുപൂട്ടിയ ഫാക്ടറി ഗേറ്റുകൾക്കും തുരുമ്പെടുത്ത യന്ത്രങ്ങൾക്കും മുന്നിൽ നമ്മൾ ഇപ്പോഴും പ്രതീക്ഷയുടെ ഹോമകുണ്ഡങ്ങൾ എരിച്ചുകൊണ്ടിരിക്കുന്നത്. മാറ്റങ്ങളോട് മുഖംതിരിക്കുന്ന നമ്മുടെ കേവലമായ രാഷ്ട്രീയവാശികൾക്കുമുന്നിൽ ഈ സ്ഥാപനങ്ങൾ ഇന്ന് ജീർണിച്ചുകൊണ്ടിരിക്കുന്ന വെള്ളാനകളാണ്.

സ്വാതന്ത്ര്യത്തിനുശേഷം അടിസ്ഥാന-ഘനവ്യവസായമേഖലയിൽ പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകുന്ന നയമാണ് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചത്. ഈ മേഖലയിലേക്കു കടന്നുവരാൻ സ്വകാര്യനിക്ഷേപകർക്കുള്ള വൈമുഖ്യവും സ്വാശ്രയത്വം കൈവരിക്കണമെന്ന ലക്ഷ്യവുമാണ് വൻതോതിൽ പൊതുമേഖലാ നിക്ഷേപം നടത്താനുള്ള കാരണങ്ങൾ. എന്നാൽ, സ്വകാര്യമേഖലയ്ക്കും പ്രവർത്തിക്കാൻ ഇടമുള്ള സമ്മിശ്ര സമ്പദ്‌വ്യവസ്ഥയാണ് ആസൂത്രണ പ്രക്രിയയ്ക്കൊപ്പം ഇന്ത്യയിൽ നിലവിൽ വന്നത്. സോഷ്യലിസ്റ്റ് ക്രമത്തിലുള്ള (socialistic pattern of society) സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് രാഷ്ട്രീയ നേതൃത്വം അംഗീകരിച്ച നയം.

ഇന്ത്യൻ സാമ്പത്തികരംഗത്ത് ആദ്യത്തെ മൂന്നു ദശകങ്ങളിൽ ശരാശരി 3.5% വളർച്ചാ നിരക്കാണ് ഉണ്ടായത്. ഇത് വളരെ മന്ദഗതിയിലുള്ള വളർച്ചയാണ് എന്ന ആക്ഷേപം അന്നുയർന്നു. പക്ഷേ, ഇവിടെ കാണാതെ പോയത് 20-ാം നൂറ്റാണ്ടിന്റെ ആദ്യ അഞ്ചുദശകങ്ങളിൽ (സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ) ഉണ്ടായതിനെക്കാൾ ഗണ്യമായ വർധനയാണ് 1950-80 കാലയളവിൽ ഉണ്ടായ സാമ്പത്തികവളർച്ച എന്നതാണ്. 1980-നുശേഷം വിദേശനിക്ഷേപങ്ങളോട് കൂടുതൽ തുറന്ന സമീപനവും സ്വകാര്യമേഖലയ്ക്കുമേലുള്ള നിയന്ത്രണങ്ങൾ ഉദാരമാക്കിയതും ഉൾപ്പെടെയുള്ള ബിസിനസ്സ് സൗഹൃദ നയങ്ങൾ രൂപവല്‍ക്കരിക്കുകയുണ്ടായി.

1990-ലെ വിദേശനാണ്യ പ്രതിസന്ധിക്കുശേഷം ഉദാരീകരണ നയങ്ങൾക്ക് ആക്കംകൂടി. രൂപയുടെ കറന്റ് അക്കൗണ്ട് വിനിമയം കമ്പോളാധിഷ്ഠിതമാക്കുകയും നികുതി പരിഷ്കരണങ്ങൾ നടപ്പിലാക്കുകയുംചെയ്തു. ബാങ്കിങ്, ഇൻഷുറൻസ്, ടെലികോം മേഖലകളിൽ സ്വകാര്യ-വിദേശ നിക്ഷേപം സ്വീകരിക്കുന്ന നയങ്ങൾ നിലവിൽ വന്നു. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുന്ന (disinvestment) രീതി അവലംബിക്കുകയും ചെയ്തു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ബജറ്റിലെ ധനക്കമ്മി കുറയ്ക്കാനും സഹായകരമായി. ദേശീയതലത്തിൽ സ്വീകരിച്ച ഈ സാമ്പത്തിക ഉദാരീകരണ നയം മാറിമാറി അധികാരത്തിൽ വന്ന എല്ലാ സർക്കാരുകളും തുടർന്നുപോന്നു. ഈ ദേശീയ പശ്ചാത്തലത്തിലാണ് കേരളത്തിലെ സ്ഥിതിഗതികളെ വിലയിരുത്തേണ്ടത്.

ചരിത്രം പരിശോധിച്ചാൽ കേരളം രൂപവല്‍ക്കരിക്കുന്നതിനുമുമ്പ് തിരുവിതാംകൂറിൽ ജലവൈദ്യുതി ഉൽപ്പാദനത്തിനും (പള്ളിവാസൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി) ഊർജത്തെ ഗണ്യമായി ആശ്രയിക്കുന്ന വ്യവസായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിരുന്നു. 1931-ലെ പുനലൂർ പേപ്പർ മിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ചൈനാ ക്ലേ ഫാക്ടറി, റബ്ബർ ഫാക്ടറി, ഇന്ത്യൻ അലുമിനിയം കമ്പനി, ഗ്ലാസ് ഫാക്ടറി, സിമന്റ് ഫാക്ടറി, ട്രാവൻകൂർ റയോൺസ്, ട്രാവൻകൂർ ടൈറ്റാനിയം, കൂടാതെ സ്വകാര്യ മേഖലയിൽ സ്ഥാപിച്ച് പിന്നീട് കേന്ദ്രസർക്കാർ ഏറ്റെടുത്ത മറ്റ് വ്യവസായങ്ങൾ എന്നിവ സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽ സ്ഥാപിച്ചവയാണ്. ഇവയിൽ ചിലത് ഇന്ന് നിലവിലില്ല. ചിലത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ലാഭത്തിലല്ല.

കേരള സംസ്ഥാന രൂപവല്‍ക്കരണത്തിനുശേഷം വന്ന ഒരു പ്രമുഖ സ്വകാര്യസ്ഥാപനമാണ് മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി. 1980-കളിൽ വലിയ പരിസ്ഥിതി മലിനീകരണ പ്രശ്നങ്ങൾ ഉയരുകയും കമ്പനി പൂട്ടുകയും ചെയ്തു. പൊതുമേഖലയിൽ പ്രശസ്തമായി ഉയർന്നുവന്ന ഒരു സ്ഥാപനമാണ് കെൽട്രോൺ. പല ഉപസ്ഥാപനങ്ങളും നിലവിലില്ലെങ്കിലും ഇപ്പോഴും കെൽട്രോൺ പുതിയ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.

ഓഹരി വിറ്റഴിക്കൽ (disinvestment) കേരളത്തിൽ ഇതുവരെ നടപ്പായിട്ടില്ല.

2024-ലെ ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിവ്യൂ പ്രകാരം നമ്മുടെ സംസ്ഥാനത്ത് നിലവിൽ 131 പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. ഇതിൽ 65 എണ്ണം കേരള സർക്കാരിന്റെ സമ്പൂർണ ഉടമസ്ഥതയിലും, ബാക്കിയുള്ളവ കേന്ദ്രസർക്കാരുമായും മറ്റുള്ളവരുമായും സംയുക്ത ഉടമസ്ഥതയിലുമാണ്. ഇതിൽ 4 എണ്ണമാണ് പൊതു ഉപയോഗ (Public utility) വിഭാഗത്തിൽപ്പെടുന്നത്. 35 എണ്ണം ഉൽപ്പാദന മേഖലയിലാണ്. 2023-24-ൽ 53 സ്ഥാപനങ്ങൾ 1912.97 കോടി രൂപ ലാഭമുണ്ടാക്കിയപ്പോൾ 65 സ്ഥാപനങ്ങൾ 5383.43 കോടി രൂപ നഷ്ടത്തിലായിരുന്നു. 2023-24 വരെയുള്ള സഞ്ചിത നഷ്ടം 51104.63 കോടി രൂപയാണ്. 66 സ്ഥാപനങ്ങൾക്ക് നിക്ഷേപത്തിന്മേൽ നെഗറ്റീവ് വരുമാനമാണുള്ളത്. ആകെ 1,25,976 പേർക്ക് ഈ മേഖല തൊഴിൽ നൽകുന്നു. 2022-23-ൽ ഇത് 1,29,982 ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു സംസ്ഥാന സർക്കാരിനു ലഭിച്ച മൊത്തം നികുതി 17,192.13 കോടി രൂപയായിരുന്നു. ഇതിൽ 16,610.62 കോടി രൂപ (96.08%) മദ്യവിൽപനയുടെ കുത്തകാവകാശമുള്ള ബിവറേജസ് കോർപ്പറേഷനിൽനിന്നാണ് (അവലംബം: ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസ് റിപ്പോർട്ട് 2023-24).

മേൽ സൂചകങ്ങൾ കാണിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി ആശാവഹമല്ല എന്നാണ്. വിദ്യുച്ഛക്തി, ഗതാഗതം എന്നീ മേഖലകളിൽ പൊതുമേഖല നിലനിറുത്തേണ്ടിവരുമെങ്കിലും ശുദ്ധജല വിതരണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ തലത്തിൽ വികേന്ദ്രീകരിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കേണ്ടതാണ്. ഭരണഘടനയുടെ 11, 12 ഷെഡ്യൂളുകൾ പ്രകാരം ഇവ തദ്ദേശ സർക്കാരുകളുടെ പരിധിയിൽ വരുന്നവയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

തന്ത്രപ്രധാനമായ മേഖലകൾ (ധാതുഖനനം പോലെ) പൊതുമേഖലയിൽ നിലനിറുത്തിയും മറ്റുൽപ്പാദന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ വിദഗ്ധ പരിശോധന നടത്തിയും എത്രയും വേഗം തുടർച്ചയായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന ചോർച്ച തടയാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്ന് ഖണ്ഡിതമായ വിദഗ്ധാഭിപ്രായം വന്നാൽ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ ന്യായമായി സംരക്ഷിച്ചുകൊണ്ട് വിറ്റഴിക്കൽ ഉൾപ്പെടെ ആലോചിക്കാവുന്നതാണ്. പക്ഷേ, ഇതു വരുമാനമുണ്ടാക്കാനുള്ള ആദ്യ മാർഗമാകരുത് (first option).

ചുരുക്കത്തിൽ, പബ്ലിക് യൂട്ടിലിറ്റി, തന്ത്രപ്രധാന മേഖലകൾ എന്നിവ പൊതുമേഖലയിൽ നിലനിറുത്തുകയും മറ്റു വിഭാഗങ്ങളിലുള്ളവയുടെ കാര്യം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യേണ്ട സമയമായിരിക്കുകയാണ്.

(ലേഖകന്‍ : വിസിറ്റിംഗ് റിസർച്ച് ഫെലോ, സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം)