വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

വേണം, വികസനത്തോടൊപ്പം  സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും വിഭവങ്ങളെയും വിറ്റുതുലയ്ക്കുന്ന മൂലധന വ്യാമോഹങ്ങളിൽനിന്ന് മാറിനടന്ന്, ശക്തമായ സാമൂഹികസുരക്ഷാസംവിധാനങ്ങൾ ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്. സ്വകാര്യനിക്ഷേപമെന്ന ഒറ്റമൂലിക്കു പുറകിലെ ചതിക്കുഴികളെയും വികസനമെന്ന മിഥ്യാബോധത്തെയും നിശിതമായി പൊളിച്ചെഴുതുകയാണ്, ഈ ലേഖനം.

 

വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിന്റെ ആദ്യബജറ്റ്, വികസനത്തെക്കുറിച്ച് പുതിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്. മുഖ്യമായും സർക്കാർ-പൊതുമേഖലാ കേന്ദ്രിതമായ വികസനമാതൃകയ്ക്കുപകരം സ്വകാര്യനിക്ഷേപവും വ്യക്തികളുടെ മുൻകൈയും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന കാഴ്ചപ്പാട് ഇന്ന് കേരളസമൂഹത്തിൽ ശക്തമാണ്. സാമൂഹികരംഗത്ത് കൈവരിച്ച നേട്ടങ്ങളെ നിലനിറുത്തിക്കൊണ്ട്, സമ്പദ്‌വ്യവസ്ഥയെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന വെല്ലുവിളിയാണ് കേരളം നേരിടുന്നത്. വികസിതസമൂഹങ്ങളുടെ അനുഭവങ്ങളെ മുൻനിറുത്തിവേണം ഈ പ്രതിസന്ധിയുടെ വിവിധ മാനങ്ങളെ അഭിമുഖീകരിക്കാൻ.

 

എന്തുകൊണ്ട് വികസന മുറവിളി?

ഭൗതിക-ജീവിത ഗുണനിലവാരത്തിലും മാനവ വികസനസൂചികകളിലും കേരളം ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. ആളോഹരി ഗാർഹിക ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്, ദരിദ്രർ ഏറ്റവും കുറവ്, സാക്ഷരതയിൽ ഒന്നാമത്, ശിശുമരണ നിരക്കിൽ വികസിതരാജ്യങ്ങളുടെ മുകളിൽ. ഇതൊന്നും പോരാ എന്നു മലയാളികളെ തോന്നിപ്പിക്കുന്നത് താഴെപ്പറയുന്ന സാഹചര്യങ്ങളാണ്:

 

  • മേൽപ്പറഞ്ഞ നേട്ടങ്ങൾ മുഖ്യമായും സർക്കാർ ഇടപെടലിലൂടെയും മുതൽമുടക്കിലൂടെയും നേടിയെടുത്തതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ഈ നേട്ടങ്ങൾ നിലനിറുത്താൻ ഇന്നു കഴിയാതെവന്നിരിക്കുന്നു.

 

  • കേരളസമൂഹത്തിൽ വൃദ്ധജനങ്ങളുടെ അനുപാതം കൂടുന്നതുമൂലം സാമ്പത്തികവളർച്ച മന്ദഗതിയിലായേക്കാം.

 

  • സമൂഹത്തിൽ വളർന്നുവരുന്ന അസമത്വം കുറച്ചുകൊണ്ടുവരാൻ ആവശ്യത്തിനു പൊതുവിഭവങ്ങൾ മാറ്റിവയ്ക്കാൻ കഴിയുന്നില്ല.

 

  • ചെറുപ്പക്കാർക്ക് അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങളില്ല. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ചെറുപ്പക്കാരുടെ കുടിയേറ്റം വർധിക്കുന്നു.

 

ഈ പ്രശ്‌നങ്ങൾക്കുള്ള ഒറ്റമൂലിയെന്ന നിലയിലാണ് എന്തു വിലകൊടുത്തും സ്വകാര്യനിക്ഷേപം ആകർഷിക്കണം എന്ന മുറവിളി ഉയരുന്നത്. ഇതാണോ പരിഹാരം എന്ന ചോദ്യം അവിടെ നിൽക്കട്ടെ. നിലവിൽ സ്വകാര്യമൂലധനത്തിന്റെ ഒഴുക്കിനു തടസ്സം നിൽക്കുന്ന എന്തെങ്കിലുമുണ്ടോ എന്ന ചോദ്യമുണ്ട്. ബിസിനസ്സ് സൗഹൃദ സൂചികയിൽ (Ease of Doing Business) കേരളം ഒന്നാം സ്ഥാനത്താണ്. തങ്ങളുടെ മൂലധനം ഏറ്റവും കൂടുതൽ ലാഭം ലഭിക്കുന്നിടത്ത് നിക്ഷേപിക്കുന്നവരാണ് സംരംഭകർ. തങ്ങളുടെ നിക്ഷേപ തീരുമാനങ്ങൾക്ക് പിന്നിലെ വരുംവരായ്കകളെക്കുറിച്ച് മിടുക്കരായ സംരംഭകർക്ക് കൃത്യമായ കണക്കുകൂട്ടലുകളുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി മത്സരിച്ച് നിക്ഷേപം ആകർഷിക്കാവുന്ന അവസ്ഥയിലല്ല കേരളം. വൻതോതിൽ മൂലധന സബ്‌സിഡിയോ നികുതി ഇളവുകളോ നൽകാനുള്ള സാമ്പത്തികസ്ഥിതി സംസ്ഥാനത്തിനില്ല. ഭൂമിയുടെ ദൗർലഭ്യം, ആവാസവ്യവസ്ഥ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ എന്നിവ വൻതോതിൽ സ്വകാര്യനിക്ഷേപം ആകർഷിക്കുന്നതിനു തടസ്സങ്ങളാണ്.

 

വ്യവസായനിക്ഷേപത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായിരുന്ന സാഹചര്യം ഇന്നു കേരളത്തിനില്ല. മാവൂരിന്റെ അനുഭവം മറക്കാവുന്നതല്ല. കൊച്ചിയിലെയും സമീപപ്രദേശങ്ങളിലെയും വ്യവസായങ്ങൾ പെരിയാറിനുചെയ്യുന്ന ദ്രോഹം വളരെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഇന്നിപ്പോൾ വൻതോതിൽ അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന വ്യവസായങ്ങളാണ് പെരുമ്പാവൂരിലെയും സമീപ പ്രദേശങ്ങളിലെയും പ്ലൈവുഡ് വ്യവസായവും വിവിധ പ്രദേശങ്ങളിലെ സ്റ്റീൽ വ്യവസായവും. ഇവയിലെ തൊഴിലാളികളുടെ ശോചനീയമായ പാർപ്പിടസൗകര്യങ്ങളും അവ പ്രാദേശിക പാരിസ്ഥിതികവ്യവസ്ഥയ്ക്ക് ഏൽപിക്കുന്ന ആഘാതവും വളരെയധികം വിവാദങ്ങൾക്കും പൊതുഇടപെടലുകൾക്കും വിധേയമായിട്ടുള്ളതാണ്.

 

ഈ ഭീഷണി ഇല്ലാതിരുന്നിട്ടും പ്ലാച്ചിമടയിലെ കൊക്കോകോള ഫാക്ടറി വൻതോതിൽ ഭൂഗർഭജലം ഊറ്റിക്കുടിച്ചതിന്റെ പേരിൽ അടച്ചുപൂട്ടപ്പെട്ടു. നിർമിതബുദ്ധിയുടെ ഇക്കാലത്ത് ഡാറ്റാ സെന്ററുകളാണ് പുതിയ ഭീഷണി. വൻതോതിൽ സ്ഥലവും വെള്ളവും വൈദ്യുതിയും അപഹരിക്കുന്ന ഇവയ്‌ക്കെതിരെ വികസിത രാജ്യങ്ങളിൽവരെ എതിർപ്പുകൾ ഉയരുന്നുണ്ട്.

 

കേരളത്തിന് യോജിച്ച വ്യവസായങ്ങൾ

 

എങ്ങനെയും നിക്ഷേപം ആകർഷിക്കുക എന്നതിനുപകരം കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിനു യോജിച്ച വ്യവസായങ്ങളെ പിന്തുണയ്ക്കുക എന്നതാണ് കുറെക്കൂടി മെച്ചമായ സമീപനം. കേരളത്തിനു യോജിച്ചത് രണ്ടു തരത്തിലുള്ള വ്യവസായങ്ങളാണ്. ആദ്യത്തേത്, കാർഷികാധിഷ്ഠിത വ്യവസായങ്ങളാണ്; അതായത്, കാർഷികോൽപ്പന്നങ്ങളിൽനിന്ന് മൂല്യവർധിത ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കുന്നവ. സുഗന്ധവിളകളിൽനിന്ന് ഒലിയോറെസിൻപോലുള്ള മൂല്യവർധിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കയറ്റുമതിചെയ്യുന്ന വ്യവസായങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. റബ്ബർ, നാളികേരം, കശുവണ്ടി, പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽനിന്നു മൂല്യവർധിത ഉല്‍പ്പന്നങ്ങൾ ഉണ്ടാക്കി ലോകമെങ്ങും വിപണനംചെയ്യാൻ ഇന്ന് എളുപ്പമാണ്. കൃഷിയുടെയും വ്യവസായത്തിന്റെയും മുൻപിൻ ബന്ധങ്ങൾ (Backward and forward linkages) പ്രയോജനപ്പെടുത്തുന്ന തന്ത്രമാണിത്.

 

രണ്ടാമത്തേത് സാങ്കേതികവിദ്യയിലും ബൗദ്ധിക മൂലധനത്തിലും സൃഷ്ടിപരതയിലും അധിഷ്ഠിതമായ ആധുനിക ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്. ഐ.എ.എസ്സിൽനിന്ന് (IAS) രാജിവച്ച് രക്തബാഗുകൾ നിർമിക്കുന്ന ടെറുമോപെൻപോൾ എന്ന വ്യവസായത്തിന് തുടക്കമിട്ട സി. ബാലഗോപാൽ തന്റെ ‘ബിലോ ദി റഡാർ’ (Below the Radar) എന്ന പുസ്തകത്തിൽ ഇത്തരം 50 വ്യവസായങ്ങൾ കേരളത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം സൂര്യോദയ (Sunrise) വ്യവസായങ്ങൾക്ക് എന്തുകൊണ്ടും പറ്റിയ നാടാണ് കേരളം.

 

സ്വകാര്യനിക്ഷേപത്തിലെ ചതിക്കുഴികൾ

 

സ്വകാര്യസംരംഭകർ എല്ലായിടത്തും ലാഭക്കൊതിയന്മാരാണ്. അതവരുടെ സഹജസ്വഭാവമാണ്. സാമൂഹിക ലക്ഷ്യങ്ങളുടെ പേരിലോ പാരിസ്ഥിതിക പരിഗണനകളുടെ പേരിലോ സ്വന്തം ലാഭം കുറയ്ക്കാൻ അവർ തയ്യാറാകുമെന്ന് കരുതുക വയ്യ. കേരളത്തിന്റെ ധാതുസമ്പത്തുകളും ജലവും ഉൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങൾ സ്വകാര്യനിക്ഷേപത്തിന് തുറന്നുകൊടുക്കുമ്പോൾ ഹ്രസ്വകാല സാമ്പത്തിക നേട്ടങ്ങളെക്കാൾ ദീർഘകാല പ്രത്യാഘാതങ്ങൾ കണക്കിലെടുക്കണം. ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ ജീവനോപാധികൾ സംരക്ഷിക്കപ്പെടണം. കാലാവസ്ഥാവ്യതിയാനങ്ങളുടെ കെടുതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഉപരിപ്ലവമായ റിപ്പോർട്ടുകളെ ആശ്രയിച്ച് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആത്മഹത്യാപരമായിരിക്കും.

 

പൊതുമേഖലയോടുള്ള സമീപനം

 

 

 

അറുപതുകളിലും എഴുപതുകളിലും കേരളം കൊണ്ടുനടന്ന രാഷ്ട്രീയത്തിന്റെ ഉപോല്‍പ്പന്നമാണ്, പൊതുമേഖലാ സ്ഥാപനങ്ങൾ. ഇന്നിപ്പോൾ 132 പൊതുമേഖലാ സ്ഥാപനങ്ങൾ ഉള്ളതിൽ ബഹുഭൂരിപക്ഷവും നഷ്ടത്തിലാണ്. ഇവയുടെ സഞ്ചിതനഷ്ടം 2021-22 ൽ 31,571 കോടിയായിരുന്നത് 2024-25 ആയപ്പോൾ 78,851 കോടിയായി എന്നാണ് കേരള സർക്കാരിന്റെ ധവളപത്രം കണ്ടെത്തിയിരിക്കുന്നത്.

 

പൊതുവിഭവങ്ങൾ ഉപയോഗിച്ച് ആരംഭിച്ച പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയുടെ അളവുകോലുകൾ വച്ച് അളക്കുന്നതിൽ അർഥമില്ല. അവ സൃഷ്ടിക്കുന്ന തൊഴിലും വരുമാനവും സർക്കാരിന് കിട്ടുന്ന നികുതിയും ഒക്കെ പരിഗണിച്ച്, ലാഭം ഉണ്ടാക്കുന്നില്ലെങ്കിലും നഷ്ടം വരുത്താതെ മുന്നോട്ടു പോകുന്നിടത്തോളം അവയെ നിലനിറുത്താം. പക്ഷേ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് പുലർന്നുപോകുന്ന അവസ്ഥയുള്ളവയെ സുതാര്യമായ രീതിയിൽ സ്വകാര്യമേഖലയ്ക്ക് കൈമാറാം. അവിടെയും ചതിക്കുഴികൾ കാണാതിരുന്നുകൂടാ.

 

ഈ നിലയിലുള്ളവയും അടച്ചുപൂട്ടിയതുമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയിൽ മാത്രം കണ്ണുവച്ച് അവയെ വിലയ്ക്കുവാങ്ങാൻ തയ്യാറാകുന്ന റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളെ തിരിച്ചറിയണം. വ്യവസായ ആവശ്യത്തിനു മാത്രം അവ ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

 

വികസിത സമൂഹങ്ങളിൽനിന്നുള്ള പാഠങ്ങൾ

 

വേണ്ടത്ര സാമ്പത്തിക വികസനം ഇല്ലാത്തതിനാൽ സാമൂഹികലക്ഷ്യങ്ങൾ നിലനിറുത്താനോ മെച്ചപ്പെടുത്താനോ കഴിയാത്തതാണല്ലോ വികസന മുറവിളിയുടെ അടിസ്ഥാനകാരണം. വ്യവസായവിപ്ലവത്തിന്റെ ഗുണദോഷങ്ങൾ സ്വാംശീകരിച്ചാണല്ലോ ഈ രാജ്യങ്ങൾ പൊതു-സ്വകാര്യ മേഖലകളെക്കുറിച്ചും പരിസ്ഥിതി, സാമൂഹികക്ഷേമം എന്നിവയുമായും ബന്ധപ്പെട്ട നയങ്ങൾ രൂപവല്‍ക്കരിച്ചത്. അവയുടെ അനുഭവങ്ങളിൽനിന്നു കേരളത്തിന് കുറെ പഠിക്കാനുണ്ട്.

 

പൊതുവെ പറഞ്ഞാൽ ക്ഷേമരാഷ്ട്ര സങ്കല്പം മുറുകെ പിടിക്കുന്ന ഈ രാജ്യങ്ങളൊക്കെ സ്വകാര്യനിക്ഷേപകരുടെ പറുദീസകളാണ്. പക്ഷേ, അവർ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും കർശനമാണ്. മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉദാഹരണം. മിക്ക രാജ്യങ്ങളിലും രാസവ്യവസായങ്ങൾ ഒന്നുകിൽ നിരോധിച്ചിട്ടുള്ളതോ അല്ലെങ്കിൽ കർശനമായ നിയന്ത്രണങ്ങൾക്കു വിധേയമോ ആണ്. ശക്തമായ തൊഴിൽനിയമങ്ങളുണ്ട്. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, സേവന-വേതന വ്യവസ്ഥകൾ എന്നിവയൊക്കെ കർശനമായി പാലിച്ചുമാത്രമേ സംരംഭങ്ങൾ നടത്താനൊക്കൂ.

 

ഏറ്റവും ശ്രദ്ധേയമായത് ഈ രാജ്യങ്ങളിലെ ചൊട്ടമുതൽ ചുടലവരെ (Cradle to grave) ഉള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങളാണ്. അവ നിലനിറുത്തുന്നതിനായി ഉയർന്ന നിരക്കിൽ നികുതി കൊടുക്കാൻ ജനങ്ങൾ സന്നദ്ധരാണ്.

 

എല്ലാ പൗരജനങ്ങളും പെൻഷൻ ഫണ്ടുകളിൽ ചേർന്ന് വരുമാനത്തിന്റെ ഒരുഭാഗം നിക്ഷേപിച്ച് പെൻഷന് അർഹത നേടണമെന്ന കർശനമായ നിയമമുണ്ട്. അതു വ്യക്തികളെ അധ്വാനിക്കാനും മിച്ചം പിടിക്കാനും സ്വന്തം ജീവിതത്തിന്റെ ഉടമസ്ഥത ഏറ്റെടുക്കാനും പ്രേരിപ്പിക്കുന്നു. എല്ലാ പൗരന്മാർക്കും കുറഞ്ഞ അടിസ്ഥാന പെൻഷൻ (Guaranteed minimum pension) ഉറപ്പാക്കുന്നു. തൊഴിലില്ലായ്മ മൂലമോ രോഗങ്ങൾ മൂലമോ കുറഞ്ഞ അടിസ്ഥാന പെൻഷന് അർഹമാകുംവിധം പെൻഷൻഫണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്കും അത് ലഭ്യമാണ്. പൊതുവിഭവങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. ഓഹരിവിപണിയുടെ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി പെൻഷനിൽ വലിയ കുറവുണ്ടാകുമ്പോൾ പൊതുവിഭവങ്ങൾ ഉപയോഗിച്ചുപോലും അടിസ്ഥാന പെൻഷൻ ഉറപ്പുവരുത്തുന്നു.

 

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൊക്കെ ദേശീയ വരുമാനത്തിന്റെ 40% വരെയൊക്കെയാണ് നികുതിയായി പിരിച്ചെടുക്കുന്നത്. വിപണിയിലെ രുചിഭേദങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ മൂലവും സാങ്കേതികവിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലവും സ്വകാര്യ ബിസിനസ്സ് സ്ഥാപനങ്ങൾ അവിടെയും തകരുന്നുണ്ട്. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്. പക്ഷേ, തൊഴിലില്ലായ്മ വേതനം അടക്കമുള്ള സാമൂഹികസുരക്ഷാ സംവിധാനങ്ങൾ ഇത്തരം പ്രതിസന്ധികൾ തരണംചെയ്യാൻ വ്യക്തികളെ സഹായിക്കുന്നു.

 

ഇന്ത്യയുടെ സ്ഥിതി

 

ലോകത്ത് സമ്പദ്‌വ്യവസ്ഥയുടെ വലിപ്പംകൊണ്ട് അഞ്ചാംസ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. പക്ഷേ, ആളോഹരി വരുമാനത്തിൽ ബംഗ്ലാദേശിനുപിന്നിൽ 147-ാം സ്ഥാനത്താണ്. ലോക പട്ടിണിസൂചികയിൽ നമ്മുടെ സ്ഥാനം 102 ആണ്.

രാജ്യം സമ്പന്നമായാൽ ജനങ്ങളുടെ ജീവിതനിലവാരം തനിയെ മെച്ചപ്പെട്ടുകൊള്ളും എന്ന മിഥ്യാധാരണയാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്. മേൽത്തട്ട് വികസിക്കുമ്പോൾ അതിന്റെ പങ്ക് താഴെത്തട്ടുകളിലേക്ക് കിനിഞ്ഞിറങ്ങിക്കൊള്ളും എന്ന ട്രിക്കിൾ ഡൗൺ (Trickle down) സമ്പദ്‌ശാസ്ത്രം വികസിതസമൂഹങ്ങൾ തള്ളിക്കളഞ്ഞതാണ്. അതുകൊണ്ടാണ് അവ ഉയർന്ന നികുതി ചുമത്തി പൊതുവിഭവങ്ങൾ സമാഹരിച്ച് ശക്തമായ സാമൂഹികസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നികുതി – ദേശീയ വരുമാന അനുപാതം 16.9% ന് അടുത്താണ്. വികസിതരാജ്യങ്ങളുടെ മാതൃക അനുകരിക്കുന്നതിനുപകരം ‘ആദ്യം വികസനം, പിന്നെ പുനർവിതരണം’ എന്ന സമീപനമാണ് ഇന്ത്യ പിന്തുടരുന്നത്. ഈ കാഴ്ചപ്പാട് മുൻനിറുത്തിയാണ് രാജ്യത്തെ എല്ലാ തൊഴിൽ നിയമങ്ങളെയും നാലു തൊഴിൽ കോഡുകളിൽ ചുരുക്കി സ്വകാര്യസംരംഭകർക്ക് പഥ്യമായ കളിസ്ഥലം ഒരുക്കിക്കൊടുത്തിട്ടുള്ളത്.

 

ഇന്ത്യയിലെ പരിശുദ്ധനദിയായ ഗംഗാനദി അടക്കമുള്ള നദികൾ വ്യവസായ മലിനീകരണംമൂലം ഭീഷണി നേരിടുകയാണ്. മലിനീകരണ ഭീഷണി നേരിടുന്ന നഗരങ്ങൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ.

 

കേരള മാതൃകയുടെ കുതിപ്പും കിതപ്പും

ഇന്ത്യയുടെ വികസനപാതയിൽനിന്ന് മാറി ചവിട്ടിയാണ് നാം കേരള മാതൃകാ വികസനം പടുത്തുയർത്തിയത്. ശതകോടീശ്വരന്മാരെ ഒരുപാട് സൃഷ്ടിക്കാനായില്ലെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം ദേശീയ ശരാശരിയെക്കാൾ ബഹുദൂരം മുന്നിലെത്തിക്കാൻ കഴിഞ്ഞു. ഈ മാതൃക ഇന്നു ഭീഷണി നേരിടുകയാണ്. 2011-12 ലെയും 2022-23 ലെയും ദേശീയ സാമ്പിൾ സർവേയുടെ ഗാർഹിക ഉപഭോഗ സർവേകളിൽ ആളോഹരി ഉപഭോഗത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്. അതോടൊപ്പം മറ്റൊന്നു കൂടിയുണ്ട്; ഉപഭോഗത്തിൽ ഏറ്റവും കൂടുതൽ അസമത്വം നിലനിൽക്കുന്ന സംസ്ഥാനവും കേരളമാണ്.

 

വികസനത്തിനുവേണ്ടിയുള്ള മുറവിളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് വികസിതരാജ്യങ്ങൾ നൽകുന്ന പാഠമാണ്. വികസിതസമൂഹങ്ങളൊക്കെ സ്വകാര്യ ഉപഭോഗം ത്യജിച്ചാണ് കൂടുതൽ പൊതുവിഭവങ്ങൾ സമാഹരിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം വൻതോതിൽ സ്വകാര്യ മൂലധനം ആകർഷിക്കാത്തതോ ശതകോടീശ്വരന്മാരെ സൃഷ്ടിക്കാത്തതോ അല്ല. പൊതുവിഭവ സമാഹരണത്തിലെ പരാജയവും സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ അഭാവവുമാണ്.

 

കഴിഞ്ഞ എഴുപതുവർഷത്തിനിടെ നികുതി നൽകൽ ശേഷിയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. 1972-73-ൽ ആളോഹരി ഉപഭോഗത്തിൽ എട്ടാം സ്ഥാനത്തായിരുന്ന കേരളം 1983-ൽ മൂന്നാം സ്ഥാനത്തേക്കും 1999-2000-ൽ ഒന്നാം സ്ഥാനത്തേക്കും ഉയർന്നു. 2022-23-ലെ അവസാന ഉപഭോഗ സർവേയിലും കേരളം ഒന്നാം സ്ഥാനത്താണ്. ഇന്ത്യൻ ജനസംഖ്യയുടെ കേവലം മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന മലയാളികൾ, രാജ്യത്തെ ആഡംബര ഉപഭോഗവസ്തുക്കളുടെ പത്തു ശതമാനവും വിനിയോഗിക്കുന്നുവെന്ന് സ്ഥിരീകരിക്കപ്പെടാത്ത ചില കണക്കുകൾ സൂചിപ്പിക്കുന്നു.

 

ഇതൊന്നും പക്ഷേ, സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽ പ്രതിഫലിച്ചില്ല. 1957-58 മുതൽ 1966-67 വരെയുള്ള പത്തുവർഷക്കാലം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൂടി സമാഹരിച്ച തനതുവരുമാനത്തിൽ കേരളത്തിന് 4.45% ഓഹരിയുണ്ടായിരുന്നു. 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇത് 3.71% ആയി കുറഞ്ഞു.

 

കേരളം കഴിഞ്ഞ എഴുപതുവർഷമായി കൊണ്ടുനടക്കുന്ന മുന്നണിരാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതിയാണിത്. ജനപ്രിയതയ്ക്കുവേണ്ടി അന്യോന്യം മത്സരിച്ച് നികുതി ഇളവുകളും സൗജന്യങ്ങളും നൽകി സംസ്ഥാനത്തിന്റെ വരുമാന അടിത്തറ മുരടിപ്പിച്ചു.

 

വേണ്ടത് അഭിപ്രായ സമന്വയവും രാഷ്ട്രീയ ഇച്ഛാശക്തിയും

 

കേരളത്തിൽ ഇന്ന് പൊതുവിഭവങ്ങളുടെ ഭാരം പേറുന്നത് മുഖ്യമായും പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരുമാണ്. സമാഹരിക്കുന്ന തനതുവരുമാനത്തിന്റെ ഏകദേശം 61% മദ്യം, ഭാഗ്യക്കുറി, പെട്രോൾ, മോട്ടോർ വാഹനങ്ങൾ എന്നീ നാല് ഇനങ്ങളിൽനിന്നാണ്. മധ്യവർഗത്തിൽനിന്നും സമ്പന്നരിൽനിന്നും പൊതുവിഭവങ്ങൾ സമാഹരിക്കാനുള്ള സാധ്യതകൾ പലതുണ്ടെങ്കിലും അതിനുള്ള ഇച്ഛാശക്തി മാറിമാറി വരുന്ന മുന്നണി സർക്കാരുകൾ കാണിക്കുന്നില്ല.

 

നേരേമറിച്ച്, പൊതുവിഭവങ്ങളുടെ പ്രയോജനം മുഖ്യമായും ഒഴുകുന്നത് മധ്യവർഗത്തിലേക്കും സമ്പന്നരിലേക്കുമാണ്. മൊത്തം വരുമാനത്തിന്റെ 77.6% ശമ്പളം, പെൻഷൻ, പലിശ എന്നീ ‘ഏറ്റുപോയ’ (Committed) ചെലവുകൾക്കായി മാറ്റിവയ്ക്കപ്പെടുന്നു. ഏകദേശം 60% വരുന്ന ശമ്പള-പെൻഷൻ ചെലവുകളുടെ പ്രയോജനം പോകുന്നത് ജനസംഖ്യയിലെ അഞ്ചു ശതമാനത്തിനു താഴെ പേർക്കാണ്. ‘ഏറ്റുപോയ’ ചെലവിനങ്ങൾ വർധിക്കുന്തോറും ഏറ്റുപോകാത്ത ചെലവിനങ്ങൾക്ക് ലഭ്യമാകുന്ന പൊതുവിഭവങ്ങൾ കുറഞ്ഞുവരും. ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരുമാണ്.

 

സ്വകാര്യമൂലധനത്തിനും വികസനത്തിനും വേണ്ടിയുള്ള മുറവിളി പൊതുവിഭവ സമാഹരണത്തിലും വിന്യാസത്തിലുമുള്ള ഈ ഭയങ്കരമായ അസന്തുലിതാവസ്ഥ സമർഥമായി മറച്ചുവയ്ക്കുകയാണ്.

 

ഒരു കാര്യം തറപ്പിച്ചു പറയാം. കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിറുത്താൻ സ്വകാര്യമൂലധനത്തിൽ അധിഷ്ഠിതമായ വികസനം കൊണ്ടുമാത്രം കഴിയുകയില്ല. വികസിതരാജ്യങ്ങളുടെ മാതൃകയിൽ പരിസ്ഥിതി-തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതുകയും അവ കർശനമായി നടപ്പാക്കുന്ന ഭരണസംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം. ഇന്നത്തെ പെൻഷൻവ്യവസ്ഥയും ആരോഗ്യസുരക്ഷാസംവിധാനങ്ങളും ആധുനീകരിക്കണം. ഇവയൊക്കെ വൻതോതിൽ പൊതുവിഭവ സമാഹരണം ആവശ്യപ്പെടുന്നവയാണ്. സാമൂഹികമായ അഭിപ്രായസമന്വയവും രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ഇവിടെ വേണ്ടത്. ഇക്കാര്യങ്ങളിൽ കേരളത്തിന്റെ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയായിരിക്കും.