ജയിൽജീവിതം ഒരു നഷ്ടമായിട്ട് തോന്നിയിട്ടില്ല – കെ.ജെ.ബേബി /റോയ് എം. തോട്ടം

ജയിൽജീവിതം ഒരു നഷ്ടമായിട്ട് തോന്നിയിട്ടില്ല – കെ.ജെ.ബേബി /റോയ് എം. തോട്ടം

 കാടിന്റെയും നാടിന്റെയും ശബ്ദമായിരുന്നു കെ.ജെ. ബേബി. ബദൽ ജീവിതത്തിലൂടെ സമൂഹത്തിന് പുതിയൊരു ദർശനം നൽകിയ അദ്ദേഹത്തിന്റെ ജീവിതാന്വേഷണങ്ങൾ സ്വയം അവസാനിപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണ്.


 ആദിവാസിജീവിതത്തെ അടിസ്ഥാനമാക്കിയതും എന്നാൽ, ആനുകാലിക രാഷ്ട്രീയ, സാമൂഹിക, അധികാരവ്യവസ്ഥകളെ വിമർശിക്കുന്നതുമായ നാടുഗദ്ദികയുടെ അവതരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എന്തൊക്കെയാണ്?


 ‘സീറോ ആർട്ട് ക്ലബ്ബി’ന്റെ നാടുഗദ്ദിക നാടകം സാംസ്‌കാരികവേദിയുടെ ബാനറിൽ തുടർച്ചയായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ഗ്രാമങ്ങളിൽപ്പോയി പാട്ടുകൾപാടി നാടകം അവതരിപ്പിക്കുന്നു. ചെറിയ പിരിവൊക്കെ എടുത്ത് ഞങ്ങൾ തിരിച്ചുപോരുന്നു. ഗ്രാമങ്ങളിൽ നടത്തുന്ന ഒരു സാംസ്‌കാരിക പ്രവർത്തനമായാണ് ഞങ്ങൾ ഇതിനെ കണ്ടത്. വീടുകളിൽ കയറിയിറങ്ങി അരിയും പച്ചക്കറികളും ശേഖരിച്ച് ഒരിടത്തിരുന്ന് ഭക്ഷണം കഴിക്കുന്നു. പൊയ്‌ലിലോ വയലിലോ നാടകം കളിക്കുന്നു. ബാക്കി ദിവസം ഞങ്ങൾ പണിയെടുക്കുന്നു. അഭിനേതാക്കളൊക്കെ കർഷകത്തൊഴിലാളികളാണ്. രണ്ടുദിവസം യാത്രചെയ്യുന്നു, നാടുകാണുന്നു, നാടകം അവതരിപ്പിക്കുന്നു. ഒരു സ്റ്റഡിടൂർ പോലെ ഗംഭീര അനുഭവമായിരുന്നു അത്.


പിന്നീട് പല സ്ഥലങ്ങളിലേക്കും ക്ഷണം ലഭിച്ചുതുടങ്ങി. ആ സ്ഥലത്തെ ആതിഥേയന്റെ വീട്ടിൽ താമസം. അതാതു സ്ഥലത്തുനിന്നു കിട്ടുന്ന സംഭാവന എന്താണോ അതാണ് ഞങ്ങളുടെ വരുമാനം. തിരുനെല്ലി, പുൽപ്പള്ളി, മീനങ്ങാടി, അമ്പലവയൽ തുടങ്ങി വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നാടകം അവതരിപ്പിച്ചു. പിന്നീട് സിവിക് ചന്ദ്രന്റെ മേൽനോട്ടത്തിൽ തൃശൂർ ഭാഗത്തേക്ക് പോയി. നാടുഗദ്ദികയെക്കുറിച്ച് ആദ്യത്തെ പഠനം ഒരു യുക്തിവാദി മാസികയിലാണ് വന്നത്. ബെർത്തോൾട്  ബ്രഹ്ത്തിന്റെ നാടകവുമായി താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു ആ ലേഖനം.


1979-ൽ തുടങ്ങി 1981 വരെ തുടർച്ചയായി കേരളത്തിലെ എല്ലാ ജില്ലകളിലും നാടകാവതരണം നടന്നു. അപ്പോഴേക്കും സാംസ്‌കാരികവേദി വലിയ പ്രസ്ഥാനമായി വളർന്നു. അതിന് ആ കാലഘട്ടത്തിലെ  സാമൂഹിക സാംസ്‌കാരിക അന്തരീക്ഷം കാരണമായിട്ടുണ്ട്. കവിത നിറഞ്ഞ ഒരു മനസ്സുണ്ടായിരുന്നു അന്നത്തെ ആൾക്കാരിൽ. കെ.ജി.എസ്., സച്ചിദാനന്ദൻ, എം.ഗോവിന്ദൻ, അയ്യപ്പപണിക്കർ, കടമ്മനിട്ട, ചുള്ളിക്കാട് എന്നിവരുടെ കവിതകൾ   ജനങ്ങളിലേക്ക് ആവേശിക്കുന്ന കാലമാണ്. എം.മുകുന്ദൻ, ഒ.വി.വിജയൻ, ആനന്ദ് തുടങ്ങിയവരുടെ കൃതികൾ യുവാക്കളെ വളരെ സ്വാധീനിച്ച കാര്യങ്ങളാണ്. പ്രതികരണത്തിന്റെ അന്തരീക്ഷം കേരളത്തിലുണ്ടായിരുന്നു അന്ന്. കവിത കേൾക്കാത്ത ഒരു നാടും ഇല്ലായിരുന്നു. പൊതുവേ സാംസ്‌കാരികമായ ഒരു ഉണർവ് എല്ലായിടത്തും ഉണ്ടായിരുന്നു. റാഡിക്കൽ പെയിന്റേഴ്‌സ് ഉണ്ടായിരുന്നു. ചൈതന്യയതിയും അദ്ദേഹത്തിന്റെ ശിഷ്യഗണവും, ലിബറേഷൻ തിയോളജിയും, നാടൻപാട്ടുകളും, കാപ്പനച്ചന്റെ ‘നെഗേഷൻ’ എന്ന പ്രസിദ്ധീകരണവും ഉണ്ടായിരുന്നു. ആ കാലത്തിനിടയിലൂടെ കടന്നുപോകാൻ പറ്റിയെന്നതാണ് ഏറ്റവും വലിയ അനുഭവം. ഒരു വസന്തകാലത്ത് നടക്കുന്നമാതിരിയായിരുന്നു എന്റെ അനുഭവം. നീതിബോധമുള്ള, അഭ്യസ്തവിദ്യരായ, നല്ല ചിന്തകളും സ്വന്തമായ നിലപാടുകളുമുള്ള യുവാക്കളായിരുന്നു ആ കാലത്തിന്റെ സവിശേഷത.


വാസുവേട്ടന്റെ (ഗ്രോവാസു) നേതൃത്വത്തിൽ കോഴിക്കോട് പൊറ്റമ്മൽ എന്ന സ്ഥലത്ത് നാടുഗദ്ദിക കളിക്കുമ്പോഴാണ് ആദ്യം അറസ്റ്റിലാകുന്നത്. പോലീസു വരുമ്പോൾ ഞാൻ അരങ്ങത്ത് പാടിക്കൊണ്ടിരിക്കുകയാണ്. സംഘാടകനെന്ന നിലയിൽ വാസുവേട്ടനെയും പൊലീസ് ജീപ്പിനുചുറ്റും കൂടിനിന്ന കുറെപ്പേരെയും അറസ്റ്റുചെയ്തു. ഞാൻ ചിലങ്കയൊക്കെ കെട്ടി ഗദ്ദികക്കാരനായിട്ടുതന്നെയാണ് ലോക്കപ്പിലാവുന്നത്. കോഴിക്കോട് സബ്ജയിലിൽ പതിനഞ്ചു ദിവസത്തേക്ക് ഞങ്ങളെ റിമാന്റ് ചെയ്തു. ഒരാഴ്ചകഴിഞ്ഞ് മധുമാസ്റ്ററിന്റെ നേതൃത്വത്തിൽ പൗരാവകാശസംഘടന, ഈ അറസ്റ്റ് അന്യായമാണെന്നു പറഞ്ഞ് ജനകീയജാഥ സംഘടിപ്പിച്ചു. ഞങ്ങൾ ഒരാഴ്ചയേ ജയിലിൽ കിടന്നുള്ളൂ. പിന്നീട് കോഴിക്കോട് ടൗൺഹാളിൽ നാടുഗദ്ദിക അവതരിപ്പിച്ചു. മലാപ്പറമ്പിലുള്ള സോഷ്യോ റിലീജിയസ് സെന്ററിന്റെ ഡയറക്ടറായിരുന്ന ഫാദർ ഡോമിനിക്ക് ജോർജും  സിസ്റ്റർ ആലീസും കൂടെ കുറെ ചെറുപ്പക്കാരും നാടകം കാണാൻ വന്നിരുന്നു. ‘ന്യൂസ്‌പേപ്പർ തിയറ്റർ’ എന്ന ചെറുപ്പക്കാരുടെ സംഘം അച്ചന്റെകൂടെ ഉണ്ടായിരുന്നു. പത്രങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കി ലഘുനാടകങ്ങൾ ഇവർ തയാറാക്കുമായിരുന്നു. നാടകം വളരെ ഇഷ്ടപ്പെട്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഡോമിനിക്കച്ചനെ ബന്ധപ്പെടണമെന്നും പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ അദ്ദേഹവും സിസ്റ്റർ ആലീസും പ്രവർത്തിച്ചിരുന്ന കാലമാണ്. മത്സ്യത്തൊഴിലാളി സമരം ഏതാണ്ട് തുടങ്ങുന്ന സമയം.


വയനാട്ടിൽ നക്‌സലൈറ്റ് ഉന്മൂലനവും ഇക്കാലത്തു നടക്കുന്നുണ്ട്. കേണിച്ചിറ മാത്തനെ നക്‌സലുകൾ വധിച്ചത് ഞങ്ങളാരും അറിഞ്ഞില്ല. പിറ്റേന്ന് നന്മണ്ടയിലായിരുന്നു നാടകം അവതരിപ്പിക്കേണ്ടത്. അതിനുശേഷം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ. നന്മണ്ടയിൽ  വലിയ ജനക്കൂട്ടം നാടകം കാണാനുണ്ടായിരുന്നു. നാടകംകഴിഞ്ഞ് ഞങ്ങൾ അവിടെ  ഒരു വീട്ടിലാണ് താമസിച്ചത്. പിറ്റേന്നു രാവിലെ സംഘാടകൻ ജയപ്രകാശ്  പത്രവുമായി ഓടിവന്ന് കേണിച്ചിറ മാത്തൻ വധിക്കപ്പെട്ട വാർത്ത അറിയിച്ചു. “ബേബി, ഉടൻ ഇവിടെനിന്ന് മാറണം. ഇല്ലെങ്കിൽ പ്രശ്നം ആകും.” ഞങ്ങൾ ഉടൻ കോഴിക്കോട് വാസുവേട്ടന്റെ അടുത്തെത്തി. മുതലക്കുളത്ത് നാടകം അവതരിപ്പിക്കാൻ ഒരുക്കങ്ങൾ നടക്കുകയാണ്. ഞങ്ങൾ മേക്കപ്പ് ചെയ്യുന്നതിനിടെ പോലീസ് വന്നു നാടകം നിരോധിച്ചു  എന്നറിയിച്ചു. ഞാൻ ചോദിച്ചു: “ഇതുവരെ നാടകം നിരോധിച്ചിട്ടില്ലല്ലോ. നിരോധിച്ചാൽ, ആദ്യം  ഉത്തരവിറക്കണം. അതിനുശേഷം കളിച്ചാൽ മാത്രമല്ലേ നിയമലംഘനം ആകൂ.”


എന്നാൽ, പോലീസ് മേക്കപ്പ് റൂം അടിച്ചുതകർക്കുകയും, ഞങ്ങളെ ജീപ്പിൽക്കയറ്റി കൊണ്ടുപോകുകയും ചെയ്തു. മൂന്നുമാസം ജയിലിൽക്കഴിഞ്ഞു. ജയിലിലും ഞങ്ങൾ നാടക റിഹേഴ്‌സൽ നടത്തി. വലിയ സെല്ലിൽ ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു. രാവിലെ ആറുമുതൽ എട്ടുവരെ ജയിലിലെ ജോലികൾക്കും സ്വന്തം കാര്യങ്ങൾക്കുമായുള്ള സമയമാണ്. ഞങ്ങൾ റിമാൻഡ് തടവുകാരാണ്, ശിക്ഷിക്കപ്പെട്ടവരല്ല. ഒരുദിവസം രാവിലെ തിരക്കുകഴിഞ്ഞശേഷം, “ഇപ്പോൾ ഇവിടെ നാടകം അവതരിപ്പിക്കുകയാണ്,” എന്നു അനൗൺസ് ചെയ്തു. അതോടെ മറ്റു തടവുകാർ ചുറ്റുംകൂടി. ഞങ്ങളവിടെ നാടകം അവതരിപ്പിച്ചു. വാർഡന്മാർ മുകളിൽനിന്നു നാടകം കണ്ടു. നാടകം കഴിഞ്ഞപ്പോൾ, മറ്റു തടവുകാർ ഞങ്ങളുമായി നല്ല സൗഹൃദത്തിലായി. മൂന്നുമാസം കഴിഞ്ഞ് ജാമ്യംലഭിച്ച് ഞങ്ങൾ പുറത്തുവന്നു. അതിനുശേഷം, കേസ് രണ്ടുവർഷംകൂടി നീണ്ടു. അവസാനം ഞങ്ങളെ വെറുതെ വിട്ടു.


പിന്നീട് ഒരിക്കൽ മുകുന്ദൻ സി. മേനോൻ എന്ന പൗരാവകാശ പ്രവർത്തകൻ നാടുഗദ്ദികയുമായി ബന്ധപ്പെട്ട കേസ് വിട്ടു എന്നറിഞ്ഞ് എന്റടുത്തു വന്നു. നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം എന്നദ്ദേഹം പറഞ്ഞു. പ്രമുഖ പൗരാവകാശ പ്രവർത്തകൻ ഈ കേസ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാ പിന്തുണകളും നൽകി കേസ് അവർ നടത്തിക്കൊള്ളും. ഞാൻ അതിനു നിന്നുകൊടുത്താൽ മതി. അന്നത്തെ എന്റെ മാനസികാവസ്ഥ ഇതെല്ലാം വിട്ടുകളയുക എന്നതായിരുന്നു. എനിക്ക് താൽപര്യമില്ലായെന്ന് ഞാൻ പറഞ്ഞു. ജയിൽജീവിതം ഒരു നഷ്ടമായിട്ട് എനിക്കു തോന്നിയിട്ടില്ല. ഒരുപാടു മനുഷ്യരെ കാണാനും ജയിൽജീവിതം അറിയാനും എനിക്കുതന്നെ പലവിധത്തിൽ പരിവർത്തനം വരുത്താനുമുള്ള സന്ദർഭമായിട്ടാണ് ഞാനതിനെ കണ്ടത്. ഒന്നും എനിക്കു നെഗറ്റീവായി തോന്നിയിട്ടില്ല. എന്റെ വളർച്ചയ്ക്കായി എല്ലാവരും എന്നെ സഹായിച്ചിട്ടുണ്ട്. എല്ലാം പുതിയ അറിവുകളായിരുന്നു. അതുകൊണ്ട് നഷ്ടപരിഹാരക്കേസിന് എനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇതെല്ലാം വിട്ട് കുടജാദ്രിപോലുള്ള സ്ഥലങ്ങളിൽ ധ്യാനം, യോഗ തുടങ്ങിയ കാര്യങ്ങളിൽ ഏർപ്പെട്ട് പോകാനായിരുന്നു എനിക്ക് താൽപര്യം.


ജോൺ എബ്രാഹം, ഫാ. സ്റ്റാൻസ്വാമി, സിസ്റ്റർ ക്ലെയർ എന്നിങ്ങനെയുള്ള ശ്രദ്ധേയ വ്യക്തികളുമായുള്ള സഹൃദം എങ്ങനെയാണ് സ്വാധീനിച്ചത് ?  


ജയിൽവാസത്തിനുശേഷമാണ് ഞാൻ ജോൺ എബ്രാഹവുമായി പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ‘കയ്യൂർ’ എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യാനാണ് എന്നെ വിളിച്ചത്.  പക്ഷേ, ആ സിനിമ നടന്നില്ല. എന്റെ സിനിമാഭിനയത്തിനുള്ള താൽപര്യം കണ്ട്, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ  പോയി പഠിക്കാൻ അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി മൈസൂർ ഓപ്പൺ യൂണിവേഴ്സിറ്റിയിൽനിന്ന് ഞാൻ ഡിഗ്രി എടുത്തു.


ഇതിനിടെ, ഷേർലിയുമായുള്ള വിവാഹവും നടന്നു. കൂടാതെ പല നാടകങ്ങളും ചെയ്തുകൊണ്ടിരുന്നു. സാക്ഷരതാ പ്രചാരണവുമായി ബന്ധപ്പെട്ട ഒരു നാടകം, ബൈബിളിനെ ആസ്പദമാക്കി ‘ഉയിർപ്പ്’ എന്ന നാടകം. എന്റെ ഡിഗ്രി പഠനം തീരുന്നതിനുമുമ്പ്, ജോൺ എബ്രാഹം മരിച്ചിരുന്നു, അതോടെ സിനിമാജീവിതത്തിന്റെ വാതിലുകളടഞ്ഞു. അടുത്തത് എന്തു ചെയ്യുമെന്നു ആലോചിച്ചിരിക്കുമ്പോഴാണ് ഡോമിനിക്ക് ജോർജച്ചന്റെ മുഖം മനസ്സിൽ തെളിഞ്ഞത്. ബാംഗ്ലൂരിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹിക പ്രവർത്തകർക്കു വേണ്ടി  മൂന്നുമാസത്തെ സോഷ്യൽ അവയർനെസ് കോഴ്‌സ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡോമിനിക്ക് അച്ചൻ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു അപ്പോള്‍.


എന്റെ കത്തിന് അച്ചൻ മറുപടി നൽകി, “ഉടൻ വരിക. നിനക്കുവേണ്ടി ഒരു മുറി ഒഴിവാക്കിയിട്ടിട്ടുണ്ട്.” അന്ന് ഫാ. സ്റ്റാൻസ്വാമിയും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകൾ വളരെ പ്രബോധനം നിറഞ്ഞവയായിരുന്നു, ഒരു രാഷ്ട്രീയ കാഴ്ചപ്പാട് അവയിൽ ഉണ്ടായിരുന്നു. അദ്ദേഹവുമായി ഞാൻ നല്ല സൗഹൃദം നിലനിറുത്തിയിരുന്നു. അദ്ദേഹത്തെ ‘അച്ചാ’ എന്നു വിളിച്ചപ്പോൾ,  അങ്ങനെ വിളിക്കേണ്ട  എന്നെയൊരു സഹയാത്രികനായി കണ്ടാല്‍മതി എന്നാണ്  അദ്ദേഹം പറഞ്ഞത്. പുരോഹിതനെന്ന നിലയിലുള്ള പ്രത്യേകതകളൊന്നും ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. വളരെ ആദരവു തോന്നിയ വ്യക്തിത്വമായിരുന്ന ഫാ. സ്റ്റാൻസ്വാമിയുടേത്.


ഈ കോഴ്‌സിന്റെ ഭാഗമായി പതിനഞ്ച് ദിവസത്തെ ഒരു തിയേറ്റർ  ക്യാമ്പ് ഉണ്ടായിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള സിസ്റ്റർ ക്ലെയർ, തിയേറ്റർ രംഗത്തെ വിദഗ്ധയായിരുന്നു. അവർ അമേരിക്കയിൽ പോയി തിയേറ്റർ പഠിച്ചയാളാണ്. അവരാണ് ക്യാമ്പിന് നേതൃത്വം കൊടുത്തത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നടന്ന നാടകപരീക്ഷണങ്ങളും ബ്രസീലിയൻ നാടകചിന്തകനായ അഗസ്റ്റോ ബോവലിന്റെ സൈദ്ധാന്തിക നാടകപദ്ധതികളും പഠിച്ചു. തിയേറ്ററിന്റെ പുതിയ അറിവുകൾ സിസ്റ്റർ ക്ലെയർ വഴിയാണ് ഞാൻ നേടിയത്. ഒരു നാടകപ്രവർത്തകനെന്ന നിലയിൽ, ഞാൻ ചില നാടകപരീക്ഷണങ്ങളും അന്നവിടെ അവതരിപ്പിച്ചു. അതിലൂടെ സിസ്റ്റർ ക്ലെയറുമായി നല്ല സൗഹൃദം വളർന്നു. സിസ്റ്റർ ക്ലെയറിന്റെ സഹപ്രവര്‍ത്തകനായ ഫാ.ബ്രിട്ടോ, ജസ്വിറ്റും തമിഴ്നാട്ടിൽനിന്നുള്ള തിയേറ്റർ വിദഗ്ധനുമായിരുന്നു. അദ്ദേഹവും നാടകകലയിൽ പ്രാവീണ്യമുള്ളയാളായിരുന്നു. ഈ തിയേറ്റർ ക്യാമ്പ്, സിസ്റ്റർ ക്ലെയറും ഫാ. ബ്രിട്ടോയും അടക്കമുള്ളവരുമായുള്ള സൗഹൃദം, എന്നെ അക്കാദമിക് വളർച്ചയിലേക്കു നയിച്ച വിലമതിക്കാനാകാത്ത അനുഭവമാണ്.


സിനിമാപഠനത്തിനുള്ള അവസരം പിന്നീട് തരപ്പെട്ടല്ലോ,  ആ അനുഭവം എങ്ങനെയായിരുന്നു ?


ഒരു ദിവസം, ഡോമിനിക്ക് ജോർജച്ചൻ വിളിച്ചു പറഞ്ഞു, “ബേബിച്ചാ, ഡൽഹിയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ആറുമാസത്തെ ഒരു കോഴ്‌സ് നടക്കുന്നുണ്ട്. സിനിമയുടെ അടിസ്ഥാന കാര്യങ്ങൾ പഠിക്കാം. നിനക്ക് താൽപര്യമുണ്ടോ?” താൽപര്യമുണ്ടെങ്കിലും, അതിനുള്ള സാമ്പത്തികശേഷിയില്ലെന്ന് അച്ചനോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു, “ഫീസിന് നല്ലൊരു തുക വേണം, നിനക്ക് ഇവിടെനിന്നൊരു സ്‌കോളർഷിപ്പ് ലഭിക്കും. ഡൽഹിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിക്കാം.”ഇതറിഞ്ഞപ്പോൾ എനിക്ക് ആവേശമായി. വണ്ടിക്കൂലിതന്ന് കോഴ്‌സിൽ ചേരാൻ അച്ചൻ എല്ലാവിധ സജ്ജീകരണങ്ങളും ചെയ്തു. എനിക്ക് വലിയൊരു അനുഗ്രഹമായിരുന്നു അത്. അച്ചന്റെ കരുതൽകൊണ്ടാണ് എനിക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ലോകത്തിലേക്ക് എത്താൻ സാധിച്ചത്. കോഴിക്കോടവതരിപ്പിച്ച നാടുഗദ്ദിക കണ്ടാണ് അദ്ദേഹത്തിന് എന്നെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാട് ഉണ്ടാകുന്നത്.


ഡൽഹിയിൽ സിനിമയുടെ നിരവധി കാര്യങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു. ധാരാളം മികച്ച സിനിമകൾ കണ്ടു, സിനിമാസങ്കേതങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ നേടി. ഈ കോഴ്‌സ് നടക്കുമ്പോൾത്തന്നെ ‘മാവേലിമൻറം’ എന്ന നോവലിന്റെ പണി മനസ്സിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.


മാവേലിമൻറം നോവലിന്റെ രചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാമോ?


വിവാഹശേഷം ഷേർലിയും ഞാനും ആദ്യം ചെയ്തത്, ജന്മിമാരുടെ അടുക്കൽനിന്ന് വയനാട്ടിലെ ഭൂമികൈമാറ്റ രേഖകൾ കണ്ടെത്തി പരിശോധിക്കുകയായിരുന്നു. അവയിൽനിന്ന് വയനാട്ടിലെ അടിമത്തത്തിന്റെ പല തെളിവുകളും ലഭിച്ചു.  അന്നത്തെ കാലത്ത് ഫോട്ടോസ്റ്റാറ്റ് പോലുള്ള സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഒരാള്‍ വായിക്കും, മറ്റേയാൾ പകർത്തി എഴുതും.  ഈ ഡോക്കുമെന്റുകളാണ് ‘മാവേലിമൻറം’ നോവലിന്റെ രചനയിലേക്കു നയിച്ചത്. ഇതെല്ലാം ഒരു യാദൃച്ഛികതയാണ്. ജോൺ എബ്രാഹത്തിന്റെ ‘കയ്യൂർ’ സിനിമ  നടക്കാതെ വന്നപ്പോൾ ജോൺ വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സിനിമയാകുന്നതുവരെ ഒരു ചെറിയ ഡോക്കുമെന്ററി ഉണ്ടാക്കാമെന്ന് മാതൃഭൂമിയിലെ ജയചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇരുപതിനായിരം രൂപയുണ്ടെങ്കിൽ അന്ന് ഒരു ചെറിയ ഡോക്കുമെന്ററി എടുക്കാം. അയ്യായിരം രൂപവച്ച് നാലു പേരെ ജയചന്ദ്രൻ സംഘടിപ്പിച്ചു. ഇതിൽ രാജേട്ടൻ പഴയ തറവാട്ടുകാരനാണ്. ഞാൻ രാജേട്ടനോട് ചോദിച്ചു, “പഴയ ഡോക്കുമെന്റുകൾ വല്ലതും കിട്ടുമോ?”


“എന്റെ തട്ടുംപുറത്ത് കുറേ സാധനം കിടപ്പുണ്ട്. നീ അത് എടുത്തുകൊണ്ട് പൊയ്‌ക്കോ” എന്ന് രാജേട്ടൻ പറഞ്ഞു.


ഞാനവിടെ ചെന്ന് നോക്കിയപ്പോൾ പഴയ മുണ്ടിനകത്ത് പൊതിഞ്ഞ് കുറേ പ്രമാണ രേഖകൾ ഉണ്ട്.


“മുഴുവൻ കൊണ്ടുപൊയ്‌ക്കോ. നോക്കിയിട്ട് തന്നാൽ മതി” അദ്ദേഹം പറഞ്ഞു. ഇതിലെന്താണ് എന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. ഷേർലി വന്നു കഴിഞ്ഞപ്പോൾ ഈ കെട്ടാണ് ഞങ്ങൾ പരിശോധിച്ചത്. 1830-50 കാലഘട്ടത്തിലെ കോടതി രേഖകളായിരുന്നു ഇവ.


അങ്ങനെ യാദൃച്ഛികമായി ഞങ്ങൾക്ക് ഒരു നിർണായക തെളിവു ലഭിച്ചു. 1830-കളിൽ, എട്ടുരൂപയ്ക്ക് ഒരുടമ, കൈപ്പാടൻ എന്ന അടിമയെ മറ്റൊരാൾക്ക് പണയംവച്ചിരുന്നു. പിന്നീട്, ഈ പണയംവച്ച അടിമയെ കാണാതാവുന്നു. പണയം വാങ്ങിയ ആളാണ് തുക്കിടി മുൻസിപ്പൽ കോടതിയിൽ കേസ് കൊടുത്തത്. പണയംവച്ച ഉടമതന്നെ ആ അടിമയെ പിടിച്ചുകൊണ്ടുപോയി പണിയെടുപ്പിക്കുകയായിരുന്നു. അടിമയെ ‘ജന്മ’മായിട്ട് കൊടുക്കാൻ ആവശ്യപ്പെടുന്നു. അതായത് പണയപ്പണ്ടത്തിനെ പൂർണമായിട്ട് കൊടുക്കുക. അടിമ ഒരു ആളല്ല, പണയംവയ്ക്കാനും, വിൽക്കാനും വാങ്ങാനും പറ്റുന്ന ഒരു വസ്തുവായിട്ടാണ്. അതു കൊടുക്കാത്തതിന് പണയം എടുത്ത ആളും അയാളുടെ സഹോദരനും ഇയാളെ തല്ലിക്കൊല്ലുകയാണ്. അവ. രണ്ട് ഉടമകൾക്കും അറിയില്ല കൈപ്പാടൻ എന്ന അടിമ എവിടെപ്പോയി എന്ന്. ഈ രേഖകൾ വായിച്ചപ്പോൾ, എന്റെ ഉള്ളിൽ ഒരു വലിയ പ്രോസസിങ് നടക്കുന്നുണ്ടായിരുന്നു. ആദിവാസികളെ മനസ്സിലാക്കിയതെല്ലാം കോർത്തിണക്കാൻ പറ്റിയ വലിയ സംഗതിയായിരുന്നു ഇത്.


ഡൽഹിയിലെ കോഴ്‌സ് കഴിഞ്ഞ് നേരെ വന്ന് ഞാൻ മാവേലിമൻറം നോവൽ എഴുതി തീർക്കുകയാണ്. അന്ന് പ്രസാധകർ ആരും ഉണ്ടായിരുന്നില്ല. ഷേർലിയുടെ മാലയൊക്കെ പണയംവച്ച് നോവൽ ഞാൻതന്നെ പ്രിന്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തി. 1991-ലാണ് അതു നടക്കുന്നത്. പുസ്തകം ഞാൻ നടന്നു വിൽക്കുകയാണ് ചെയ്തത്. അന്ന് ഇരുപതു രൂപയായിരുന്നു പുസ്തകത്തിന്റെ വില. അതു പത്തുരൂപയ്ക്കും അഞ്ചുരൂപയ്ക്കും വരെ കൊടുത്തിട്ടുണ്ട്. പുസ്തകം വിറ്റഴിക്കാൻ നടവയലിലെ കുറച്ചു ചെറുപ്പക്കാരും എന്നോടൊപ്പമുണ്ടായിരുന്നു.