അക്ബര്‍ ചക്രവര്‍ത്തിയുടെ സെല്‍ഫി – കെ.സി.നാരായണന്‍

മഹാഭാരതത്തിനുശേഷം മഹാഭാരതം എങ്ങനെ ജീവിച്ചു? ക്രിസ്തുവര്‍ഷം അഞ്ഞൂറാമാണ്ടോടെ ഇന്നത്തെ രൂപത്തില്‍ എത്തി എന്നു കരുതപ്പെടുന്ന മഹാഭാരതപാഠം പിന്നീടുള്ള നൂറ്റാണ്ടുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ക്കും വായനകള്‍ക്കും പുനരെഴുത്തുകള്‍ക്കും പാഠാന്തരങ്ങള്‍ക്കും വിധേയമായി? മഹാഭാരത പാഠത്തിന്റെ ആ അനന്തരങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു?


നാലുവിധത്തിലാണ് ആ മഹാഭാരത പാഠങ്ങള്‍ വികസിച്ചുവന്നത് എന്നുപറയാം. ആദ്യത്തേത് ഭക്തിപ്രസ്ഥാനകാലത്താണ്. വൈഷ്ണവഭക്തിയുടെ ആധാരഗ്രന്ഥമായി ഭാഗവതം എന്ന പുസ്തകം രൂപംകൊള്ളുന്നത് പതിനൊന്നാം നൂറ്റാണ്ടിലാണ്. ഭാഗവതം എന്ന പുസ്തകം മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഉപയോഗിച്ചും, അതിലെ സന്ദര്‍ഭങ്ങളില്‍ നിന്നുള്ള ടേക്ക്ഓഫായും വികസിപ്പിച്ചെടുത്തതാണ്. മഹാഭാരതത്തിലേതുപോലെ ഭാഗവതത്തിലും നൈമിശാരണ്യത്തില്‍ നടന്ന യാഗത്തിന്റെ സദസ്സിലേക്ക് ഒരു സൂതന്‍ കടന്നുവന്നു. ആ സൂതനോട് ശൗനകന്‍ അപേക്ഷിക്കുന്നു ഒരു കഥ പറയാന്‍. പക്ഷേ, ഏതെങ്കിലും കഥയല്ല. കേള്‍വിക്കാരില്‍ ജ്ഞാനവും ഭൗതിക വിഷയങ്ങളില്‍ വൈരാഗ്യവും വളര്‍ത്തിക്കൊണ്ട് സര്‍വസിദ്ധാന്ത ഹേതുവായ ഭഗവാന്‍ കൃഷ്ണന്റെ കഥപറയാന്‍. മഹാഭാരതം എഴുതിയ വ്യാസന്‍ തന്നെയാണ് ഭാഗവതവും എഴുതിയത്. എന്താണ് മഹാഭാരതത്തിന്റെ രൂപാന്തരമായി മറ്റൊരു ഗ്രന്ഥം എഴുതാന്‍ വ്യാസനെ പ്രേരിപ്പിച്ചത്? കൗതുകകരം എന്നു പറയാം ഭാഗവതത്തില്‍ത്തന്നെ അതിന്റെ ഉത്തരവും നല്‍കിയിട്ടുണ്ട്. വ്യാസന്റെ ദുഃഖമാണത്.


വ്യാസന്റെ ദുഃഖമോ? അതേ. മഹാഭാരതരചനയ്ക്കുശേഷം, അത്ഭുതം തോന്നാം, വ്യാസന് വലുതായ ദുഃഖം അനുഭവപ്പെട്ടു. ഭാഗവതം പറയുന്നു: ‘ഭാരതം രചിച്ചശേഷം വ്യാസന്‍ ഒട്ടും സന്തോഷമില്ലാതെ സരസ്വതീനദിയുടെ തടത്തില്‍, ഇരുന്ന് ചിന്തിച്ചു. ഞാന്‍ വ്രതനിഷ്ഠനായി വേദത്തെയും ഗുരുവിനെയും അഗ്‌നിയെയും ഭജിച്ചു. അവരുടെ അനുശാസനം കേട്ട വേദാര്‍ഥത്തെ ഭാരതം എന്ന കൃതിയിലൂടെ പ്രത്യക്ഷമാക്കിക്കൊടുത്തു. എന്നിട്ടും എന്റെ ജീവന്‍ പരമാത്മാവില്‍ ലയിക്കാന്‍ ശങ്കിച്ചു നില്‍ക്കുന്നു. ഭാരതം എഴുതിയ ഞാന്‍ ആ കൃതിയില്‍ ഭഗവാന്‍ കൃഷ്ണന്റെ കര്‍മങ്ങളെ വേണ്ടുംവണ്ണം വിസ്തരിച്ചില്ലേ?” മഹാഭാരതം താന്‍ വേണ്ടും വണ്ണമല്ലേ എഴുതിയത് എന്ന ദുഃഖവുമായി ഇരുന്ന വ്യാസന്റെ അടുത്തേക്ക് നാരദന്‍ വന്നുചേര്‍ന്നു. വ്യാസന്‍ നാരദനോട് തന്റെ ദുഃഖത്തെപ്പറ്റി പറഞ്ഞു. ‘സര്‍വാര്‍ഥ പുഷ്‌ക്കലമായ മഹാഭാരതം രചിച്ചിട്ടും എന്റെ ആത്മാവില്‍ സന്തോഷമില്ലല്ലോ. എന്താണ് എന്റെ ദുഃഖത്തിനു ഹേതു? എന്താണ് എന്റെ പോരായ്മ? ദയവായി അതു പറഞ്ഞുതന്നാലും.”


നാരദന്‍ അതു വിശദമാക്കി: ‘അങ്ങ് മഹാഭാരതത്തില്‍ ധര്‍മം തൊട്ടുള്ള പുരുഷാര്‍ഥങ്ങളെപ്പറ്റി വിസ്തരിച്ചു പറഞ്ഞു. എന്നാല്‍ ഭഗവാന്‍ കൃഷ്ണന്റെ കീര്‍ത്തിയെ വേണ്ടപോലെ ഘോഷിച്ചില്ല. ധര്‍മത്തെപ്പറ്റി പറഞ്ഞ അതേ ആവേശത്തോടെ വാസുദേവന്റെ മഹിമയെ പ്രകീര്‍ത്തിച്ചില്ല. എന്നാല്‍ ഹരിയുടെ ലീലകള്‍ പറയാത്ത വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ വൃഥാവിലാണ്. അതു പാഴാണ്. സത്യപ്രിയനായ അങ്ങ് ജനങ്ങള്‍ക്കു മുഴുവന്‍ മുക്തിനല്‍കാനായി കൃഷ്ണന്റെ കഥ പറഞ്ഞാലും.”


അതനുസരിച്ച് വ്യാസന്‍ ഭഗവാന്‍ കൃഷ്ണന്റെ കഥ എഴുതാന്‍ ആരംഭിച്ചു. പതിനാലായിരത്തിലധികം ശ്ലോകങ്ങള്‍ ഉള്ള ആ രചന പൂര്‍ത്തിയാക്കിയശേഷം അതു പുത്രനായ ശുകനെ പഠിപ്പിച്ചു. ശുകന്‍ അത് യാഗസദസ്സുകളിലും പാണ്ഡുവംശത്തില്‍ അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന്റെ മുന്നിലും ആലപിച്ചു. ആ കഥയാണ് ഭാഗവതം. പരീക്ഷത്തു രാജാവ് മരണശാപമേറ്റ് ഗംഗാതീരത്ത് കിടക്കുമ്പോള്‍, മരണഭയം തീര്‍ക്കാനായി കൃഷ്ണന്റെ കഥ കേള്‍ക്കുന്ന രീതിയിലാണ് ഭാഗവതം കഥ അവതരിക്കപ്പെടുന്നത്. പിന്നീടത് നൈമിശാരണ്യത്തില്‍ ശൗനകന്‍ നടത്തുന്ന യാഗസദസ്സില്‍ ഒരു സൂതന്‍ ഓര്‍ത്തു പറയുകയാണ്.


പരീക്ഷിത്ത് എന്നു കേട്ടപ്പോള്‍ ശൗനകനു ജിജ്ഞാസയായി. എങ്ങനെയാണ് പരീക്ഷിത്ത് മരണത്തെ നേരില്‍ക്കണ്ട് ഗംഗാതീരത്ത് ശയിക്കാന്‍ ഇടവന്നത്? ശൗനകന്റെ ഈ ചോദ്യത്തിന് ഉത്തരമായി പരീക്ഷിത്തിന്റെ ജനനകഥ സൂതന്‍ പറയാന്‍ തുടങ്ങി. മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധത്തില്‍ സര്‍വനാശമാണ് സംഭവിച്ചത്. എന്നാല്‍ അതില്‍ അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ കിടന്ന ഒരേയൊരു പാണ്ഡവഭ്രൂണം മാത്രം ചാവാതെ രക്ഷപ്പെട്ടു. അശ്വത്ഥാമാവിന്റെ ആയുധമേറ്റ് ചത്തുപോയ ആ ശിശുവിനെ കൃഷ്ണന്റെ പ്രഭാവമാണ് രക്ഷിച്ചത്. അതാണ് പരീക്ഷിത്ത്. ആ പരീക്ഷിത്ത് നായാട്ടിനുപോയപ്പോള്‍ ഒരു ആശ്രമപരിസരത്തുകൂടി സഞ്ചരിക്കേണ്ടിവന്നു. ഒരു മാനിന്റെ പിന്നാലെ പോവുകയായിരുന്നു രാജാവ്. മാന്‍ ഇതിലേ എങ്ങാനും പോയോ എന്ന് ആശ്രമപരിസരത്ത് ധ്യാനിച്ചിരുന്ന നിലയില്‍ക്കണ്ട മഹര്‍ഷിയോട് പരീക്ഷിത്ത് ആരാഞ്ഞു. അദ്ദേഹം ഒന്നും മിണ്ടിയില്ല. കോപിഷ്ഠനായ കുരുവംശ മഹാരാജാവ് വില്ലുകൊണ്ട് അടുത്തുകിടന്നിരുന്ന പാമ്പിന്റെ ജഡം തോണ്ടിയെടുത്ത് മഹര്‍ഷിയുടെ തോളിലിട്ട് വന്നപാട് പോയി. സന്ധ്യയ്ക്ക് ആശ്രമത്തില്‍ മഹര്‍ഷിയുടെ മകന്‍ മടങ്ങിയെത്തിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ കോപാന്ധനാക്കി. ഇതാ തന്റെ അച്ഛനെ സര്‍പ്പശവം അണിയിച്ച് കടന്നുപോയിരിക്കുന്നു ഒരാള്‍. ആ ആള്‍ ഇന്നേക്ക് ഏഴുനാള്‍ക്കകം സര്‍പ്പരാജാവായ തക്ഷകന്‍ കടിച്ചു ചാവും എന്ന് ശാപവും കൊടുത്തു. ശാപം ഫലിക്കുമെന്ന് ഉറപ്പാണല്ലോ. സംഭ്രാന്തനായ പരീക്ഷിത്ത് ഗംഗാതീരത്ത് ഏഴുദിവസം മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് കിടന്നു. അദ്ദേഹത്തിന്റെ മരണഭയം നീക്കാന്‍ ശുകന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ആ കഥകളാണ് ഭാഗവതം – ഭാഗവതം എന്നാല്‍ ഭഗവാന്റെ കഥ എന്നര്‍ത്ഥം. മഹാഭാരതത്തിലെ കഥാപാത്രങ്ങളായ വിദുരനെയും പരീക്ഷിത്തിനെയും ഒക്കെ ഉപയോഗിച്ചാണ് ഈ ഭാഗവതകഥ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. മഹാഭാരതത്തിന്റെ ഭക്തിരസ പ്രധാനമായ ഒരു പുനരെഴുത്താണ് ഭാഗവതം.


നാരദന്‍ ചൂണ്ടിക്കാട്ടിയപോലെ (ഇവിടെ മഹാഭാരതത്തിന്റെ ആദ്യ നിരൂപകനാണ് നാരദന്‍) മഹാഭാരതത്തില്‍ കൃഷ്ണന്‍ ഉണ്ടെങ്കിലും മിക്കവാറും ഇടങ്ങളില്‍ അദ്ദേഹത്തെ ദൈവമായിട്ടല്ല മനുഷ്യനായിട്ടാണ് വ്യാസന്‍ ചിത്രീകരിച്ചിരിക്കുന്നത്. അതു തെറ്റായി എന്ന നിരൂപകന്റെ അഭിപ്രായം മാനിച്ച് ഗ്രന്ഥകര്‍ത്താവ് തിരുത്തിയെഴുതുന്നതാണ് ഭാഗവതം. ഒരു കഥാകൃത്ത് തന്റെ മുന്‍ പുസ്തകത്തിലെ കഥാപാത്രത്തെ കുറ്റബോധത്താല്‍ തിരുത്തിയെഴുതി, (അതും ഒരു നിരൂപണത്തിന്റെ സമ്മര്‍ദത്തില്‍) വേറൊന്നാക്കി, മറ്റൊരു പുസ്തകം രചിക്കുന്നത് സാഹിത്യചരിത്രത്തില്‍ത്തന്നെ അപൂര്‍വമായിരിക്കും. ഓര്‍ത്തുനോക്കുക. ഇന്ന് ഒരു നോവലിസ്റ്റ് തന്റെ കഥയോ കഥാപാത്രങ്ങളോ രാഷ്ട്രീയമായി ശരിയല്ല എന്ന വിമര്‍ശനത്തിനു വഴങ്ങി ആ കൃതി മുഴുവന്‍ മാറ്റിയെഴുതിയാല്‍ എങ്ങനെയിരിക്കും? രാഷ്ട്രീയമായി ശരിയല്ല എന്നല്ല വേദാന്തപരമായി ശരിയല്ല എന്നായിരുന്നു നാരദമഹര്‍ഷിയുടെ വിമര്‍ശനം എന്നതു മാത്രമാണ് ഇവിടെയുള്ള വ്യത്യാസം.


മഹാഭാരതത്തെ കൃഷ്ണന്റെ നായകത്വത്തില്‍ നടന്ന കഥയായി മാറ്റിയെഴുതുന്ന രീതി ഭാഗവതത്തില്‍ അവസാനിച്ചില്ല. അത് പിന്നീട് പലഭാഷകളിലായി വന്ന മഹാഭാരത പരിഭാഷകളില്‍ മിക്കതിലും തുടര്‍ന്നു. ഉദാഹരണത്തിന് ഭാഗവതം ഉണ്ടായി രണ്ടു നൂറ്റാണ്ടിനുശേഷം തമിഴ്ഭാഷയിലുണ്ടായ വില്ലുപുതൂരാന്‍ എന്ന കവി എഴുതിയ മഹാഭാരത പരിഭാഷ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നായകത്വത്തില്‍ മാറ്റിയെഴുതപ്പെട്ട മഹാഭാരതമാണ്. ഇത്തരം മാറ്റിയെഴുത്തുകള്‍ പതിനാറും പതിനേഴും നൂറ്റാണ്ടുകള്‍ വരെ എല്ലാ ഇന്ത്യന്‍ ഭാഷകളിലും തുടര്‍ന്നു. അക്കാലങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം വ്യാപിച്ച വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ തരംഗശക്തിയിലായിരുന്നു ആ പരിഭാഷകള്‍. മലയാളത്തില്‍ തുഞ്ചത്തെഴുത്തച്ഛനും ആ അഖിലേന്ത്യാ കടലിളക്കത്തിന്റെ ഒരു തിര ആയിരുന്നു. അദ്ദേഹം ആറായിരം പേജുള്ള മഹാഭാരതകഥ എഴുനൂറു പേജുകളിലായി സംഗ്രഹിച്ചു. മാത്രമല്ല ഓരോ പര്‍വത്തിന്റെ ആരംഭത്തിലും ഇത് മറ്റൊന്നുമല്ല ഭഗവാന്‍ കൃഷ്ണന്റെ കഥയാണ് എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു. അദ്ദേഹം കഥ പറയുന്ന കിളിമകളോട് ആവശ്യപ്പെടുന്നത് ”ചൊല്ലെടോ ചൊല്ലെടോ കൃഷ്ണ ലീലാമൃതം” എന്നാണ്. ഏതു സംഭവവും കൃഷ്ണസ്തുതി നടത്താനുള്ള അവസരമായി അദ്ദേഹം കണ്ടു. കര്‍ണനെ നേരിടാന്‍ എത്തുന്ന അര്‍ജുനന്റെ തേരാളിയായി ശ്രീകൃഷ്ണനെ ‘നിറന്ന പീലികള്‍ നിരക്കവേ കുത്തി’ എന്ന വരികളിലൂടെ ഭക്തിസാന്ദ്രമായും കാവ്യമോഹനമായും അവതരിപ്പിച്ചതു മാത്രം ഓര്‍ക്കുക. എഴുത്തച്ഛനുമുമ്പ് നിരണത്തു രാമപ്പണിക്കരും ശങ്കരപ്പണിക്കരും ഭാരതം പരിഭാഷ ചെയ്യുന്നുണ്ട് എന്നാല്‍ താന്‍ ചൊല്ലുന്നത് ‘നാരായണ ചരിതം’ ആണ് എന്നാണ് കവി പറയുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും അക്കാലത്തുണ്ടായ മഹാഭാരത പരിഭാഷകളില്‍ ഇതായിരുന്നു നില.