ചരിത്ര വായനയിലെ ചക്രപലകകള്‍ : ദേശം, കാലം, ബോധം. – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
‘I don’t feel that it is necessary to know exactly what I am. The main interest in life and work is to become someone else that you were not in the beginning. If you knew when you began a book what you would say at the end, do you think that you would have the courage to write it? What is true for writing and for love relationships is true also for life. The game is worthwhile insofar as we don’t know where it will end’. (Michel Foucault)
മാനവിക-സാമൂഹികശാസ്ത്ര വിഷയങ്ങളില്‍ പ്രശ്‌നപരമായും, മേഖലാപരമായും, രീതിശാസ്ത്ര പ്രയോഗപരമായും ഘടനാപരമായ മാറ്റങ്ങള്‍ക്കു സാക്ഷിയായിത്തീര്‍ന്ന വിഷയമാണ് ചരിത്രം, ചരിത്രശാസ്ത്രമെന്നു തന്നെ പറയാം. ഇതിനോടുകൂടെ സമാന്തര മേഖലയില്‍ സഞ്ചരിച്ച വിജ്ഞാന ലോകമാണ് ചരിത്രവായനയുടേത്. ദേശ-കാലബോധ നിര്‍മിതികളില്‍ ഇത്രയേറെ രൂപാന്തരീകരണത്തിനു വിഷയമായ ജ്ഞാനമേഖല മറ്റൊന്നില്ല. വര്‍ത്തമാനകാലങ്ങള്‍ രൂപപ്പെടുത്തിയ, നിരന്തര മാറ്റങ്ങള്‍ക്കു വിധേയപ്പെടുത്തുന്ന സാമൂഹിക ബോധ്യങ്ങള്‍ക്കനുസരിച്ച്, ഗുണപരമായ മാറ്റത്തെ സ്വാഗതം ചെയ്ത വിഷയമാണ് ചരിത്രം. ചരിത്രം ഒന്നല്ല പലതാണ്. ചരിത്രവായനയും അങ്ങനെ തന്നെ. ഇതു കൊണ്ടര്‍ത്ഥമാക്കേണ്ടത് വസ്തുനിഷ്ഠതയില്ലാത്ത വിഷയമാണ് ചരിത്രമെന്നല്ല. മറിച്ച്, വൈവിധ്യങ്ങളുടെ വസ്തുനിഷ്ഠതയില്‍ ജ്ഞാനനിര്‍മിതി നടത്തുന്ന വിഷയമാണ് ചരിത്രമെന്നതാണ്. വൈവിധ്യങ്ങളെയും, സാമൂഹിക പ്രശ്‌നങ്ങളെയും, വിപരീത സത്യങ്ങളെയും അതിന്റെ തന്നെ വിഷയ സങ്കീര്‍ണതയില്‍, വസ്തുനിഷ്ഠാപരമായി അപഗ്രഥിക്കുന്ന വിഷയമാണ് ചരിത്രം. ഒരുതരത്തില്‍ നോക്കിയാല്‍ ഭാവനാത്മപരമായ വസ്തുനിഷ്ഠതയാണ് ചരിത്രശാസ്ത്രത്തിന്റെ ശക്തി, ചരിത്രകാരന്റെ നിപുണത, ചരിത്രവായനയുടെ വ്യതിരിക്തത എന്നു നിരീക്ഷിക്കാം. ഒരു ചരിത്ര പഠിതാവെന്ന രീതിയില്‍, ഞാന്‍ അനുഭവിച്ച ചരിത്രവായനയുടെ മാറുന്ന ബോധ്യങ്ങളില്‍ നിന്നു ചില ആത്മനിഷ്ഠാപരമായ വാദങ്ങള്‍ ഇവിടെ കുറിക്കുന്നു.
1980-കളില്‍ തുടങ്ങിയ ചരിത്രവായന ഗൗരവമായ രീതിയില്‍ മാറിത്തുടങ്ങിയത് പി.ജി.പഠന കാലത്താണ്. ചരിത്ര ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനൊപ്പം ചരിത്രകാരന്മാരുടെ വാദഗതികളെ ഖണ്ഡിക്കുവാന്‍ തുടങ്ങിയതും അതേ കാലഘട്ടത്തിലാണ്. ഓരോ ചരിത്രഗ്രന്ഥവും കാലഘട്ടത്തിന്റെ സാമൂഹികഭാവനയെ പ്രതിഫലിപ്പിച്ചിരുന്നുവെന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യം തെളിവാകുന്ന വായനയോടുകൂടിയാണ് ഒരു ചരിത്രഗ്രന്ഥത്തിന്റെ ആശയപരിസരം മനസ്സിലാക്കുവാന്‍ സാധിച്ചു തുടങ്ങിയത്. ഭാഷാശൈലിയുടെ സൗന്ദര്യംകൊണ്ടു നിറഞ്ഞ രാഷ്ട്രീയചരിത്രങ്ങള്‍ സിനിമ കാണുന്നതുപോലെ വായിച്ചു തീര്‍ക്കുവാന്‍ സാധിച്ചത് അതിലെ ബഹള-സന്തോഷങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തിയ തിമിര്‍പ്പുകൊണ്ടായിരുന്നു. നായകനും വില്ലനും ഉപകഥാപാത്രങ്ങളും ചരിത്രസംഭവങ്ങളിലൂടെ നീങ്ങിയപ്പോള്‍ ഉപരിപ്ലവമായ ചരിത്രത്തിന്റെ കുമിളകള്‍ പൊട്ടുന്നതിന്റെ രസത്തിലായിരുന്നു ഞാന്‍. 1986-88 കാലഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ മണിക്കൂറുകള്‍ ഇരുന്നുള്ള വായന ഒരു കണക്കിന് തപസ്സ് പോലെത്തന്നെയായിരുന്നു. ഈ തപസ്സിലാണ് ചരിത്രമെന്ന വിഷയത്തെ എത്രമാത്രം ഗൗരവത്തോടെ കാണണമെന്നും സ്‌നേഹിക്കണമെന്നും പ്രണയിക്കണമെന്നും ഞാന്‍ തിരിച്ചറിഞ്ഞത്. പി.ജി. പഠനകാലഘട്ടം ഒരുതരം കുടമാറ്റ ചിന്താഗതിയുടെ കാലമായത് ഈ പറഞ്ഞ തപസ്സിലൂടെത്തന്നെയാണ്.
വര്‍ത്തമാനകാലത്തിന്റെ സംസ്‌കാര-വ്യവഹാര ഭൂമികയില്‍ വര്‍ത്തമാനത്തിന്റെ ചിന്താമണ്ഡലത്തിനു വിധേയപ്പെട്ടു നടക്കുന്ന വിശേഷാവഗാഹവിഷയമായതിനാല്‍ ചരിത്രത്തിന്റെ വായന സങ്കീര്‍ണവും പ്രശ്‌നാധിഷ്ഠിതവുമാണ്. കാലഘട്ടങ്ങളില്‍ സംഭവിക്കുന്ന ജ്ഞാനോല്‍പാദന രീതിശാസ്ത്രങ്ങള്‍ എഴുതപ്പെട്ടതും ദൃശ്യവത്കരിക്കപ്പെട്ടതുമായ ചരിത്രവായനയെ നിരന്തരമാറ്റങ്ങള്‍ക്കു വിധേയപ്പെടുത്തും. ഇതു സാധാരണ സാമൂഹ്യ ശാസ്ത്ര-മാനവിക വിഷയങ്ങളില്‍ പ്രതിഫലിക്കുന്നതാണെങ്കിലും, കഴിഞ്ഞ കാലഘട്ടത്തെ ശാസ്ത്രീയമായി പഠിക്കുന്ന ചരിത്രത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്. എഴുതപ്പെട്ട ചരിത്രങ്ങളില്‍ മാത്രമല്ല, പുരാരേഖാവായനയിലും ചരിത്രഗവേഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ഓരോ ചരിത്രദത്തങ്ങളും അതു നിര്‍മിക്കുന്ന വര്‍ത്തമാനത്തിലെ രാഷ്ട്രീയവും, സാംസ്‌കാരികചിന്തകളും സൃഷ്ടിക്കുന്ന ചിന്താകുടകള്‍ (Thought Umbrella) ക്കു കീഴെയാണ് വിവരണങ്ങള്‍/ആഖ്യാനങ്ങള്‍ ആയി പരിണമിക്കുന്നത്. 2022-ലെ ചരിത്രകാരന്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ ഒരു രേഖ വായിക്കുമ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടുമായാണ് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിന്താമണ്ഡലത്തിന്റെ പ്രകൃതവും സവിശേഷ സ്വഭാവും അപഗ്രഥന വായനയില്‍ സ്ഫുരിക്കപ്പെടുന്നില്ലെങ്കില്‍, പ്രസ്തുത ചരിത്രവായന ദുര്‍ബലവും പെട്ടെന്നുതന്നെ മാറ്റപ്പെടാവുന്നതുമായി തീര്‍ന്നേക്കാം. കഴിഞ്ഞകാലത്തിന്റെ കൃത്യമായ സവിശേഷതയെക്കുറിച്ച് ഉറച്ച ബോധ്യമില്ലാത്ത ചരിത്ര വായനക്കാര്‍ നിര്‍മിച്ചെടുക്കുന്ന ചരിത്രം, അതിനാല്‍ത്തന്നെ അതെഴുതപ്പെടുന്ന വര്‍ത്തമാനത്തിന്റെ പകര്‍പ്പുമാത്രമാകും. പുരാരേഖവായനയിലും അതിലൂടെ രചിക്കപ്പെടുന്ന ചരിത്രപ്രബന്ധങ്ങളുടെയും ഗ്രന്ഥങ്ങളുടെയും വായനയിലും ചരിത്രവായനക്കാര്‍ ശ്രദ്ധിക്കേണ്ട സവിശേഷ പ്രശ്‌നമാണിത്. കാലഘട്ടങ്ങള്‍ നേര്‍ക്കുനേര്‍ സംവദിക്കുന്ന വിഷയമാണ് ചരിത്രഗ്രന്ഥങ്ങളില്‍ ഏതാനും പുറങ്ങളില്‍ എഴുതി ഒതുക്കാന്‍ ചരിത്രശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്.
എന്താണ് ചരിത്ര വായന?
കഴിഞ്ഞകാലഘട്ടങ്ങളെ സംബന്ധിച്ച ആധികാരരേഖകളും, അതുവഴി ഉത്പാദിക്കപ്പെട്ടതുമായ ഗ്രന്ഥങ്ങളുടെയും വായനയാണ് സാധാരണ നോട്ടത്തില്‍ ചരിത്ര വായനയായി നിര്‍വചിക്കപ്പെടുന്നത്. ഇതു പരമ്പരാഗതപരമായും പ്രായോഗിക പരിജ്ഞാനപ്രവര്‍ത്തിയെന്ന നിലയിലും ചരിത്രവായനയെ അടിസ്ഥാനപ്പെടുത്തുന്ന വസ്തുതയാണ്. എന്നാല്‍, ചരിത്ര പഠന സമീപനങ്ങളില്‍ വിപ്‌ളവകരമായ മാറ്റങ്ങള്‍ നിരന്തരമായി വന്നുഭവിക്കുന്നതിനാല്‍, ചരിത്രാഖ്യാനങ്ങളുടെ ഗണത്തിലേക്ക് സാഹിത്യസൃഷ്ടികളും, ചിത്രങ്ങള്‍, സിനിമ, എന്നീ പാഠങ്ങള്‍കൂടി അടയാളപ്പെടുത്തിയതിനാല്‍ ചരിത്രവായന വലിയ വ്യതിയാനങ്ങള്‍ക്കും അനുഭവ ലോകത്തിനും പാത്രീകരിക്കപ്പെട്ടിരിക്കുന്നു. ഫ്രഞ്ച് ചരിത്രകാരനായിരുന്ന ഫെര്‍നാന്‍ഡ് ബ്രോദേല്‍, ആഫ്രിക്കയില്‍ നിന്നു നോക്കിയപ്പോള്‍ മെഡിറ്ററേനിയന്‍ കടല്‍ തലകുത്തനെ കാണപ്പെട്ട അവസ്ഥയിലാണ് ഇന്നു ചരിത്ര വായനയും. വസ്തുനിഷ്ഠ ചരിത്രത്തിന്റെ വര്‍ഗത്തിനുള്ളില്‍ പെടാതിരുന്ന ചിത്രങ്ങളും, സാഹിത്യരചനകളും, ഫീച്ചര്‍ സിനിമകളും, സംസാരങ്ങളും, ഓര്‍മയുമൊക്കെ ചരിത്രപ്രതിനിധാന രൂപങ്ങളോ, ദത്തങ്ങളോ ആയി മാറിയ അന്തരീക്ഷത്തില്‍ ചരിത്രവായനയുടെ മാനങ്ങള്‍ ഘടനാപരമായിത്തന്നെ മാറിയിരിക്കുന്നു. ഇപ്പോള്‍ എഴുതപ്പെടുന്ന ചരിത്രങ്ങള്‍ക്ക് വസ്തുനിഷ്ഠത നഷ്ടപ്പെട്ടു എന്നല്ല ഇതിന്റെ അര്‍ത്ഥം, മറിച്ച് ചരിത്രത്തിന്റെ, ചരിത്രശാസ്ത്രത്തിന്റെ ആഴവും പരപ്പും വിപുലീകരിക്കപ്പെട്ടതിനാല്‍ ബന്ധപ്പെട്ട വായനകളുടെ അഭിവിന്യാസം ബ്രോദേലിന്റെ കീഴ്‌മേല്‍ മറിഞ്ഞ കടല്‍ പോലെയായി.
വസ്തുനിഷ്ഠതയില്‍ അടിസ്ഥാനപ്പെടുത്തിയ ചരിത്രരചന, കൃത്യമായ ഭൂതകാലത്തെ പ്രകാശിപ്പിക്കുന്നു എന്ന വിശ്വാസത്താല്‍, പോസിറ്റിവിസ്റ്റുകളുടെ വീക്ഷണഗതിയാണ് ചരിത്രവായനയുടെ മനസ്സിനെ നിയന്ത്രിച്ച പ്രധാന ഘടകം. ലിയോപോള്‍ഡ് റാങ്കിന്റെ പിന്‍മുറക്കാരായ ശാസ്ത്രീയ ചരിത്രരചയിതാക്കള്‍ ഭൂതകാലത്തെ അതിന്റെ പരിപൂര്‍ണ കൃത്യതയില്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും, ചരിത്രവായനയെ അത്തരത്തിലുള്ള കൃതികളിലേക്ക് ഒതുക്കുകയും ചെയ്തു. കൃത്യമായ തെളിവു സാമഗ്രികള്‍, കൃത്യമായ രീതിശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ പഠിച്ചാല്‍, കൃത്യമായ ഭൂതകാലം നിങ്ങള്‍ക്കുമുന്നില്‍ തെളിയുമെന്നത്, ചരിത്രത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതും, ചരിത്രത്തെ ശാസ്ത്രീയവത്കരിക്കുവാനും ഇടയായി. പത്തൊന്‍പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിലും പോസിറ്റിവിസ്റ്റ് ചരിത്രം, കഴിഞ്ഞകാലത്തിന്റെ കൃത്യമായ ശാസ്ത്രീയ പഠനമായി ചരിത്രത്തെ മാറ്റി. ചരിത്രകാരന്റെയും പഠിതാക്കളുടെയും വായനയുടെ പ്രവിശ്യ കൃത്യമായിത്തന്നെ ഈ കാലഘട്ടം ദത്തങ്ങളുടെ ശാസ്ത്രീയ വിശകലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന ആഖ്യാനങ്ങളില്‍ തളച്ചിട്ടു. തെളിവു സാമഗ്രികളുടെ കൃത്യമായ അപഗ്രഥനവും ചരിത്രരചനയും ദേശഭാവനകളെ ഉദ്ദീപിക്കുന്ന ചിന്തയിലേക്കും വായനയിലേക്കും ചരിത്രപഠിതാക്കളെ ആനയിക്കുകയും ദേശത്തിന്റെ സാംസ്‌കാരിക വ്യതിരിക്തതയും വൈവിധ്യ ജ്ഞാനമണ്ഡലങ്ങളെയും കുറിച്ചുള്ള തെളിഞ്ഞ ചിന്തയ്ക്ക് വഴിതെളിയിക്കുകയും ചെയ്തു. ഇന്ത്യയുടെ കോളനി അനന്തര കാലഘട്ടത്തിലുള്ള ചരിത്രഗവേഷണങ്ങള്‍, ചരിത്രവായനയുടെ ശാസ്ത്രീയ ചുവടുമാറ്റവും, ദേശനിര്‍മിതിയുടെ ചിന്താമണ്ഡലത്തിലെ അടിമുടി മാറ്റ പ്രക്രിയയ്ക്ക് ആക്കംകൂട്ടി.
കൊളോണിയന്‍ ചരിത്രഭാവനയില്‍ രണ്ടു മതവിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളംകേറാ കളളികള്‍ക്കുള്ളിലെന്നപോലെ മെരുക്കപ്പെട്ട, ഭരണത്തിനുവേണ്ട ചട്ടക്കൂട് നിര്‍മിക്കാന്‍ രൂപകല്‍പ്പന ചെയ്ത ചരിത്ര രചനയെ നേരിട്ട ഇന്ത്യന്‍ ചരിത്രകാരന്മാര്‍ ദത്തങ്ങളുടെ പുനര്‍വായനയിലും, പുതിയ ദത്തങ്ങളുടെ കണ്ടെത്തലിലും കൂടി വിമോചനപരമായ ചരിത്രത്തെ നിര്‍മിച്ചു തുടങ്ങി. 1960-കളില്‍ത്തുടങ്ങിയ ഈ ചരിത്രരചനാ മുന്നേറ്റം, മില്‍ ചരിത്രകോട്ടയിലെ കട്ടകളോരോന്നായി അപനിര്‍മിച്ചും ഇളക്കിമാറ്റിയും, ഇന്ത്യാക്കാരന്റെ ചരിത്രഭാവനയെയും, വായനാ സംസ്‌കാരത്തെയും ജ്ഞാനശാസ്ത്രപരമായി ശാക്തീകരിക്കുകയും, ദേശഭാവനയെ ദേശത്തിന്റെ സാമൂഹ്യസാംസ്‌കാരിക മൂല്യങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. റോമീളാ ഥാപ്പറിന്റെ പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യാ ചരിത്രം (1966) ദേശചരിത്ര വായനയിലെ പുതിയ ദിക്കുകളെയും പ്രയോഗരീതിയെയും ശാസ്ത്രീയ ചരിത്ര രചനയുടെ സ്വദേശബോധത്തില്‍ പുനഃസ്ഥാപിച്ചു. ഇന്ത്യാ ചരിത്രത്തിന്റെ സ്വതന്ത്രവായന സ്വതന്ത്രഇന്ത്യയില്‍ സാധ്യമാക്കിയ ഗ്രന്ഥംതന്നെയായിരുന്നു ഥാപ്പറിന്റെ മില്‍വിരുദ്ധ ചരിത്രഗ്രന്ഥം. ദേശ-കാല-ബോധങ്ങളില്‍ ഒരു പ്രദേശത്തിന്റെയോ, രാജ്യത്തിന്റെയോ ചരിത്രബോധം മാറുന്നതെങ്ങനെയെന്ന ഥാപ്പര്‍നിരീക്ഷണങ്ങളും വാദങ്ങളുമാണ് ഇന്ത്യാക്കാരന്റെ ഇന്ത്യാ ചരിത്രവായനയുടെ സുദൃഡ നങ്കൂരം, ചരിത്രരചനാരീതിയുടെയും.
പുരാതന ഇന്ത്യയുടെ ചരിത്രബോധത്തെ ശാസ്ത്രീയ പഠനത്തിലൂടെ സ്ഥിരീകരിച്ച്, അതിന് വ്യത്യസ്തമായ സ്ഥാനം നല്‍കിയ ഥാപ്പര്‍, ചരിത്രകാരന്മാരെയും മറ്റു പഠിതാക്കളെയും 60-70 കളില്‍ ചരിത്രവായനയുടെ പുതുലോകത്തിലെത്തിച്ചെങ്കില്‍, മധ്യകാല ചരിത്രത്തെ ശാസ്ത്രീയ പഠനത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക-സാമ്പത്തിക ചരിത്രത്തിന്റെ അവസ്ഥാവിശേഷങ്ങള്‍ തുറന്നുകാട്ടി, മുസ്ലീം ഇന്ത്യയെന്ന വിശേഷണത്തില്‍നിന്നു ഇന്ത്യയുടെ ഘടനാപരമായ അവസ്ഥാമാറ്റങ്ങളെ സ്ഥാനപ്പെടുത്തി, മധ്യകാല ഇന്ത്യാചരിത്രവായനയെ ഇന്ത്യന്‍ ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി. മത-വര്‍ഗീയ-ഭരണകൂട ചരിത്രങ്ങളില്‍ നിന്നു വിടുതല്‍ കിട്ടിയ ചരിത്രവായനകള്‍ തുടര്‍ന്നങ്ങോട്ട് ഇന്ത്യയുടെ വൈവിധ്യ ചരിത്രപ്രശ്‌നങ്ങളെ ഗവേഷണ വിഷയമാക്കി, ഇന്ത്യാചരിത്രത്തെ കൂടുതല്‍ സമ്പുഷ്ടമാക്കി.