നവോത്ഥാനത്തിന്റെ പുനര്‍വായനകള്‍ – മൃദുലാ ദേവി എസ്

ആഫ്രോ -അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയും, അടിമ വിമോചക പ്രവര്‍ത്തകയുമായ സോജോണര്‍  ട്രൂത് ഇസബെല്ല ബോംഫ്രീ എന്ന പേരില്‍ നിന്നും സോജോണര്‍ ട്രൂത് എന്ന പേരിലേക്ക് മാറിയത് ബൈബിള്‍ അറിഞ്ഞപ്പോള്‍ അല്ലെങ്കില്‍ അനുഭവിച്ചപ്പോള്‍ മുതലാണ്. സത്യത്തിന്റെ സഹയാത്രിക എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. അടിമ വിമോചനത്തിന് മുഖ്യഉപാധിയായി സോജോണര്‍ തിരഞ്ഞെടുത്തത്  ബൈബിള്‍ ആയിരുന്നു. അടിമകള്‍ പറയുന്ന വിഷയങ്ങളെ അംഗീകരിക്കുവാന്‍ വെള്ളക്കാര്‍ തയ്യാറാകാത്ത കാലങ്ങളില്‍ സോജോണര്‍ ട്രൂത്തിനെ അവര്‍ അംഗീകരിച്ചത് ബൈബിള്‍ കൈയില്‍ എടുത്തതുകൊണ്ട് കൂടിയാണ് എന്നത് നിസ്തര്‍ക്കമാണ്.


ക്രിസ്ത്യന്‍ മതമൗലിക വാദികള്‍ സ്ത്രീയെ പാപം ഭൂമിയിലേക്ക് കൊണ്ടുവന്നവളായി കരുതുന്നു. പതിനാല്, പതിനാറ് വയസ്സ് പ്രായമായ സ്ത്രീകള്‍ താഴ്ന്ന് നില്‍ക്കേണ്ടവരാണെന്നും, അവര്‍ റേപ്പ് ചെയ്യപ്പെടുന്നതില്‍ മനസ്താപപ്പെടേണ്ടതില്ലെന്നും കരുതുന്ന പുരുഷ സമൂഹം ഉണ്ടെന്ന്  ഈയടുത്തു വിടവാങ്ങിയ ആഫ്രോ എഴുത്തുകാരിയും, സാംസ്‌കാരിക വിമര്‍ശകയും, അധ്യാപികയുമായ ബെല്‍ ഹൂക്‌സ് എഴുതിയിട്ടുണ്ട്.


സോജോണര്‍ അടക്കമുള്ള അടിമകള്‍ അനുഭവിച്ച കടുത്ത ഏകാന്തതയിലും അവഗണനയിലും, നിന്ദയിലും  ഒക്കെ ഉടമ വച്ചുനീട്ടിയ ബൈബിള്‍ അവരെ  ശക്തമായി സ്വാധീനിച്ചത് കാണാവുന്നതാണ് സ്വര്‍ഗമോ, വാഗ്ദത്ത ഭൂമിയോ, മറ്റു രക്ഷാസങ്കേതങ്ങളോ അല്ല മറിച്ചു മരണതുല്യമായ ഏകാന്തതയില്‍ തന്നെ പീഡിപ്പിക്കുന്ന ഉടമയുമായി സമരസപ്പെട്ടു പോകാവുന്ന ഏക വഴി കൂടിയായിരുന്നു അവര്‍ക്ക് ബൈബിള്‍. കറുത്ത വംശജരുടെ ഏതു സാംസ്‌കാരിക ഇടപെടലിലും പ്രത്യക്ഷമായോ, പരോക്ഷമായോ ബൈബിള്‍ സ്വാധീനിച്ചിരുന്നു. വിശുദ്ധ ബൈബിളിനെ രക്ഷമാര്‍ഗം ആയി സ്വീകരിച്ച കറുത്ത വംശജരും, ബൈബിള്‍ ഒരു impediment (തടസ്സം) ആയി കരുതുന്ന കറുത്ത വംശജരും ഉണ്ട്. എന്ത് തന്നെയായാലും ആഫ്രോ-അമേരിക്കന്‍ നവോത്ഥാനം ആയ ഹാര്‍ലേം നവോത്ഥാനത്തിലടക്കം ക്രൈസ്തവ ദര്‍ശനങ്ങള്‍ സാംസ്‌കാരികമായി ഇടപെട്ടുകൊണ്ടേയിരുന്നു.  ഒരു സ്വാഭാവിക പ്രക്രിയയായി കറുത്ത വംശജര്‍ക്കിടയില്‍ ബോധപൂര്‍വമോ, അബോധപൂവമോ ക്രൈസ്തവിക ദര്‍ശനങ്ങള്‍ അതിനോടകം വേരൂന്നിയിരുന്നു എന്നുള്ളത് വാസ്തവമാണ്. ആഫ്രിക്കയില്‍ മാത്രമല്ല ലോകത്തില്‍ എമ്പാടുംനടന്ന നവോത്ഥാനപ്രക്രിയയില്‍ ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കു ഗണ്യമായ പങ്കുണ്ട്. പത്തൊന്‍പത്, ഇരുപതു നൂറ്റാണ്ടുകളിലായി ഇന്ത്യയില്‍ വിവിധ തരത്തിലുള്ള നവോത്ഥാന പ്രക്രിയകള്‍ രൂപംകൊണ്ടിരുന്നു. ബാബു മംഗുറാം മുഗോവാലിയുടെ ആദി ധര്‍മപ്രസ്ഥാനം, (പഞ്ചാബ്) ബംഗാളിലെ നാമശുഭ പ്രസ്ഥാനം, ആദി ആന്ധ്രാ പ്രസ്ഥാനം, കായസ്ഥ സഭ, സത്യ ശോധക പ്രസ്ഥാനം, ആര്യസമാജം, പ്രാര്‍ത്ഥനാ സമാജം, ബ്രഹ്മ സമാജം, ശ്രീരാമ കൃഷ്ണ മിഷന്‍ ഇവയൊക്കെ ഇത്തരം നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആയിരുന്നു. ഇന്നത്തെ ദലിത് രാഷ്ട്രീയത്തിന് ശക്തമായ അടിത്തറ ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനു ആദി ധര്‍മ പ്രസ്ഥാനത്തിനുള്ള പങ്ക് വലുതാണ്.


പഞ്ചാബിന്റെ മൂന്നിലൊന്നു ജനസമൂഹങ്ങള്‍ ദലിതുകളാണ്.  ആര്യസമാജം പോലെയുള്ള മതനവീകരണ  നവോത്ഥാനപ്രസ്ഥാനങ്ങള്‍ ദലിത് സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നപ്പോഴും അവരില്‍ മുന്നിട്ടുനിന്ന രക്ഷകര്‍ത്തൃ മനോഭാവവും, ‘വിശുദ്ധ ഹിന്ദു’ വാദവും ഒരു വിഭാഗം ദലിത് സമൂഹങ്ങളില്‍  അതൃപ്തി ഉളവാക്കി. ഇവിടുത്തെ ഒരു ആത്മീയ പ്രസ്ഥാനത്തിന്റെയോ, സെമറ്റിക് മതത്തിന്റെയോ ഭാഗം അല്ല തങ്ങളെന്നും, ആര്യവത്കരണത്തിനു മുന്‍പുള്ള സവിശേഷ സാംസ്‌കാരികതയുള്ള ജനസമൂഹങ്ങള്‍ ആണ് ആദി ജനസമൂഹങ്ങള്‍ എന്നുമുള്ള ചിന്തയില്‍ നിന്നുമാണ് ആദി ധര്‍മപ്രസ്ഥാനം ഉയര്‍ന്നുവന്നത്. പഞ്ചാബിന്റെ ഭൂമികയില്‍ അതിനു വേരുപിടിക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ അപ്പോഴും ബ്രാഹ്മണ്യത്തിന്റെ ഇരുമ്പ് കോട്ടകളെ തകര്‍ക്കാന്‍ പറ്റാതെതന്നെ തുടര്‍ന്നുപോന്നു. മിക്ക നവീകരണ പ്രസ്ഥാനങ്ങളും ജാതിയെ നിലനിര്‍ത്തി ജാതിയെ പരിഷ്‌കരിച്ചു കൊണ്ടുള്ളവയായിരുന്നു. ഇന്ത്യന്‍ നവോത്ഥാനം ബ്രാഹ്മണ്യത്തെ തൊടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജ്യോതി റാവു ഫുലെ, ഇ.വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവര്‍ ബ്രാഹ്മണ്യത്തെ നേരിട്ടു ചോദ്യം ചെയ്തവര്‍ ആയിരുന്നു. ഡോക്ടര്‍ ബി. ആര്‍. അംബേദ്കറെ സാമൂഹിക ജനാധിപത്യത്തില്‍ ഊന്നി പ്രവര്‍ത്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ച ജ്ഞാനപദ്ധതിയായിരുന്നു ഫുലെ മുന്നോട്ടുവച്ചത്. പില്‍ക്കാലത്തു ഇന്ത്യന്‍ ഭരണഘടന എഴുതുന്നതില്‍ വരെ ഫുലെയുടെ ചിന്താധാരകള്‍ അംബേദ്കറെ സ്വാധീനിച്ചു.


ഇന്ത്യയില്‍ ബ്രാഹ്മണ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ബുദ്ധമതം തന്നെയായിരുന്നു. ദലിത് സാമൂഹിക പ്രസ്ഥാനങ്ങള്‍ അതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയില്‍ വളര്‍ന്നു വന്നത്. ഈ മണ്ണിലാണ് ക്രിസ്തുമതവും വേരൂന്നിയത്. ഇന്ത്യയുടെ ദക്ഷിണ ഭാഗങ്ങളില്‍ കൃത്യമായ മേല്‍ക്കൈ നേടുവാന്‍ അതിനു സാധിച്ചു. കേരളത്തില്‍ പ്രത്യേകിച്ചും. കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മത സമൂഹങ്ങള്‍ക്കിടയില്‍ സംഭവിച്ച എന്തോ ഒന്നെന്നുള്ളതും, അവരിലെ ചിന്തകരില്‍ നിന്നും ഉയര്‍ന്നു വന്നു എന്നുള്ള തരത്തിലുള്ള വായനയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചരിത്ര രചനകള്‍ ആണ് കൂടുതലും ഉണ്ടായിട്ടുള്ളത്. നവോത്ഥാനം എഴുതിപ്പിടിപ്പിക്കുവാന്‍ പേന കിട്ടിയവര്‍ എഴുതിയുണ്ടാക്കിയതാണ് ഇന്ത്യയുടെ നവോത്ഥാന ചരിത്രം. എഴുത്ത് ഒരു ജ്ഞാനാധികാരം ആയി ഏറെക്കാലം സവര്‍ണതയുടെ മടിത്തട്ടില്‍  തന്നെയായിരുന്നു. മൂന്നാം ലോക രാജ്യങ്ങള്‍ക്കകത്ത് നടന്ന വ്യത്യസ്ത അന്വേഷണങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ചലിപ്പിച്ചതില്‍ നിന്നുമാണ് പുതിയ പരികല്പനകള്‍ ഇവിടെയും ഉയര്‍ന്നുവന്നത്. കറുത്ത വംശജര്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ഹാര്‍ലേം, നവോത്ഥാനം, നെഗ്രിറ്റിയൂട് എന്നിവ ആധുനികതയുടെ ഭാഗമായി സ്വാഭാവികമായിത്തന്നെ ഇവിടെയുമെത്തി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മിഷണറി നവോത്ഥാനം പലതരത്തിലുള്ള വായനകള്‍ കേരളത്തിന്റെ മണ്ണില്‍ ഉണ്ടാക്കിയെടുത്തു. കേരളത്തില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍  ഏറെ ശ്രദ്ധേയമായത്     സഹോദരന്‍ അയ്യപ്പന്‍ നടപ്പാക്കിയ മിശ്രഭോജനവും (1917) കളവന്‍ കാവ് ക്ഷേത്രത്തില്‍ ശ്രീനാരായണഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠയുമാണ്. അദ്വൈതസിദ്ധാന്തത്തിന്റെ മര്‍മം നോക്കി പ്രഹരിക്കുവാന്‍ ശ്രീനാരായണ ഗുരുവിനു സാധിച്ചു. ഡോക്ടര്‍ പല്‍പ്പുവിന്റെ ബൗദ്ധികതയും, കവി കുമാരനാശാന്റെ സാംസ്‌കാരിക എഴുത്തും അതിന് ഏറെ സഹായകമായി.


ആത്മീയതയുടെ നിറവ് ചേര്‍ത്തുകൊണ്ടാണ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ പ്രവര്‍ത്തനങ്ങള്‍  മുന്നോട്ടുപോയത്. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഓരോ പള്ളിയോടും ചേര്‍ന്ന്  നടത്തിയ സ്‌കൂളുകള്‍ ആയിരുന്നു പള്ളിക്കൂടങ്ങള്‍. അടിസ്ഥാന ജനവിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു ഏറെ ശ്രദ്ധ നല്‍കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസത്തിന്റെ ലോകത്തുനിന്നും അയിത്തം കല്പിച്ചു അകറ്റിനിര്‍ത്തിയ ജനതയെ എഴുത്തിന്റെയും വായനയുടെയും ലോകത്തെത്തിക്കുവാന്‍ അതു ഏറെ സഹായകമായി.


ഉപജീവനം കടലുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മത്സ്യത്തൊഴിലാളികളുടെ  ജീവിതശൈലി കൊണ്ടും തൊഴില്‍പരമായ പ്രത്യേകത കൊണ്ടും എത്ര ശ്രദ്ധിച്ചാലും എപ്പോഴും കൂടെയുണ്ടാകുന്ന ദുരന്തങ്ങളും അതിനെ അതിജീവിക്കുവാന്‍ സ്വയം ആര്‍ജിച്ചെടുത്ത സാഹസിക ജീവിതവും സവിശേഷ തരത്തിലുള്ള സാംസ്‌കാരികതയും, ആചാരങ്ങളും അക്കാലങ്ങളില്‍ അവര്‍ക്കിടയില്‍ നിന്നും ഉണ്ടായി.