മതപാഠങ്ങളുടെ പുനര്‍വായനകള്‍ – ബോബി തോമസ്

മനുഷ്യമനസ്സിന്റെ സഞ്ചാരപഥങ്ങളാണ് മതപാഠങ്ങളിലെല്ലാം അടയാളപ്പെട്ടുകിടക്കുന്നത്. ചരിത്രത്താല്‍ രൂപപ്പെടുത്തപ്പെടുകയും പിന്നീട് എണ്ണമില്ലാത്തത്ര തവണ പുനര്‍വായിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കപ്പെടുന്ന പാഠങ്ങളാണവ. മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ ചരിത്രമാണത്, ഒപ്പം മനുഷ്യര്‍ തങ്ങളുടെ ആത്മാവിന്റെ ഉള്ളറകളിലേക്ക് നടത്തുന്ന യാത്രകളായും അവ നിലനില്‍ക്കുന്നു. ദീര്‍ഘജീവിതകാലമുള്ള രചനകളാണവ. ഓരോ കാലത്തിനും ഓരോ പാഠങ്ങളായി അവ മാറുകയും എപ്പോഴും പുതിയ പുതിയ വായനകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.  


മതപാഠങ്ങള്‍ക്കെല്ലാമുള്ളത് ഇത്തരത്തിലുള്ള അതിസങ്കീര്‍ണമായ ജീവചരിത്രമാണ്. ഓരോ കാലത്തുമുള്ള മനുഷ്യര്‍ അതിനെ എങ്ങനെ വായിച്ചു എന്നത് മനുഷ്യാനുഭവങ്ങളുടെ കണക്കെടുപ്പുകൂടിയായി കണക്കാക്കാം. സമൂഹത്തിന്റെ സമാഹൃത മനസ്സ് എന്നാണ് സാമൂഹിക ശാസ്ത്രജ്ഞനായ ദുര്‍ഖൈം മതത്തെ കണ്ടത്.  പല കാലങ്ങളിലൂടെ കയറിയും ഇറങ്ങിയും കിടക്കുന്ന സമൂഹമനസ്സിന്റെ രേഖകളായ മതരചനകളുടെ പല കാലങ്ങളുടെ വ്യത്യസ്ത വായനകള്‍ അനേകം അര്‍ത്ഥങ്ങളെയും നിരവധിയായ പാഠഭേദങ്ങളെയുമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പുരാവൃത്തവും ചരിത്രവും മനുഷ്യാനുഭവങ്ങളുടെ നാടകീയതയും ജീവിതത്തിന്റെ അര്‍ത്ഥം തേടലും എല്ലാം കൂടിക്കലര്‍ന്ന അതിവിശാലമായൊരു കാന്‍വാസില്‍ നിര്‍മിക്കപ്പെട്ട ഈ രചനകള്‍ക്ക് ഇനിയും എത്രയോ വിഭിന്നമായ അര്‍ത്ഥങ്ങളെയും ചേര്‍ത്തുവയ്ക്കാനാകും. ഇനിയും എത്രയോ തലമുറ മനുഷ്യരെ അവയ്ക്ക് ഭാവിയില്‍ അഭിമുഖീകരിക്കേണ്ടതായുമുണ്ട്.


ബൗദ്ധസാഹിത്യവും ബൈബിളും ഭഗവദ്ഗീതയുമെല്ലാം ഇങ്ങനെ നിരവധി തലമുറകളുടെ വ്യത്യസ്തവായനകളിലൂടെ വിരുദ്ധങ്ങളായ പ്രതിച്ഛായകളെ സൃഷ്ടിച്ചിട്ടുള്ള കൃതികളാണ്. ഇന്നുമവ വിരുദ്ധവായനകളുടെ സമ്മര്‍ദങ്ങളില്‍ വീര്‍പ്പുമുട്ടിയാണ് കഴിയുന്നത്. ബുദ്ധന്‍തന്നെ ഓരോ കാലവും എത്രയോ വ്യത്യസ്തമായാണ് വായിക്കപ്പെട്ടത്. ചരിത്രത്തിലെ ബുദ്ധനുമേല്‍ പുരാവൃത്തത്തിലെ ബുദ്ധനും ആദിമ ബൗദ്ധചിന്തകള്‍ക്കുമേല്‍ പില്‍ക്കാല ചിന്തകളുടെ കൂടിക്കലരലുകളും മേല്‍ക്കൈനേടുമ്പോള്‍, രണ്ടായിരത്തഞ്ഞൂറ് വര്‍ഷങ്ങളുടെ ജീവിതകാലമുള്ള ബുദ്ധന് ഈ നീണ്ട കാലത്തിന്റെയത്ര ആഴമുള്ള അളവുകോലാണ് പാകമാകുക എന്ന് നാം തിരിച്ചറിയുകയാണ് ചെയ്യുന്നത്. പലകാലങ്ങളില്‍ കാലൂന്നിനില്‍ക്കുന്ന ബുദ്ധനാണത്. ശാക്യനാട്ടിലും ശ്രാവസ്തിയിലും മഗധത്തിലുമെല്ലാം നടന്ന ബുദ്ധന്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ മരണാനന്തരജീവിതം തുടരുന്ന മറ്റൊരു ബുദ്ധന്‍. പല തലമുറകള്‍ എങ്ങനെയെല്ലാമാണ് ബുദ്ധനെ വായിച്ചത് എന്നത് ചരിത്രത്തിലെ കൗതുകങ്ങളിലൊന്നാണ്.  


ബുദ്ധനെ വായിച്ച തലമുറകള്‍


ദൈവങ്ങളാണ് മതത്തിന്റെ കേന്ദ്രബിന്ദു. എന്നാല്‍ ബുദ്ധമതം തുടക്കത്തില്‍ അങ്ങനെയായിരുന്നില്ല. മനുഷ്യഭാഗധേയത്വത്തെ നിര്‍ണയിക്കുകയും പ്രപഞ്ചസൃഷ്ടാവായിരിക്കുകയും ചെയ്ത സാമാന്യ അര്‍ത്ഥത്തിലുള്ള ഒരു ‘ദൈവം’ ബുദ്ധന്റെ ചിന്തയിലുണ്ടായിരുന്നില്ല. താന്‍ ജീവിച്ച കാലത്തിന്റെ അതീന്ദ്രിയ അനുഭവങ്ങളെയും ഭാവനകളെയും പ്രകൃത്യാതീതശക്തികളുടെ സാന്നിദ്ധ്യത്തെയും ബുദ്ധനും ഉള്‍ക്കൊണ്ടിരുന്നെങ്കിലും ‘ശാക്യപുത്രസംഘം’ എന്നറിയപ്പെട്ട ബുദ്ധന്റെ അനുയായികള്‍ ദൈവകേന്ദ്രിതമല്ലാത്തൊരു ആദ്ധ്യാത്മിക പ്രസ്ഥാനമായാണ് നിലനിന്നത്. പിന്നീടത് ബുദ്ധമതമായി പരിണമിച്ചപ്പോള്‍ ബുദ്ധന്‍തന്നെ ദൈവമായി മാറി. മാത്രമല്ല, ബുദ്ധമതം സഞ്ചരിച്ച സാംസ്‌കാരിക- സാമൂഹിക പരിസരങ്ങളിലെ വ്യത്യസ്ത ദൈവരൂപങ്ങളെയും ദൈവഭാവനകളെയും അത് സാംശീകരിക്കുകയും ചെയ്തു.


ബുദ്ധന്‍ എന്ന പാഠത്തെ ചരിത്രം പുതുക്കുകയും പുനര്‍വായിക്കുകയും ചെയ്തുകൊണ്ടുമിരുന്നു. അനുയായികള്‍തന്നെ ബുദ്ധനെ വ്യത്യസ്തമായാണ് വായിച്ചത്. അങ്ങനെയാണ് മഹായാനമെന്നും തേരാവാദമെന്നും ബൗദ്ധലോകം പിളര്‍ന്നുമാറിയത്. ബുദ്ധന്റെ മരണത്തിന് തൊട്ടുശേഷം മുതല്‍ തന്നെ വായ്‌മൊഴിയായി കൈമാറി നിലനിന്നുവന്ന ബൗദ്ധസാഹിത്യത്തെ വ്യാഖ്യാനിക്കുന്നതില്‍ ബുദ്ധഭിക്ഷുക്കള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ഈ പലവിധ വായനകളുടെ പ്രത്യാഘാതമായി ഒരു നൂറ്റാണ്ടിനുള്ളില്‍ത്തന്നെ ഭിക്ഷുസംഘം പല വിഭാഗങ്ങളായി ഭിന്നിച്ചിരുന്നു.


മറ്റേതൊരു മതസാഹിത്യത്തിലെന്നപോലെ ബൗദ്ധസാഹിത്യത്തിലും പല കാലങ്ങളുടെ കൂടിച്ചേരലുകളുണ്ട്. ബി.സി.ഇ. ആറ്, അഞ്ച് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ബുദ്ധന്റെ വചനങ്ങളെ ക്രോഡീകരിക്കുന്ന അനേകായിരം പേജുകള്‍ വരുന്ന നിരവധി വാല്യങ്ങളായുള്ള പാലിസാഹിത്യമാണ് ഇപ്പോഴുള്ളത്. അതിലെ ബുദ്ധവചനങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ ബുദ്ധന്റേതുതന്നെയാണെന്ന് കരുതാനാകില്ല. വായ്‌മൊഴിയായി കൈമാറപ്പെട്ടകാലത്തും അതിനുശേഷവുമായി പലകാലങ്ങളിലായി അധികമായി അതില്‍ പലതും ചേര്‍ക്കപ്പെട്ടു. എന്നാല്‍ യഥാര്‍ത്ഥ ബുദ്ധവചനങ്ങളോടു ചേര്‍ന്നുനില്‍ക്കുന്നതാണ് അതിന്റെ മൂലരൂപമെന്നു കരുതാം.


എന്നാല്‍ പിന്നീട് അതിവിചിത്രമായ വിരുദ്ധവായനകള്‍ക്കാണ് ബുദ്ധന്‍ എന്ന പാഠം വിധേയമാക്കപ്പെട്ടത്. മഹായാനത്തില്‍ അനേകം അതീന്ദ്രിയ ബുദ്ധന്‍മാരും ബോധിസത്വന്‍മാരുമുണ്ടായി. മൂലപാഠത്തിലേക്ക് നിരവധി പുതിയ പാഠങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. മഹായാനദാര്‍ശനികര്‍ ബുദ്ധനെ മറ്റൊരു തലത്തിലാണ് വായിച്ചത്. തത്ത്വചിന്തയുടെ ഗഹനത അതിനുണ്ടായി. പുനര്‍വായന എന്നതിനപ്പുറം സമ്പൂര്‍ണമായൊരു പൊളിച്ചെഴുത്തായി അത് മാറി. അങ്ങനെയാണ് ബുദ്ധനെപ്പറ്റിയുള്ള സാമ്പ്രദായികധാരണകളെ അട്ടിമറിക്കുന്ന പലതും ബൗദ്ധലോകത്ത് സംഭവിച്ചത്. ബുദ്ധനുമുമ്പില്‍ മദ്യംകൊണ്ട് അര്‍ച്ചന നടത്തുന്ന സാഹചര്യമുണ്ടാകുന്നത് വൈരുദ്ധ്യങ്ങളുടെ സമന്വയത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ ഉദാഹരണമായി കരുതേണ്ടിവരും. താന്ത്രിക ബുദ്ധമതം മദ്യത്തെമാത്രമല്ല മൈഥുനത്തെയും ബൗദ്ധാരാധനയുടെ ഭാഗമാക്കിമാറ്റി.


ബുദ്ധനെ വായിച്ചവരോരുത്തരും തങ്ങളുടെ സാംസ്‌കാരിക പരിസരത്തിനുചേര്‍ന്ന തങ്ങളുടേതായൊരു ബുദ്ധനെ പുതുതായി കണ്ടെത്തുക കൂടിയായിരുന്നു. ചൈനയിലെ ബുദ്ധന് ചൈനക്കാരന്റെ മുഖമായി. ജപ്പാനിലും തായ്‌വാനിലുമെല്ലാം ആ നാടുകളുടെ സാംസ്‌കാരിക സാഹചര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന ബുദ്ധവായനകളുണ്ടായി. ദേശീയതയുമായി ഇഴുകിച്ചേര്‍ന്നിടങ്ങളില്‍ അതിന് ഹിംസാത്മകമായൊരു മുഖവുമുണ്ടായി.