എന്റെ വായന  ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈയുള്ളവന്‍ – സുസ്‌മേഷ് ചന്ത്രോത്ത്

എന്റെ വായന  ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈയുള്ളവന്‍ –  സുസ്‌മേഷ് ചന്ത്രോത്ത്

സാഹിത്യത്തിന് ഉത്കൃഷ്ടം, ഉത്കൃഷ്ടതരം, ഉത്കൃഷ്ടതമം എന്ന വിഭജനമാകാമെന്ന് പറയാറുണ്ട്. ഇത് വായനയ്ക്കും വായനക്കാരനും ബാധകമാകുമല്ലോ. വിഭജനങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഈ മൂന്ന് ശ്രേണിയിലും വ്യാപരിക്കുന്ന വായനക്കാരെ കണ്ടെത്താന്‍ കഴിയും. ഇത് വായനക്കാരുടെ കാര്യം. ഞാനാലോചിക്കുന്നത് എഴുത്തുകാരിലെ വായനക്കാരെക്കുറിച്ചാണ്. അവരിലും മേല്‍പ്പറഞ്ഞപോലെ ഉപരിസ്ഥം, മദ്ധ്യമപദസ്ഥം, അധഃസ്ഥം എന്നിങ്ങനെ തരംതിരിവുകള്‍ കാണുകയില്ലേ.


മികച്ച കൃതികള്‍ മാത്രം വായിക്കുന്നവരും ഇടത്തരം സാഹിത്യം വായിക്കുന്നവരും താഴ്ന്നതട്ടിലുള്ള സാഹിത്യം വായിക്കുന്നവരും കാണും എഴുത്തുകാരിലെ വായനക്കാരിലും. ഇത് അഭിരുചിയെ സംബന്ധിച്ച, ഭാവുകത്വശീലത്തെ സംബന്ധിച്ച അന്വേഷണങ്ങളാണ്. ഓരോ വായനക്കാരനും ഓരോ മട്ടിലാണ് അഭിരുചികളെ സ്വീകരിച്ചിട്ടുണ്ടാവുക. അതിനാല്‍ കുറ്റംപറയാനോ വിധിപറയാനോ കഴിയുകയില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ എഴുത്തുകാരന്റെ വായനയെക്കുറിച്ച് ആലോചിക്കുമ്പോള്‍ കുറച്ചുകൂടി ഗൗരവത്തില്‍ അഭിരുചിയെക്കുറിച്ച്, അനുശീലനത്തെക്കുറിച്ച്, തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആലോചിക്കേണ്ടിവരും. ഇവിടെ എഴുത്തുകാരനെന്ന നിലയില്‍ സ്വന്തം വായനയെ നോക്കിക്കാണാനാണ് ശ്രമിക്കുന്നത്.


ദസ്തയേവ്‌സ്‌കിയുടെ ഇരുന്നൂറാം ജന്മദിനാഘോഷം ലോകമെങ്ങും ആഘോഷിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ വായനാശീലത്തെക്കുറിച്ച് കേട്ടിട്ടുള്ളതിനെക്കുറിച്ച് ആലോചിക്കുകയാണ്. അതിന്റെ സൂചനകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ആവോളം കാണാം. കവി പുഷ്‌കിന്റെയും ഷേക്‌സിപിയറിന്റെയും സ്വാധീനത്തെക്കുറിച്ച് ദസ്തയേവ്‌സ്‌കിയുടെ നോവലുകളില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. ‘നിന്ദിതരും പീഢിതരും’ എന്ന കൃതിയില്‍ ടോള്‍സ്റ്റോയിയെക്കുറിച്ച് ഐവാന്‍ പെട്രോവിച്ചിനോട് അലോഷ്യ പറയുന്നത്, ”ടോള്‍സ്റ്റോയി എവിടെയോ വര്‍ണിച്ചിട്ടുണ്ടെന്ന് തോന്നുന്നു, രണ്ട് സ്‌നേഹിതന്മാര്‍ അന്യോന്യം തങ്ങളുടെ ഓമനപ്പേര്‍ വിളിക്കാന്‍ നിശ്ചയിക്കുന്നു. എന്നാല്‍ അവര്‍ക്കത് സാധ്യമാകുന്നില്ല. അതിനാല്‍ ഒരു പേരും വിളിക്കാതിരിക്കുന്നു” എന്ന്. ഇങ്ങനെ എഴുത്തുകാരന്‍ തന്റെ സമകാലികരെ ഓര്‍ക്കുന്നതും ഓര്‍മയിലൂടെ അവരെ തന്റെ കൃതിയിലേക്ക് കൊണ്ടുവന്ന് ആദരിക്കുന്നതും കൗതുകകരമായ കാര്യമാണ്. ജെ. ഡി സാലിഞ്ചറും ഹാരൂകി മുറകാമിയും ഓര്‍ഹാന്‍ പാമുക്കും വരെയുള്ള തലമുറകള്‍ സമകാലികരെ അനുസ്മരിക്കുന്നതില്‍ ലോഭം കാണിക്കാത്തവരാണെന്ന് എന്റെ വായന എന്നെ ഓര്‍മിപ്പിക്കുന്നു.


വായനയുടെ ലോകത്ത് ഞാനേറെ ആദരിക്കുന്ന എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കി തന്നെയാണ്. തന്റെ ഓരോ കൃതിയിലും വിശേഷിച്ച് നോവലുകളില്‍ ദസ്തയേവ്‌സ്‌കി ആവര്‍ത്തിച്ച് അവതരിപ്പിച്ച വിഷയങ്ങള്‍ കുടുംബത്തകര്‍ച്ച, കടുത്ത ദാരിദ്ര്യം, മദ്യപാനവും കുറ്റവാസനയും, ചൂതാട്ടം, കുട്ടികളുടെ മനസ്സുകളിലെ സംഘര്‍ഷങ്ങളും ദുരിതങ്ങളും, ആത്മീയാന്വേഷണ വ്യഗ്രത, മതവും ക്രിസ്തുവുമായുള്ള സംഘര്‍ഷങ്ങള്‍… എന്നിവയാണെന്ന് പറയാം. അദ്ദേഹം ആരാധിച്ചിരുന്ന ഷേക്‌സ്പിയറിന്റെ കഥാപാത്രങ്ങള്‍ സ്വന്തം വ്യക്തിത്വത്തിനുള്ളിലെ ഏതെങ്കിലും തിന്മയുടെ പരിണതഫലമായി അധഃപ്പതിക്കുന്നവരോ ദുരന്തങ്ങളെ നേരിടുന്നവരോ ആണ്. സമാനമായി ദസ്തയേവ്‌സ്‌കിയും തന്റെ കഥാപാത്രങ്ങളെ ആ മട്ടില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ‘കരമസോവ് ബ്രദേഴ്‌സ്’ എന്ന ഇതിഹാസസമാനകൃതിയുടെ കര്‍ത്താവ് എന്ന നിലയില്‍ ദസ്തയേവ്‌സ്‌കിയുടെ സ്ഥാനം ഷേക്‌സ്പിയറിനു തുല്യമായിത്തീരുന്നു എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് നിരീക്ഷിച്ചത് ഇവിടെ ഓര്‍ക്കാം.


ദസ്തയേവ്‌സ്‌കിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ അവയുടെ സ്വന്തം സ്വത്വത്തില്‍ എഴുത്തുകാരന് മുകളില്‍ നില്ക്കുന്നു എന്നൊരു നിരീക്ഷണം വായിച്ചതായി ഓര്‍ക്കുന്നു. ദസ്തയേവ്‌സ്‌കിയെ ആധാരമാക്കി വന്ന നോവലുകളാണ് ലിയോണിഡ് സിവ്കിന്‍ എഴുതിയ ‘സമ്മര്‍ ഇന്‍ ബേദനും’ ജെ. എം കൂറ്റ്‌സേ എഴുതിയ ‘ദി മാസ്റ്റര്‍ ഓഫ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗും’ പെരുമ്പടവം ശ്രീധരന്‍ എഴുതിയ ‘ഒരു സങ്കീര്‍ത്തനം പോലെയും’. വേറെയും നോവലുകള്‍ വന്നിട്ടുണ്ടാവാം. എന്റെ വായനയില്‍ വന്ന പുസ്തകങ്ങള്‍ ഇവയാണ്.


ദസ്തയേവ്‌സ്‌കിയുടെ വായനാമുറിയില്‍ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളുടെ വലിയ ഫയല്‍ശേഖരമുണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. തികച്ചും ഭാവനയില്‍ നിന്നല്ല തന്റെ ചുറ്റിനുമുള്ള വ്യക്തികളുടെ ജീവിതത്തില്‍നിന്നാണ് അദ്ദേഹം കഥാപാത്രങ്ങളുടെ മനസ്സുകളെ സ്വീകരിച്ചതെന്ന് മനസ്സിലാക്കാം. എന്നിട്ട് ആ കഥാപാത്രങ്ങള്‍ക്ക് ഓരോന്നിനും സ്വനിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും ഭാഗമായ വ്യക്തിത്വം സ്ഥാപിച്ചുകൊടുത്തിട്ടുണ്ടാകും.


എഴുത്തുകാരന്റെ വായനയെക്കുറിച്ചാണ് പറഞ്ഞുതുടങ്ങിയത്. അത് പലപ്പോഴും ക്ലാസിക്കുകളുടെ പട്ടിക തയ്യാറാക്കലാവണമെന്നില്ല. അഥവാ എഴുത്തുകാരന്‍ വായിക്കുന്നത് ക്ലാസിക്കുകള്‍ മാത്രമാവണമെന്നില്ല. എന്നാല്‍ ഉപരിസ്ഥം (സുപ്പീരിയര്‍) എന്ന വിഭാഗത്തില്‍ നില്‍ക്കുന്ന വായനക്കാരന്‍ ക്ലാസിക്കുകളുടെയോ അതിനൊപ്പമുള്ളതോ ആയ കൃതികളുടെയോ വായനക്കാരനായേക്കാം. എഴുത്തുകാരന് അത് കഴിയുമെന്ന് തോന്നുന്നില്ല.


വളരെപ്പണ്ടാണ് ഇറ്റലിയിലെ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ആല്‍ബര്‍ട്ടോ മൊറോവിയയെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. ഒരിക്കല്‍ പാലക്കാട് വച്ച് എം. ടി. എന്‍ നായരാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത ഒന്നുരണ്ട് ആല്‍ബര്‍ട്ടോ മൊറോവിയോ കൃതികള്‍ എനിക്ക് നല്‍കിയത്. രതിവിവരണ കൃതികളാണ് മൊറോവിയോ എഴുതുന്നതെന്നും അതില്‍ ഉയര്‍ന്ന സാഹിത്യാഭിരുചിയുടെ സാന്നിദ്ധ്യമില്ലെന്നും അതിനകം എങ്ങനെയോ ഞാന്‍ കേട്ടിരുന്നു. അതുകൊണ്ട് എം. ടി. എന്‍ സാറിനോടുള്ള ആദരവ് നിലനിറുത്തിക്കൊണ്ടുതന്നെ അത് വായിക്കാതെ മാറ്റിവച്ചു. പില്‍ക്കാലത്ത് എം. കൃഷ്ണന്‍നായരെ വായിക്കുമ്പോള്‍ അദ്ദേഹവും ആല്‍ബര്‍ട്ടോ മൊറോവിയോയെ തള്ളിപ്പറയുന്നതും അദ്ദേഹത്തിന്റെ ഭാര്യയും വിവര്‍ത്തകയും കവിയുമായിരുന്ന എല്‍സ മൊറാന്റ എഴുതിയ ‘ദി ഹിസ്റ്ററി’ എന്ന നോവലിനെ വാഴ്ത്തുന്നതും വായിച്ചപ്പോള്‍ മൊറോവിയയെക്കുറിച്ച് ഞാന്‍ കേട്ടത് ശരിയാണെന്ന് ധരിച്ചു. തന്നെയുമല്ല ആല്‍ബര്‍ട്ടോ മൊറോവിയോയെക്കാള്‍ ഉന്നതനായ എഴുത്തുകാരനാണ് ഇറ്റാലോ കാല്‍വിനോ എന്ന് അദ്ദേഹം അഭിപ്രായം പുറപ്പെടുവിക്കുകയും ചെയ്തു. (കലാകൗമുദി, 1985) രണ്ടാം ലോകമഹായുദ്ധം പ്രമേയമായിട്ടുള്ള നോവലാണ് ഹിസ്റ്ററി. അതിന്റെ ഉള്ളടക്കം മൊറോവിയോയുടെ കൃതികളില്‍നിന്നും വിഭിന്നമായതാണെന്ന് പറയേണ്ടതില്ലല്ലോ.