പുതിയ കേരളം സാധ്യമാകുമോ? – എം സുചിത്ര  

കാലാവസ്ഥാദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും കൂടിക്കുഴഞ്ഞു വളരെ സങ്കീർണമായിരിക്കുന്നു കേരളത്തിലെ സ്ഥിതിഗതികൾ. സംസ്ഥാനത്തിന്റെ പാരിസ്ഥിതികതകർച്ചയെപ്പറ്റി മുന്നറിയിപ്പ് നല്കുന്നവർ വികസനവിരുദ്ധരും പരിസ്ഥിതി തീവ്രവാദികളായും മുദ്രകുത്തപ്പെടുകയാണ്.  ആവാസവ്യവസ്ഥയുടെ സംരക്ഷണവും വീണ്ടെടുക്കലുമാണ് ഇപ്പോൾ നടക്കേണ്ട ഏറ്റവുംവലിയ വികസനമെന്നു മനസ്സിലാക്കാനുള്ള സാക്ഷരത കേരളം  ഇനിയും ആർജ്ജിച്ചതായി തോന്നുന്നില്ല. സമ്പൂർണസാക്ഷരസംസ്ഥാനമാണെങ്കിലും പാരിസ്ഥിതിക സാക്ഷരതയുടെ കാര്യത്തിൽ വളരെ പിറകിൽത്തന്നെയാണ് ഇപ്പോഴും.


2018,കേരളത്തിലെ ജനങ്ങളുടെ കൂട്ടായ ഓര്‍മയിലെ ഏറ്റവും വലിയ ദുരന്തം  ഉണ്ടായ വർഷം.അക്കൊല്ലം  ജൂൺമുതൽ 


പെരുമഴപ്പെയ്ത്തായിരുന്നു. രണ്ടുമാസം മഴ നിർത്താതെ പെയ്തു. ആഗസ്റ്റ് തുടക്കത്തിൽ നാലഞ്ചുദിവസങ്ങൾ കനത്തുപെയ്തു. അണക്കെട്ടുകൾ നിറഞ്ഞു, പലതും ഒന്നിച്ചു തുറന്നു. പമ്പയും പെരിയാറും മീനച്ചിലാറും  അച്ചൻകോവിലാറും ചാലക്കുടിപ്പുഴയും  ചാലിയാറുമൊക്കെ കരകവിഞ്ഞു.പുഴകൾ പഴയവഴികൾ തേടി. മനുഷ്യനിര്‍മിതികൾക്ക്  ജലപ്രവാഹത്തെ തടയാനായില്ല.


“നൂറ്റാണ്ടിലെ മഹാപ്രളയം” എന്ന് മാധ്യമങ്ങൾ.


ഇടനാട്ടിലെയും തീരപ്രദേശത്തിലെയും കീഴ്നിലങ്ങളെല്ലാം മുങ്ങി. മലനാട്ടിൽ അയ്യായിരത്തോളം ഇടങ്ങളിൽ വലുതും ചെറുതുമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ജീവനുവേണ്ടിയുള്ള ആർത്തനാദങ്ങളിൽ സംസ്ഥാനം മുങ്ങി. അഞ്ഞൂറോളം ആളുകൾ മരിച്ചു. അമ്പതുലക്ഷത്തോളംപേർ ദുരിതാശ്വാസക്യാമ്പുകളിൽ   അഭയാർത്ഥികളായി. ദിവസങ്ങളോളം തുടർന്ന രക്ഷപ്രവർത്തനങ്ങളിൽ  സമൂഹത്തിലെ സകലവിഭാഗങ്ങളും, പ്രത്യേകിച്ചും യുവാക്കൾ, സജീവമായി പങ്കെടുത്തു.   മത്സ്യത്തൊഴിലാളികൾ  തീരപ്രദേശത്തു  നിന്ന് സാഹസികമായി വള്ളങ്ങളിൽ ഇടനാട്ടിലും മലനാട്ടിലുമെത്തി അനേകമാളുകളുടെ രക്ഷകരായി.


ആ ദുരന്തത്തിൽ സംസ്ഥാനത്തിന് 40,000കോടി രൂപയുടെ നഷ്ടം  ഉണ്ടായതായി കണക്കാക്കപ്പെട്ടു.  ആവാസവ്യവസ്ഥയുടെ കണക്കാക്കാൻ കഴിയാത്തതായ  തകർച്ചകളും  നഷ്ടങ്ങളും വേറെ. എന്നാൽ,  കാലാവസ്ഥാഅതിവേഗദുരന്തങ്ങൾ ആരംഭിച്ചത് ആ വർഷമൊന്നുമല്ല. പ്രളയം  ഉണ്ടാവുന്നതിന്റെ രണ്ടുകൊല്ലം മുമ്പ്, 2016-ൽ,  കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയിലായിരുന്നു. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമൊക്കെ വീശിയടിക്കാറുള്ള ഉഷ്‌ണതരംഗം ചരിത്രത്തിലാദ്യമായി കേരളത്തിനുമേലും പിടിമുറുക്കി. മരണത്തിന്റെയും സൂര്യാഘാതത്തിന്റെയും വാർത്തകൾ വന്നു. കന്നുകാലികൾ കൂട്ടത്തോടെ ചത്തു. കിണറുകൾ വറ്റി. നദികൾ നേർത്തില്ലാതായി. കുടിവെള്ളം മുട്ടി. പാടങ്ങൾ വിണ്ടുകീറി.വിളകൾ കരിഞ്ഞു.   കർഷകർ കലങ്ങിയനെഞ്ചുമായി മാനംനോക്കിയിരുന്നു.


അപ്പോൾ സംസ്ഥാനം നിയമസഭാതിരഞ്ഞെടുപ്പിനു ഒരുങ്ങുകയായിരുന്നു. ചൂടിന്റെ പാരമ്യത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി അധികാരമേറ്റത്, എല്ലാം നേരെയാകുമെന്ന ഉറപ്പോടെ. പക്ഷേ, ഇടതുമുന്നണി നൽകിയ ഉറപ്പിനെപ്പറ്റി കടലിനും കാറ്റിനും മഴയ്ക്കും  അറിയില്ലായിരുന്നു. കാലവർഷം ഒന്നു  വന്നു നോക്കിപ്പോയി. തുലാവർഷമാകട്ടെ തിരിഞ്ഞുനോക്കിയതു പോലുമില്ല. തുലാമഴക്കാലം തുലാവരൾച്ചക്കാലമായി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി മഴക്കാലത്ത് പതിനാലു ജില്ലകളും വരൾച്ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടു.


 വലിയ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടു. ഭീകരവരൾച്ചയുടെ തുടർച്ചയിൽ തുടങ്ങിയ 2017-ന്റെ അവസാനം തീവ്രത വളരെ കൂടിയ ഓഖി ചുഴലികൊടുങ്കാറ്റു വന്നു.  നൂറ്റിനാൽപ്പതിലേറെ  മത്സ്യത്തൊഴിലാളികൾ മരിച്ചു. പിന്നെയാണ് പ്രളയമുണ്ടായത്.  അതിനുശേഷം, വീണ്ടും അസാധാരണമായ വരൾച്ച. മലനാട്ടിൽ കണ്ണെത്തുംവരെ ഏലത്തോട്ടങ്ങൾ കരിഞ്ഞുണങ്ങിക്കിടന്നു. പകുതിവർഷം വരൾച്ചയ്ക്കും ചൂടിനും ശേഷം 2019-ആഗസ്റ്റിൽ വീണ്ടും വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ. അവിടംകൊണ്ടും അവസാനിച്ചില്ല. കോവിഡ് എന്ന പുതിയ പകര്‍ച്ചവ്യാധിയിലാണ്  2020 തുടങ്ങിയതുതന്നെ. ഒരു വിത്തുപോലെ ചേതനമോ അചേതനമോ എന്നു കൃത്യമായി പറയാൻ കഴിയാത്ത, ഒരു കോശം പോലുമില്ലാത്ത,  വൈറസ് എന്ന അതിസൂക്ഷ്മ അസ്തിത്വത്തിനു മുന്നിൽ  ആഗോളവത്കൃതവും  വിവര-സാങ്കേതികവിദ്യകളിൽ അതിവേഗം ബഹുദൂരം പുരോഗമിച്ചുവെന്ന് അഹങ്കരിക്കുകയും ചെയ്യുന്ന മനുഷ്യലോകം  ചീട്ടുകൊട്ടാരം പോലെ തകർന്നു.  സകല മേഖലകളും സ്തംഭിച്ചു. മനുഷ്യർ വീടുകൾക്കുള്ളിൽ തടവിലായി.


ആ വർഷം മഴക്കാലത്തുമുണ്ടായി ചുഴലിക്കൊടുങ്കാറ്റിന്റെ ഭീഷണിയും വലിയ കടലാക്രമണവും. പകർച്ചവ്യാധി വല്ലാതെ പടർന്നുപിടിച്ച  എറണാകുളത്തെ ചെല്ലാനംപോലുള്ള തീരദേശഗ്രാമങ്ങളിലെ വീടുകൾക്കുള്ളിലേക്ക് കടൽ ഇരച്ചുകയറി വരുന്ന ദൃശ്യങ്ങൾ ഭയാനകമായിരുന്നു. കുത്തിയൊഴുകിയെത്തുന്ന മലവെള്ളപ്പാച്ചിലിൽ മനുഷ്യരും മരങ്ങളും  മൃഗങ്ങളും മറഞ്ഞുപോകുന്ന ദൃശ്യങ്ങൾപോലെത്തന്നെ. ആ വർഷം റിസോർട്ടുകൾകൊണ്ട് ശ്വാസംമുട്ടുന്ന മൂന്നാറിനു സമീപമുള്ള പെട്ടിമുടിയിലുണ്ടായ  വലിയ മണ്ണിടിച്ചിലിൽ പാവപ്പെട്ട എൺപതോളം തേയിലത്തൊഴിലാളികൾ  മണ്ണിനടിയിലായി.


ഇപ്പോൾ ഉറപ്പിച്ചു പറയാൻ  ഒരേയൊരു കാര്യം കേരളം പഴയ സമശീതോഷ്ണ കേരളമല്ല  എന്നതാണ്. എന്തും എപ്പോഴും സംഭവിക്കാം. മഴയോട് മലയാളിക്കുണ്ടായിരുന്ന ഗൃഹാതുരത്വം ഭയത്തിനു വഴിമാറിക്കഴിഞ്ഞു. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ വീതി കുറഞ്ഞുചെരിഞ്ഞു കിടക്കുന്ന കേരളമെന്ന ചെറു ഭൂപ്രദേശത്തിലെ സകലമേഖലകളും -മലനാടും ഇടനാടും തീരപ്രദേശവും-അതീവലോലമാണ് എന്ന് തെളിഞ്ഞുകഴിഞ്ഞു. കാലാവസ്ഥാദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും കൂടിക്കുഴഞ്ഞു വളരെ സങ്കീർണമായിരിക്കുന്നു സ്ഥിതിഗതികൾ.


കാലാവസ്ഥാ അടിയന്തിരാവസ്ഥ


ഈ ദുരന്തങ്ങളൊന്നും ഒറ്റപ്പെട്ടതല്ല. അവ   ആവർത്തിച്ചുകൊണ്ടേയിരിക്കും. ആവർത്തിക്കുക മാത്രമല്ല, എണ്ണവും വ്യാപ്തിയും തീവ്രതയും കൂടിക്കൂടി വരും. ലോകം ഇപ്പോൾ  കാലാവസ്ഥാഅടിയന്തിരാവസ്ഥയിലാണ്.  ആഗോളതാപനം  അതിതാപനമായിക്കഴിഞ്ഞു.  കാലാവസ്ഥാവ്യതിയാനം, കാലാവസ്ഥാപ്രതിസന്ധി എന്നൊക്കെയുള്ള  പ്രയോഗങ്ങൾ മാറി അടിയന്തിരാവസ്ഥയായി.


ഈ അടിയന്തിരാവസ്ഥയെ എങ്ങനെ നേരിടണമെന്നുള്ള ചർച്ചകളാണ് ഇക്കഴിഞ്ഞ നവംബർ  12-നു ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ അവസാനിച്ച ഉച്ചകോടിയിൽ നടന്നത്. ഭൂമിയ്ക്കുണ്ടായിട്ടുള്ള ജ്വരം  സ്വാഭാവികമായി ഉണ്ടായതല്ല എന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഒന്നാം വ്യാവസായിക വിപ്ലവം മുതലിങ്ങോട്ട് കൽക്കരിയും എണ്ണയും പ്രകൃതി വാതകവും (ഫോസിൽ ഇന്ധനങ്ങൾ) കത്തിച്ചുകൊണ്ട് മനുഷ്യജീവിവര്‍ഗം നിരന്തരമായി നടത്തിയ അതിവേഗ ഉൽപാദന-വികസന പ്രക്രിയകളുടെ അനന്തരഫലമാണിതെന്നും ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ളൈമറ്റ് ചേഞ്ച്   (ഐപിസിസി)  ഈ വർഷം  ആഗസ്റ്റിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നുണ്ട്.  ആഗോളതാപനത്തെപ്പറ്റിയും കാലാ വസ്ഥാവ്യതിയാനത്തെപ്പറ്റിയും പഠിക്കാൻ ഐക്യരാഷ്ട്രസഭ 1988-ൽ രൂപവത്കരിച്ച പാനലാണിത്. പലരാജ്യങ്ങളിൽ  നിന്നുള്ള നിരവധി ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘടനയാണ് ഐപിസിസി. കാർബൺ ഡൈഓക്‌സൈഡ് പോലുള്ള ഹരിതഗൃഹവാതകങ്ങൾ അനിയന്ത്രിതമായ രീതിയിൽ പുറത്തുവിട്ടതിന്റെ ചരിത്രപരമായ കുറ്റം ബ്രിട്ടൺ, അമേരിക്ക തുടങ്ങിയ സമ്പന്ന രാഷ്ട്രങ്ങളുടേതാണ്. എന്നാൽ, ഇപ്പോൾ ലോകം മുഴുവൻ അതേ പാതയിലാണ്. അന്തമില്ലാത്ത വികസനസ്വപ്നങ്ങളുമായി വൻദുരന്തങ്ങളിലേക്കുള്ള അതിവേഗപ്പാതയിലൂടെ കുതിക്കുകയാണ്. ഇന്ത്യയും കേരളവും  അതേവഴിയിൽത്തന്നെയാണ്.