മലയാളംകൂടി ഉള്‍പ്പെട്ടതാണ് വിശ്വസാഹിത്യം – എന്‍. ശശിധരന്‍

എസ്.കെ. നായരുടെ പത്രാധിപത്യത്തില്‍ മലയാളനാട് ആരംഭിച്ച കാലത്ത് എപ്പൊഴോ ആണ് എം. കൃഷ്ണന്‍നായര്‍ ‘സാഹിത്യവാരഫലം’ എന്ന പേരില്‍ പംക്തി തുടങ്ങിയത് എന്നാണ് ഓര്‍മ. അതിനും മുമ്പ് ഒരു കൊച്ചുമാസികപോലെ ഇറക്കിയ 1967-ലെ ഒരോണപ്പതിപ്പില്‍ പി. പത്മരാജന്റെ ‘നന്മകളുടെ സൂര്യന്‍’ എന്ന പേരിലുള്ള പ്രേമകഥ വായിക്കുകയുണ്ടായി. അതിലെ ‘മിസ്. മേരിമയോള ഡയാന’ എന്ന സ്ത്രീകഥാപാത്രം ഇപ്പോഴും മായാതെ മനസ്സിലുണ്ട്. ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ ഉത്തരാര്‍ദ്ധം ഞങ്ങള്‍, സാഹിത്യവായനക്കാര്‍ക്ക്, ഒരു കലുഷകാലമായിരുന്നു. സാര്‍ത്ര്, കാഫ്ക, കമ്യു, സിമോണ്‍ ബുവ്വെ, ഡോരന്‍ കീര്‍ക്കെഗോര്‍, ഹെര്‍മന്‍ ഹെസ്സ്, സോറന്‍ കീര്‍ക്കെഹോര്‍, കസാന്‍ദ് സാക്കീസ്, യസുനാരി കവബാത്ത, യൂക്കിയോമിഫിമ, ആന്ദ്രേ ജീദ്, ജെയിംസ് ബാള്‍ഡ്ഹന്‍ (സാള്‍ഡ്‌വിന്റെ ഫോ ടെല്‍ ഇറ്റ് ഓണ്‍ ദ മൗണ്ടന്‍സ് എന്ന നോവലും അതേപേരിലുള്ള പാട്ടും ലോകപ്രസിദ്ധമാണ്.) ബഷീര്‍, തകഴി, പൊറ്റെക്കാട്ട്, കാരൂര്‍, മാധവിക്കുട്ടി, സക്കറിയ, കാക്കനാടന്‍, ഒ.വി. വിജയന്‍, എം. മുകുന്ദന്‍, സരസ്വതിയമ്മ, കെ.ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, അയ്യപ്പപ്പണിക്കര്‍, വിനയചന്ദ്രന്‍… ഇവരാരും കൃഷ്ണന്‍നായരുടെ കൃപാകടാക്ഷങ്ങള്‍ക്ക് കാത്തുനിന്നവരായിരുന്നില്ല. എങ്കിലും പി. കുഞ്ഞിരാമന്‍ നായരുടെ കവിതയില്‍ വൃഥാസ്ഥൂലതയും വൈലോപ്പിള്ളിയില്‍ ഉണക്ക ശാസ്ത്രീയതയും ആരോപിക്കാന്‍ കൃഷ്ണന്‍നായര്‍ ബദ്ധപ്പെട്ടു. ബഹുഭൂരിപക്ഷം വരുന്ന എഴുത്തുകാരാവട്ടെ കുറ്റം പറയാനായിട്ടെങ്കിലും കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില് തന്റെ പേര് പരാമര്‍ശിച്ചുകാണാന്‍ ആഗ്രഹിച്ചവരാണ്.


സാഹിത്യവാരഫലത്തില്‍ ഇടയ്ക്കിടെ ആത്മരതിയുടെ ആനന്ദത്തോടെ കൃഷ്ണന്‍ നായര്‍ ഇങ്ങനെ എഴുതുമായിരുന്നു: വിശ്വസാഹിത്യം വായിക്കുന്നവര്‍ക്ക് മലയാളത്തില്‍ എന്താണ് വായിക്കാനുള്ളത്? ഞങ്ങളുടെ തലമുറ അക്കാലത്തെ ആധുനികതയുടെ അടിമവംശമായിക്കഴിഞ്ഞതുകൊണ്ടാവാം, ഈ അഭിപ്രായത്തെ സര്‍വാത്മനാ അംഗീകരിച്ചത്. പക്ഷേ, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സാഹിത്യവാരഫലത്തില്‍ അവതരിപ്പിക്കപ്പെട്ട സിദ്ധാന്തങ്ങളും സൗന്ദര്യശാസ്ത്രവും എത്രമാത്രം സ്ഥൂലവും പ്രതിലോമപരവുമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.


ഏത് മികച്ച കലാസൃഷ്ടിയും അതെഴുതപ്പെടുന്ന കാലത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തപ്പെടാന്‍ എന്ന സത്യം കൃഷ്ണന്‍ നായര്‍ തിരിച്ചറിയുകയുണ്ടായില്ല. ദസ്തയെവ്‌സ്‌കി മുതല്‍ ഏറ്റവും പുതിയ കഥാകൃത്തുക്കള്‍ വരെയുള്ള എല്ലാ എഴുത്തുകാരെക്കുറിച്ചും പറയാവുന്ന കാര്യമാണത്. ഫിക്ഷന്‍ എന്ന വാക്കിന് കെട്ടുകഥ എന്നാണ് മലയാളത്തില്‍ ശരിക്കും ഉള്ള അര്‍ത്ഥം. ഫിക്ഷന്‍ ജീവിതത്തെ അധികരിച്ചാണ് സൃഷ്ടിക്കപ്പെടുന്നത്. ഫിക്ഷനില്‍ ചിത്രീകരിക്കപ്പെടുന്ന ജീവിതമാണോ, യഥാര്‍ത്ഥ ജീവിതമാണോ കൂടുതല്‍ യഥാതഥം എന്ന ചോദ്യം ഈയടുത്തകാലത്ത് വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.


വിശ്വസാഹിത്യം വേറെ, മലയാള സാഹിത്യം വേറെ എന്ന ഒരു നിലപാട് മാറ്റാതെ ഇന്ന് സാഹിത്യത്തെക്കുറിച്ച് ആലോചിക്കാന്‍പോലും വയ്യാത്ത കാലമാണിത്. മലയാളത്തില്‍ ചെറുകഥ എന്ന സാഹിത്യസംവര്‍ഗത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യമായി മനസ്സിലേക്ക് ഓടിയെത്തുന്നത് കാരൂര്‍ എന്ന കഥാകാരനാണ്. കാരൂരിന്റെ കഥകളുടെ ശില്പഭദ്രതയും സാമൂഹികമായ ഉള്‍ക്കാഴ്ചയും പുതിയ എഴുത്തുകാര്‍ക്കുപോലും സങ്കല്പിക്കാന്‍ കഴിയാത്തതാണ്. മരപ്പാവകള്‍ എന്ന കഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നാണ്. കാരൂരിന്റെ സമകാലികനായിരുന്ന ചെറുകാടിനെയും വിസ്മരിക്കാവതല്ല. സാമൂഹികനീതിയെക്കുറിച്ചും സാമൂഹിക സമത്വത്തെക്കുറിച്ചുമുള്ള മനോജ്ഞമായ ആശയങ്ങളില്‍ ഊന്നിനില്‍ക്കുമ്പോഴും വര്‍ത്തമാന ജീവിതസത്യങ്ങളെക്കുറിച്ച് വാചാലമാവുന്നവയാണ് ചെറുകാടിന്റെ കഥകള്‍. ‘കാളിയമര്‍ദനം’, ‘പനങ്കളു’ തുടങ്ങിയ കഥകളുടെ ശില്പഭംഗിയും ആഖ്യാനപരതയും മികവുറ്റതാണ്.


ഉറൂബിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നാണ് നാം വിലയിരുത്തുക. പക്ഷേ, നമ്മുടെ ഭാഷയിലെ ഏറ്റവും മികച്ച കഥാകാരന്മാരില്‍ ഒരാളാണ് ബഷീര്‍ എന്ന് പലര്‍ക്കും അറിയില്ല. ‘തേന്‍മുള്ളുകള്‍’, ‘വെളുത്ത കുട്ടി’, ‘തുറന്നിട്ട ജാലകം’, ‘നീലവെളിച്ചം’, ‘താമരത്തൊപ്പി’, ‘രാച്ചിയമ്മ’, ‘കൊതുകുവലയ്ക്കുള്ളിലെ കൊതു’, ‘വീട്’ തുടങ്ങിയ കഥകളില്‍ ഏറ്റവും ശില്പബോധവും സാര്‍വലൗകികമായ സ്‌നേഹദര്‍ശനവും പുലര്‍ത്തുന്ന എഴുത്തുകാരനെയാണ് നാം കാണുക. പൊന്നാനി ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയെ കാണാനായി ഗുരുവായൂര്‍ ഗസ്റ്റ്ഹൗസില്‍ പോയി ‘അതിക്രമിച്ചുകയറി’യ ഒരു കഥ ഉറൂബിനെപ്പറ്റി അക്കിത്തം എഴുതിയിട്ടുണ്ട്. അന്ന് ഗാന്ധിജി ഉറൂബിനോട് പറഞ്ഞത്: ‘Never trespass in your life”  എന്നാണ്. ഉറൂബ് ജീവിതത്തിലെവിടെയും അതിക്രമിച്ചുകയറിയിട്ടുണ്ടാവില്ല. പക്ഷേ, മനുഷ്യരുടെ ആന്തരിക ജീവിതത്തിലേക്ക് എന്നും അതിക്രമിച്ചുകയറിയ എഴുത്തുകാരനാണ് ഉറൂബ് എന്ന് അദ്ദേഹത്തിന്റെ എല്ലാ കഥകളും സാക്ഷ്യപ്പെടുത്തുന്നു.


മലയാളത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍തന്നെ. അദ്ദേഹത്തിന്റെ ചെറുകഥകളില്‍ കാണുന്ന മിതത്വവും ദീര്‍ഘദര്‍ശിത്വവും സാര്‍വലൗകികതയും മറ്റൊരാള്‍ക്കും അവകാശപ്പെടാനാവില്ല. ബഷീറിന്റെ എല്ലാ നോവലുകളും നീണ്ട ചെറുകഥകളാണ്. ‘ജന്മദിന’വും ‘പൂവന്‍പഴ’വും ‘ഭൂമിയുടെ അവകാശിക’ളും ലോകസാഹിത്യത്തില്‍തന്നെ അപൂര്‍വമായി കണ്ടുവരുന്ന രചനകളാണ്. സൂഫിദര്‍ശനത്തോട് അടുത്തു നില്‍ക്കുന്ന ആത്മീയമായ സ്വാച്ഛദ്യവും തന്നില്‍നിന്ന് തന്നിലേക്ക് വളര്‍ന്ന് ലോകം മുഴുവന്‍ കാണുന്ന ദര്‍ശനദീപ്തിയും ഒന്നും ഒന്നും കൂട്ടിയാല്‍ ‘ഇമ്മിണി ബലിയ ഒന്ന്’ എന്ന് കണ്ടെത്തുന്ന പ്രവാചകസ്വരവും ബഷീറിലല്ലാതെ മറ്റാരിലും കണ്ടെത്താനാവില്ല.