<span style=”font-family: lohith;”>തിക്കോടിയന്റെ വെല്ലുവിളി
ടി.എം. എബ്രഹാം
1966 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരകത്തില്‍ വച്ച് ഒരു നാടക രചനാ ശില്പശാല നടക്കുന്നു. ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നത് ഡോ.വയലാ വാസുദേവന്‍പിള്ളയാണ്. അവിടെ ക്ലാസ്സെടുക്കാന്‍ നിയുക്തരായവരുടെ കൂടെ എന്റെ പേരുമുണ്ടായിരുന്നു. മൂന്നാമത്തെ ദിവസം ക്ലാസ്സു കഴിഞ്ഞയുടന്‍ വയലാ വാസുദേവന്‍പിള്ള എന്നോടു പറയുന്നു: വൈകീട്ട് സമാപന സമ്മേളനം കഴിഞ്ഞ് പോകാം. തിക്കോടിയനാണ് മുഖ്യാതിഥി. ക്യാമ്പംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം തന്നെ. തിക്കോടിയനുമായി എനിക്ക് പരിചയമില്ല. അദ്ദേഹത്തിന്റെ പ്രസംഗം ഒന്നും നേരിട്ടു കേട്ടിട്ടില്ല. ‘അരങ്ങു കാണാത്ത നടന്‍’ എന്ന ആത്മകഥാഗ്രന്ഥമൊക്കെ എഴുതി വളരെ പ്രശസ്തനാണ് തിക്കോടിയന്‍ അന്ന്.
അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍ഡിഎഫ് അധികാരത്തില്‍ വന്ന സമയമാണ്; തിക്കോടിയന്‍ സംഗീത നാടക അക്കാദമി ചെയര്‍മാനായി വന്നേക്കും എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന സമയം. വൈകീട്ട് 5.30 നാണ് സമാപന സമ്മേളനം. കൃത്യസമയത്തു തന്നെ തിക്കോടിയന്‍ വന്നു. തിക്കോടിയന്റെ നര്‍മബോധം വളരെ പ്രസിദ്ധമാണല്ലോ. അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചതു തന്നെ, തന്റെ നടത്തത്തെ പരിഹസിച്ചുകൊണ്ടാണ് : ‘ഈയിടെയായി ഞാന്‍ നടക്കുമ്പോള്‍, എനിക്ക് ഇടത്തോട്ട് ഒരു ചരിവ് ഉള്ളതായി നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ.’ എന്നിട്ടദ്ദേഹം ഉറക്കെ ചിരിച്ചു. ഒപ്പം സദസ്സും. പിന്നീട്, നാടകകലയെപ്പറ്റി തന്റെ അനുഭവത്തിലൂന്നി ചില കാര്യങ്ങള്‍ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചു. അവസാനമായി ക്യാമ്പംഗങ്ങളോടായി അദ്ദേഹം പറഞ്ഞു : ‘നിങ്ങളെല്ലാം നാടക രചനയെപ്പറ്റി പഠിക്കാന്‍ എത്തിയവരാണ്. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ പോകുന്നു. നിങ്ങള്‍ ആന്റണ്‍ ചെക്കോവ് എന്ന റഷ്യന്‍ നാടകകൃത്തിനെപ്പറ്റി കേട്ടിട്ടുണ്ടോ? നാടകൃത്തു മാത്രമല്ല, നോവലിസ്റ്റും, ചെറുകഥാകൃത്തുമാണ്. നാടകകൃത്ത് എന്ന നിലയില്‍ ഷേക്‌സ്പിയറിനുശേഷം ലോകം കണ്ട വലിയ രചയിതാക്കളില്‍ ഒരാള്‍. നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സനും, സ്വീഡിഷ് നാടകകൃത്തായ സ്ട്രിന്‍ഡ് ബര്‍ഗിനും ഒക്കെ സമശീര്‍ഷന്‍, തിക്കോടിയന്‍ അവിടെ നിര്‍ത്തി. എന്നിട്ട് മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ വെളളം കുടിച്ചു. പിന്നീട്, ശബ്ദത്തില്‍ അല്പം നാടകീയത കലര്‍ത്തി തുടര്‍ന്നു.:
നാല്പത്തിരണ്ടു വയസ്സു പ്രായമുള്ള ചെക്കോവ്, ക്ഷയരോഗം ബാധിച്ച് മരണാസന്നനായി ജര്‍മനിയിലെ ഒരാശുപത്രിയില്‍ കഴിയുകയാണ്. ചെക്കോവിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ ഓള്‍ഗ നിപ്പറുമുണ്ട്. സമയം അപ്പോള്‍ രാത്രിയുടെ അവസാനമാകാറായിരുന്നു. പെട്ടെന്ന് അദ്ദേഹം
കണ്ണുതുറന്നു. ഡോക്ടറെ വിളിക്കാന്‍ ഭാര്യയോട് പറഞ്ഞു. ഡോക്ടര്‍ വന്നു പരിശോധിച്ചു. ഇനി അധിക സമയമില്ല എന്നദ്ദേഹത്തിനു മനസ്സിലായി.
‘എന്തെങ്കിലും കഴിക്കണമെന്ന് തോന്നുന്നുണ്ടോ’? ഡോക്ടര്‍ ചോദിച്ചു. ‘ഒരു പെഗ്ഗ് വിസ്‌കി’ ചെക്കോവ് മന്ത്രിച്ചു. വിസ്‌കി കൊണ്ടുവരാന്‍ കൂടെയുള്ള നേഴ്‌സിംഗ്
അസിസ്റ്റന്റിനോട് പറഞ്ഞിട്ട് ഡോക്ടര്‍ സ്ഥലംവിട്ടു. അല്പം കഴിഞ്ഞ് ഒരു പരിചാരകന്‍ ട്രേയില്‍ വിസ്‌കിയുമായി പ്രവേശിച്ചു. വിസ്‌കി നിറഞ്ഞ ഗ്ലാസ്സ് വാങ്ങി ഓള്‍ഗ അതു ചെക്കോവിനു കൊടുത്തു. ചെക്കോവ് അത് ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്തു. പിന്നെ കണ്ണുകളടച്ച് ഇടത്തോട്ടു ചരിഞ്ഞുകിടന്നു. മൂന്നു മിനിറ്റു കഴിഞ്ഞ് അദ്ദേഹം മരിച്ചു. തിക്കോടിയന്‍ കഥ നിറുത്തി. എന്നിട്ട് ക്യാമ്പംഗങ്ങളോടായി പറഞ്ഞു : ‘നിങ്ങളോടുള്ള എന്റെ ചോദ്യം ഇതാണ്. ആ മൂന്നു മിനിറ്റിനുള്ളില്‍ ചെക്കോവിന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളെന്തൊക്കെയായിരുന്നിരിക്<wbr />കും? അതു പ്രമേയമാക്കി ഒരു നാടകമെഴുതുക. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. എന്റെ വെല്ലുവിളി സ്വീകരിക്കാന്‍ ആരെങ്കിലും ഇവിടെ ഉണ്ടോ?”തിക്കോടിയന്‍ പ്രസംഗം നിറുത്തി സ്വന്തം ഇരിപ്പിടത്തിലേക്ക് നടന്നു.
അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ കാല്‍നൂറ്റാണ്ടായിരിക്കുന്നു. തിക്കോടിയന്‍ സൂചിപ്പിച്ചതുപോലെ ഒരാഴ്ചക്കകം കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി അദ്ദേഹം നിയമിക്കപ്പെട്ടു. ആ പദവിയിലിരിക്കെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പെ, 2001 ജനുവരി 23 ന് അദ്ദേഹം അന്തരിച്ചു. ആരെങ്കിലും അദ്ദേഹം പറഞ്ഞ പ്രമേയത്തെ അടിസ്ഥാനമാക്കി നാടകമെഴുതിയോ എന്നറിയില്ല. നാടകശില്പശാലയ്ക്ക് നേതൃത്വം നല്‍കിയ വയലാ വാസുദേവന്‍ പിള്ളയും കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞു. എന്തായാലും എന്റെ മനസ്സില്‍ തിക്കോടിയന്‍ പറഞ്ഞ ആ സംഭവം അതേപോലെ ഇന്നും പുതുമയോടെ നില്‍ക്കുന്നു. എന്തായിരിക്കും ആ മൂന്നുമിനിറ്റിനുള്ളില്‍ ചെക്കോവിന്റെ മനസ്സിലൂടെ കടന്നുപോയിരിക്കുക? പിന്നീട്, ചെക്കോവിനെപ്പറ്റിയുള്ള എന്റെ വായനയില്‍ ആദ്യം കടന്നുവരുന്നത് ഓള്‍ഗയുടെ ഡയറിക്കുറിപ്പുകളാണ്. തിക്കോടിയന്‍ പറഞ്ഞതിലെ ഏക വ്യത്യാസം വിസ്‌കി എന്നതിനു പകരം ‘ഷാംപെയിന്‍’ എന്നതു മാത്രമാണ്.
ചെക്കോവിന്റെ അന്ത്യനിമിഷങ്ങളെ പുരസ്‌ക്കരിച്ച്, പ്രശസ്ത അമേരിക്കന്‍
ചെറുകഥാകൃത്ത് റെയ്മണ്ട് കാര്‍വര്‍, ‘നിയോഗം’ (Errand) എന്ന പേരില്‍ ഒരു കഥ
എഴുതിയിട്ടുണ്ട്. അമേരിക്കന്‍ ചെക്കോവ് എന്നറിയപ്പെടുന്ന കാര്‍വറുടെ ‘കത്തീഡ്രല്‍’ അടക്കം ഒട്ടനവധി കഥകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1987 ലെഴുതിയ ‘നിയോഗം’ ആദ്യം വരുന്നത് ‘ന്യൂയോര്‍ക്കര്‍ മാസികയുടെ ജൂണ്‍ ലക്കത്തിലാണ്. റെയ്മണ്ട് കാര്‍വറുടെ അവസാനത്തെ കഥയായിരുന്നു അത്. 1988 ആഗസ്റ്റില്‍ അദ്ദേഹം അന്തരിച്ചു.’
റെയ്മണ്ട് കാര്‍വറുടെ കഥ ആരംഭിക്കുന്നത് 1887 ല്‍ മോസ്‌കോയിലെ ഒരു
റെസ്റ്റോറന്റില്‍ നിന്നാണ്. തന്റെ സുഹൃത്തും പത്രാധിപരുമായ സുവോറിനുമൊത്ത് ഡിന്നര്‍ കഴിക്കുമ്പോഴാണ് ചെക്കോവിന് ഹെമറേജ് ഉണ്ടാകുന്നത്. ചോര ഛര്‍ദിച്ച്, അവശനിലയിലായ ചെക്കോവിനെ സുഹൃത്ത് അതിനടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് മാറ്റി. ആ ക്ലിനിക്കില്‍ കഴിയുമ്പോഴാണ്, ടോള്‍സ്റ്റോയ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ടോള്‍സ്റ്റോയിക്ക് ചെക്കോവിന്റെ കഥകളെപ്പറ്റി വലിയ മതിപ്പായിരുന്നു. എന്നാല്‍ ചെക്കോവിന്റെ നാടകങ്ങള്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. ഇനി തനിക്ക് അധിക സമയമില്ലായെന്ന് ബോധ്യമായ ഘട്ടത്തിലാണ് 1904 ല്‍ ചെക്കോവ്, ജര്‍മനിയിലെ ഒരു പ്രശസ്ത ആരോഗ്യപരിപാലന കേന്ദ്രത്തിലേക്ക് പോയത്.</span>
ചെക്കോവിന്റെ മരണത്തെ കുറിച്ച് ഒരു നാടകം
Print this article
Font size -16+