ഓര്‍മ

പ്രഫ. എസ്. ഗുപ്തന്‍ നായര്‍ സാറിനെ ഓര്‍ക്കുമ്പോള്‍
ഡോ. കെ.എം. മാത്യുമംഗലാപുരത്തെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗം രാജിവച്ചാണ് എം.കോമിന്
പഠിക്കാന്‍ 1976-ല്‍ ഞാന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. സര്‍വകലാശാലയില്‍ അതിപ്രഗത്ഭരും പ്രശസ്തരുമായ അധ്യാപകരുടെ ഒരു നീണ്ടനിര അന്നുണ്ടായിരുന്നു. ഗുപ്തന്‍ നായര്‍ സാറിനോടൊപ്പം പ്രഫ. ഷെപ്പേര്‍ഡ്, പ്രഫ. എം.ജി.എസ്. നാരായണന്‍, സുകുമാര്‍ അഴീക്കോട്, കെ.ജി. അടിയോടി, പ്രഫ. വി.എന്‍. രാജശേഖരന്‍ പിള്ള, പ്രഫ. മൂസാ ബേക്കര്‍, പ്രഫ. കെ.സി. വിജയകുമാര്‍, പ്രഫ. സക്കറിയ വര്‍ഗീസ് എന്നിവര്‍ അവരില്‍ പ്രമുഖരായിരുന്നു. കോഹിനൂര്‍ ജംഗ്ഷന്‍ മുതല്‍ ചെട്ടിയാര്‍മാട് വരെ വ്യാപിച്ചുകിടന്നിരുന്ന കാമ്പസില്‍ ഏറെ ഭാഗവും വെട്ടുകല്ലുകള്‍ നിറഞ്ഞ തരിശുഭൂമിയായിരുന്നു. ഇടയ്ക്കിടയ്ക്ക് പച്ചത്തുരുത്തുകളും. അധ്യാപകരില്‍ ചിലരും ഞങ്ങള്‍ക്ക് പച്ചത്തുരുത്തുകളായിരുന്നു.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തിനായി വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് മാറിക്കൊടുക്കണമെന്ന അധികൃതരുടെ പെട്ടെന്നുള്ള നിര്‍ദേശം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. സമ്മേളനത്തിനു വരുന്നവര്‍ കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറികളില്‍ താമസിക്കട്ടെ എന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ നിലപാട്. ‘വിദ്യാര്‍ത്ഥിഐക്യം’ വിളിച്ച് ഓരോ ക്ലാസിലും ചെന്നു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തവരുടെ മുന്‍പന്തിയില്‍ എനിക്കും നില്‍ക്കേണ്ടിവന്നു. മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ ക്ലാസില്‍ നിന്ന് അങ്ങനെ വിദ്യാര്‍ത്ഥികളെയെല്ലാം പുറത്തിറക്കിയശേഷം ഞാന്‍ വരാന്തയില്‍നില്‍ക്കുമ്പോള്‍ എന്റെ തോളത്ത് തട്ടിക്കൊണ്ട് പ്രഫ. ഗുപ്തന്‍ നായര്‍ സാര്‍ പറഞ്ഞു: ‘മോന്‍ എന്റെ മുറിയിലേക്കൊന്നുവരണം’,’ സ്‌നേഹാദരപുരസ്സരം ഞാന്‍ അദ്ദേഹത്തെ അനുഗമിച്ചു. എന്നോടിരിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും നിന്നുകൊണ്ടുതന്നെ ഞാന്‍ അദ്ദേഹത്തിന്റെ വാത്സല്യനിര്‍ഭരമായ ഉപദേശം ശ്രദ്ധിച്ചു കേട്ടു. ‘Don’t you respect my white hair ?’ എന്നു ചോദിച്ചുകൊണ്ട് ഒരു പിതൃസ്വരൂപത്തിലാണ് അദ്ദേഹം എന്നോട് ഇടപെട്ടത്. ഒന്നാം സെമസ്റ്ററില്‍ ഒന്നാം റാങ്ക് ലഭിച്ച മാത്യുവിന് ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ എം.കോം. പാസാകാനാകും. നല്ലൊരു അധ്യാപകനായി പേരെടുക്കാനും കഴിയും. പഠിപ്പു മുടക്കി സമരം ചെയ്യുന്നത് ശരിയല്ല. പ്രതിഷേധം പ്രകടിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടല്ലോ. വാത്സല്യപൂര്‍ണമായ ആ ശാസനയ്ക്ക് ഞാന്‍ കീഴടങ്ങി. മാപ്പ് പറഞ്ഞ് ഞാന്‍ ഹോസ്റ്റലിലേക്കു മടങ്ങി.. അദ്ദേഹത്തിന്റെ അനന്തിരവന്‍ മോഹന്‍കുമാര്‍ അന്നു കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയായിരുന്നു, എന്റെ സുഹൃത്തും. അതുകൊണ്ടുകൂടിയാവാം ഗുപ്തന്‍ നായര്‍ സാര്‍ എന്നെ പ്രത്യേകം ശ്രദ്ധിച്ചത്.
ഗുപ്തന്‍ നായര്‍ സാര്‍ എനിക്കെഴുതിയ രണ്ടു കത്തുകള്‍  ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. അദ്ദേഹം നല്‍കിയ പുസ്തകങ്ങള്‍ എന്റെ ഷെല്‍ഫിലും എന്റെ ഹൃദയത്തിലും ഒരമൂല്യനിധിയായി ഞാന്‍ സൂക്ഷിക്കുന്നു. ‘ടാഗോര്‍ കവിയും മനുഷ്യനും’, ക്രാന്തദര്‍ശികള്‍, മനസാസ്മരാമി എന്നീ സ്വന്തം പുസ്തകങ്ങളും തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ രാമായണവും ഇസങ്ങള്‍ക്കപ്പുറവും ക്രാന്തദര്‍ശിയും ഞാന്‍ വാങ്ങി വായിച്ചു. ടാഗോറിന്റെ ആരാധകനായിരുന്ന ഗുപ്തന്‍ നായര്‍ സാര്‍, ‘വിശ്വഭാരതി’ എന്നു തന്റെ ഭവനത്തിനു പേരിട്ടു. ടാഗോര്‍ ആരാധകനായ ഞാന്‍ ശാന്തിനികേതനവും വിശ്വഭാരതിയും പില്ക്കാലത്ത് സന്ദര്‍ശിച്ചത ഗുപ്തന്‍ നായര്‍ സാറിനെ ഏറ്റവും സന്തോഷിപ്പിച്ച കാര്യമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ പേരൂര്‍ക്കടയിലുള്ള വസതിയായ വിശ്വഭാരതിയിലെത്തിയ എനിക്കുവേണ്ടി ഗുപ്തന്‍ നായര്‍ സാര്‍  നിലാവെളിച്ചത്തിരുന്നുകൊണ്ട് ഗീതാഞ്ജലിയെക്കുറിച്ച് ഒരു പ്രഭാഷണം നടത്തി. ഇടയ്ക്ക് ഈണത്തില്‍ പാടുകയും ചെയ്തു.  ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷയിലെ ചില തെറ്റുകളെക്കുറിച്ചും അന്നദ്ദേഹം സംസാരിച്ചു. ‘Thou hast made me endless. Such is thy pleasure”,  ഗീതാഞ്ജലി തുടങ്ങുന്നത് അങ്ങനെയാണല്ലോ. എന്നാല്‍ ബംഗാളി ഇംഗ്ലീഷാക്കിയപ്പോള്‍ ടാഗോറിനുപോലും സൂക്ഷ്മതക്കുറവ് സംഭവിച്ചെന്നാണ് ഗുപ്തന്‍ നായര്‍ സാര്‍ പറഞ്ഞത്. ‘അങ്ങ് എന്നെ അനശ്വരനായി സൃഷ്ടിച്ചു. അതാണ് അവിടത്തെ ലീല’ ‘ഏമാനിലീല തവ’ എന്ന ബംഗാളിയിലെ പ്രയോഗം. ഈശ്വരന്റെ ലീല എന്നതിന് ‘Pleasure” എന്നെഴുതിയാല്‍ പോരാ എന്നാണ് സാറിന്റെ അഭിപ്രായം. അതൊരു divine design ആണ്. ഭാരതീയ സാംസ്‌കാരിക  വേദാന്ത ചിന്തയില്‍ പറയുന്ന ഈശ്വരേച്ഛയ്ക്കും ഈശ്വരലീലയ്ക്കുമാണ് കൂടുതതല്‍ ഔചിത്യം എന്ന കാര്യം അവിതര്‍ക്കിതമാണല്ലോ! ടാഗോറിന്റെ ‘ബലി’യും ‘ചിത്ര’യും അദ്ദേഹം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും അവയെല്ലാം സ്റ്റേജില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു.
ഗുപ്തന്‍ നായര്‍ സാറിന്റെ വീട്ടുമുറ്റത്തെ മുളങ്കൂട്ടത്തിനു ശാന്തിനികേതനുമായുള്ള ബന്ധം അദ്ദേഹം ഒരിക്കല്‍ വിശദീകരിച്ചിട്ടുണ്ട്. പ്രശസ്ത സാമൂഹികപ്രവര്‍ത്തകനായ മിത്രനികേതന്‍ വിശ്വനാഥന്‍, ശാന്തിനികതില്‍ നിന്ന് കൊണ്ടുവന്നുതന്ന ഒരു മുളംചെടിയാണ് വളര്‍ന്നു മുളങ്കൂട്ടമായത്. 2006-ല്‍ ഗുപ്തന്‍ നായര്‍ സാറിനെ സംസ്‌കരിച്ചതും, അദ്ദേഹം ആഗ്രഹിച്ചതുപോലെ ആ മുളങ്കൂട്ടത്തിനടുത്തായിരുന്നു.
കൊമേഴ്‌സ് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്കും വകുപ്പു മേധാവി ഡോ. പുരുഷോത്തമന്‍ നായര്‍ സാറിന്റെ നേതൃത്വത്തില്‍ ഗുപ്തന്‍ നായര്‍ സാറിന്റെ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. അവയിലൊന്ന് ഗുപ്തന്‍ നായര്‍ സാറിന്റെ ”ബുക്ക്‌റിവ്യൂ” എന്ന പ്രഭാഷണമായിരുന്നു. പിന്നെ വിവേകാനന്ദ സ്വാമികളുടെയും ടാഗോറിന്റെയുമൊക്കെ ദര്‍ശനങ്ങള്‍ അദ്ദേഹം ലളിതമായി പറഞ്ഞുതന്നു. മനോഹരമായ ഇംഗ്ലീഷ് ശൈലിയും ഉച്ചാരണവുമായിരുന്നു സാറിന്റേത.് ഒരു തെറ്റുമില്ലാത്ത ഇംഗ്ലീഷ,് ഇതുപോലെ സുന്ദരമായി പറയുന്ന മലയാളം അദ്ധ്യാപകരെ മുമ്പ് കണ്ടിട്ടില്ല. ഗുപ്തന്‍ നായര്‍ സാറിന്റെ ഇംഗ്ലീഷ് – മലയാളം ഡിക്ക്ഷണറിയാണ് ഇന്നും ഞാന്‍ ഉപയോഗിക്കുന്നത്. അതിലെ ഇംഗ്ലീഷ് ഉച്ചാരണം ഡാനിയല്‍ ജോണ്‍സിന്റെ ഇംഗ്ലീഷ് ഫണെറ്റിക്്‌സ് നിയമമനുസരിച്ചാണ് കൊടുത്തിരിക്കുന്നെതന്ന് എടുത്തു പറയേണ്ടതുണ്ട്.
കാലക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുതന്നെ വരാം. ഡോ. ടി.കെ. രാമചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥി, പ്രഫ. ഷെപ്പേര്‍ഡിന്റെ പ്രിയശിഷ്യന്‍. ‘ബ്ലേക്ക്’ രാമചന്ദ്രന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കുസൃതിപ്പേര്. എന്നെ അത്‌ലറ്റിക് ടീമിന്റെ ജനറല്‍ ക്യാപ്റ്റനായി നിര്‍ദ്ദേശിച്ചത് രാമചന്ദ്രനായിരുന്നു. എന്റെ മുറിയില്‍ കൂടെക്കൂടെ വരും. ഇലക്ഷനുവേണ്ടി അദ്ദേഹം തയ്യാറാക്കി ഇറക്കിയ ബ്രോഷറില്‍ എന്റെ ഫോട്ടോയോടൊപ്പം ചേര്‍ത്ത വരികള്‍ ബൈബിളില്‍ നിന്ന് എടുത്തതായിരുന്നു,’Blessed are the meek, for they shall inherit the earth”. ആയിടെയാണ് ക്യാമ്പസില്‍ നിന്ന് ഗവേഷകവിദ്യാര്‍ത്ഥികളായിരുന്ന എബ്രഹാം ബന്‍ഹര്‍, ടി.കെ. രാമചന്ദ്രന്‍, വേണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്ത വന്നത്. അടിയന്തരാവസ്ഥയെ തുടര്‍ന്നുള്ള സംഭവങ്ങളുടെ പേരിലായിരുന്നു അത്. രാജന്‍ സംഭവം നടന്നതും പ്രഫ. ഈച്ചരവാര്യരെ ഞാന്‍ പരിചയപ്പെടുന്നതുമൊക്കെ അക്കാലത്താണ്. അറസ്റ്റ് ചെയ്തവരെ ലോക്കപ്പില്‍ നിന്ന് വിടുവിക്കുന്നതില്‍ ഗുപ്തന്‍ നായര്‍ സാര്‍ വഹിച്ചു പങ്കു വലുതാണ്. പ്രഫ. എന്‍.എന്‍. മാത്യുവായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍. ”അവര്‍ എന്റെ കുട്ടികളാണ്. യാതൊരുവിധ ദേശദ്രോഹ പ്രവര്‍ത്തനത്തിലും അവര്‍ പങ്കെടുക്കുകയില്ല” എന്ന ഗുപ്തന്‍ നായര്‍ സാറിന്റെ പോലീസ് സൂപ്രണ്ടിനോടുള്ള സാക്ഷ്യപ്പെടുത്തലാണ് അവരെ വിട്ടയയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. സാറിന്റെ ശിഷ്യരില്‍ ഐ.പി.എസ് കാരും ഐ.എ.എസുകാരും ഒക്കെയുണ്ടായിരുന്നു. രാഷ്ട്രീയനേതാക്കന്മാരെയും മന്ത്രിമാരെയും അടുത്തറിയാമെന്നതും ഒരു വസ്തുതയത്രേ.
മലയാളികള്‍ക്കെല്ലാം അദ്ദേഹം ഗുരുവോ, ഗുരുതുല്യനോ ആയിരുന്നു. കേരളത്തിലെ എത്രയോ കലാലയങ്ങളില്‍ അദ്ദേഹം പ്രൗഢപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടാവണം. 1961-ല്‍ ദേവഗിരി കോളേജില്‍ നടന്ന നാടകോത്സവത്തില്‍ ഗുപ്തന്‍ നായരായിരുന്നു മുഖ്യാതിഥി. അന്നദ്ദേഹം നടത്തിയ ഉജ്ജ്വലപ്രഭാഷണത്തെപ്പറ്റി അവിടെയുള്ള പുരോഗിതന്മാര്‍ പറയുമായിരുന്നു. അര്‍ണോസ് പാതിരിയുടെ നിഘണ്ടു പ്രസാദനം ചെയ്യാന്‍ തനിക്കു സാധിച്ചത് ഗുരുകടാക്ഷം കൊണ്ടാണെന്ന് അദ്ദേഹം തന്റെ ആത്മകഥയായ മനസാസ്മരാമിയില്‍ പറഞ്ഞിട്ടുണ്ട്.