വേദനയുടെ ദാര്‍ശനിക ഭൂപടങ്ങള്‍
ഗാസ്പര്‍. കെ.ജെ
മനുഷ്യവേദനയുടെ അര്‍ത്ഥതലങ്ങള്‍ പരിശോധിച്ച പ്രതിഭകള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. സാഹിത്യവും കലയും തത്ത്വചിന്തയും സഹനത്തിന്റെ പൊരുള്‍തേടി അലഞ്ഞതിന്റെ നാള്‍വഴിക്കുറിപ്പുകള്‍ എന്തെല്ലാം മനുഷ്യസംസ്കാരത്തിന് നല്‍കിയില്ല! വേദനയുടെ ഭൂപടത്തില്‍ മനുഷ്യന് എന്ന ജീവി എങ്ങനെയെല്ലാമാണ് അടയാളപ്പെട്ടത്. മനുഷ്യസഹനത്തെക്കുറിച്ച് അതിപുരാതന അന്വേഷണങ്ങളിലൊന്ന് ജോബിന്റെ പുസ്തകം തന്നെ. മറ്റൊന്ന് സോഫോക്ലീസിന്റെ ദുരന്തനാടകമായ ഫിലോക്റ്റെറ്റസ്.
ഹെബ്രായ സാഹിത്യത്തിന്റെ മഹത്തായ സംഭാവനയെന്ന് വാഴ്ത്തപ്പെടുമ്പോഴും ജോബിന്റെ പുസ്തകം അതിന്റെ നാടകരൂപത്തില്‍ത്തന്നെ ഏറെ പഴക്കമുള്ള മറ്റ് പല സംസ്കൃതികളുടെയും വേരുകളില്‍ നിന്നാകണം പൊടിപ്പെടുത്തതെന്ന ഗവേഷകവാദം തെളിവുകള്‍കൊണ്ട് ശരിയാകുന്നുണ്ട്. എന്തുകൊണ്ട് മനുഷ്യന് സഹിക്കേണ്ടിവരുന്നു എന്ന അതിപുരാതനമായ ചോദ്യത്തെ തന്റെ ദൈവസങ്കല്‍പ്പത്തിന്റെ വെളിച്ചത്തില്‍ ജോബിന്റെ പുസ്തകരചയിതാവോ, രചയിതാക്കളുടെ സംഘമോ പുനഃപരിശോധിക്കുകയാകണം. ദൈവവും സാത്താനും തമ്മില്‍ നടന്ന മത്സരത്തില്‍ ജോബ് പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. സാത്താന്, ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് പറയുന്നു. ജോബിന് ഇത്രമേല്‍ ജീവിതസമൃദ്ധി നല്കിയതുകൊണ്ടാണ് അയാള്‍ നിന്നെ ചോദ്യം ചെയ്യാത്തത്. ദൈവം സാത്താന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ജോബിന്റെ ജീവനെ സ്പര്‍ശിക്കാതെ അയാളെ നിനക്ക് പരീക്ഷിക്കാം. അങ്ങനെ ജോബിന് എല്ലാം നഷ്ടപ്പെടുന്നു. ലുത്തിനിയ പോലെ ഗ്രന്ഥകര്‍ത്താവ് /ഗ്രന്ഥകര്‍ത്താക്കള്‍ എഴുതുന്നു. എന്നിട്ടും ജോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. എന്തുകൊണ്ട് തനിക്ക് സഹനങ്ങള്‍ ഉണ്ടായി എന്നതിനെപ്പറ്റി ജോബിന്റെ സുഹൃത്തുക്കള്‍ അയാളുമായി തര്‍ക്കത്തിലേര്‍പ്പെടുന്നുണ്ട്
എല്ലാത്തിനും കാരണമുണ്ട്; നമുക്കറിയില്ല എന്നതുകൊണ്ട് കാരണമില്ലായെന്ന് പറയാനാകില്ല എന്ന് വാദിക്കുന്ന തത്ത്വചിന്താപഠിതാക്കളില് പലരും ജോബിന്റെ പുസ്തകരചയിതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന സഹനമെന്ന ദുര്‍ഗ്രഹതയുടെ വാദത്തിന്റെ പൊരുള്‍ അറിയുന്നില്ല. സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും കാരണമുണ്ടെങ്കില്‍ ഏതു കാരണവും ഏതു കാര്യത്തിന്റെയും കാരണമാകാം. പില്ക്കാലത്ത് ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ കാര്യകാരണബന്ധ പഠനങ്ങളിലെ അഞ്ച് സൈദ്ധാന്തിക മാതൃകകളും ചിന്തകര്‍ പിന്തുടരുമ്പോഴും ഏതൊരു കാരണവും ഏതു കാര്യത്തിന്റെയും പിന്നില്‍ യാതൊരു കാരണവുമില്ലാതെ നിരന്നുനില്ക്കുമെന്ന പ്രഹേളികയും അതില്‍ ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയുന്നുണ്ട്. ജോബിന്റെ ചരിത്രരചയിതാക്കള്‍ വളരെ നേരത്തെ തന്നെ ജോബിന്റെ നിശ്ശൂബ്ദതയിലൂടെയും ദൈവത്തിന്റെ കീറാമുട്ടി ചോദ്യങ്ങളിലൂടെയും ഇത് തന്നെയാണ് പറയുന്നത്. പ്രപഞ്ചം മുഴുവന്‍ മഞ്ഞനിറമാണെങ്കില്‍, പിന്നെ മഞ്ഞനിറമില്ലായെന്ന ചിന്തയുടെ കുസൃതിപോലെ എല്ലാത്തിനും കാരണമുണ്ടെങ്കില്‍ പിന്നെ ഒന്നിനും നിയതമായ കാരണമില്ലായെന്ന അടഞ്ഞവാതിലിന് മുന്നില്‍ ഒരാള്‍ക്ക് നില്ക്കേണ്ടിവരുന്നുണ്ട്. കാരണമില്ലാത്ത വേദനകളില്‍ ഉഴറുമ്പോള്‍, ദൂരെയാരോ വേദനിക്കുന്നുവെന്ന് അറിയുകയാണ് ഒരാള്‍ എന്ന് ഒ.വി.വിജയന് എഴുതുന്നത് ജോബിന്റെ പുസ്തകത്തിനുള്ള വ്യാഖ്യാനം പോലെ തോന്നുന്നു. വേദനകള്‍ മറ്റുള്ളവരുടെ വേദനകളിലേയ്ക്കുള്ള പാതകള്‍ തുറന്നിടുന്നുണ്ടാകണം. വേദന വേദനയോട് സംവദിക്കുന്നു. എന്നോടല്ല – വേദനയോട് മാത്രം. സോഫോക്ലീറ്റസിന്റെ ട്രാജഡിയായ ഫിലോക്റ്റെറ്റസ് മാത്രം. ഈ വേദനയെ അതിന്റെ എല്ലാ ഔന്നത്യത്തോടും കൂടെ അവതരിപ്പിക്കുന്നുണ്ട്.
ഏതന്‍സിന്റെ ദീര്‍ഘമായ യുദ്ധകാല പശ്ചാത്തലത്തില്‍ വേദനയുടെ മുഴുവന്‍ തലങ്ങളെയും ഫിലോക്റ്റെറ്റസ് എന്ന തന്റെ നാടകത്തിലൂടെ സെഫോക്ളീസ് അവതരിപ്പിക്കുന്ന. പൊതുവര്‍ഷാരംഭത്തിന് മുന്നേ ഏഴാം നൂറ്റാണ്ടില്‍ ജോബിന്റെ പുസ്തകം പറയുന്നു: ദൈവവും സാത്താനുമായുള്ള മത്സരമാണ് ജോബിനെ വേദനയിലേക്ക് വലിച്ചെറിയുന്നതെന്ന്. ആ മത്സരം മനുഷ്യനെ കരുവാക്കുന്നു. പൊതുവര്‍ഷത്തിന് മുന്നേ നാലാം നൂറ്റാണ്ടില്‍ ഫിലോക്റ്റെറ്റസ് എന്ന ധീരയോദ്ധാവ് ക്രീസേ എന്ന മത്സ്യകന്യകാദേവതയുടെ ക്ഷേത്രകാവിലുള്ള സര്‍പ്പത്തിന്റെ ദംശനത്താലുണ്ടാകുന്ന മുറിവിനാലാണ് വേദനയുടെ തീക്കടലില്‍ വീഴുന്നത്. അയാള്‍ അവിടെ യാദൃശ്ചികമായി കയറിയതാണ്. തന്റെ അഴുകിയ ചര്മത്തിനുള്ളിലിരുന്ന് ജോബ് ദൈവത്തെ സ്തുതിക്കുന്നുണ്ട്. ദൈവവുമായി അയാള്‍ സംവാദത്തിലേര്‍പ്പെടുന്നുണ്ട്. തന്റെ ഈ ലോകജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്റെ നിഷ്കളങ്കത തെളിയിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. ജോബിന്റെ പുസ്തകം പൊതുവെ വായിച്ചെടുക്കുന്നത് വേദനയുടെ കാരണമമ്വേഷിക്കുന്ന കാവ്യമെന്നാണ്. പില്ക്കാലത്ത് ഗ്രീക്ക് ട്രാജഡിയായ ”ട്രാഗനിലെ സ്ത്രീകള്‍” എന്ന യൂറിപ്പിടിയന് ട്രാജഡിയും ഈ വഴിയെ നീങ്ങുന്നുണ്ട്. എന്തുകൊണ്ട് വേദനകള്‍? ഈ ലോക- ജീവിതാനുഭവങ്ങളുടെ തന്നെ ഉദാഹരണങ്ങള്‍ നിരത്തിയാണ് ദൈവം ജോബിനെ നേരിടുന്നത്. പ്രപഞ്ചിന്റെ മഹാരഹസ്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ജോബിനെ ദൈവം നിശ്ശബ്ദനാക്കി. ദൈവത്തിന്റെ വര്‍ത്തമാനവും ഭാഷയും തന്റേതല്ലെന്ന് ജോബിന് വെളിവുണ്ടാകുന്നു. ആ ഭാഷയിലാണ് സഹനത്തിന്റെ വര്‍ത്തമാനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതെന്ന് ജോബിന്റെ ഗ്രന്ഥകര്‍ത്താക്കള്‍ വായനക്കാരോട് പറയുന്നുണ്ടാകണം. ദാര്‍ശനികനായ മാര്ട്ടിന് ബൂബര്എഴുതി: ”ജോബ് ദൈവവിശ്വാസിയായിരുന്നിട്ടുകൂടി ഇപ്പോള്‍ നീതിയില്‍ വിശ്വസിക്കുന്നു. അയാള്‍ നീതിയില്‍ വിശ്വസിക്കുമ്പോഴും ദൈവത്തിലും വിശ്വസിക്കുന്നു.” (പ്രവാചകവിശ്വാസം എന്ന പുസ്തകത്തില്‍ നിന്ന്). നാസീ ഭരണകൂടത്തിന്റെ പീഡനപര്‍വം താണ്ടിയെത്തിയ ഏലിവീസല്‍ രാത്രി’ എന്ന കൃതിയിലൂടെ ലോകത്തെ നിശ്ശബ്ദമാക്കിക്കൊണ്ട് ദൈവനീതിയെ ചോദ്യം ചെയ്യുന്നുണ്ട്. ഞങ്ങളുടെ മഹാവേദനകളില്‍ നിന്റെ നീതിയെവിടെയെന്നും അദ്ദേഹം ചോദിക്കുന്നു. കടല്‍സ്രാവിന്റെ ഇരയാകാന്‍ വിസമ്മതിച്ച് ഉഴറിയോടുന്ന ചെറുമീന്‍ ദൈവത്തിന് നേരെ സ്വരമുയര്ത്തുന്നതിനെപ്പറ്റി നിക്കോസ് കസാന്ദ് സാക്കീസുമെഴുതി. എന്തുകൊണ്ടാണ് ബലമില്ലാത്തവര്ക്കൊപ്പം നിനക്ക് നില്ക്കാനാകാത്തതെന്ന് തന്റെ പ്രാണവേദനാ സ്വരത്തില്‍ മീന്‍ ചോദിക്കുന്നു. എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു കളഞ്ഞു എന്ന ക്രൂശിതനായ ക്രിസ്തുവിന്റെ വിലാപം ജോബിന്റെ രോദനം തന്നെയാണ്. ക്രൂശിതന്റെ നിലവിളിയില്‍ പ്രപഞ്ചവും ദൈവവും മൗനത്തിലാണ്. ജോബിന്റെ ഗ്രന്ഥകര്‍ത്താക്കള്‍ ദൈവത്തിന്റെ വര്‍ത്തമാനത്തില്‍ മൗനം നിറച്ചുവയ്ക്കുന്നു, പറയാനും എഴുതാനുമാവാത്ത ഒന്നിനെ പില്ക്കാല ഹെബ്രായസാഹിത്യം ”അഗ്രാസ് എന്നു വിളിക്കുന്നുണ്ട്. ഭാഷയെവെല്ലുന്ന വര്‍ത്തമാനങ്ങള്‍ ദൈവത്തിനും പ്രപഞ്ചത്തിനുമിടയിലെ മൗനസ്ഥലിയില് വേദനയുടെ മരുക്കാലങ്ങള്‍ താണ്ടുന്ന മനുഷ്യരെയാണ് സോഫോക്ലീസ് വരച്ചത്. ഹെരാസ്ളേസ് എന്ന ധീരന്റെ വേദനയെ ചിത്രീകരിക്കുന്ന ത്രാക്ടീസിലെ സ്ത്രീകള്‍” എന്ന നാടകം ഉദാഹരണം. ഫിലോക്റ്റെറ്റെസ് ഏകാന്തതയുടെ ദീപിലേയ്ക്കാണ് തഴയപ്പെടുന്നത്. ട്രോയിയുമായുള്ള യുദ്ധകാലത്തിനിടയില്‍ ധീരയോദ്ധാവായ ഫിലോക്റ്റെറ്റെസ് അയാളുടെ മുഴുവന്‍ സഹനങ്ങളോടെയും ലെമ്നോസ് ദ്വീപിലേക്ക് നാടുകടത്തപ്പെടുന്നു. സമയവും ചരിത്രവും സംസ്കാരവും വംശാവലി കളും ഇല്ലാതെ, സ്വത്ത്വനിര്മിതികളുടെ സകലസാധ്യതകളും അടയ്ക്കപ്പെട്ട അയാള്‍ വേദനയുടെ അതിര്‍ത്തികളില്‍ വലിയ രോദനമായി മാത്രം മാറുന്നുവെന്ന് ഗ്രീക്ക് ക്ലാസ്സിക്കല്‍ കൃതികളുടെ പണ്ഡിതയായ ഈഡിത്ത് ഹാള്‍ എഴുതുന്നുണ്ട്. പട്ടാളമേധാവിയായ ഒഡീസ്സിയൂസും നിയോടോളമേസ് എന്ന യുവാവായ പട്ടാളക്കാരനും ഫിലോക്റ്റെറ്റസിനെ തേടിയെത്തുന്നത്, ട്രോയ് യുദ്ധത്തില്‍ അയാളുടെ അജയ്യമായ വില്ലിന്റെ സഹായം തേടിയാണ്. ഫിലോക്തെത്തെസിന്റെ വേദനയുടെ കരച്ചിലും ഭാഷയും മുറിവിന്റെ ദുര്‍ഗന്ധവും അവര്‍ക്ക് താങ്ങാനാകുന്നില്ല. അവര്‍ നില്ക്കുന്ന സംസ്കാരഭൂമിയിലല്ല വേദനയുടെ മനുഷ്യന് നില്‍ക്കുന്നത്. വേദനിക്കുന്ന മനുഷ്യനായ ഫിലോക്റ്റെറ്റസിനോട് സംവദിക്കുന്നത്, വേദനയിലൂടെ തന്നെ മരണകവാടം കടന്നുപോയ അയാളുടെ പഴയ സുഹൃത്ത് ഹെരാക്ലേസ് മാത്രം. വേദനകള്‍ തമ്മിലുള്ള സംവാദഭാഷയിലൂടെ സഖ്യത്തിന്റെ ”മരുന്ന്” രൂപപ്പെടുന്നു.
വേദനയുണ്ടാക്കുന്ന നിരവധിയായ കാരണങ്ങള്‍ നിരത്തി ഒരാള്‍ തന്റെ അസ്തിത്വത്തെ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. സാമൂഹ്യവും സാംസ്കാരികവും മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നെയ്തെടുക്കപ്പെടുന്നതാണ് ഒരാളുടെ സ്വത്വാനുഭവമെങ്കില് അവയില്‍ സഹനാനുഭവങ്ങള്‍ ഇഴചേരുകയും ഇഴപിരിയുകയും ചെയ്യുന്നുണ്ട്. മനുഷ്യാനുഭവങ്ങളെ നെയ്തുതീര്ന്നതായി തറിയും നെയ്ത്തുകാരും അവകാശപ്പെടുമ്പോഴും പിന്നെയും അവശേഷിക്കുന്ന നൂലിഴകള്‍ ഓാടത്തിനുപിടിതരാതെ തെന്നിത്തെറിച്ച് നില്‍ക്കുകയാണ്. അത് സഹനത്തിന്റെ നൂലിഴകളാണ്.
വേദനയുടെ അക്ഷാംശത്തിലും രേഖാംശത്തിലും അടയാളപ്പെടുന്ന ”ഞാന്‍” എന്ന സ്വത്ത്വമെന്താണ്? അഥവാ സാമൂഹ്യ- രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രം അടയാളപ്പെടാനാകാത്തവിധം ”എന്നെ” വേദന അറിവായി നിര്ണയിക്കുന്നതെങ്ങനെയാകാം? ഗ്രീക്ക് തത്ത്വചിന്തയുടെ ഔന്നത്യഘട്ടത്തില് ”സ്വയംഅറിയുക” എന്ന ചിന്താദൗത്യം സോക്രട്ടീസ് മുന്നോട്ടുവച്ചിരുന്നു. ഒരാള്‍ അയാളില്‍ത്തന്നെ എന്താണ്? സ്വത്വം പലവിധ അടരുകളാല്‍ നിര്‍മിതമാണോ? അങ്ങനെയാണെങ്കില്‍ വേദനയുടെ അടരുകള്‍ അറിവായി രൂപപ്പെടുന്നുണ്ടോ? എല്ലാ മനുഷ്യാനുഭവങ്ങളും യുക്തിഭ്രദമായ ചട്ടക്കൂടിനുള്ളില്‍ അറിവായി മാറുന്നുണ്ടോ? സോക്രട്ടീസിന്റെയും പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും മഹത്തായ ഗ്രീക്ക് ചിന്താ പാരമ്പര്യങ്ങളില്‍ ആരെത്തെ (Arete) എന്ന Excellence ആണ് മനുഷ്യാടിസ്ഥാനമായി അന്വേഷിക്കപ്പെട്ടിരുന്നത്. അഗോറകളിലും പൊതു ഇടങ്ങളിലും ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും വിളക്കുമായി സോക്രട്ടീസ് നടന്നത് മനുഷ്യനായിരിക്കുക എന്നതിന്റെ അടിത്തട്ട് തേടിയാണ്. ചരിത്രത്തില്‍ അടയാളപ്പെടുകയും അതിനാല്‍ മാത്രം അറിവായി മാറുകയും ചെയ്യുന്നവ മാത്രമാണോ അത്? ‘Virtue is knowledge എന്നും Knowledge is virtue’ എന്നും സോക്രട്ടീസ് പറയുമ്പോള്‍ ഏത് അറിവിനെയാണ് അദ്ദേഹം സൂചിപ്പിച്ചത്? അന്വേഷണത്തിന്റെ ഏത് നിമിഷത്തിലാണ് ഒരാള്‍ തന്നെത്തന്നെ അറിയുന്നത്? ഗുഹയുടെ ആലങ്കാരിക കഥ പറഞ്ഞും അറിവിന്റെ വിഭജിത രേഖാചിത്ര രൂപകം അവതരിപ്പിച്ചും സോക്രട്ടീസിന്റെ ശിഷ്യനായ പ്ലേറ്റോ ഈ അറിവിനെ മനുഷ്യാനുഭവത്തിന്റെ പല തലങ്ങളായി അവതരിപ്പിക്കുന്നു. പ്ലേറ്റോയിലും പ്ലാറ്റോണിക് ഡയലോഗുകളിലെ സോക്രട്ടീസിലും ജ്ഞാനം അന്വേഷിക്കുന്ന മനുഷ്യപ്രവൃത്തിയുടെ തുടക്കം മനുഷ്യരില്‍ തന്നെയാണ്. ഇന്ദ്രിയാനുഭവങ്ങളിലും മാനസികവൃത്തികളിലും വൈകാരികാനുഭവങ്ങളിലും മനുഷ്യരില്‍ പൊട്ടിമുളയ്ക്കുന്ന വേരുകള്‍ അവര്‍ കണ്ടെത്തുന്നുണ്ട്. അറിവ് മനുഷ്യവൃത്തിയും പ്രവൃത്തിയും തന്നെ. പില്ക്കാലത്ത് അരിസ്റ്റോട്ടിലിന്റെ ചിന്താപദ്ധതികള്‍ ജ്ഞാനത്തിന്റെ വ്യക്തി അധിഷ്ഠിതവും സക്രിയവുമായ ഈ വേരില്‍ നിന്നും അടര്‍ത്തിമാറ്റി ”പാത്തോസ്’ എന്ന അനുഭവമണ്ഡലത്തെ അവതരിപ്പിക്കുന്നുണ്ട്. എവിടെനിന്ന് എന്നറിയാതെ വന്നുപതിക്കുന്ന സഹനാനുഭവങ്ങള്‍ സക്രിയതകളുടെ ജ്ഞാനമണ്ഡലത്തിനു പുറത്താണെന്ന് അരിസ്റ്റോട്ടില്‍ എഴുതി. ”പാത്തോസ്’ പാഷനും ഇമോഷനും ആയി മാറിയ ആംഗലേയ ചിന്താപാരമ്പര്യത്തിന് അരിസ്റ്റോട്ടിലിന്റെ ”പാത്തോസ്” നല്കിയ അപരത്വത്തിന്റെയും അപാരതയുടെയും സൂചനകള്‍ കൃത്യതയോടെ അടയാളപ്പെടുത്താനായില്ല. നിക്കോമാക്കിയന്‍ എത്തിക്സില്‍ അരിസ്റ്റോട്ടില്‍ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ അറിവിന്റെ മണ്ഡലങ്ങളില്‍ ഫ്രൊണേസിസ്’ എന്നു വിളിച്ച ”പ്രയോഗികജ്ഞാന”ത്തിന്റെ വകഭേദംപോലെ ”പാത്തോസ്” പില്ക്കാലത്ത് തിരുത്തിയെഴുതപ്പെട്ടു. അനുഭവങ്ങളുടെ സംഘാതത്തില്‍ നിന്നുകൊണ്ട് പൊടുന്നനെ ഉയരുന്ന പുത്തന്‍ അനുഭവത്തിന്റെ വര്‍ത്തമാന ശകലത്തിന് അര്‍ത്ഥം കണ്ടെത്താനുള്ള പ്രായോഗികജ്ഞാനമായി മാറിയ ഫ്രൊണേസിസില് വ്യക്തിയിലൂന്നിയ സക്രിയത വ്യക്തമായിരുന്നു. ഇതേ ക്രിയാംശം തന്നെയാണ് ട്രാജഡികള്‍ കാണുമ്പോള്‍ ഒരാളിലുണ്ടാകുന്ന വികാരവിരേചനത്തിന്റെ (കഥാര്‍സിസ്) അടിത്തറയൊരുക്കുന്നതെന്നും പിന്നീട് അരിസ്റ്റോട്ടിലിന്റെ ചിന്ത വ്യാഖ്യാനിക്കപ്പെട്ടു. സ്റ്റോയിക് ചിന്തകനായ ക്രിസിപ്പൂസിന്റെ ചിന്തയില്‍ യുക്തിഭദ്രമല്ലാത്ത ”വൈകാരിക അരാജതകള്” യുക്തിയിലൂന്നിയ അനിയന്ത്രിത പ്രകടനങ്ങള്‍ മാത്രമായി വിശദമാക്കപ്പെട്ടതും പിന്നീടുണ്ടായ അരിസ്റ്റോട്ടിലിയന്‍ ‘പാത്തോസ്” പഠനങ്ങളെ സ്വാധീനിച്ചു. വേദനയുടെ നാനാര്‍ത്ഥങ്ങള്‍ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെയും യുക്തിയുടെ പിത്തലാട്ടങ്ങളുടെയും ചുരുക്കെഴുത്തുകളായി ചരിത്രത്തില്‍ ഇടം നേടി. ചരിത്ര ത്തിനു വെളിയില്‍ നിന്നെന്നപോലെയെത്തി, ചരിത്രത്തെയും വ്യക്തിയെയും ഭേദിക്കുന്ന വേദനയുടെ ഭൂപടങ്ങള്‍ വ്യക്തിയുടെ യുക്തി സ്വാതന്ത്ര്യങ്ങളുടെ ഭാഗമായി ചുരുങ്ങി.