മൂക്കില്ലാ രാജ്യത്തെ മുറിമൂക്കര്‍ സെലിബ്രിറ്റികള്‍!

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കര്‍ സെലിബ്രിറ്റികള്‍!

അഗസ്റ്റിന്‍ പാംപ്ലാനി
മനുഷ്യന്റെ ജൈവപ്രകൃതിയില്‍ തന്നെ അന്തര്‍ലീനമായിട്ടുള്ള ഒരു മൗലിക ആഭിമുഖ്യമാണ് പ്രതീകബദ്ധത. മനുഷ്യന്‍ പ്രതീകങ്ങളെ സൃഷ്ടിക്കുന്നു. പ്രതീകങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും ഉരുവാക്കപ്പെടുകയും  ചെയ്യുന്നു.
ശരീരം എന്ന പ്രതീകം സ്വത്വം എന്ന യാഥാര്‍ഥ്യത്തെയും ചിരി എന്ന പ്രതീകം സന്തോഷം എന്ന യാഥാര്‍ഥ്യത്തെയും സന്നിഹിതമാക്കുന്നതുപോലെ ഉദാത്ത പ്രതീകങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെ അനുഭവം സംസിദ്ധമാക്കുന്നവയാണ്.  ഉദാത്തമായ ചോദനകളെയും  മൗലികമായ അന്വേഷണങ്ങളെയും ആദര്‍ശങ്ങളെയുമൊക്കെയാണ്  പ്രതീകങ്ങളിലും ബിംബങ്ങളിലും ഒക്കെ കുടിയിരുത്തിയിരിക്കുന്നത്. മാനവികതയുടെ സജീവമായ ഒരു പ്രതീകമാണ് ഗാന്ധിജി. ശ്രീബുദ്ധന്‍ പ്രാപഞ്ചിക ചേതനയായ ആര്‍ദ്രതയുടെ പ്രതീകമാണ്. ഗാന്ധിജിയോ ബുദ്ധനോ ഒന്നും ആരുടെയും നിര്‍മിതിയല്ല. അവരൊക്കെ സ്വയമേ പിറന്നവരാണ്. ഉദാത്ത പ്രതീകങ്ങളും ബിംബങ്ങളുമൊക്കെ സ്വയംഭൂവാണ്.
എത്ര ഗോഡ്‌സെമാരെയും അതിജീവിക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം പ്രതീകങ്ങള്‍. ക്രിസ്തുവിന്റെ  മുറിവുകളെ തിരുമുറിവുകളായി പ്രതീകവല്‍ക്കരിക്കുന്നത് ആകാശവും ഭൂമിയും കടന്നുപോയാലും കടന്നുപോകാത്ത സനാതനമായ ഒരു അന്തര്‍മണ്ഡലം അവയെ അനുധാവനം ചെയ്യുന്നതുകൊണ്ടാണ്.  സംസ്‌കാരത്തിലേക്ക് സാത്വികമായ പുതിയ ഒരു പ്രതീകം നല്‍കണമെങ്കില്‍ അത് നല്‍കുന്ന വ്യക്തിക്ക് അപ്രതിഹതമായ ഒരു സുകൃതസംസ്‌കൃതി  ആവശ്യമാണ്. അപൂര്‍വം ചിലര്‍ക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണിത്.
പ്രതീകങ്ങള്‍ ചരിത്രപരമാവണമെന്നില്ല. അവ സാങ്കല്പികവുമാവാം. അങ്ങനെയാണ് ചരിത്രപുരുഷന്മാരോടൊപ്പം ഇതിഹാസനായകരും കെട്ടുകഥകളിലെ കഥാപാത്രങ്ങളുമൊക്കെ മാനവരാശിയുടെ അര്‍ത്ഥപ്രപഞ്ചങ്ങളെ സ്വാധീനിച്ചുപോന്നിട്ടുള്ളത്. പ്രതീകങ്ങളെ അന്വേഷിക്കുന്ന പ്രതീകജീവിയാണ് മനുഷ്യന്‍. ദൈവം ഇല്ലെങ്കില്‍ അങ്ങനെ ഒന്നിനെ എത്രയും വേഗം ഉണ്ടാക്കിയെടുക്കണമെന്ന് നിരീശ്വരനായ വോള്‍ട്ടയര്‍ പറഞ്ഞത് പ്രതീകങ്ങളുടെ ഈ അര്‍ത്ഥസംഗത്യം കണ്ടുകൊണ്ടാണ്.
പ്രതീകത്തിന്റെയോ ബിംബത്തിന്റെയോ ഒക്കെ വിപരീതമാണ് വിഗ്രഹങ്ങള്‍. ജീര്‍ണീകരിക്കപ്പെട്ട പ്രതീകമാണ് വിഗ്രഹം. തുണിക്കടയില്‍ മോടിയുള്ള വസ്ത്രം അണിയിച്ചിരിക്കുന്ന കണ്ണും മൂക്കും ഇല്ലാത്ത മനുഷ്യരൂപങ്ങള്‍ക്ക് മനുഷ്യരോടുള്ള സാദൃശ്യമേ വിഗ്രഹങ്ങള്‍ക്ക് പ്രതീകങ്ങളോടുളളു.  അതിനെ വേണമെങ്കില്‍ ചിഹ്നമെന്നോ അടയാളമെന്നോ വിളിക്കാം. ചിഹ്നങ്ങള്‍ക്ക് ഒരിക്കലും പ്രതീകങ്ങളാവാന്‍ സാധിക്കുകയില്ല. സൈന്‍ ബോര്‍ഡിലെ അടയാളങ്ങള്‍ പോലെ പ്രായോഗിക ഉപയോഗങ്ങള്‍ ഉള്ളപ്പോഴും ഉദാത്തമായ യാതൊന്നിന്റെയും അനുഭവം അവ സന്നിഹിതമാക്കുന്നില്ല. ആധുനികതയില്‍ പ്രതീകങ്ങള്‍ അപൂര്‍വമാകുകയും വിഗ്രഹങ്ങള്‍ പെരുകുകയും ചെയ്തിരിക്കുന്നു. പ്രതീകങ്ങളും വിഗ്രഹങ്ങളും തമ്മിലുള്ള അന്തരം തന്നെ തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് ഏറെ ശോചനീയം.
സുകൃതസമ്പന്നമായ പ്രതീകങ്ങളുടെ സ്ഥാനം ഇന്ന് സമൂഹത്തില്‍ കയ്യടക്കിയിരിക്കുന്ന നിര്‍മിത വിഗ്രഹങ്ങളാണ് സെലിബ്രിറ്റികള്‍. വിഗ്രഹത്തെയോ സെലിബ്രിറ്റിയെയോ നിയതമായി നിര്‍വചിക്കുവാന്‍ ഇവിടെ ശ്രമിച്ചിട്ടില്ല. അതിനാല്‍തന്നെ നമ്മുടെ സംസ്‌കാരത്തില്‍ സെലിബ്രിറ്റികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്‌കൃതചിത്തരായ പല വ്യക്തികളെയും ഇതിലെ വിമര്‍ശനങ്ങളുടെ വ്യാപ്തിയില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്.

പ്രതീകങ്ങള്‍ സ്വയം ജനിക്കുമ്പോള്‍ വിഗ്രഹങ്ങള്‍ നിര്‍മിക്കപ്പെടുന്നവയാണ്; മെനയപ്പെടുന്നവയാണ്; ഏച്ചുകെട്ടപ്പെട്ടവയാണ്. മാധ്യമങ്ങള്‍ പൊതുവെ വര്‍ഷാവസാനം നടത്തുന്ന ഒരു നാടകമുണ്ട്. മാന്‍ ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കുക. ഇതുപോലെ മാന്‍ ഓഫ് ദി സെഞ്ചുറിയും മാന്‍ ഓഫ് ദി ഡെക്കേഡും ഒക്കെ ഉണ്ടാകാറുണ്ട്. മുട്ടത്തോടിന്റെ കനമുള്ള ഏതെങ്കിലും ആദര്‍ശത്തെ അവതരിപ്പിച്ച, ഇന്നലത്തെ ഇടിയില്‍ കുരുത്ത കൂണുകളാവും ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഏറെയും താരങ്ങള്‍. ഉദാത്ത മാനവികതയുടെ പ്രണിതാക്കളും അംഗീകരിക്കപ്പെടുന്നത് ഇവിടെ തമസ്‌കരിക്കുന്നില്ല. ഗ്ലാമറിന്റെ ഉപരിപ്ലവത വിപണന മൂല്യമാക്കുന്ന സിനിമാതാരങ്ങള്‍ ഒരു പൊതുപരിപാടിക്ക് ലക്ഷങ്ങള്‍ പ്രതിഫലം പേറുമ്പോള്‍ സംസ്‌കാരത്തിന് ദിശാബോധം പകരുന്ന സാംസ്‌കാരിക-സാഹിത്യനായകര്‍ക്ക് പലപ്പോഴും വണ്ടിക്കൂലിപോലും കിട്ടാത്ത സാഹചര്യമുണ്ട് എന്നത് താരപൂജയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഒരു സാമൂഹിക സംസ്‌കൃതിയുടെ സ്ഥിരീകരണമാണ്.
സ്ഥാപനങ്ങളും രാജ്യങ്ങളും യു.എന്‍. തന്നെയും ഏതെങ്കിലും പ്രസക്തമായ ഒരു സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുവാന്‍ ബ്രാന്‍ഡ് അംബാസ്സഡര്‍മാര്‍ ആയി സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാറുണ്ട്. ഇതിന്റെ ഫലപ്രാപ്തിയെ വിലകുറച്ചുകാണുന്നില്ല. ബ്രാന്‍ഡ് അംബാസ്സഡര്‍ പദവി പലപ്പോഴും തിരിച്ചെടുക്കേണ്ടി വരുന്നതും സെലിബ്രിറ്റികളെ മാറ്റിപ്രതിഷ്ഠിക്കേണ്ടി വരുന്നതും ഇത്തരം രീതിശാസ്ത്രങ്ങളുടെ ആര്‍ജവത്വത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുക്കുന്നു. ആദര്‍ശം തന്നെയും ഉല്പന്നവും കച്ചവടവുമായി കണക്കാക്കേണ്ടിവരുന്ന വ്യവസ്ഥിതിയില്‍ പൂമാലയണിഞ്ഞവരുടെ വേഴപ്പകര്‍ച്ചകള്‍തന്നെ അതിന്റെ വില്പനക്കാരാകാതെ തരമില്ല. യുക്തികുറഞ്ഞ ചിന്തകരും വ്യക്തിത്വം കുറഞ്ഞ വ്യക്തികളും ശാലീനത കുറഞ്ഞ സുന്ദരിമാരും സമൂഹത്തിലേക്ക് ആദര്‍ശം വിളമ്പുമ്പോള്‍ ആദര്‍ശത്തിന്റെ നിഷ്ഠതയ്ക്കു തന്നെ ഒരു ഗതികേട് സംഭവിച്ചതുപോലെ. തിന്മയുടെ തേര് തെളിച്ചുകൊണ്ടാണ് ചരിത്രത്തില്‍ പലപ്പോഴും നന്മ കടന്നുവരാറുള്ളത് എന്ന തത്ത്വചിന്തകരുടെ നിരീക്ഷണത്തില്‍ ഇക്കാര്യത്തിലും ശുഭാപ്തിവിശ്വാസം പുലര്‍ത്താം.
സെലിബ്രിറ്റികളെ ആഘോഷിക്കുന്ന സമൂഹം തന്നെ ഒന്ന് ഇരുട്ടിവെളുക്കുമ്പോഴേക്കും അവരെ വേട്ടയാടുവാന്‍ ഇറങ്ങുന്നതും സെലിബ്രിറ്റികളുടെ ആഖ്യാനത്തിലേക്കുള്ള സൂചനകളാണ്. അല്പം രാഷ്ട്രീയചായ്വുള്ള ഒരു പ്രസ്താവനയുടെ പേരില്‍ എത്ര നിഷ്ഠൂരമായാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കാന്‍ മലയാളികള്‍ പോലും മടിക്കാതിരുന്നത്! ലോകകപ്പ് തോറ്റിട്ടുവന്ന വീരനായകരെ എത്ര നിര്‍ദയമായാണ് അവരുടെ തന്നെ തീവ്ര ആരാധകര്‍ ട്രോളിക്കൊണ്ടിരുന്നത്! വീരാരാധനയില്‍ മനുഷ്യര്‍ ആരാധിക്കുന്നത് വീരപുരുഷനെയല്ല തങ്ങളെത്തന്നെയാണ് എന്ന മനഃശാസ്ത്രം വളരെ പ്രകടമായി ഇവിടെ പുറത്തുവരുന്നു. മാതൃകാപരമായ താരപദവിയോ ജീവസുറ്റ പ്രതീകങ്ങളോ ബിംബങ്ങളോ ഒക്കെ കൃത്രിമമായി നിര്‍മിക്കപ്പെടുന്നതല്ലെന്നും അവ സ്വയം ജനിക്കേണ്ടതാണെന്നുമുള്ള ഓര്‍മപ്പെടുത്തലുകളാണിവ. വില കൂടാതെ വാങ്ങിയതും അധ്വാനിക്കാതെ നേടിയതും ഭാഗ്യത്തിന്റെ തലവരയില്‍ നിലനില്‍ക്കുന്നതും ഒന്നും ശാശ്വതമല്ല എന്ന് പാഠം. സെന്‍സേഷണലിസത്തിന്റെ അച്ഛശുഭ്രത ജലരേഖ പോലെയോ കൊള്ളിയാന്‍ പോലെയോ കടന്നുപോയാലും സമൂഹത്തില്‍ അവ നിഷേധാത്മകമായ ഒട്ടേറെ പോറലുകളും പൊള്ളലുകളും അവശേഷിപ്പിക്കുന്നു.
ഭ്രാന്ത് എന്ന മാനസിക പ്രശ്‌നത്തെ ചരിത്രപരമായും ദാര്‍ശനികമായും വിമര്‍ശനാത്മകമായി സമീപിക്കുന്ന ഗ്രന്ഥമാണ് മൈക്കേല്‍ ഫുക്കോയുടെ മാഡ്നെസ്സ് ആന്‍ഡ് സിവിലൈസേഷന്‍. ഭ്രാന്തന്മാര്‍ ഏതോ പ്രാപഞ്ചിക ശക്തിയുടെ പ്രകടനമാണെന്നും അവര്‍ എന്തൊക്കെയോ അസാമാന്യ വിജ്ഞാനം ഉള്ളവര്‍ ആണെന്നുമുള്ള ചിന്ത നവോത്ഥാന കാലഘട്ടത്തില്‍പോലും നിലനിന്നിരുന്നുവെന്നും അന്നത്തെ കലയിലും സാഹിത്യത്തിലുമൊക്കെ ഈ ചിന്ത നിഴലിച്ചിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഈ മനോഭാവത്തില്‍ നിന്നും ചരിത്രം ഏറെ മുന്നേറിയെങ്കിലും രൂപകാര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ വൈപരീത്യം ഇന്നും നിലനില്‍ക്കുന്നില്ലേ എന്ന് സംശയിക്കണം. അല്പബുദ്ധിക്കും വിവരക്കേടിനും ഒക്കെ പലപ്പോഴും സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും അതിന്റെ വക്താക്കള്‍ക്ക് ലഭിക്കുന്ന പ്രചാരവും ചരിത്രത്തെ വിട്ടൊഴിയാത്ത മഹത്വീകരിക്കപ്പെട്ട ഭ്രാന്തിന്റെ നിദര്‍ശനങ്ങളാവാം.
അന്ധരെ അന്ധര്‍ നയിക്കരുത് എന്നതൊക്കെ വെറും പഴമൊഴി. അന്ധരാല്‍ നയിക്കപ്പെടുക എന്നത് അഭിമാനമായി കരുതുന്ന ആരാധകവൃന്ദങ്ങളുടെ കാലമാണിത്. സിനിമാവ്യവസായത്തെയും പ്രൊഫഷണല്‍ കായിക സംഘടനകളുടെയും ഒക്കെ ബലം താരങ്ങളുടെ ആരാധകവൃന്ദങ്ങളാണ്. ആരാധകരുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുക എന്നതാണ് വിജയത്തിന്റെ മാനദണ്ഡം. അവിടെ നൈതികതയും ദര്‍ശനികതയുമൊന്നുമില്ല. അഭിരുചികളെ തിരുത്തുവാന്‍ മുതിരുന്നതാണ് പലപ്പോഴും സാഹിത്യ-സാംസ്‌കാരിക നായകരുടെ മാര്‍ക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുവാനും എന്നും ക്യാമറയ്ക്കു മുന്നിലായിരിക്കുവാനും എന്തൊക്കെ ഗോസിപ്പുകളാണ് സെലിബ്രിറ്റികള്‍ കാട്ടിക്കൂട്ടുന്നത്!. കഴമ്പുള്ള ഉള്ളടക്കങ്ങളെക്കാളും ഗോസിപ്പുകള്‍ക്കും നുറുങ്ങുകള്‍ക്കുമാണല്ലോ പ്രചാരം കൂടുതല്‍. രാജാവിന്റെ ശിരസില്‍ കാക്ക കാഷ്ഠിച്ചാലും അത് തിലകമാണെന്ന് പറയുന്ന വിധേയത്വത്തോടും ഭക്തിയോടും കൂടിയേ മാധ്യമങ്ങള്‍ പോലും സെലിബ്രിറ്റി വാര്‍ത്തകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യാറുള്ളൂ.
സ്വത്വത്തെ സംബന്ധിക്കുന്ന മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ പറയുന്നത് താരാരാധനയില്‍ മനുഷ്യര്‍ അന്വേഷിക്കുന്നത് തങ്ങളുടെ തന്നെ സ്വത്വത്തിന്റെ ആവിഷ്‌കാരങ്ങളാണ് എന്നാണ്. തന്റെ തന്നെ സഫലമാക്കപ്പെടാത്ത ഇച്ഛകളെ വീരപുരുഷനിലേക്ക് അവരോധിച്ച് സായൂജ്യമടയുന്നു. എന്നുവച്ചാല്‍ വ്യക്തിനിഷ്ഠമായ അപകര്‍ഷതകള്‍ക്ക് ബാഹികമായ ഒരു പകരം വയ്ക്കല്‍ പരിഹാരം. അപകര്‍ഷതകള്‍ സംഘാതവും ദേശീയവുമാകാം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഗതകാല ഗരിമകളെക്കുറിച്ചുള്ള ദുഃഖസമൃതികള്‍ക്കുള്ള പരിഹാരക്രിയ എന്നോണം ബ്രിട്ടീഷ് രാജകുടുംബം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. രാജകുടുംബം താരകുടുംബമാകുമ്പോള്‍ അത് പ്രതീകമാണോ വിഗ്രഹമാണോ എന്ന് സംസ്‌കൃതചിത്തര്‍ തീരുമാനിക്കട്ടെ. രാജകുടുംബത്തിലെ സമീപകാല പൊട്ടിത്തെറികളൊക്കെ വിഗ്രഹവല്‍ക്കരണത്തിന്റെ അപചയങ്ങളെ അതിജീവിക്കാനുള്ള ത്രാണി നഷ്ടപ്പെടുന്നതിന്റെ സൂചനകളാണ്. അടുത്തിടെ നിര്യാതനായ ഫിലിപ്പ് രാജകുമാരന്‍ തന്നെ വെള്ളക്കാരന്റെ പ്രഭുത്വവംശീയതയുടെ അടയാളമായിരുന്നുവെന്ന് നിരീക്ഷിക്കുവാന്‍ ന്യൂയോര്‍ക് ടൈംസ് ലേഖകന്‍ തന്നെ മുതിര്‍ന്നു. ‘ലോകത്തെ ഏതു ദുനിയാവില്‍ നിന്നാണ് താങ്കളുടെ വരവ്’ എന്ന് കറുത്തവനായ സൈനികനോട് രാജകുമാരന്‍ ചോദിച്ചപ്പോള്‍ ‘ബെര്‍കിങ്ഹാമില്‍ നിന്ന്’ എന്ന് അയാള്‍ മറുപടി കൊടുത്തത്രേ!
മകാല്‍ (McCall), സിമ്മണ്‍സ് (Simmosn), ടാജ്‌ഫെല്‍ (Tajfel) തുടങ്ങിയ സ്വത്വസിദ്ധാന്തകരൊക്കെ മുകളില്‍ പറഞ്ഞ പ്രകാരമാണ് വീരാരാധനയെ നിര്‍വചിച്ചിരിക്കുന്നത്. സ്വത്വശോഷണം സംഭവിച്ചവന്‍ അന്വേഷിക്കുന്ന അപരസ്വത്വസുഖത്തിലാണ് താരാരാധനയുടെ വേരുകള്‍. കാലികബന്ധനവും സാമൂഹികബന്ധനവുമൊക്കെ എല്ലാവരെയും സ്വാധീനിക്കുമെങ്കിലും താരബന്ധനം ഒരു നോവും കൂടാതെ പലരും കൊണ്ടുനടക്കുന്ന വിചിത്രസുഖങ്ങളുടെ ഒരു മാനസിക നുകമാണ്.  ഇത് പിന്നെ തീരെ  ചെലവില്ലാത്ത ഒരു ആത്മസാക്ഷാല്‍ക്കാരവഴിയുമാണ്. ആത്മീയനേതാക്കളെയോ മഹത് വ്യക്തികളെയോ അനുകരിക്കുന്നതുപോലെ ത്യാഗത്തിന്റെയോ സഹനത്തിന്റെയോ അധ്വാനത്തിന്റെയോ ആയ യാതൊരു വെല്ലുവിളിയുമില്ല. നിസ്സാരം ഒരു ഹെയര്‍ സ്‌റ്റൈലിലോ വസ്ത്രധാരണത്തിലോ ഒതുങ്ങുന്ന അനുകരണത്തിന്റെ വെല്ലുവിളിയെ ഇവിടുള്ളൂ. മനുഷ്യന്റെ അനുകരണ ഭ്രമത്തില്‍ സംഭവിക്കുന്ന സ്വത്വശോഷണത്തെപ്പറ്റി ജര്‍മന്‍ തത്വചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗര്‍ പറഞ്ഞിരിക്കുന്നത് ‘വിഗ്രഹാരാധന’യിലും സംഭവിക്കുന്നു: ‘ആരും അനുദിന ജീവിതത്തില്‍ താന്‍ താനല്ല. അവര്‍ അപരന്‍ ചെയ്യന്നതുപോലെ ചെയ്യുന്നു; അപരന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്നു. അപരന്‍ വിധിക്കുന്നതുപോലെ വിധിക്കുന്നു. അപരനെപ്പോലെ ആയിത്തീരുവാന്‍ പരിശ്രമിക്കുന്നു. മനുഷ്യര്‍ അനുദിനം തങ്ങളുടെ ഉദാത്തസ്വത്വം നിഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.’
സാഹിത്യത്തില്‍ താരപദവിയുടെ ആവിര്‍ഭാവം ആധികാരികമായി വിശകലനം ചെയ്ത ലിയോ ബ്രോഡി (Leo Braudy) കീര്‍ത്തിക്കുവേണ്ടിയുള്ള മനുഷ്യന്റെ അഭിവാഞ്ചയെ അമര്‍ത്യതയ്ക്കുവേണ്ടിയുള്ള മനുഷ്യന്റെ പരമമായ തൃഷ്ണയുടെ ഭാഗമായിട്ടാണ് കണ്ടത്. വെറും താരപരിവേഷത്തെ സാഹിത്യ-സാംസ്‌കാരിക താരപദവിയില്‍ നിന്നും ഭിന്നമായി കാണണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കുകയുണ്ടായി. സെലിബ്രിറ്റി തീര്‍ത്തും ക്ഷണികമാണെങ്കില്‍ കീര്‍ത്തിയില്‍ അമര്‍ത്യതയുടെ ഒരു ലാഞ്ചനയുണ്ടത്രേ.
നമ്മള്‍ ഉപയോഗിച്ച പ്രതീകം, വിഗ്രഹം തുടങ്ങിയ സംജ്ഞകള്‍ക്കു സമാനമായി ആന്‍ഡി വാര്‍ഹോള്‍ (Andy Warhol) കീര്‍ത്തി (fame), താരപ്പെരുമ (celebrity) എന്നീ പദാവലികളാണ് യഥാക്രമം ഉപയോഗിക്കുന്നത്. താരപ്പെരുമ കേവലം നൈമിഷികവും താത്ക്കാലികവുമാണെങ്കില്‍ കീര്‍ത്തിയില്‍ കാലത്തെ അതിജീവിക്കുന്ന ഭാവിയുടെ ഒരു അംശം ഉണ്ട്. ‘അവള്‍  വെറുമൊരു സെലിബ്രിറ്റി മാത്രമല്ലേ. നാളെ അവളെ ആര് ഓര്‍ക്കാനാ?’, അഥവാ, ‘അയാള്‍ക്കെന്തുപറ്റി, ഇപ്പോള്‍ അങ്ങേരെപ്പറ്റി ഒന്നും കേള്‍ക്കാനില്ലല്ലോ’ എന്നായിരിക്കും സെലിബ്രിറ്റിയെപ്പറ്റി പറയുക. എന്നാല്‍ കീര്‍ത്തിമതികളെ ചരിത്രം മനപ്പൂര്‍വം തമസ്‌കരിച്ചാലും കൂടുതല്‍ ആജ്ഞാശക്തിയോടെ അവര്‍ തിരികെ വരും. കാരണം ശരിയായ ജ്ഞാനത്തിനും പ്രതിഭയ്ക്കും ആരുടേയും കൈത്താങ്ങില്ലാതെ തനിയെ തലയുയര്‍ത്തി നില്‍ക്കാനാവും. ആരുടെയെങ്കിലും തോളില്‍ കയറി നിന്ന് ഉയരം കാണിച്ച് എന്നെ അനുഗമിക്കുക എന്ന് പറയുന്നതാണ് താരപ്പൊലിമ.
1715 ല്‍ അലക്‌സാണ്ടര്‍ പോപ്പ് രചിച്ച ദി ടെംപിള്‍ ഓഫ് ഫെയിം എന്ന കവിതയില്‍ ‘താന്‍ കറയില്ലാതെ ജീവിക്കുകയോ അല്ലെങ്കില്‍ ആരാലും അറിയപ്പെടാതെ മരിക്കുകയോ ചെയ്യട്ടെ’ എന്നാണ് യാചിക്കുന്നത്. ‘സത്യസന്ധമായ കീര്‍ത്തിയും’ ‘സംശയാസ്പദമായ കീര്‍ത്തിയും’ തമ്മില്‍ അദ്ദേഹം ഇവിടെ വേര്‍തിരിക്കുന്നുണ്ട്. സത്യസന്ധമായ കീര്‍ത്തി ആര്‍ജിതവും സ്ഥായിയുമാണ്. എന്നാല്‍ സംശയാസ്പദമായ കീര്‍ത്തി ഊതിവീര്‍പ്പിച്ചതും പെരുപ്പിച്ചുകാട്ടിയതുമാണ്. പോപ്പിന്റെ ഈ വിചിന്തനങ്ങളോടെയാണ് ആധുനിക സെലിബ്രിറ്റി രീതികളുടെ ചരിത്രം തുടങ്ങുന്നത് എന്ന് വാദിക്കുന്നവരുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ആണ് ഇംഗ്ലീഷ് ഭാഷയില്‍ ആദ്യമായി സെലിബ്രിറ്റി എന്ന പദം ഉപയോഗിച്ചു തുടങ്ങിയത് എന്ന് കരുതുന്നു. അന്നു പക്ഷേ, ആഘോഷമായ ഒരു ചടങ്ങ് എന്നായിരുന്നു ഇതിനര്‍ത്ഥം. അതിനാല്‍ ഇത്തരം ചടങ്ങുകള്‍ നടത്തിയിരുന്ന, ദൈവത്താല്‍ നിയുക്തരായവര്‍ എന്നു കരുതപ്പെട്ടിരുന്ന രാജാക്കന്മാര്‍, പുരോഹിതര്‍, പ്രഭുക്കന്മാര്‍ തുടങ്ങിയവരെയാണ് സെലിബ്രിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. പിന്നീട് രാജാക്കന്മാരുടെയും പുരോഹിതരുടെയും സ്വാധീനം കുറഞ്ഞതോടെ പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലാണ്  ആധുനിക അര്‍ത്ഥത്തില്‍ സെലിബ്രിറ്റി സംസ്‌കാരം തുടങ്ങുന്നതത്രേ.
സെലിബ്രിറ്റി എന്ന പദം തന്നെ ഒരു വാണിജ്യസംജ്ഞയാണെന്ന് വിവക്ഷിക്കുന്നവരുണ്ട്. മൂലധനശക്തികള്‍ ജനക്കൂട്ടത്തെ സ്വാധീനിക്കുവാന്‍ ഉപയോഗിക്കുന്ന അനേകം ഉപകരണങ്ങളില്‍ ഒന്നു മാത്രമാണ് സെലിബ്രിറ്റികള്‍ എന്ന് ഈ വിഷയത്തില്‍ ദീര്‍ഘകാല ഗവേഷണം നടത്തിയിട്ടുള്ള തിയഡോര്‍ അഡോര്‍ണോ (Theodor Adorno), മാക്‌സ് ഹൊകൈമര്‍ (Max Horkheimer), റിച്ചാര്‍ഡ് ഡയര്‍ (Richard Dyer) തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു. ഉപഭോഗസംസ്‌കാരത്തെ ത്വരിതപ്പെടുത്തുവാനായി മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫേഴ്സും തത്പരകക്ഷികളും ചേര്‍ന്ന് വാര്‍ത്തെടുക്കുന്ന ആകര്‍ഷകമായ വേറൊരു ഉത്പന്നം മാത്രമാണ് ഇവരുടെ വീക്ഷണത്തില്‍ സെലിബ്രിറ്റികള്‍. അല്പം കടുത്ത നിരീക്ഷണങ്ങളാണ് ഇവയെങ്കിലും ഉപഭോഗസംസ്‌കാരവും താരപൂജയും തമ്മിലുള്ള ബാന്ധവത്തിന് അഞ്ചുമിനിറ്റ് പരസ്യചിത്രങ്ങള്‍ കണ്ടാല്‍ മതിയാവും. സയനൈഡിന് പരസ്യം ചെയ്യാനും വേണമെങ്കില്‍ സെലിബ്രിറ്റികളെ കിട്ടുമല്ലോ.
സാഹിത്യനിരൂപകന്‍ വില്യം ഹസ്ലിറ്റ് (William Hazlitt) സാഹിത്യനായകരും സെലിബ്രിറ്റികളും തമ്മിലുള്ള അന്തരത്തെ എടുത്തുകാട്ടുവാന്‍ ശ്രദ്ധാപൂര്‍വം ഉപയോഗിക്കുന്ന രണ്ടു സംജ്ഞകളാണ് പെരുമയും (popularity) പ്രശസ്തിയും (fame). ഓണ്‍ ദി ലിവിങ് പോയറ്റ് എന്ന രചനയില്‍ അദ്ദേഹം പറയുന്നു. ‘പ്രശസ്തി ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതല്ല, മരിച്ചുപോയവര്‍ക്കുള്ളതാണ്. മനുഷ്യ മനസ്സുകളിലെ സ്മൃതിമണ്ഡപങ്ങളില്‍ കുടികൊള്ളുന്ന അനശ്വരവും അമര്‍ത്യവുമായ ചേതനയിലാണ് പ്രശസ്തി കുടികൊള്ളുന്നത്. എന്നാല്‍ പെരുമ ഇപ്പോഴുള്ളവര്‍ക്കുള്ളതാണ്. അത് നിലകൊള്ളുന്നത് ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളിലും ഫാഷന്റെ ഇരമ്പലുകളിലും വിലക്കെടുക്കാവുന്ന മുഖസ്തുതികളിലുമാണ്.’ സാഹിത്യസാംസ്‌കാരിക നായകര്‍ക്ക് പൊതുവെ സെലിബ്രിറ്റികളോടുള്ള മതിപ്പുകുറവ് ഈ നിരൂപണങ്ങളിലൊക്കെ ശക്തമായി നിഴലിച്ചിരിക്കുന്നത് കാണാം.
ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാന്‍ ദേവാലയത്തിന്റെ ഗോപുരമുകളില്‍ നിന്നും ചാടാന്‍ തയ്യറാകാത്ത,  അപ്പം വര്‍ദ്ധിപ്പിച്ചപ്പോള്‍ രാജാവാക്കാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തില്‍ നിന്നും ഓടിയൊളിക്കുന്ന, ക്രിസ്തു ഒരിക്കലും വിഗ്രഹവല്‍ക്കരിക്കാനാവാത്ത ഉദാത്ത പ്രതീകമാണ്. സെലിബ്രിറ്റിയാകാനുള്ള ആഹ്വാനത്തെ ക്രിസ്തു നിശബ്ദമാക്കുന്നത് യൂദാസും ക്രിസ്തുവും തമ്മിലുള്ള സംഭാഷണത്തില്‍, ഖലീല്‍ ജിബ്രാന്‍ മനുഷ്യപുത്രനായ യേശുവില്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ രാജാവാകാന്‍ തയ്യാറാകണമെന്ന യൂദാസിന്റെ നിര്‍ദേശത്തോട് ക്രിസ്തു പ്രതികരിക്കുകയാണ്: ‘യൂദാസ്, എന്താണ് നിന്റെ പേര്? നീ ഏതു നാട്ടുകാരനാണ്?  നിന്നെ എനിക്കറിയില്ലല്ലോ… യുഗാന്തരങ്ങളിലൂടെ ഞാന്‍ കടന്നുവന്നത് ഈ ചിതല്‍പ്പുറ്റുകളെ ഭരിക്കുവാനാണെന്ന് നീ വിചാരിച്ചുവോ? നിന്റെ കിരീടങ്ങളൊന്നും എന്റെ ശിരസ്സിന്  പാകമാവുകയില്ല. നിന്റെ സുവര്‍ണ പാദുകങ്ങളൊന്നും എന്റെ പാദങ്ങള്‍ക്ക് ചേരുന്നവയല്ല.’
സെലിബ്രിറ്റികള്‍ കൊള്ളരുതാത്തവരെന്ന് ഇവിടെ യാതൊരു വിവക്ഷയുമില്ല. സെലിബ്രിറ്റികളെ കേവലം സെലിബ്രിറ്റികളായി കാണണമെന്നു മാത്രം. ലോകത്തോടും ജീവിതത്തോടു തന്നെയും ക്ഷോഭിച്ചുകൊണ്ട് അസ്തിത്വചിന്തകനായ ആല്‍ബര്‍ട്ട് കാമു നടത്തുന്ന ആത്മഗതങ്ങള്‍ വിഗ്രഹങ്ങളും താരങ്ങളും ഉള്‍പ്പെടെ മുന്നില്‍ നില്‍ക്കുന്നവര്‍ക്കും മുകളില്‍ നില്‍ക്കുന്നവര്‍ക്കും നടുക്ക് ഇരിക്കുന്നവര്‍ക്കും എല്ലാം മാനവിക സമതയുടേതായ സന്ദേശം നല്‍കുന്നതാണ്: ‘എന്റെ മുന്നില്‍ നടക്കരുത്… ഞാന്‍ പിന്തുടര്‍ന്നുവെന്ന് വരില്ല. എന്റെ പിന്നാലെ നടക്കരുത്…. ഞാന്‍ നയിച്ചുവെന്നു വരില്ല. എന്നോടൊപ്പം നടക്കുക. കേവലം എന്റെ സുഹൃത്തായി.’