പ്രാതിനിധ്യം അതാണ് ജനായത്തം – എം ബി മനോജ്

പ്രതിനിധാനം തന്നെയാണ് ജനാധിപത്യം. അതിനെ ഇന്ത്യാക്കാർ സംവരണം എന്നു വിളിക്കുന്നു. ആധുനിക ഇന്ത്യയിൽ മാത്രമല്ല ബൗദ്ധസാഹിത്യവും തിരുക്കുറൾ ഉൾപ്പെടുന്ന സംഘസാഹിത്യവും മധ്യകാല സന്ദ് സാഹിത്യവും മാനവികതയെക്കുറിച്ചാണ് പറഞ്ഞത്. ഈ മാനവികതയെ മനസ്സിലാക്കുന്നതിൽ പലർക്കും വീഴ്ചപറ്റിയിട്ടുണ്ട്. എയ്ഡഡ് മേഖലയിൽ സംവരണം പാലിക്കണം എന്നു പറയുന്നത്, മാനവികതയുടെ ഭാഗമായിട്ടാണ്. സംഘടിത വിഭാഗങ്ങളുടെ കടന്നുകയറ്റത്താൽ ശ്വാസംമുട്ടിപ്പോയ സമൂഹങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. സംസ്കൃതനാടകങ്ങൾ പലരും കണ്ടിരിക്കുമല്ലൊ. അതിൽ സ്ത്രീകൾ ഇല്ല. ത്രൈവർണികർക്കു പുറത്ത് ആരുമില്ല. എന്നു പറഞ്ഞാൽ ഇന്ത്യയിലെ ശരാശരി മനുഷ്യർ അതിലില്ല. ഈ മാറ്റിനിർത്തൽ ഒരു നാടകത്തിന്റേതല്ല. അത് അക്കാലത്തെ സമൂഹവസ്ഥയുടെ പ്രതിഫലനമാണ് കാണിച്ചുതരുന്നത്.


SC/ST വിഭാഗങ്ങൾക്ക് സാമൂഹികനീതി കൂടിയേതീരു. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിൽ SC – ST സംവരണവും പ്രാതിനിധ്യവും ഉറപ്പു വരുത്തുക. UGC യുടെ നിർദ്ദേശം പാലിക്കുക. എന്നിങ്ങനെയാണ് ആ പേപ്പർ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിഗമനങ്ങൾ.


അധികാരവും ഭരണവും ആരാൽ കയ്യാളിയാലും ആ ഭരണകൂടം പുലർത്തേണ്ട നൈതികതയെക്കുറിച്ചാണ് ഇന്ത്യൻ ഭരണഘടന സംസാരിക്കുന്നത്. ഇന്ത്യൻ ഭരണ സംവിധാനത്തിന്റെ കർത്തവ്യമായ നൈതികതയിൽ നിന്നുള്ള വഴിതിരിയൽ സമകാല ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിയൻ – നെഹ്റൂവിയൻ ജനാധിപത്യബോധം പ്രസ്തുത നൈതികതയെ പൂർണമായി കയ്യൊഴിഞ്ഞിരുന്നില്ല. ഒരളവുവരെ അംബേദ്കേറിയൻ ജനാധിപത്യത്തെയും മതേതര ജനാധിപത്യത്തെയും ഉൾക്കൊണ്ടിരുന്നു എന്നും വ്യക്തമാണ്. എന്നാൽ സമകാല അനുഭവങ്ങൾ സാധാരണക്കാർക്ക് നൈതികതയുടെ ഒരു കണിക പോലും ലഭ്യമല്ലാത്തവിധം ഏകപക്ഷീയവും പ്രതീക്ഷാഭംഗവുമാണ് സമ്മാനിക്കുന്നത്.