ഡോ. രോഷ്‌നിസ്വപ്ന
പ്രഭാത്പട്‌നായ്ക് – ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍, മാര്‍ക്‌സിസ്റ്റ് ചിന്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. സാമ്പത്തികശാസ്ത്രത്തിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ആര്‍ജ്ജിച്ചെടുത്ത മൂര്‍ച്ചയേറിയ നിരീക്ഷണങ്ങള്‍കൊണ്ട് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടാന്‍ സാധിച്ച ധൈഷണികന്‍. ഡല്‍ഹി, ജവഹര്‍ലാല്‍നെഹ്രു സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ എക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിംഗില്‍ 1974 മുതല്‍ 2010 വരെ പ്രൊഫസറായി ജോലിചെയ്തു. 2006 ജൂണ്‍ മുതല്‍ 2011 മെയ് വരെ കേരള പ്ലാനിംഗ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു. ഒറീസ്സയിലെ ജറ്റ്‌നിയില്‍ 1945 സെപ്റ്റംബര്‍ 19ന് ജനിച്ചു. അദ്ദേഹം ഡാലി കോളേജ് (ഇന്‍ഡോര്‍), ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല തുടങ്ങിയ ഇടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. 1969 വരെ യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജില്‍ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപകനായിരുന്നു. 1969-ല്‍ കേംബ്രിഡ്ജിലെ ക്ലെയര്‍ കോളേജില്‍ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും ജെ.എന്‍.യു.വില്‍ അധ്യാപകനായി ചേരുകയും ചെയ്തു. മാകോഎക്കണോമിക്‌സിലും, രാഷ്ട്രീയ സാമ്പത്തികശാസ്ത്രത്തിലും അഗാധപഠനം നടത്തിയ പ്രഭാത് നിരവധി പുസ്തകങ്ങള്‍ രചിച്ചു.
ടൈം, ഇന്‍ഫ്‌ളേഷന്‍ ആന്റ് ഗ്രോത്ത്, എക്കണോമിക് ആന്റ് ഇഗാലിറ്റേറിയനിസം, വാട്ട് എവര്‍ ഹാപ്പന്‍ഡ് ടു ഇംപീരിയലിസം ആന്റ് അദര്‍ എസ്സേസ്, അക്യുമിലേഷന്‍ ആന്റ് സ്റ്റേബിലിറ്റി അണ്ടര്‍ ക്യാപിറ്റലിസം, ദി റിട്രീറ്റ് ടു അണ്‍ഫ്രീഡം, ദി വാല്യൂ ഓഫ് മണി, ദി റി-എന്‍വിഷനിംഗ് സോഷ്യലിസം മുതലായവയാണ് പ്രധാനകൃതികള്‍.
? ഇന്ത്യന്‍ ഭരണകൂടവും ഇന്ത്യന്‍ യുവത്വവുമായി നടക്കുന്ന നിരന്തര കലഹങ്ങളെ, എവിടെയാണ് ചേര്‍ത്തുവച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നത്. വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ കാണാതാവുകയും, വിദ്യാര്‍ത്ഥികള്‍ ജാതി, ലിംഗം, സ്വത്വം എന്നീ അവസ്ഥകള്‍മൂലം ആത്മഹത്യയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന വര്‍ത്തമാനകാലത്ത് യുവത്വത്തിന്റെ ഭാവി എവിടെയാണ്? എങ്ങോട്ടാണ്?
ഏതു കാലത്തും പ്രബുദ്ധരായ യുവസമൂഹത്തെ അധികാരത്തിനു ഭയമാണ്. ചോദ്യങ്ങളെ അധികാരത്തിനു ഭയമാണ്. ചൂണ്ടുവിരലുകളെ അധികാരത്തിനു ഭയമാണ്. പ്രത്യേകിച്ചും നമ്മള്‍ അധ്യാപകര്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളെ ഒരു വാര്‍പ്പിലേക്ക് ഒതുക്കുകയാണ്. അവരുടെ ചോദ്യങ്ങളെ തടയിടുകയാണ്. അധ്യാപകരേക്കാള്‍ ഉള്‍ക്കാഴ്ചയുള്ള വിദ്യാര്‍ത്ഥികള്‍ കടന്നുവരട്ടെ. അവര്‍ ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കട്ടെ. അടുത്തകാലത്തായി ജെ.എന്‍.യു. അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പല രീതിയിലും അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങുന്നു. കാലാകാലങ്ങളായി ഈ അടിച്ചമര്‍ത്തലുകള്‍ പല രൂപത്തില്‍ ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ (ീെ രമഹഹലറ കിറശമി ഉലാീരൃമര്യ എന്നാണ് പരാമര്‍ശിച്ചത്) ഈ അവസ്ഥയെയാണ് ഫാസിസമെന്ന് വിളിക്കുന്നതെങ്കില്‍ ഇത് ഇവിടെ നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യത്തിനും, സമത്വാവകാശങ്ങള്‍ക്കും വേണ്ടി സംസാരിക്കുമ്പോള്‍, അത് ദേശീയതയെ ഭഞ്ജിക്കലാവുന്നതെങ്ങനെ? ദേശസ്‌നേഹത്തെ നിഷേധിക്കലാവുന്നതെങ്ങനെ? അവര്‍ ദേശദ്രോഹികളാകുന്നതെങ്ങനെ? മുതിര്‍ന്നവര്‍ കൈയാളുന്ന ലോകത്തേക്ക് യുവാക്കളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന അലിഖിത മൂല്യസംഹിത ഇവിടെ നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുനേരെ പലതരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ പൊട്ടിത്തെറിച്ചില്ലെങ്കിലാണത്ഭുതം.
ഈ പ്രക്ഷോഭങ്ങള്‍ അവരുടെ പ്രശ്‌നല്ല. ഞാനും നിങ്ങളും അടങ്ങുന്ന സമൂഹത്തിന്റെ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്‌നമാണ്. നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ പ്രശ്‌നമാണ്. എനിക്കു തോന്നുന്നത് ഇന്ത്യന്‍ യുവത്വം ഈ അടിച്ചമര്‍ത്തലിനെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും കടന്നുവരാനിരിക്കുന്നതേയുള്ളൂ. ആളിപ്പറക്കുന്ന പക്ഷികളേപ്പോലെ ശക്തരായ യുവതലമുറയെ ഞാന്‍ സ്വപ്നം കാണുന്നു. ആര്‍ക്കും തടയാനാവാത്ത അവരെ, യുവത്വത്തിന്റെ ആളലിനെ സത്യത്തില്‍ ഇന്ത്യന്‍ ഭരണകൂടവ്യവസ്ഥ ഭയക്കുന്നുവെന്നതാണ് സത്യം.
? വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചു സൂചിപ്പിച്ചല്ലോ. കൂടുതല്‍ ഇടുങ്ങിയതും വിഷയകേന്ദ്രീകൃതവും വില്പനാധിഷ്ഠിതവുമായ വിദ്യാഭ്യാസ നയങ്ങള്‍ അപ്രസക്തവും, അസൂചിതവും അസംബന്ധവുമായ ഒരു ജ്ഞാനനിര്‍മ്മിതി വ്യവസ്ഥയെ സൃഷ്ടിക്കുന്നില്ലേ? ഇതിന്റെ തുടര്‍ഭാവി എന്തായിരിക്കും.
>സമൂഹത്തില്‍ അത്തരം വില്‍പ്പനാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്കും വക്താക്കള്‍ക്കും വിമര്‍ശനാത്മകമായ ഒരു ഇടമുണ്ട്. ഞാനത് മുമ്പും സൂചിപ്പിച്ചിട്ടുണ്ട്. സമകാലിക മുതലാളിത്തവ്യവസ്ഥയെന്ന ആശയം അഥവാ നിയോലിബറല്‍ മുതലാളിത്തവ്യവസ്ഥ ചിന്തയെ അടിമുടി ഇല്ലാതാക്കുന്നു. വില്‍പ്പനാധിഷ്ഠിത വിദ്യാഭ്യാസം നേടിയവര്‍ ഈ വ്യവസ്ഥയെ വിമര്‍ശിക്കുകയില്ല. ചിന്തയെ നശിപ്പിക്കുകയെന്നാല്‍, വിദ്യാഭ്യാസത്തിന്റെ സമൂലതയെ നശിപ്പിക്കുകയെന്നാണര്‍ത്ഥം. മൂലധനാധിഷ്ഠിത വിനിമയങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചിന്തയെ ഇല്ലാതാക്കണം. അതേസമയം അവിടെ ചിന്തയെന്ന ആശയപദ്ധതിയും ഇല്ലാതാവുന്നുണ്ട്. ചിന്ത ഇല്ലാതാവുമ്പോള്‍, വിമര്‍ശകരുണ്ടാകുകയില്ലല്ലോ. യഥാര്‍ത്ഥ ഇടതുപക്ഷം ഉണ്ടാവുന്നില്ലല്ലോ! വിമര്‍ശിക്കാന്‍ പ്രാപ്തരായ വ്യക്തികള്‍ ഇല്ലാതിരിക്കുകയെന്നതാണ് മുതലാളിത്തത്തിന്റെ ആവശ്യം. തീവ്രവാദത്തിന്റെയൊക്കെ നിലയിലേക്ക് ചിന്തയെ മാറ്റിസ്ഥാപിക്കാന്‍ മാത്രം പ്രതിലോമകരമാണ് ഈ അവസ്ഥ. സമൂഹത്തിനെ നിരാശയിലേക്കു നയിക്കുകയെന്നതാണ് തന്ത്രം. ഹതാശരായ മനുഷ്യരിലേക്ക് ചിന്തയുടെ മൂല്യബോധത്തെ പടര്‍ത്താനാവില്ല. അവര്‍ അപ്പോഴേക്കും തീവ്രവാദപരമായ, പ്രതിലോമപരമായ പ്രതികരണങ്ങളില്‍ വിശ്വസിച്ചുകഴിഞ്ഞിരിക്കും. ഒരു നല്ല കാലത്തിന്റെ ഓര്‍മ്മയിലേക്കുള്ള എത്തിനോട്ടംവരെ അസാധ്യമാകുംവിധം നിരാശരായിരിക്കും അവര്‍. ഒരു പുതിയ സമൂഹം സൃഷ്ടിക്കാനോ ഉള്ളതിനെ പുനര്‍നവീകരിച്ചെടുക്കാനോ കഴിയാത്തവിധം അടഞ്ഞുപോയിരിക്കും സമൂഹം അപ്പോഴേക്കും. ചിന്തയുടെ നാശമാണ് സമകാലികതയുടെ ഏറ്റവും വലിയ പ്രശ്‌നം. ചിന്തയെ വീണ്ടെടുക്കാനാണ് നാമിനി ശ്രമിക്കേണ്ടത്.
? നിലനില്‍ക്കുന്ന ഇന്ത്യയില്‍ സമകാലിക മുതലാളിത്തവ്യവസ്ഥയുടെ നിലനില്‍പ്പ് സ്‌ഫോടനാത്മകമാണ്. നിലവിലുള്ള എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് മുതലാൡവ്യവസ്ഥ എങ്ങനെയാണ് പ്രതിരോധിക്കുക? നിലനില്‍ക്കുക? അതോ ലോകപരിണതിയുടെ ഒഴുക്കില്‍ മുതലാളിത്തം ഇന്ത്യയില്‍ അവസാനിക്കാറായോ?
> അങ്ങനെ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. മുതലാളിത്തം എല്ലാ അര്‍ത്ഥത്തിലും അതിജീവിച്ച് മുന്നേറുന്നു എന്ന് ദൃശ്യമാക്കാന്‍, തക്ക അടയാളങ്ങള്‍ നമുക്കില്ല. മുതലാളിത്തത്തെ, നിലനില്‍ക്കുന്ന ഫാസിസം ഒരിക്കലും സംരക്ഷിക്കുകയില്ല. 1930കളില്‍ പട്ടാള നടപടികളെ സൂചിപ്പിച്ച ഒരു പദം ഇന്ന് വല്ലാത്തൊരര്‍ത്ഥത്തിലേക്ക് വിഷവായുപോലെ പടര്‍ന്നിരിക്കുകയാണ്. മൂലധനശേഖരണവുമായി ബന്ധപ്പെട്ട് മുതലാളിത്ത വ്യവസ്ഥിതിക്ക് എപ്പോഴുമൊരു സ്‌ഫോടനാത്മക അവസ്ഥ നിലനിര്‍ത്തിയേപറ്റൂ. കോളണിഭരണം ഒരുപാട് കാലം ഈ സഹായം നല്‍കിയിട്ടുണ്ടല്ലോ. യുദ്ധാനന്തരം ഈ സഹായം സ്റ്റേറ്റ് ഏറ്റെടുത്തു എന്നുമാത്രം. മൂലധനമുതലാളിത്ത വ്യവസ്ഥ ഒരിക്കലും സ്റ്റേറ്റിന്റെ ഇടപെടലോ, മധ്യസ്ഥതയോ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. നേരിട്ട് ഇടപെട്ടുകൊണ്ട് നിക്ഷേപവും സമാഹരണവും നടത്താനുമാണ് ഇവര്‍ക്ക് താത്പര്യം. ബജറ്റിനെയും നികുതി ഇടപാടുകളെയും സമരസപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. (സ്റ്റേറ്റ് ശ്രമിക്കുന്നത്). അതിനര്‍ത്ഥം സ്റ്റേറ്റ് ഒന്നും ചെയ്യുന്നില്ല എന്നാണ്. ഇന്‍ഡിവ്യുജല്‍ നാഷന്‍സ്റ്റേറ്റ് ആഗോള സാമ്പത്തികനയത്തെ എതിര്‍ക്കുകയില്ല. ലോകസാമ്പത്തികാവസ്ഥയെ ഉറപ്പിച്ചുനിര്‍ത്തുന്ന ആഗോള സാമ്പത്തികാവസ്ഥയെ ഉറപ്പിച്ചു നിര്‍ത്തുന്ന ആഗോളസാമ്പത്തിനയത്തെ ചോദ്യം ചെയ്യത്തക്കവിധം, വെല്ലുവിളിക്കത്തക്കവിധം ഇന്‍ഡിവ്യുജല്‍ നാഷന്‍ സ്റ്റേറ്റിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല; മുതലാളിത്തത്തിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതാവുന്നു. അത് യാതൊരെതിര്‍പ്പുമില്ലാതെ ഈ പഴുതുകളിലേക്ക് ഇരച്ചുകയറുകതന്നെചെയ്യും.
ഇതിനെ ചെറുക്കാന്‍ തീര്‍ത്തും വിപ്ലവകരമായ ഒരു മാറ്റം കടന്നുവരണം. ഈ വിപ്ലവം തീര്‍ച്ചയായും ചെറുകിട ഉത്പാദകരേയും കര്‍ഷകരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിപ്ലവമായിരിക്കണം. ഇടതുപക്ഷത്ത് സംഭവിക്കുന്ന ചെറിയ വിള്ളല്‍പോലും ഇതിന് കാരണമായേക്കാം എന്ന് പറയാം. ഇടതുപക്ഷം വിശ്വസിക്കുന്നത് ആധുനികതയിലാണ്. ആധുനികത വിശ്വസിക്കുന്നത് ഉത്പാദന ഊര്‍ജ്ജത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന വികസനത്തിലും. അപ്പോള്‍ ഇടതിന് ഈ ഉത്പാദന ഊര്‍ജ്ജത്തെ വികസിപ്പിക്കേണ്ടിവരും. ഈ വികസനം കര്‍ഷകരുടെ മണ്ണില്‍നിന്ന് അകലെയാണുതാനും. അങ്ങനെയാവട്ടെ. പക്ഷെ ചെറുകിട ഉത്പാദകരെയും കൃഷിയെയും വിനാശകരമായ അവസ്ഥയിലേക്ക് എത്തിക്കുന്ന എന്തിനോടും എനിക്ക് എതിര്‍പ്പാണ്. ഞാന്‍ വിശ്വസിക്കുന്നത് ഇതൊരു ആത്മഹത്യാപരമായ നീക്കമായിരിക്കുമെന്നാണ്. വിപ്ലവാത്മകതയും ഇടത്‌ബോധവും കര്‍ഷകസമൂഹവും കൂടിച്ചേരുന്ന പുതിയ മുന്നേറ്റമാണ് ഞാനാഗ്രഹിക്കുന്നത്.
? ആഗോളവത്കരണവും നമ്മുടെ രാജ്യവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ എങ്ങനെയാണ്? ആധുനികതയുമായി ഇതെങ്ങനെയാണ് ചേര്‍ത്തുവായിക്കുക? നമ്മുടേതുപോലെയുള്ള ഒരു മൂന്നാം ലോകരാജ്യം ആഗോളവത്കരണത്തില്‍ നിന്ന് എങ്ങനെ മാറിനില്‍ക്കും.
>നിലനില്‍ക്കുന്ന ആധുനികതയുമായി ചേര്‍ത്തു വായിക്കുമ്പോള്‍, നവലിബറല്‍ നയങ്ങളും ആഗോളവത്കരണവും തീര്‍ച്ചയായും ഫാസിസത്തിന്റെ ഉദയത്തിനു കാരണമാകുന്നുണ്ട്. നവലിബറലിസത്തില്‍നിന്ന് വേറിട്ടുകൊണ്ട് എനിക്ക് ഫാസിസത്തെ കാണാനാവില്ല. ഫാസിസത്തെ വര്‍ഗ്ഗീയ ഉദാരവത്കരണം എന്ന രീതിയില്‍ത്തന്നെയേ എനിക്ക് കാണാനാവൂ. ഇന്ത്യന്‍ സമൂഹത്തില്‍ നമുക്ക് പ്രത്യേകതരത്തിലുള്ള ഒരു സമ്മേളനമായി ഇത് അനുഭവപ്പെടും.
മറ്റൊരുവശത്ത് ഇതിന്റെതന്നെ, സങ്കീര്‍ണ്ണവും പിന്തിരിപ്പനുമായ, വര്‍ഗ്ഗീയമായ ഫാസിസ്റ്റ് അജണ്ടയുടെയും മുഖവും നിലനില്‍ക്കുന്നു. ഇത് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഇതിനെ ചെറുക്കാന്‍ ആഗോളവത്കരണം നേരിട്ട് ഒന്നും ചെയ്യില്ല. ഇവിടത്തെ ഒരു വൈരുദ്ധ്യമെന്തെന്നാല്‍, ആഗോളവത്കരണം ഇതിനെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമൂഹത്തിലേക്ക് ആധുനികത വന്നത് കോളനി വിരുദ്ധസമരങ്ങളിലൂടെയാണ്. കോളനി വിരുദ്ധത ബ്രിട്ടീഷ് രാജഭരണവുമായി വിഘടിച്ചുനില്‍ക്കുന്ന ഘടകമാണ്. മൂന്നാം ലോകരാജ്യങ്ങളില്‍ ഒരുപാട് വൈരുദ്ധ്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും നിലനില്‍ക്കുന്നുണ്ട്.
? ഫാസിസത്തിന്റെ ഉദയം, ഇടതിനെ തള്ളിമാറ്റുന്ന ഒരു വലതിന്റെ ഉദയമാണോ?
>ഗ്ലോബലൈസേഷനെതിരെയും ചില സമരങ്ങള്‍ ഉയരണം. ലോകത്ത് നടക്കുന്ന, നിലനില്‍ക്കുന്ന പല സ്വഭാവത്തിലുള്ള അസമത്വങ്ങളുടെ ഫലമായാണ് ഫാസിസം ഉണ്ടാവുക. ഉത്പാദനപ്രക്രിയ എത്രത്തോളം ഉയരുന്നുവോ അത്രത്തോളം അസമത്വങ്ങള്‍ ഉണ്ടായിവരികയേ ഉള്ളൂ.
എനിക്ക് തോന്നുന്നത്, ഇത് അത്രയക്കും തീവ്രമായ അസമത്വങ്ങളുടെ കാലമാണ്. നമ്മളെല്ലാവരും ആഗോളവത്കരണത്തിന്റെ ഇരയായി മാറുന്നുണ്ട്. ഒരിക്കല്‍ നാം ഇതിന്റെ ഇരയായിക്കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നായിരിക്കും അടുത്തപടി. പക്ഷെ നിലവിലുള്ള നവബൂര്‍ഷ്വാവര്‍ഗ്ഗം ഒരു ബദല്‍ വാഗ്ദാനം ചെയ്യുന്നുമില്ല. വലതുപക്ഷം ഒരു രക്ഷാമാര്‍ഗ്ഗം പോലും കണ്ടെത്തുന്നില്ല; ഈ പ്രശ്‌നത്തില്‍നിന്ന് എങ്ങനെ പുറത്തുകടക്കാം എന്നതിലുപരിയായി എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാം എന്നുമാത്രം അവര്‍ പറയുന്നു. ഈ വ്യതിരിക്തത അവര്‍ പ്രകടിപ്പിക്കുന്നതും ഏറെ വ്യത്യസ്തമായാണ്. ന്യൂനപക്ഷങ്ങളെയും, മുസ്ലീമിനേയും കുടിയേറിവന്നവരേയും ആന്തരികമായും ബാഹ്യമായും ആക്രമിച്ചുകൊണ്ടാണ് അവര്‍ അത് നടപ്പിലാക്കുന്നത്. കോര്‍പ്പറേറ്റുകളാണ് ഫാസിസത്തിന്റെ പ്രയോക്താക്കള്‍. ആളുകള്‍ക്ക് ആഗോളവത്കരണത്തിന്റെ ബാധ്യതകളില്‍നിന്ന് രക്ഷനേടണം എന്നുണ്ട്. ഇത് ഒരു കലാപം കൂടിയാണ്. വലതിന് എതിരെയുള്ള കലാപം. പക്ഷെ ഈ കലാപത്തെ വേണ്ട രീതിയില്‍ നയിക്കാനുള്ള കെല്‍പ്പ് ഇടതുപക്ഷത്തിനില്ല. ചൈനയിലെ അവസ്ഥ ഇതാണ്. യൂറോപ്യന്‍ ഇടതുപക്ഷം ‘ഡിലിങ്കിങ്ങിനെ’ക്കുറിച്ചാണ് പറയുന്നത്. ജനവികാരത്തെ ശരിയായി ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തിനാവണം. ആ ഒഴിഞ്ഞ ഇടങ്ങളിലാണ് വലതുപക്ഷം തങ്ങളുടെ മുതലാളിത്ത അജണ്ടകളെ പ്രയോഗിക്കുന്നത്. സങ്കീര്‍ണ്ണതകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഫാസിസത്തിന്റെ നൂലാമാലകളിലേക്ക് അവരെ കൂടുതല്‍ കുരുക്കുകയാണ് അവര്‍ ചെയ്യുന്നതും. മതം, ജാതി, വര്‍ഗ്ഗീയത എല്ലാം ഇതിന്റെ ഇരകളും വക്താക്കളുമാകുന്നു.
? ഇപ്പോഴുള്ള ഹിന്ദുവാദങ്ങള്‍ ഈ വലതു രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയല്ലേ?
ആണ്, നമുക്ക് ഇവിടെ മഹാദുരിതങ്ങളില്ല. 30കളിലെ ഫാസിസമല്ല 2017ലേത്. നാസിക്യാമ്പുകള്‍ ഇന്നില്ല. ഫാസിസത്തിന് കൃത്യമായ ഒരു യാത്രാവഴിയില്ല. അതൊരു തുടര്‍ച്ചയാണ്. അന്നത്തെ ഫാസിസത്തില്‍നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ ഫാസിസം. പക്ഷെ ഒരു പൊതുസ്വഭാവം ഉണ്ട്. ജനക്കൂട്ടങ്ങളുടെ ചലനാത്മകതയെ അത് വല്ലാതെ നോട്ടമിടുന്നു. ബാബറിമസ്ജിദ്, ഗുജറാത്ത് ഒക്കെ ഇതിന്റെ ഉദാഹരണമാണ്. ഫാസിസത്തിന് അതിന്റേതായ ജനപ്രിയതകൂടിയുണ്ട്. (പ്രതിലോമകരമായ ജനപ്രിയത – ചലഴമശേ്‌ല ുൗുൗഹമൃശ്യേ) എല്ലാ സൂക്ഷ്മനേത്രങ്ങളിലും ഫാസിസം കാണാന്‍ കഴിയും. ഏതു സുരക്ഷാ നടപടിക്കും പെട്ടെന്ന് ഫാസിസമായി മാറാന്‍ കഴിയും. ഏകീഭൂതമായ ഒരു അവസ്ഥ പെട്ടെന്ന് ഫാസിസമായി മാറും. എല്ലാ കാരണങ്ങളെയും ഇത് റദ്ദാക്കും. ഫാസിസത്തിന്റെ ഓരോ ലക്ഷണവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ നമ്മുടേത് ഒരു പ്രത്യക്ഷ ഫാസിസ്റ്റ് പ്രദേശമല്ലതാനും. അധികാരവും ബലതന്ത്രവും ഇവിടെ ഫാസിസത്തിന്റെ ഭാഗമാണ്. ഒരുതരം വര്‍ഗ്ഗീയ ഫാസിസത്തെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. അമര്‍ത്യസെന്‍ ആണ് ഈ വാക്ക് പ്രയോഗിച്ചത് – വര്‍ഗ്ഗീയ ഫാസിസം വര്‍ഗ്ഗീയതയും ഫാസിസവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു ഭീകരമായ അവസ്ഥയുണ്ടല്ലോ. അസഹനീയമാണ് അത്. തീര്‍ത്തും വര്‍ഗ്ഗീയമല്ല അത്. അത് ദളിതുകള്‍ക്കെതിരെയാണ്, സ്റ്റേറ്റ് ഗവണ്‍മെന്റിനെതിരെയാണ്. സംസ്ഥാനസര്‍ക്കാരുകളുടെ ഭരണസ്വാതന്ത്ര്യത്തെ തടയിടുന്നതിനാണല്ലോ ജി.എസ്.ടി. പോലുള്ള നയങ്ങള്‍ നടപ്പിലാക്കുന്നത്! ആരാണത് അനുകൂലിച്ചത്?
? ഇന്ത്യയിലെ ഇടതുപക്ഷം ജാതിയെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. പ്രത്യേകിച്ചും ഇന്ത്യന്‍ വര്‍ത്തമാനകാലം നിരവധി കലാപങ്ങള്‍ക്കും കലഹങ്ങള്‍ക്കും വേദിയായിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ. സ്വത്വം, ജാതി, ദളിത് – പ്രശ്‌നങ്ങളെക്കുറിച്ച് പറയാമോ.
>തീര്‍ച്ചയായും ജനങ്ങള്‍ കലഹങ്ങളില്‍ ഏര്‍പ്പെടട്ടെ. ഇടതുപക്ഷം ഒരു രാഷ്ട്രീയ സാന്നിധ്യമായി ഇതിനോടൊപ്പം നില്‍ക്കുന്നുണ്ടാവും. ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും ഇടതുപക്ഷവുമായി ബന്ധപ്പെട്ട് എനിക്ക് ഒരുപാട് ആശങ്കകളുണ്ട്. അതുപോലെതന്നെയാണ് ജാതി, ലിംഗം തുടങ്ങിയ അവസ്ഥകള്‍ സൃഷ്ടിക്കുന്ന അസമത്വങ്ങളും. സമൂഹത്തിന്റെ അടിത്തട്ടില്‍നിന്നുള്ള പലവിധത്തിലുള്ള അടിച്ചമര്‍ത്തലുകളില്‍ ആണ് ജാതിചിന്തയൊക്കെ നിലനില്‍ക്കുന്നത്. ക്യാപിറ്റലിസം തന്നെ രൂപപ്പെട്ടുവന്നത് ജാതിചിന്തയിലധിഷ്ഠിതമായ ഒരു ഫ്യൂഡല്‍ വ്യവസ്ഥയില്‍ നിന്നാണല്ലോ. ക്യാപ്പിറ്റലിസം അതുകൊണ്ടുതന്നെ ജാതിയെ നിലനിര്‍ത്താന്‍തന്നെ ശ്രമിക്കും. ശ്രമിച്ചുകൊണ്ടേയിരിക്കും. ഇനി അഥവാ ഒരു ദളിത് പ്രധാനമന്ത്രിയോ, പ്രസിഡന്റോ, പ്രൊഫസര്‍മാരോ, ആയാല്‍ത്തന്നെ അത് നവഉദാരവത്കരണത്തിന്റെ ഭാഗമായി അടയാളപ്പെടുത്തപ്പെടുന്നു. സമൂഹത്തില്‍ ഈ ജാതിചിന്ത വേരോടിയിരിക്കുന്ന ഇടങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. ചൂഷണത്തിന്റെ എല്ലാ മുഖങ്ങളും ഉള്ളില്‍ ഒളിപ്പിക്കുന്ന ഒരവസ്ഥയായി അത് നിലനില്‍ക്കുന്നു. അത് ചൂഷണത്തിന്റെ ഒരു മാനിഫെസ്റ്റോ ആയി നിലനില്‍ക്കുന്നു. ക്യാപ്പിറ്റലിസത്തെ മറികടക്കാതെ ജാതിയാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ തുടച്ചുനീക്കുക പ്രയാസമാണ്.
സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട ചിന്ത മറ്റൊരുതരത്തിലാണ് അഭിമുഖീകരിക്കേണ്ടത്. ഏകതാനമായ ഒന്നല്ല അത്. ഓരോ സംഘങ്ങള്‍ക്കും അതത് സ്വത്വരാഷ്ട്രീയ ഇടങ്ങളുണ്ട്. നാം സ്വത്വരാഷ്ട്രീയത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍ (പ്രത്യേകിച്ച് ദളിത് സ്വത്വങ്ങള്‍) അത് മറ്റൊരു രീതിയില്‍ സമീപിക്കേണ്ട പ്രശ്‌നമാണ്. ബി.ജെ.പിയുടേത് ‘ഹിന്ദുത്വ’ സ്വത്വരാഷ്ട്രീയമാണ്. ഫാസിസവും കൈയേല്‍ക്കുന്നത് അവരുടേതായ സ്വത്വരാഷ്ട്രീയമാണ്. ഞാന്‍ മുഴുവനായി അനുകൂലിക്കുന്നത് ചൂഷിതരുടെ സംവരണ ആവശ്യങ്ങളെയാണ്. ജാതിയുടെ പേരില്‍ ഉന്മൂലനം ചെയ്യപ്പെട്ട ദളിത് സ്വത്വങ്ങളുടെ അവകാശ, സംവരണവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യാനും ഒപ്പം നില്‍ക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
? ‘നാണയമൂല്യം ഇല്ലാതാക്കല്‍’ നയത്തിന്റെ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടല്ലോ. ഇത്തരത്തിലൊരു സാമ്പത്തിക നയം ജനങ്ങള്‍ക്ക് സഹായകരമായ ഒന്നാണെന്ന വിശ്വാസമുണ്ടോ.
>അടിസ്ഥാപരമായി എല്ലാവരെയും ഇത് ബാധിക്കുന്നുണ്ട്. രാജ്യത്തിന്റെ വലിയൊരു ഭാഗം ആളുകള്‍ക്കും സാമ്പത്തിക ഞെരുക്കങ്ങളുണ്ട്. ഇപ്പോഴും സ്ഥിതി ആശാവഹമല്ല. തൊഴിലില്ലായ്മ കൂടിയിരിക്കുന്നു. കുടിയേറിപ്പോയവര്‍ പകുതിയും തിരിച്ചുവന്നിരിക്കുന്നു. ഈ നയം ബാധിക്കുന്നത് ഏറ്റവും ദരിദ്രരായ ജനങ്ങളെയാണ്. ബ്ലാക്മണിയെ ഇല്ലാതാക്കാനൊന്നും ഈ നയത്തിന് സാധിക്കില്ല. ഏത് നീതിയാണ് ഇവരിവിടെ നടപ്പിലാക്കാന്‍ പോകുന്നത്? സ്വകാര്യ സംഭാവനകള്‍ ഏറ്റുവാങ്ങുന്ന അതേ സര്‍ക്കാരാണ് ഈ നയം പ്രഖ്യാപിക്കുന്നത്. ആര് ആരോടാണ് പൊരുതുന്നത്?
എന്തുകൊണ്ടിതു സംഭവിച്ചു? ഇതിനെതിരെ ഒരു കലാപവും ഉയരുന്നില്ല? ആദ്യത്തേതിന് ഉത്തരം പ്രയാസമാണ്. ഫാസിസമാണിത് നടപ്പാക്കുന്നത്. കാരണങ്ങളില്ല എന്നത് വലിയൊരു ഘടകമാണ്. വേറെ വിശദീകരണങ്ങളില്ല. കലഹങ്ങളുടെ, സമരങ്ങളുടെ ചരിത്രമെന്നത് ഏറെക്കാലമായി ഇന്ത്യയില്‍ അപ്രത്യക്ഷമാണ്. സംഘസമരങ്ങളുടെ വിജയങ്ങള്‍ അടുത്തകാലത്ത് നമുക്ക് നിരത്താനില്ല. ഹ്രസ്വസമരങ്ങളല്ല ഞാന്‍ ഉദ്ദേശിച്ചത്. രാജ്യം മുഴുവന്‍ ഉള്‍പ്പെടുന്ന ഒരു സമരം നവഉദാരവത്കരണത്തിനെതിരെ, ഫാസിസത്തിനെതിരെ, പുതിയ സാമ്പത്തികനയത്തിനെതിരെ… അത് ഉയര്‍ന്നുവരട്ടെ.
? അടുത്തകാലത്ത് ഒരു വിപ്ലവം താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
>എന്താണ് മറുപടി പറയേണ്ടത്? കാലങ്ങളുടെ തഴക്കം ആവശ്യമുണ്ട് ഇനിയും. സൈദ്ധാന്തികമായ മുന്‍ഒരുക്കങ്ങള്‍, നീക്കങ്ങള്‍, തയ്യാറെടുപ്പുകള്‍, എത്രയേറെ മൂര്‍ച്ചപ്പെടുത്താമോ അതിനുള്ള കണക്കുകൂട്ടലുകള്‍…. അതെല്ലാം ആവശ്യമാണ്. മനുഷ്യരാശി പല യുദ്ധങ്ങളിലൂടെയും കടന്നുപോന്നിട്ടുള്ളത് അങ്ങനെയാണ്.വരും അത്തരമൊരു വിപ്ലവമെന്നതിന് ഒരു സംശയവുമില്ല. ഞാന്‍ മനുഷ്യനില്‍ വിശ്വസിക്കുന്നു. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നു. അത്രയധികം കാലം മനുഷ്യനെ അവന്റെ സത്തയില്‍നിന്ന് തടഞ്ഞുവയ്ക്കാനാവില്ല. സ്വാതന്ത്ര്യം ആഗ്രഹിക്കുകയും, പകരാന്‍ കഴിയുകയും ചെയ്യുന്ന ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. സോഷ്യലിസത്തിലുള്ള വിശ്വാസംതന്നെ അടിസ്ഥാനപരമായി മനുഷ്യനിലുള്ള വിശ്വാസമാണ്. വലിയ വിപ്ലവങ്ങള്‍ വരും. ഉറപ്പാണ്.
? കവിതകള്‍ വായിക്കാറുണ്ടോ? രാഷ്ട്രീയചിന്തകന്റെ പ്രണയ സങ്കല്‍പം എന്താണ്?
>കവിതകള്‍ വായിക്കാറുണ്ട്. ഉണ്ടായിരുന്നു. കൗമാരകാലത്ത്. അതിന് അത്രമാത്രം കേന്ദ്രീകൃതവും ശ്രദ്ധാലുവുമായ ഒരു മനസ്സ് വേണം. എന്നിലേക്ക് ഒതുങ്ങിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന സമയങ്ങളില്‍ ആരാണ് കവിതയും പ്രണയവും ആഗ്രഹിക്കാത്തത്? യുവത്വത്തില്‍ ഞാന്‍ ബംഗാളി കവിതകളുടെ ആരാധകനായിരുന്നു. ജീവന്റെ വേവും ചൂടും ബംഗാളി കവിതകളില്‍നിന്ന് ഞാനറിഞ്ഞു. മണ്ണിനോടും ജലത്തോടും ചേര്‍ത്ത് നമ്മുടെ വിരലുകള്‍ വയ്ക്കുമ്പോള്‍, കിട്ടുന്നത് ആത്യന്തികമായ പ്രണയമാണ്. മനുഷ്യന്റെ എല്ലാത്തരം നിലനില്‍പ്പുകളെക്കുറിച്ചുമുള്ള എന്റെ ചിന്ത, പിടച്ചില്‍ ഒക്കെ ആരംഭിക്കുന്നത് അങ്ങനെയാണ്. സിദ്ധാന്തങ്ങള്‍ ജീവിതത്തോടൊപ്പം കൂടിയത് അങ്ങനെയാണ്. ഞാന്‍ പറഞ്ഞല്ലോ – ഞാന്‍ മനുഷ്യനില്‍ വിശ്വസിക്കുന്നു.