ചാനല്‍ ആത്മഹത്യയും തോമസ് ചാണ്ടിയുടെ രാജിയും

ചാനല്‍ ആത്മഹത്യയും  തോമസ് ചാണ്ടിയുടെ രാജിയും

ടി.കെ. സന്തോഷ്‌കുമാര്‍

”ആര്‍ത്തവകാലത്ത് നാപ്കിന്‍ വാങ്ങാന്‍പോലും കൈയില്‍ കാശില്ല. ബസ്ചാര്‍ജ് കൊടുക്കാന്‍ കയ്യില്‍ കാശില്ലാതായിട്ട് ഒരു മാസം പിന്നിടുന്നു. ഇതിനേക്കാള്‍ ദുരിതമാണ് മിക്ക ജീവനക്കാരുടെയും അവസ്ഥ. കടം വാങ്ങാവുന്നിടത്തുന്നൊക്കെ കടം വാങ്ങിയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. ശമ്പളം ഇന്ന് കിട്ടും നാളെ കിട്ടും എന്ന് കരുതി മാസങ്ങളായി കാത്തിരിക്കുന്നു.” മലയാളത്തിലെ ദൃശ്യവാര്‍ത്താ മാധ്യമമായ ‘റിപ്പോര്‍ട്ടര്‍’ ചാനലിലെ ജീവനക്കാരി ‘ഫ്രണ്ട്‌സ് റിപ്പോര്‍ട്ടര്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റാണിത്. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു മനസ്സിലാക്കാന്‍ കൂടുതല്‍ അന്വേഷണമൊന്നും വേണ്ടാ.

‘റിപ്പോര്‍ട്ടര്‍’ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് വീടുകളില്‍ കിട്ടുന്നുണ്ടോ എന്നു നോക്കിയാല്‍ മതി. ‘എ.സി.വി’, ‘ഡെന്‍’, മറ്റ് ഡിടിഎച്ച് പ്ലാറ്റ്‌ഫോം എന്നിവിടങ്ങളില്‍ ‘റിപ്പോര്‍ട്ടര്‍’ ഇല്ല. കാരണം മറ്റൊന്നാവാന്‍ വഴിയില്ല. ക്യാരി ഫീസ് കൊടുത്തിട്ടുണ്ടാവില്ല. ഏതു ചാനലും നടത്തിക്കൊണ്ടുപോകുന്നത് പ്രേക്ഷകര്‍ കാണാന്‍ വേണ്ടിയാണ്. അതിനുള്ള സാങ്കേതിക സംവിധാനം നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതിനര്‍ത്ഥം ചാനല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു തന്നെയാണ്. ഈ പ്രതിസന്ധി ‘റിപ്പോര്‍ട്ടര്‍’ ചാനലിനു മാത്രമുള്ളതാണോ? തീര്‍ച്ചയായും അല്ല. മിക്ക ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും ചാനല്‍ നടത്തിപ്പിന്റെ കാര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ട്. പ്രധാന കാരണം മുതല്‍ മുടക്കിനനുസരിച്ച് വിറ്റുവരവില്ല എന്നതുതന്നെയാണ്.

‘ബാര്‍ക്ക്’ എന്ന റേറ്റിംഗ് ഏജന്‍സിയുടെ സര്‍വ്വേയിലെ ചാനല്‍നില അനുസരിച്ചാണ് ഓരോ ചാനലിനും പരസ്യവരുമാനം ലഭിക്കുന്നത്. ചാനല്‍ കൂടുതല്‍ പ്രേക്ഷകരില്‍ എത്തുന്ന സംവിധാനം ഇല്ലാതാകുന്നു എന്നതിനര്‍ ത്ഥം ആ ചാനല്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നു എന്നാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രതിസന്ധി പുറത്തുവന്ന അതേ ആഴ്ചയില്‍തന്നെയാണ് (2017 നവംബര്‍ രണ്ടാംവാരം) മംഗളം ടെലിവിഷനില്‍ ശമ്പളം മുടങ്ങുന്നതിനെതിരെ സമരം നടന്നത് (ആ സമരത്തിന് വേറെയും കാരണങ്ങളുണ്ടെന്നാണ് വാര്‍ത്ത). അതിലെ മുഖ്യ അവതാരകര്‍തന്നെ മുദ്രവാക്യം മുഴക്കി സമരം ചെയ്യുന്നതിന്റെ ‘സെല്‍ഫി’ ഫേയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു. സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ വാര്‍ത്ത ഉണ്ടാകില്ലെന്ന് അറിയിപ്പും നല്‍കി. ആ സമയത്ത് റിപ്പീറ്റുകളോ, റെ ക്കോഡഡ് പരിപാടികളോ ആയിരുന്നു സംപ്രേഷണം ചെയ്തത്. നവമാധ്യമങ്ങളുടെ പല ഉള്ളടക്കവും വാര്‍ത്തയായും വിനോദപരിപാടിയായും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത്, ടെലിവിഷനിലെ സമരവും വാര്‍ത്തപ്രക്ഷേപണം സംബന്ധിച്ച അറിയിപ്പും ലോകത്തെ അറിയിക്കാനുള്ള ഇടമായി നവമാധ്യമം മാറുന്നു. ഫേയ്‌സ്ബുക്കില്‍ മാത്രമല്ല. വാട്‌സ്ആപ്പിലും ‘ചാനല്‍ വാര്‍ത്ത’ പ്രത്യക്ഷപ്പെടുന്നത് റിപ്പോര്‍ട്ടറിലെ ശമ്പളം മുടങ്ങലിനെപ്പറ്റിയുള്ള പോസ്റ്റ് സാക്ഷ്യമാണല്ലോ.

ഇവയെല്ലാം സ്വയമേവ ചാനല്‍ പ്രവര്‍ത്തകര്‍ പോസ്റ്റുചെയ്യുന്നവയാണെങ്കില്‍ ചാനലുകളുടെ പ്രതിസന്ധികളും ചാനലുകള്‍ക്കുള്ളിലെ സംഘര്‍ഷങ്ങളും ഉരുള്‍പൊട്ടലുകളും നിരന്തരം വാര്‍ത്തയാക്കുന്നുണ്ട് ഓണ്‍ലൈന്‍ പത്രങ്ങള്‍. (അച്ചടിമാധ്യമങ്ങളില്‍ മുമ്പുവന്നിരുന്നത് ചാനല്‍ പരിപാടികളെ സംബന്ധിച്ച അറിയിപ്പുകളും അവലോകനങ്ങളുമായിരുന്നു. ഇപ്പോള്‍ ഓരോ പത്രത്തിനും അവരുടെ ചാനലുകള്‍ ഉള്ളതിനാല്‍ അത്തരം അറിയിപ്പുകളും അവലോകനങ്ങളും അവരവരുടെ പരിപാടികളെ സംബന്ധിച്ചുമാത്രമായിട്ടുണ്ട്). മംഗളം ടെലിവിഷനില്‍ സമരം ഒത്തുതീര്‍പ്പാകുന്നതുവരെ വാര്‍ത്ത ഉണ്ടാകില്ല എന്നത് ചാനല്‍ വാര്‍ത്താവതാരകര്‍ക്ക് ഫെയ്‌സ്ബുക്ക് ‘വാളി’ല്‍ പതിക്കാന്‍ മാത്രമാണ് സാധിച്ചതെങ്കില്‍, മുമ്പ് ഒരു വാര്‍ത്താവതാരകന് ‘ഇന്ത്യാവിഷന്‍’ വാര്‍ത്താസംഘം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന് ഇന്ത്യാവിഷനില്‍ത്തന്നെ വാര്‍ത്തയായി വായിക്കാന്‍ (2014 മാര്‍ച്ച് 13) അവസരം ഉണ്ടായി.

ആ വാര്‍ത്ത ഇന്ത്യാവിഷനിലെ സാമ്പത്തിക പ്രതിസന്ധിയുടെയും ആഭ്യന്തരസംഘര്‍ഷത്തിന്റെയും അനന്തര ഫലമായിരുന്നു. ഇന്ത്യാവിഷന്‍ പിന്നെയും സംപ്രേഷണം തുടര്‍ന്നെങ്കിലും താമസിയാതെ പൂട്ടിപ്പോയി. വാസ്തവത്തില്‍ ഇന്ത്യാവിഷനിലെ വാര്‍ത്താ സംപ്രേഷണത്തിന് താഴുവീണ ദിവസം മലയാളത്തിലെ ദൃശ്യവാര്‍ത്താ ചരിത്രത്തിലെ കറുത്തദിനം തന്നെയാണ്. കാരണം കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ തത്സമയ വാര്‍ത്താചാനല്‍ എന്ന നിലയില്‍ മലയാളിയുടെ ദൃശ്യവാര്‍ത്താവബോധത്തെ പുനര്‍നിര്‍വചിക്കുകയും അട്ടിമറിക്കുകയും ചെയ്ത ചാനലാണ് ഇന്ത്യാവിഷന്‍. മാത്രമല്ല ഇന്നത്തെ പ്രഗല്ഭരായ പല ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെയും പഠന പരിശീലന കളരിയായിരുന്നു ഇന്ത്യാവിഷന്‍ വാര്‍ത്തായിടം.

ഇന്ത്യാവിഷന്‍ പൂട്ടാനുണ്ടായ പ്രധാന കാരണം അതിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ് എഡിറ്ററും പിന്നീട് സി.ഇ.ഒയും ആയ എം.വി. നികേഷ്‌കുമാറിന്റെ ചാനലില്‍ നിന്നുള്ള പടിയിറക്കമായിരുന്നു. ചെയര്‍മാനും പിന്നീട് ഓണററി ചെയര്‍മാനും ഒക്കെയായിരുന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിന് രാഷ്ട്രീയമായും അല്ലാതെയും ചാനല്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. പല മാസങ്ങളിലേയും ശമ്പളം കിട്ടാതെ ജേണലിസ്റ്റുകളുടെയും നോണ്‍-ജേണലിസ്റ്റുകളുടെയും ജീവിതം വഴിമുട്ടിനിന്നു. അതിന്റെ പ്രത്യാഘാതമായിരുന്നു സംപ്രേഷണം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്തയുടെ യഥാര്‍ത്ഥ ഉറവിടം. ഒരുപക്ഷേ ഈ പ്രതിസന്ധിയുടെ ആഴം എം.വി. നികേഷ്‌കുമാറിന് നന്നായി അറിയാമായിരുന്നതുകൊണ്ടാകാം നേരത്തെ

പടിയിറങ്ങിയത്. പിന്നീടുള്ള ദൃശ്യമൗനത്തിന്റെ ഒടുവിലാണ് നികേഷ്‌കുമാര്‍ ചാനല്‍ ഉടമയും ചീഫ് എഡിറ്ററുമായി റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെടുന്നത്. ദീര്‍ഘകാലം നികേഷ്‌കുമാര്‍ മലയാളികളുടെ വാര്‍ത്താമുറിയില്‍ നിതാന്ത സാന്നിധ്യമായിരുന്നതിനാല്‍ റിപ്പോര്‍ട്ടറിന്റെ പ്രധാന വിപണനഘടകവും താരവും നികേഷ്‌കുമാര്‍ തന്നെയായിരുന്നു. തത്സമയം വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളുമായി മറ്റൊരു ഇന്ത്യാവിഷന്‍ അനുഭവം റിപ്പോര്‍ട്ടര്‍ സൃഷ്ടിച്ചു. എന്നാല്‍ ദൃശ്യവാര്‍ത്താഖ്യാനത്തില്‍ മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായ യാതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ റിപ്പോര്‍ട്ടറിന് ഉണ്ടായിരുന്നില്ല.

(തുടര്‍ന്ന് വായിക്കുന്ന എഴുത്ത് മാഗസിനില്‍ അംഗമാകു..)

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*