രോഹിംഗുകളും മനുഷ്യരാണ്‌

രോഹിംഗുകളും മനുഷ്യരാണ്‌

സെഡ്രിക്ക് പ്രകാശ് എസ് ജെ (അഭയാര്‍ത്ഥികള്‍ക്കൊപ്പം)

 

ലോകം ഒരു കുടുംബം എന്നര്‍ത്ഥം വരുന്ന ‘വസുധൈവ കുടുംബകം’ എന്ന സംസ്‌കൃതപ്രമാണം ഉപനിഷത്തില്‍ കാണാം. ഇത് ഹൈന്ദവദര്‍ശനത്തിന്റെ അടിസ്ഥാന ചിന്തകളായ അതിഥിയെ ദേവനായി കരുതി സുസ്വാഗതമരുളുന്ന ആതിഥ്യമര്യാദ, സുസ്വരത, ഐകമത്യം, അനുരൂപണം എന്നീ മൂല്യങ്ങളെല്ലാം അടിവരയിട്ട് പ്രഖ്യാപിക്കുന്നുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയും ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നൂറ്റാണ്ടുകളായി ഈ മഹത്പ്രമാണമനുസരിച്ചുതന്നെ പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. വിദേശങ്ങളില്‍നിന്നെത്തിയ വിവിധ മതങ്ങളെയും സംസ്‌ക്കാരങ്ങളെയും ജനതതികളെയും വിവേചനം കൂടാതെ, ഒരു മാതാവിനെപ്പോലെ നമ്മുടെ മാതൃഭൂമി സ്വീകരിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ക്കെല്ലാം സുസ്വാഗതമരുളിയ ഒരു ഭവനമായിരുന്നു, എക്കാലത്തും ഇന്ത്യ. രക്തരൂക്ഷിതവും ഹൃദയഭേദകവുമായ ഇന്ത്യാ വിഭജനകാലത്ത് അഭയാര്‍ത്ഥികളുടെ വലിയ ഒഴുക്ക് ഇവിടേക്ക് ഉണ്ടായി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രതന്ത്രജ്ഞതമൂലം ദലൈലാമ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ടിബറ്റന്‍ അഭയാര്‍ത്ഥികള്‍ ഇവിടെയെത്തുകയും അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയെ അവരുടെ മാതൃഭൂമിയായി കണക്കാക്കി ഇവിടെ ജീവിക്കുകയും ചെയ്യുന്നു.

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധവും ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്കിന് വഴിവച്ചു. കിഴക്കന്‍ ബംഗാളില്‍ നിന്ന് ഒരു കോടി അഭയാര്‍ത്ഥികളാണ്, കൂട്ടക്കുരുതിയില്‍നിന്നും യുദ്ധക്കെടുതിയില്‍ നിന്നും രക്ഷപ്പെട്ട് അന്ന് ഇന്ത്യയിലെത്തിയതെന്ന് കണക്കാക്കപ്പെടുന്നു. ബംഗ്ലാദേശിന്റെ വിമോചനത്തെത്തുടര്‍ന്ന് ഭൂരിഭാഗം അഭയാര്‍ത്ഥികളും തിരിച്ചുപോയെങ്കിലും 15 ലക്ഷം പേര്‍ ഇവിടെത്തന്നെ തങ്ങിയതായി രേഖകളുണ്ട്. 1979-ലെ റഷ്യാ-അഫ്ഗാനിസ്ഥാന്‍ യുദ്ധം, 1983 മുതല്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന ശ്രീലങ്കയിലെ ആഭ്യന്തര കലാപം, മ്യാന്‍മാറിലെ ന്യൂനപക്ഷവിഭാഗത്തോടു കാണിക്കുന്ന ക്രൂരതകള്‍ എന്നിവ മൂലം അഫ്ഗാനികള്‍, ശ്രീലങ്കന്‍ തമിഴര്‍, ചിന്‍സ്, രോഹിംഗുകള്‍ എന്നിവരുടെ വലിയൊരു അഭയാര്‍ത്ഥി പ്രവാഹംതന്നെ ഇന്ത്യയിലേക്കുണ്ടായി. മ്യാന്‍മാറില്‍ നിന്ന് ജീവനും കൊണ്ട് ഇവിടെ എത്തിച്ചേര്‍ന്ന രോഹിംഗുകള്‍ സഹിച്ച പീഡനങ്ങളുടെ കരളലിയിക്കുന്ന കദനകഥകളും ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം അവരോട് കാണിച്ച മനുഷ്യത്വരഹിതമായ നിലപാടുമെല്ലാം വാര്‍ത്താമാധ്യമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. ഏകദേശം 1.2 ദശലക്ഷം വരുന്ന രോഹിംഗുകളില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്. മ്യാന്‍മാറിലെ റാക്കിനെ സംസ്ഥാനത്താണ് ഈ വിഭാഗക്കാര്‍ മുഖ്യമായും അധിവസിക്കുന്നത്. അവിടെ തലമുറകളായി അവര്‍ക്ക് വേരുകളുണ്ട്. ഭൂരിപക്ഷമായ ബുദ്ധമതക്കാരായ ജനങ്ങളുടെയിടയിലാണ് ഈ ന്യൂനപക്ഷവിഭാഗം നൂറ്റാണ്ടുകളായി കഴിഞ്ഞുവരുന്നതെങ്കിലും 1982 മുതല്‍ അവര്‍ക്കെല്ലാം പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വോട്ടവകാശം പോലുമില്ല. അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെട്ട അവരിന്ന് സ്വന്തമായി രാഷ്ട്രമില്ലാത്ത ദുഃസ്ഥിതിയിലാണ്. 1970കളുടെ അവസാനകാലം മുതല്‍ അവര്‍ അയല്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചിട്ടുണ്ട്.

2017 ഫെബ്രുവരിയിലെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ കൂട്ട ബലാല്‍സംഗത്തിന്റെയും കൊലപാതകത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മ്യാന്‍മാറിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ചെയ്തുകൂട്ടിയ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായവരില്‍ ശിശുക്കളും ഇളംപ്രായക്കാരായ കുട്ടികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞമാസം രോഹിംഗുകള്‍ നടത്തിയ ചെറിയ തോതിലുള്ള ഒരു ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് പട്ടാളക്കാരുടെ ക്രോധം ഒന്നുകൂടി ആളിക്കത്തി. കംബോഡിയയിലെ ഏകാധിപതിയായിരുന്ന പോള്‍പോട്ടിനുശേഷം ഏഷ്യയിലുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മ്യാന്‍മാറിലെ രോഹിംഗുകള്‍ക്കെതിരെയുണ്ടായ സൈനികനടപടി. ഈയടുത്ത നാളില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ മ്യാന്‍മാറില്‍ രോഹിംഗുകള്‍ക്കെതിരെ തുടര്‍ന്നുവരുന്ന സൈനിക നടപടിയെ ‘വംശീയ ശുദ്ധീകരണത്തിന്റെ ഒരു ടെക്സ്റ്റ്ബുക്ക് ഉദാഹരണം’ എന്നാണ് വിശേഷിപ്പിച്ചത്.

ഓഗസ്റ്റ് 25-ാം തീയതിക്കുശേഷം ഏതാണ്ട് ഒരുമാസം കഴിഞ്ഞതോടെ ഏകദേശം 4,80,000 രോഹിംഗുകള്‍ ബംഗ്ലാദേശില്‍ അഭയം തേടി. അനേകരാണ് അന്ന് മ്യാന്‍മാര്‍ പട്ടാളത്തിന്റെയും കൊള്ളയടിക്കാന്‍ വേണ്ടി ആക്രമണം നടത്തിയ ജനക്കൂട്ടത്തിന്റെയും മനുഷ്യത്വരഹിതമായ നടപടികള്‍മൂലം കൊല്ലപ്പെട്ടത്. മ്യാന്‍മാറിലെ ഈ ക്രൂരമായ അക്രമങ്ങളെ അതിജീവിച്ചവരെ കാത്തുനിന്നത് അതിര്‍ത്തിയിലുടനീളം ഒളിപ്പിച്ചുവച്ചിരുന്ന കുഴിബോംബുകളായിരുന്നു. രക്ഷപ്പെട്ടുവരുന്നവരെ അപായപ്പെടുത്താനായിരുന്നു, ഈ കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നത് എന്ന കാര്യം വ്യക്തം മ്യാന്‍മാറിനെ ബംഗ്ലാദേശില്‍നിന്നും വേര്‍തിരിക്കുന്നത് നാഫ് നദിയാണ്. പെരുമഴയും വെള്ളപ്പൊക്കവും അവഗണിച്ചുകൊണ്ട് ഈ നദിയുടെ അക്കരെ എത്തിച്ചേരാന്‍ സാഹസപ്പെടുന്നവര്‍ നിരവധിയാണ്. നൂറുകണക്കിനാളുകളുടെ വിലപ്പെട്ട ജീവനാണ് ബോട്ട് മറിഞ്ഞും മറ്റും നഷ്ടപ്പെട്ടത്. ബോട്ട് സര്‍വീസ് നടത്തുന്ന മുതലാളിമാര്‍ ഈടാക്കുന്ന തുക സാധാരണ നിരക്കിന്റെ പതിന്‍മടങ്ങാണ്. ബോട്ടപകടങ്ങളെ അതിജീവിച്ചവര്‍ അവര്‍ കടന്നുപോയ കൊടിയ പീഡാനുഭവങ്ങളും ഭയപ്പെടുത്തുന്ന കദനകഥകളും വിശദീകരിച്ചിട്ടുണ്ട്. ലോകത്ത് ഇന്ന് ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷവിഭാഗമായി രോഹിംഗുകള്‍മാറിയിട്ടുണ്ട്. അവിശ്വസനീയവും മനുഷ്യത്വരഹിതവുമായ ഈ പീഡനങ്ങള്‍ ലോകമാസകലമുള്ള അസംഖ്യം നല്ല മനുഷ്യരുടെ ശ്രദ്ധയില്‍പെടുകയും അവരുടെ മാനസികവ്യഥയ്ക്കും വ്യാപകമായ രോഷത്തിനും ഇടയാക്കുകയും ചെയ്തു.

ബംഗ്ലാദേശ് ഗവണ്‍മെന്റും ഐക്യരാഷ്ട്രസഭയും ദേശാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും സര്‍ക്കാരിതര സംഘടനകളും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍, സാഹചര്യങ്ങള്‍ ഭയാനകമത്രെ. ഭക്ഷണവും കുടിവെള്ളവും വിരളം. യുനൈറ്റഡ് നാഷന്‍സ് റെഫ്യൂജി ഏജന്‍സിയുടെ  ഔദ്യോഗിക വിജ്ഞാപനത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു. ‘പകര്‍ച്ചവ്യാധികള്‍ വ്യാപകമായിത്തീരാനുള്ള വര്‍ധിച്ച അപായസാധ്യത നിലനില്‍ക്കുന്നു. രോഗാണുബാധ ഉണ്ടാവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ പ്രതികൂല സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെല്ലാവരും ഏറെ ദുര്‍ബലരും ക്ഷീണിതരുമാകയാല്‍ ശരീരോഷ്മാവ് നിലനിര്‍ത്തി ആരോഗ്യം പരിരക്ഷിക്കാന്‍ കഷ്ടപ്പെടുകയാണ്.’ അടുത്തകാലത്ത് അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള യുണൈറ്റൈഡ് നാഷന്‍സ് ഹൈക്കമ്മീഷണര്‍ ഫിലിപ്പോഗ്രാന്‍ഡി ബംഗ്ലാദേശിലെ രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചു. സെപ്തംബര്‍ 27-ന് അദ്ദേഹം ജനീവയിലേക്ക്

 

തിരിക്കുന്നതിനുമുമ്പ് പറഞ്ഞു: ”പെട്ടെന്ന് ഉണ്ടായ അതിക്രമത്തില്‍നിന്നും ക്രൂരതയില്‍ നിന്നും അവര്‍ക്ക് ഓടി രക്ഷപ്പെടേണ്ടിവന്നു. ഒന്നും കൂടെ കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ഏറെ നീണ്ടതാണ് അവരുടെ ആവശ്യങ്ങളുടെ പട്ടിക. ഭക്ഷണം, ആരോഗ്യസംവിധാനം, താമസസൗകര്യം തുടങ്ങി യാതൊന്നുമില്ല. യഥാര്‍ത്ഥത്തില്‍, ഒന്നുമില്ലാത്ത ദുഃരവസ്ഥ. എന്റെ ഔദ്യോഗിക ജീവിതത്തിലൊരിക്കല്‍ പോലും ഇതിനുമുമ്പ് ഇത്തരമൊരു ദാരിദ്ര്യാവസ്ഥ കണ്ടിട്ടില്ല. അവര്‍ക്ക് എല്ലാം ആവശ്യമുണ്ട്. കൂടാതെ ബലാല്‍സംഗത്തിന് വിധേയരാക്കപ്പെട്ടവരും അതിനെ ചെറുത്തതിനാല്‍ പരുക്ക് പറ്റിയിട്ടുള്ളവരുമായ നിരവധി സ്ത്രീകളുമായും ഞാന്‍ സംസാരിച്ചു. ഞാന്‍ സംസാരിക്കാന്‍ ഇടയായ മിക്ക കുട്ടികളും നിര്‍വികാരരായിരുന്നു, എന്ന വസ്തുത എനിക്ക് ഏറെ വലിയൊരു ആഘാതമായിരുന്നു. ഇളം പ്രായത്തിന് ഒരിക്കലും താങ്ങാനാവാത്ത, വിവരിക്കാനാവാത്ത കൊടും യാതനകളാണ് അവര്‍ അനുഭവിച്ചത്. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അവരുടെ കണ്‍മുമ്പില്‍ വച്ച് നിര്‍ദ്ദയം കൊല്ലപ്പെടുക!” ഇത്രയും കൊടിയ പീഡനങ്ങളിലൂടെ കടന്നുപോയ രോഹിംഗുകളെയെല്ലാം നാടുകടത്താനാണ്, ഇന്ത്യാ ഗവണ്‍മെന്റ് സാധ്യമായതെല്ലാം ചെയ്യുന്നത്. അഭയാര്‍ത്ഥികളായ രോഹിംഗുകള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

നിലവിലിരിക്കുന്ന ഭരണസംവിധാനത്തിന്റെ ധാര്‍മിക-മൂല്യബോധത്തെക്കുറിച്ചുള്ള ഏറെ ദുഃഖകരമായ ഒരു ദൃക്‌സാക്ഷി വിവരണം തന്നെയാണ് ഇത്. കൂടാതെ അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ ദേശീയ അന്തര്‍ദേശീയ നിയമങ്ങളും കീഴ്‌വഴക്കങ്ങളും അനുസരിച്ചുള്ള രാഷ്ട്രത്തിന്റെ ഉത്തരവാദിത്വങ്ങളെയെല്ലാം ഉല്ലംഘിക്കുന്നതാണ്. രോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങളെ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ മുമ്പിലാണുള്ളത്. ഇന്ത്യയിലെതന്നെ പ്രശസ്തരും പ്രഗത്ഭരുമായ അഭിഭാഷകരാണ് ഈ അഭയാര്‍ത്ഥികളുടെ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നത്. അവരുടെ പെറ്റീഷന്റെ രണ്ട് അടിസ്ഥാനപ്രമാണങ്ങള്‍ ഇവയാണ്.

1. അഭയാര്‍ത്ഥികളെ നാടുകടത്തുക വഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ഉം 21 ഉം ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളായ സമത്വം, ജീവിക്കാനുള്ള അവകാശം എന്നിവയെ പ്രതികൂലമായി ബാധിക്കും. 2. മ്യാന്‍മാറിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കുകയാണെങ്കില്‍ അത് അന്തര്‍ദേശീയ നിയമത്തിന്, പ്രത്യേകിച്ച് 1951-ലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കിള്‍ 33-ന് എതിരാവും. സര്‍ക്കാരിന്റെ മുഖ്യമായ വാദം രോഹിംഗുകളുടെ ഇടയിലേക്ക് ഭീകരവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടാവുമെന്നതാണ്. അക്കാരണത്താല്‍ രാജ്യസുരക്ഷയ്ക്ക് അത് ഒരു ഭീഷണിയാണ്. അതിനാല്‍ സുരക്ഷിതമല്ലാത്ത സ്വന്തം രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ മടക്കി അയയ്ക്കാന്‍ പാടില്ലായെന്ന പ്രമാണം അനുസരിക്കാന്‍ ഇന്ത്യയ്ക്ക് യാതൊരു ബാധ്യതയുമില്ലത്രെ. കൂടാതെ 1951-ലെ അഭയാര്‍ത്ഥികളെ സംബന്ധിച്ച് യുഎന്‍ കണ്‍വെന്‍ഷന്‍ അംഗീകരിച്ചുകൊണ്ട് ഇന്ത്യ അതില്‍ ഒപ്പുവച്ചിട്ടുമില്ല. സാമാന്യബോധവും കരുണയുമുള്ള ആര്‍ക്കുംതന്നെ ഈ വാദങ്ങളെ ഒരിക്കലും അംഗീകരിക്കാനാവില്ല.

മനുഷ്യാവകാശ കൗണ്‍സിലിന്റെ 36-ാം സെഷന്റെ ആമുഖ പ്രസ്താവന നടത്തിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റാദ് അല്‍ഹുസൈന്‍ പറഞ്ഞു: ”അഭയാര്‍ത്ഥികളുടെ നാട്ടില്‍ അക്കൂട്ടര്‍ക്കെതിരെ കൊടിയ അക്രമം നിലനില്‍ക്കുമ്പോള്‍ രോഹിംഗുകളെ മടക്കി അയയ്ക്കുന്നതിന് ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ദുഃഖവും വേദനയും വര്‍ധിപ്പിക്കുന്നവയാണ്. ഏകദേശം 40,000 അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തി താമസമാക്കിയിട്ടുണ്ട്. ഇവരില്‍ 16,000 പേര്‍ക്ക് അഭയാര്‍ത്ഥിയാണെന്നു കാണിക്കുന്ന രേഖകള്‍ ലഭിച്ചിട്ടുണ്ട്. അഭയാര്‍ത്ഥികളെ സംബന്ധിച്ച കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പ് വച്ചിട്ടില്ലാത്തതിനാല്‍, ഇക്കാര്യത്തില്‍ ഉള്ള അന്തര്‍ദേശീയ നിയമത്തെയും അടിസ്ഥാന മാനുഷിക കാരുണ്യത്തെയും മറികടക്കാനാവുമെന്നും ആഭ്യന്തരവകുപ്പ് സഹമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്നിരുന്നാലും പരക്കെ പ്രചാരത്തിലുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ പൗരാവകാശങ്ങളെയും രാഷ്ട്രീയാവകാശങ്ങളെയും സംബന്ധിച്ച അന്തര്‍ദേശീയ ഉടമ്പടികളുടെ പിന്‍ബലത്തില്‍ അനുവര്‍ത്തിക്കേണ്ട നീതിപൂര്‍വകമായ പ്രക്രിയകളുടെ ബാധ്യതയും ഒപ്പം കലാപം നിലനില്‍ക്കുന്ന രാജ്യത്തേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയയ്ക്കാന്‍ പാടില്ലായെന്ന സാര്‍വത്രിക പ്രമാണവും കണക്കിലെടുക്കുമ്പോള്‍, അഭയാര്‍ത്ഥികളെ ഒന്നടങ്കം മടക്കി അയയ്ക്കാന്‍ ഇന്ത്യക്കാവില്ല. പ്രത്യേകിച്ചും പീഡനവും മനുഷ്യാവകാശ ലംഘനവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍! ശക്തമായ വാക്കുകളും ഒപ്പം തുറന്ന സത്യവുമാണത്. മറ്റ് പല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഇന്ത്യയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. മ്യാന്‍മാര്‍ പട്ടാളം ചെയ്ത കൊടുംക്രൂരതകളെ അന്തര്‍ദേശീയ സമൂഹം രൂക്ഷമായി അപലപിക്കുകയുണ്ടായി. ഒപ്പം ഇതിനെല്ലാം നിശ്ശബ്ദം നിസ്സഹായയായി കൂട്ടുനിന്ന, സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ്‌സാന്‍ സൂക്കിയെയും. എന്നാല്‍ മറുവശത്ത് ചൈന അടക്കമുള്ള ഏതാനും രാഷ്ട്രങ്ങളുടെ പിന്തുണയും മ്യാന്‍മാര്‍ സര്‍ക്കാരിനുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യയുടെയും!

രണ്ടു മാസത്തിനകം പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 27 മുതല്‍ 30 വരെ മ്യാന്‍മാറിലും നവംബര്‍ 30 മുതല്‍ ഡിസംബര്‍ 2 വരെ ബംഗ്ലാദേശിലും പോപ്പ് ഉണ്ടാവും. ഫ്രാന്‍സിസ് പാപ്പ അഭയാര്‍ത്ഥികളും പിഴുതെറിയപ്പെട്ടവരുമായ എല്ലാവര്‍ക്കുംവേണ്ടി സ്ഥിരമായ ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. രോഹിംഗുകള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ തുറന്നതും ധീരവുമായ നിലാപാടാണ് അദ്ദേഹത്തിനുള്ളത്. രോഹിംഗുകള്‍ക്കുനേരെ കടുത്ത ആക്രമണങ്ങള്‍ നടന്ന് ഏതാനും ദിവസങ്ങള്‍ക്കുശേഷം ഓഗസ്റ്റ് 27-ാം തീയതി പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ”രോഹിംഗുകളായ നമ്മുടെ സഹോദരീസഹോദരന്മാര്‍ നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള ദുഃഖവാര്‍ത്ത നമുക്ക് ലഭിച്ചിരിക്കുന്നു. മതന്യൂനപക്ഷമായ അവരോടുള്ള എന്റെ പൂര്‍ണമായ മമതാബന്ധം ഞാന്‍ അറിയിക്കുന്നു. നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം: ദൈവം അവരെ സംരക്ഷിക്കട്ടെ! സന്മനസ്സുള്ള പുരുഷന്മാരും സ്ത്രീകളും അവര്‍ക്ക് സഹായം പ്രദാനം ചെയ്യട്ടെ! അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് ലഭിക്കുമാറാവട്ടെ! രോഹിംഗുകളായ നമ്മുടെ സഹോദരര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.”

മ്യാന്‍മാര്‍ സര്‍ക്കാരും ജനങ്ങളും ഇന്ത്യന്‍ ഭരണകൂടവും ആഗോളസമൂഹവും ‘ലോകം ഒരു തറവാടാണെ’ന്ന സത്യം മനസ്സിലാക്കട്ടെ. പരിഷ്‌കൃത ലോകത്ത് ഓരോ പൗരനും അവകാശമുണ്ടെന്നും അഭയാര്‍ത്ഥികളെ അനുകമ്പയോടും കാരുണ്യത്തോടും അവര്‍ അര്‍ഹിക്കുന്ന അന്തസ്സോടും കൂടെ പരിചരിക്കണമെന്നുമുള്ള കാര്യം നാം മറന്നുകൂടാ. ഇതിനെല്ലാമുപരി, രോഹിംഗുകളും നമ്മെപ്പോലെതന്നെ മനുഷ്യരാണ് എന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. (പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ലേഖകന്‍)

 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*