കണ്‍കെട്ട് (അനുഭവക്കുറിപ്പ്)

കണ്‍കെട്ട്  (അനുഭവക്കുറിപ്പ്)

ഗ്രേസി

ആകാശം പൊട്ടിപ്പിളര്‍ന്ന് ഭൂമിയിലേക്ക് പതിച്ച ഒരു ഇടവപ്പാതിയിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് മഴയും ഞാനും ഏറ്റവും അടുത്ത ചങ്ങാതിമാരായി. കുട്ടിക്കാലത്ത്, ഇരച്ചുവരുന്ന മഴയെ തോല്‍പ്പിക്കാന്‍ കുതിച്ചു പായുകയും പാതിവഴിയില്‍ എന്നെ പിടികൂടുന്ന മഴയുമായി ഉരുണ്ടുമറിഞ്ഞ് കളിക്കുകയും ചെയ്യുമ്പോള്‍ വീട്ടില്‍നിന്നുയരുന്ന ശകാരങ്ങളെ ഞങ്ങള്‍ ഗൂഢമായ ഒരു ചിരിയോടെ നേരിട്ടു. കൗമാരക്കാലത്ത് മഴ എന്നെ പൂണ്ടടക്കം പിടിക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു. യൗവനത്തിന്റെ തീക്ഷ്ണതയില്‍ മഴയുടെ ചുംബനങ്ങള്‍ക്ക് ശരീരത്തെ വിട്ടുകൊടുത്ത് കണ്ണുകള്‍ പൂട്ടി ഞാന്‍ നിര്‍വൃതിയിലാണ്ടു. മഴയുടെ കൈക്ക് പിടിച്ച് നടക്കാന്‍ പറ്റാത്ത കാലമായപ്പോള്‍ എനിക്ക് സ്വന്തം ഉടലിനോടുള്ള മമത കുറഞ്ഞു.

എങ്കിലും മഴ ആര്‍ത്തുവരുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ ഞൊടിനേരത്തേയ്ക്ക് നിശ്ശബ്ദയാകും. വീട്ടിലാണെങ്കില്‍ ജനലോരത്ത് വന്ന് പഴയ കളിച്ചങ്ങാതിയെ നിര്‍ന്നിമേഷം ഉറ്റുനോക്കും. ക്ലാസ്സിലാണെങ്കില്‍ മുന്നില്‍ നിരന്നിരിക്കുന്ന കുട്ടികളെ വിസ്മരിച്ച് വാതില്‍ക്കലെത്തി ഞാനൊരു കാഴ്ചക്കാരിയാകും. ഒരിക്കല്‍ ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ ഞാന്‍ കുട്ടികളെയൊക്കെ ക്ലാസ്മുറിയില്‍നിന്ന് കെട്ടഴിച്ചു വിട്ടു. അവശേഷിച്ച കുറച്ചുപേര്‍ ആലിപ്പഴം പെറുക്കുന്നവര്‍ക്കുവേണ്ടി പീലിക്കുട നിവര്‍ത്തി. ആലിപ്പഴം പെറുക്കി മടങ്ങിവന്നവര്‍ പീലിക്കുടയുടെ ആഹ്ലാദത്തിലേയ്ക്ക് ചേര്‍ന്നുനിന്നപ്പോള്‍ ആ ദിവസം എനിക്ക് അവിസ്മരണീയമായി. ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ എനിക്ക് ചങ്ങനാശ്ശേരിയില്‍ കുടിയേറിപ്പാര്‍ക്കേണ്ടി വന്നു. എന്റെ മകള്‍ക്ക് അവിടെ ഒരു കോളേജില്‍ ജോലി കിട്ടിയതായിരുന്നു കാരണം. ചങ്ങനാശ്ശേരിയില്‍ വരണ്ട സാംസ്‌കാരികാന്തരീക്ഷമായിരുന്നെങ്കിലും മഴയ്ക്ക് അസാധാരണമായൊരു സൗന്ദര്യമുണ്ടായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന ഇരുണ്ട ഇടവഴികളില്‍ മഴ ആരെയോ രഹസ്യമായി പിന്‍തുടരുന്നത് കണ്ട് ഞാന്‍ വിസ്മയിച്ചു. ഏറെക്കാലം കഴിഞ്ഞ് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിവന്നപ്പോഴേയ്ക്കും മഴയുടെ പ്രസരിപ്പ് കുറഞ്ഞുതുടങ്ങിയിരുന്നു. ഇടയ്ക്ക് കനത്തുപെയ്യുന്ന മഴയില്‍ ഭൂമി കുളിര്‍ന്ന് നില്‍ക്കുകയും കാറ്റില്‍ മരങ്ങള്‍ ഉറഞ്ഞുതുള്ളുകയും ചെയ്യുമ്പോഴാണ് ഈ ഭൂമിയെ ഞാന്‍ എത്ര സ്‌നേഹിക്കുന്നു എന്ന് മനസ്സിലാവുക!

ഒരു വൈകുന്നേരം കാര്‍പോര്‍ച്ചില്‍ നില്‍ക്കുമ്പോഴാണ് മഴ എന്റെമേല്‍ ഒരു കണ്‍കെട്ട് വിദ്യ പ്രയോഗിച്ചത്. പറമ്പിലെ മരങ്ങളൊക്കെയും കൂടുതല്‍ ഇടതൂര്‍ന്ന് നിന്ന് എന്നെ ഒരു വലയത്തിലാക്കി. മഴ ഇഴയടുപ്പമുള്ള ഒരു കനത്ത തിരശ്ശീല എന്റെ മുന്നില്‍ നിവര്‍ത്തി. മത്തുപിടിപ്പിക്കുന്ന ഒരു ഏകാന്തത എന്നെ ചൂഴ്ന്നു. അജ്ഞേയമായ എന്തോ സംഭവിക്കാന്‍ പോവുകയാണെന്ന തോന്നലില്‍ എന്റെ നെഞ്ചകം വീര്‍ത്തു. പൊടുന്നനെ പറമ്പില്‍ നിന്ന് കുറുംചിറകുള്ള ഒരുചെറുപാറ എന്റെ നേര്‍ക്ക് പറന്ന് പാഞ്ഞുവന്നു.

		
					

				
								
										

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*