ഭയം ആകാശങ്ങളെ അപഹരിക്കുന്നു

by ezhuthuadmins2 | November 28, 2017 11:14 am

എഴുതാനോ സംസാരിക്കാനോ വരയ്ക്കാനോ പാടാനോ ശില്‍പ്പവും സിനിമയും നിര്‍മ്മിക്കാനോ ഭക്ഷണം കഴിക്കാനോ പ്രണയിക്കാനോ ഒരുങ്ങുംമുമ്പ് ഫാസിസ്റ്റുകള്‍ അടുത്തെങ്ങാനുമുണ്ടോ എന്ന ഭയപ്പെടേണ്ട ഇന്ത്യന്‍നാളുകളെക്കുറിച്ച് ‘എഴുത്തി’ന്റെ ഒരു എഡിറ്റോറിയല്‍ ഓര്‍മ്മയുണ്ടാകുമോ? ജനങ്ങളില്‍ എത്രത്തോളം ഭയത്തിന്റെ പരലുകള്‍ പെരുക്കുന്നുവെന്ന് നിരന്തരം ഭരണാധികാരികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. വിമതശബ്ദങ്ങളെ ഭയത്തിന്റെ കറുത്ത കടലില്‍ മുക്കിത്താഴ്ത്തുന്നു.

മനുഷ്യന്റെ ഭയത്തിന് പ്രപഞ്ചോല്‍പ്പത്തിയോളം പഴക്കമുണ്ട്. ഏറ്റവും പുരാതനമായ വികാരം കൂടിയാണത്. വിലക്കുകള്‍ക്കും പാപങ്ങള്‍ക്കും ഹിംസകള്‍ക്കും തുടക്കമിട്ട വികാരം. ഭയത്തില്‍നിന്ന് മതങ്ങള്‍ രൂപപ്പെട്ടുവെന്നും ഭയത്തില്‍നിന്നുള്ള സ്വാതന്ത്ര്യമാണ് മതമെന്നും കൂട്ടിമുട്ടാത്ത രണ്ട് പ്രബലവാദങ്ങളുണ്ടല്ലോ. സ്വകാര്യശരീരത്തിലും രാഷ്ട്രശരീരത്തിലും മതശരീരത്തിലും ഭയത്തിന്റെ ഹിംസാമുദ്രകള്‍ ആഴപ്പെട്ടുകിടക്കുന്നു. മനുഷ്യന്‍ പരസ്പരം നോക്കുകയല്ല, ഭയപ്പെടുത്തി തുറിച്ചു നോക്കുകയാണെന്ന് സാര്‍ത്ര്. ഭയത്തിന്റെ പിതാമഹനാണ് ഭീഷ്മര്‍. ഭയം എന്ന ശബ്ദത്തില്‍നിന്നാണ് ഭീഷ്മശബ്ദം വന്നത്. ഭയത്തിന്റെ ശരശയ്യയില്‍ കിടന്നുകൊണ്ട് മഹാഭാരതമാകെ വിറപ്പിച്ചത് ഭീഷ്മരായിരുന്നല്ലോ.

അധികാരത്തിന്റെ ധാര്‍ഷ്ട്യം കരുത്തിന്റേതാണെന്ന് നാം തെറ്റിദ്ധരിക്കുകയാണ്. ഭീരുത്വമാണ് അധികാരത്തിന്റെ കിരീടങ്ങള്‍ പണിയുന്നത്. ഇരയേയും വേട്ടക്കാരനേയും ഒരേ തുലാസില്‍ തൂക്കിനോക്കൂ. അവരില്‍ ഭയമേറിയത് വേട്ടക്കാരനിലായിരിക്കും. അരക്ഷിതബോധത്തില്‍നിന്നാണ് അധികാരി ക്രൂരനാകുന്നതും വേട്ടയ്‌ക്കൊരുങ്ങുന്നതും. ഇരയും തന്റെ നിസ്സഹായതയിലുള്ള ഭയത്താല്‍ വേട്ടക്കാരന്റെ കുപ്പായം തുന്നുന്നുണ്ട്. നമ്മള്‍ ഭയപ്പെടുന്നതാണ് ഭാവിയില്‍ നമ്മെ തേടിയെത്തുന്നത്. ഭയം ഓരോ മനുഷ്യന്റെയും ആകാശങ്ങളെയാണ് അപഹരിക്കുന്നത്.

ഭയത്തെ നേരിട്ട രീതികള്‍ ചിലപ്പോഴെങ്കിലും സര്‍ഗ്ഗാത്മകമാകാറുണ്ട്. ഉയരങ്ങള്‍ ഭയപ്പെടുത്തിയ കുട്ടിക്കാലത്തെക്കുറിച്ച് ലോകത്തിലെ ഏറ്റവും മികച്ച പര്‍വ്വതാരോഹകനായ മെസ്‌നര്‍ പറയുന്നതിങ്ങനെ. സ്വന്തം ഭയത്തെ ജയിക്കാന്‍ വേണ്ടിയാണ് പര്‍വ്വതങ്ങളായ പര്‍വ്വതങ്ങളെല്ലാം ചവുട്ടിക്കയറിയത്. മരണഭയത്തെ അസീസിയിലെ ഫ്രാന്‍സീസ് നേരിട്ടത് മരണത്തെ സഹോദരിയായി സ്‌നേഹിച്ചുകൊണ്ടായിരുന്നു. വാര്‍ദ്ധക്യവും രോഗവും മരണവും തെരുവില്‍ കണ്ട് തനിക്കും ഇതൊക്കെ സംഭവിക്കുമല്ലോ എന്ന ഭയത്തില്‍നിന്നാണ് സിദ്ധാര്‍ത്ഥന്‍ ബുദ്ധനിലേയ്ക്ക് യാത്ര ചെയ്തത്.

ഭയത്തിന്റെ പണിയായുധങ്ങള്‍ രാകിമിനുക്കുകയാണ് ലോകമെങ്ങും. അധികാര കേന്ദ്രങ്ങള്‍ മാത്രമല്ല. ശാന്തിപുലരേണ്ട ദേവാലയത്തിലും വിദ്യാലയത്തിലും ഭയം ഭ്രാന്തുപോലെ വളരുകയാണ്. ഒരുപിടി മണ്ണില്‍ ഭയമെന്തെന്ന് ഞാന്‍ നിനക്കു കാണിച്ചുതരാം എന്ന് ടി.എസ്. എലിയറ്റ്. കനംകുറഞ്ഞ മഞ്ഞുപാളിക്കുമേല്‍ തെന്നിനീങ്ങുമ്പോള്‍ നിങ്ങളെ സുരക്ഷിതരാക്കുന്നത് നിങ്ങളുടെ ഭയമാണെന്ന് എമേഴ്‌സണ്‍ അവനവന്റെ സത്ത അപരനിലും തിരിച്ചറിയുന്നവര്‍ക്ക് ഭയത്തെ കീഴ്‌പ്പെടുത്താനാവുമെന്ന് ഉപനിഷത്ത്. ഭയത്തിനും പ്രത്യാശയ്ക്കുമിടയിലെ തിരഞ്ഞെടുപ്പാണ് മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യം. വര്‍ഷാന്ത്യത്തിലിറങ്ങുന്ന ‘എഴുത്തി’ന്റെ താളുകള്‍ ഭയഗ്രസ്തമായതില്‍ ഖേദമുണ്ട്. പക്ഷേ അത് പ്രത്യാശയിലേയ്ക്കുള്ള യാഥാര്‍ത്ഥ്യബോധമാണ്.

Source URL: http://ezhuthu.org/editorial/