ഭയം രാജ്യം ഭരിക്കുന്നു

ഭയം  രാജ്യം ഭരിക്കുന്നു

അശോകന്‍ ചരുവില്‍


കുട്ടിക്കാലത്തെ ഒറ്റ വായന കൊണ്ടു തന്നെ ചില പുസ്തകങ്ങള്‍ മനസ്സില്‍ കയറിപ്പറ്റും. അതിലൊന്നാണ് പി.കേശവദേവിന്റെ ‘റൗഡി.’ റൗഡി എന്നാല്‍ ഗുണ്ട. ഇപ്പോഴത്തെ ഭാഷയില്‍ ക്വട്ടേഷന്‍ ടീം അംഗം എന്നു പറയാം. പണ്ട് അന്തിച്ചന്ത സമയത്ത് അങ്ങാടിമുക്കില്‍നിന്ന് ഗുണ്ടകള്‍ കത്തി കാണിച്ചു (ആരെയെന്നില്ലാതെ) വെല്ലുവിളിക്കുന്നതു കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ‘റൗഡി’യിലെ നായകന്‍ പരമുവിനെ ഓര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ രാജ്യാധികാരത്തിലെത്തിയ ഗുണ്ടപ്പട ജനങ്ങളെ ഭരിച്ചു ഭയപ്പെടുത്തുമ്പോള്‍ പരമു തന്റെ മീശയും കത്തിയുമായി വീണ്ടും മനസ്സിലേക്കു കയറി വരുന്നു. ഭയത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ഇത്രകണ്ട് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നോവലുകള്‍ ‘റൗഡി’ പോലെ നമുക്കു വേറെയില്ല. ഈ നോവല്‍ സിനിമയായിട്ടുണ്ട്. സത്യന്‍ ആയിരുന്നു നായകന്‍. സിനിമയില്‍ എങ്ങനെയെന്ന് അറിയില്ല; നോവലിലെ നായകന്‍ റൗഡിയായ പരമു സത്യത്തില്‍ ഒരു ഭീരുവാണ്. ജന്മനാ ഭീരു എന്നു പറയാം. ഇല അനങ്ങിയാല്‍ വിറയ്ക്കും. കുട്ടിക്കാലം മുതലേ എല്ലാറ്റിനോടുമുള്ള ഭയം മുതിര്‍ന്നപ്പോള്‍ അയാളെ റൗഡിയാക്കി പരിണമിപ്പിച്ചു. രാജ്യഭരണം കയ്യാളുന്ന ഫാസിസ്റ്റുകളും അടിസ്ഥാനപരമായി ഭീരുക്കളാണ്. പഴയ ഹിറ്റ്‌ലറും മുസ്സോളിനിയും ഉള്‍പ്പടെ, എല്ലാവരും തന്നെ ആക്രമിക്കാന്‍ വരുന്നു എന്ന ഭയത്തില്‍ നിന്നാണ് അവരുടെ യുദ്ധ സന്നാഹങ്ങള്‍ ഉണ്ടാകുന്നത്. ‘പേടിയുള്ളവന്‍ എന്റെ ചുറ്റും വന്നു നില്‍ക്കുക’ എന്ന തത്വശാസ്ത്രം. അങ്ങനെ സമാന ഹൃദയരായ ഭീരുക്കള്‍ ഒത്തുചേരുമ്പോള്‍ ഭയത്തിന്റെ റിഫ്‌ളക്ഷനായി ഒരു ഫാസിസ്റ്റ് പ്രസ്ഥാനം തന്നെ ഉണ്ടാകുന്നു. ഇന്ത്യയിലെ ഇന്നത്തെ ഭരണകക്ഷിയായ ആര്‍.എസ്.എസ്. പരിവാറിന്റെ ഉത്ഭവവും വളര്‍ച്ചയും ഭയത്താല്‍ നിര്‍മ്മിതമാണ് എന്നു കണ്ടെത്താന്‍ പ്രയാസമില്ല. ആദ്യകാല രാഷ്ട്രീയ ഹിന്ദുത്വം ഏറെ ഭയപ്പെട്ടതും ആക്ഷേപിച്ചതും ബുദ്ധനെയാണ്. ‘പേടിക്കണ്ട, ആരും ആക്രമിക്കാന്‍ വരുന്നില്ല. ആയുധങ്ങള്‍ ഒരുക്കി വെക്കേണ്ടതില്ല’ എന്ന അഹിംസാ മന്ത്രം പറഞ്ഞതാണ് ബുദ്ധന്‍ ചെയ്ത കുറ്റം. കാലങ്ങള്‍ക്കു മുമ്പേ ഭൗതീകമായി പിന്‍വാങ്ങിയതുകൊണ്ട് മാത്രം തഥാഗഥന്‍ രക്ഷപ്പെട്ടു. പക്ഷേ ഗാന്ധിയെ അവര്‍ കൊന്നു. ഗാന്ധിയെ വധിച്ച ഗോദ്‌സെയുടെ ആരാധകര്‍ മാളങ്ങളില്‍ നിന്ന് പുറത്തു വന്ന് ഉല്ലസിക്കുന്ന കാലമാണ് ഇത്. അവരുടെ വക ഗോദ്‌സെ വീരാപദാനങ്ങള്‍ / ജീവചരിത്രങ്ങള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഗാന്ധിയെ വധിക്കാന്‍ ഗോദ്‌സെയും കൂട്ടരും നടത്തിയ ശ്രമങ്ങളുടെ നീണ്ടകഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ പിന്തുടരുക ഭയത്തിന്റെ നാള്‍വഴികളെയാണ്. ഇരുട്ടും തണുപ്പും നനവും കലര്‍ന്ന വഴികള്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീരുവാണ് നാഥുറാം വിനായക് ഗോദ്‌സെ. (ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരം സ്ത്രീ വേഷം ധരിച്ചു മാത്രം സ്‌കൂളില്‍ പോവേണ്ടി വന്ന അപമാനകരമായ കുട്ടിക്കാലമായിരിക്കാം അയാളെ ഭീരുവാക്കിയത്.) ഏറ്റവും ധീരന്‍ മഹാത്മജി തന്നെ. സംഘര്‍ഷം കത്തിപ്പിടിച്ച നവാഖലിയിലൂടെ തുണയേതുമില്ലാതെ വേറെ ആര്‍ക്കു സഞ്ചരിക്കാന്‍ കഴിയും? ഭീരുക്കള്‍ക്ക് ഇരയായ ധീരന്മാരുടെ പട്ടിക ഗാന്ധിയില്‍ തുടങ്ങി നരേന്ദ്ര ധമ്പോല്‍ക്കറിലൂടെ പുനരാരംഭിച്ച് പന്‍സാരെ, കല്‍ബുര്‍ഗ്ഗി പിന്നെ ഗൗരിലങ്കേഷില്‍ എത്തി നില്‍ക്കുകയാണ്. പട്ടിക അവസാനിക്കുന്നില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*