ചുരുളുകൾ – വി.ജി. തമ്പി

I went to the angel and asked him to give me the little scroll. He said to me. “Take it and eat it. It will turn your stomach sour, but in your mouth it will be as sweet as honey.” I took the little scroll from the angel’s hand and ate it. Revelation (New Testament)


മഞ്ഞിലുറഞ്ഞുപോയ അഹന്തയുടെ കൊടുമുടിയാണ് ഹിമാലയം. ഹിമാപങ്ങളെ നനച്ചും കുതിർത്തും അഹന്ത അലിയുന്നത് ഗംഗയുടെ നിരന്തര പ്രവാഹത്തിലാണ്. ഹിമാലയത്തിന്റെ തുമ്പറ്റമാണിത്. ഭൂമി ഇവിടെ തീർന്നുവെന്നു തോന്നും. അതിരുകളും പാതകളും കാണാനേയില്ല. സാമങ്ങളുടെ വൻകാട് ചുറ്റിലുമുണ്ട്. ഉപേക്ഷിക്കപ്പെട്ട ഗുഹകളും ആശ്രമാവശിഷ്ടങ്ങളും വനാന്തരങ്ങളിലെ രഹസ്യസങ്കേതങ്ങളാണ്.


പർവതത്തിന്റെ നിഴൽപതിഞ്ഞ ത്രികോണാകൃതിയിലുള്ള ഒരു തടാകം. സതോപന്ത് തടാകത്തിന് കാട്ടുപച്ചയുടെ നിറമാണ്. സത്യപഥം. മഹാസ്നാനങ്ങളുടെ സത്യദർശനമാണ് ഈ തടാകം. പഞ്ചപുരുഷന്മാരും ദ്രൗപതിയും ഈ തടാകത്തിൽ മുങ്ങിനിവർന്നാണ് സ്വര്‍ഗാരോഹിണിയിലേയ്ക്ക് പോയത്. ഉറ്റവരുടെ മരണങ്ങളെയും വിയോഗങ്ങളെയും അസംബന്ധമാക്കിയ ഒരു മഹായുദ്ധത്തിന്റെ ദാരുണമായ പരിത്യാഗകഥകളെല്ലാം ഈ തടാകം പറയും. സതോപന്ത് തടാകത്തിൽ അന്ത്യസ്നാനം നടത്തിയവരിൽ ധർമപുത്രർ മാത്രം അവശേഷിച്ചു. മുന്നോട്ടുള്ള വനാന്തരത്തിൽ മറ്റെല്ലാവരും വീണുപോയി. അവരുടെ വീഴ്ചകൾ അവരുടെ തന്നെ അഹങ്കാരത്തിന്റെയും ദേഹാഭിമാനത്തിന്റെയും ആർത്തിയുടെയും ദുർവ്വാശിയുടെയും പക്ഷപാതങ്ങളുടെയും മഹാവീഴ്ചകളായിരുന്നു. ധർമപുത്രരാകട്ടെ സ്വര്‍ഗാരോഹിണിപർവതം മുറിച്ചുകടന്ന് വിലയംപ്രാപിച്ചു. ധർമത്തിന്റെ കാലൊടിഞ്ഞ സരമ എന്ന ഒരു നായ മാത്രം അനുയാത്ര ചെയ്തു. നേടുന്നതൊന്നുമല്ല, യത്നിക്കുന്നതാണ് ജീവിതം. വിജയത്തിന്റെ വ്യർത്ഥതകളും അഹന്തതകളും ചെതുമ്പൽപോലെ ഉതിർന്നുവീണു.


സ്വര്‍ഗാരോഹിണി പർവതത്തിൽ നിന്നു പതിക്കുന്ന ഒരു കൂറ്റൻ വെള്ളച്ചാട്ടം അവിടെയുണ്ട്. ആകാശം ഇടിഞ്ഞുവീഴുകയാണോ, പാറമലകൾ അടിയിളകി പൊട്ടിപ്പിളരുകയാണോ? ഭയങ്കരമായ മുറിവേറ്റ് ശരീരഛേദം വന്ന യോദ്ധാക്കളെപ്പോലെ പർവതനിരകൾ കാണപ്പെട്ടു. ഹിമനിശ്ശബ്ദതയിലേയ്ക്ക് ഘോരമായ ശബ്ദത്തിൽ പാറകൾ അടർന്നുവീഴുന്നു. പണിതിട്ടും പണിതിട്ടും തീരാത്ത കൽഗോപുരങ്ങളുടെ പ്രാചീന ശവകുടീരങ്ങൾ.


വെള്ളച്ചാട്ടത്തിനു താഴെ ശിലാപാളിയിൽ ഒരു വൃദ്ധസന്ന്യാസി ഇരിപ്പുണ്ട്. അസ്തമയസൂര്യന് അഭിമുഖമിരുന്ന് സ്നാനസാധകം ചെയ്യുകയാണ്. ആകാശം മേഘഗോപുരങ്ങൾ തീർത്ത് ആ വെള്ളച്ചാട്ടത്തെ ഏതാണ്ട് മൂടിക്കഴിഞ്ഞു. ഗംഭീരമായ ഒരു ജലാനുഭവമാണത്. വെള്ളച്ചാട്ടത്തിനുള്ളിലേയ്ക്ക് ഒരുപക്ഷി എത്ര നിർഭയമായാണ് പറന്നു കളിക്കുന്നത്. ജലത്തിന്റെ ജന്മരഹസ്യം ആ പക്ഷിക്ക് അറിയാമെന്നത് സത്യം.


മൃത്യുരഹസ്യം തേടിപ്പോയ നചികേതസ്സിന്റെ ഒറ്റയടിപ്പാത ഈ തടാകത്തിനരികിയിലൂടെയാണ് മാഞ്ഞുപോയത്.


പാറകളുടെ ഉൾവാതിലുകളിലൂടെ ഭാരമേറിയ ഒരു വലിയ കാറ്റ് ചിറകൊതുക്കി കടന്നുപോയി. കാറ്റ് അടുത്ത വീശലിനായി കാത്തുനിന്നു. സന്ധ്യയാകും മുമ്പുള്ള തിളക്കമുള്ള ഒരു വിചിത്രവെളിച്ചം തടാകത്തിൽ തുളുമ്പി.