Bobby Achan

ആലാത്തിന് വേണ്ടിയാണ് കുട്ടികൾ അന്ന് കാത്തിരുന്നത്. കർക്കടകപ്പെയ്ത്ത് കഴിഞ്ഞ് മാനം തെളിഞ്ഞു വരുന്നതേയുള്ളൂ.അത്തംവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. ഒരു പത്തുവീടുകൾക്കിടയിൽ സാമാന്യം വലുപ്പമുള്ള  തുറസ്സിടങ്ങൾ ഉണ്ടായിരുന്നു. വെളിയെന്നാണ് വിളിച്ചിരുന്നത്. ഒരു ചെറിയ കളിക്കളം. പട്ടം പറത്താനും കുട്ടിയും കോലും കളിക്കാനുമൊക്കെയുള്ള ഇടമാണത്. എല്ലാടത്തും ഇപ്പോൾ വീടായി. കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളത് കൊട്ടക വെളിയാണ്. റിക്കോർഡ് ഡാൻസുമൊക്കെയായി നാടോടി സംഘങ്ങൾ വന്നു പാർത്തിരുന്നതവിടെയാണ്. അവിടെ മുട്ടനൊരു ഫാക്ടറി വന്നു.


ഊഞ്ഞാലിന്റെ മാതുലനായി വരും ഈ ആലാത്ത്.വലുപ്പമുള്ള രണ്ട് വടങ്ങളാണ് കെട്ടിയിറക്കുന്നത്. പടിയായി വെയ്ക്കുന്നത് ഉലക്കയാണ്.ഒരുമയുണ്ടെങ്കിൽ ഉലക്കയിലും കിടക്കാമെന്ന പഴഞ്ചൊല്ലിൽ ഹൈപ്പൊന്നുമില്ലെന്ന തോന്നൽ ഉണ്ടായത്  ആലാത്തിന്റെ ഓർമ ഇളം ബോധത്തിന്റെ ബാക്ക് ഡ്രോപ്പിൽ ചുമ്മാ കിടക്കുന്നത് കൊണ്ടാണ്.വശങ്ങളിൽ രണ്ടു പേർ നടുക്ക് ഒരാൾ  എന്നതാണ് നടപ്പു രീതി. തീരെ കുട്ടികളാണെങ്കിൽ അഞ്ച് വരെയാകാം. ആട്ടാൻ ഒരു സംഘമാൾക്കാർ. സന്ധ്യയ്ക്ക് ശേഷം എല്ലാരും അതിനു ചുറ്റും കൂടി ഇരിക്കുന്നു. ആബാലവൃദ്ധം ഒരു ശൈലിയൊന്നുമല്ലശരിക്കും കണ്ടറിഞ്ഞിട്ടുളളതാണ്. പലതരം കളികൾ ഉണ്ടായിരുന്നു. ഭാർഗ്ഗവി അമ്മൂമ നീട്ടി പാടുമ്പോൾ വട്ടം ചുറ്റി കൈകൊട്ടിക്കളി തുടങ്ങും:


“അലപ്പുഴക്കാരൻ കേശവനാങ്ങളെ

എനിക്കൊരു കുത്ത് തോട തായോ…”

അപൂർവ്വമെന്ന് കരുതാവുന്ന ഒരു കാര്യം കൂടി ഉണ്ടായിരുന്നു,പുരുഷൻമാരുടെ കൈകൊട്ടിക്കളി ! ബലിഷ്ടകായൻമാരായ യുവാക്കളായിരുന്നു അവർ. കടലിലോ കയർ ഫാക്ടറിയിലോ പണി ചെയ്തിരുന്നവരായിരുന്നു കൂടുതൽ പേരും.. കള്ളിമുണ്ടും കൈയില്ലാത്ത വെളുത്ത ബനിയനും തലക്കെട്ടുമായിരുന്നു വേഷം. ചടുലമായ ചുവടുകളും അടവുകളും അതിവിദഗ്ദമായി പ്രയോഗിച്ച് കാഴ്‌ചക്കാരെ അവർ വിസ്മയിപ്പിച്ചിരുന്നു.സവിശേഷമെന്ന് പറയേണ്ട കാര്യം അഞ്‌ജാതകർത്താക്കളുടെ നാടൻ ശീലുകളായിരുന്നില്ല അവരുടെ വായത്താരി. മലയാളി നെഞ്ചോട് ചേർത്ത കാവ്യഗീതികളായിരുന്നു ഇവരുടെ ചുവടികൾ.കുമാരനാശാനും ചങ്ങമ്പുഴയും ഓണനിലാവിൽ ഒരുമിച്ചു വിരുന്നുവന്നു.


കവികൾ സാധരണക്കാർക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന  ചില ശ്രാദ്ധഗീതങ്ങളുമുണ്ടായിരുന്നു. കുമാരനാശാന്റെ അപകട മരണം പ്രമേയമാക്കിയുള്ള ഒരു കളി ഇനിയും മറന്നിട്ടില്ല. “എങ്കണനാഥൻ കുമാരനാശാൻ കൊല്ലത്ത്(?) പോകാൻ യാത്രയായി..” എന്നു തുടങ്ങുന്ന ഗാനം ദുശ്ശകുനങ്ങളിലൂടെ ദുരന്തത്തിലേക്ക് തുഴയുകയാണ്.


മാവിന്റെ കൊമ്പൊന്നു ഒടിഞ്ഞു വീണു 

“ഓലമടൽ ഒന്നിടഞ്ഞു വന്നു

അപ്പോഴെ പൂച്ച മറികടന്നു

എന്നിട്ടും കവി യാത്ര മുടക്കുന്നില്ല…”

ഇനി  രണ്ടു കടുത്ത ശോകത്തിലേക്ക് ചടുലതാളങ്ങൾ കുഴഞ്ഞു പോവുകയാണ്:

“പല്ലന വളവിൽ പത്തു വെളുപ്പിന് ബോട്ട് മുങ്ങി

ആശാനും വീണു മരിച്ചു പോയി..”

ദുഃഖസാന്ദ്രമായ വരികളിൽത്തട്ടി ആ ചെറുപ്പക്കാർ ഇടറി നില്ക്കുന്നുന്നു. കണ്ണുകൾ കവിഞ്ഞ് ഒഴുകുകയാണ്.


അത്തം തൊട്ട് പൂക്കളമുണ്ട്.തീരെ ലളിതമായിരുന്നു. പത്തുമിനിറ്റിന്റെ കേസുകെട്ടായിരുന്നുവത്. ഓണപരീക്ഷയുമായി ക്ലാഷ് ചെയ്യാത്ത സിമ്പിളായ ഒന്ന്.അവനവന്റെ പരിസരത്ത് നിന്ന് നുള്ളിയെടുക്കാവുന്ന പൂക്കൾ മാത്രം മതി.  തുമ്പപൂവ് കാര്യമായിട്ട്  ഉണ്ടായിരുന്നു. വാമനന്റെ കുഞ്ഞിപ്പാദങ്ങളാണ് തുമ്പ പൂക്കളെന്ന് ആരോ പറഞ്ഞു തന്നിട്ടുണ്ട്. നോക്കി നില്ക്കുമ്പോൾ അതിന്റെ സ്വഭാവം മാറുകയായിരുന്നു,കുട്ടികളുടെ കൈയിൽ ഒതുങ്ങാത്ത മട്ടിൽ കാര്യങ്ങൾ വലുതായി. കവലകളിലും ക്ലബ്ബുകളിലും ഭീമകാരമായ പൂക്കളമുണ്ടായി. കയറിൽ ചിത്രമെഴുത്ത് നടത്തിയിരുന്നവരുടെ സർഗാത്മകതയുടെ തുടർച്ച മാത്രമായിരുന്നു അത്. കണ്ടമാനം പണമാവശ്യമുള്ള ആ പരിപാടിക്ക് സ്പോൺസറുമാരുണ്ടായി. അങ്ങനെ ഭൂമിയിൽ ആദ്യമായി പൂക്കളമത്സരങ്ങളുണ്ടായി. വീട്ടുമേശയിലെ തിരുവത്താഴം ഭദ്രാസനപ്പള്ളിയിലേക്ക് പുറപ്പെട്ടുപോയി എന്നർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് കവിത വായിച്ചു കൊണ്ടിരുന്നപ്പോൾ ചുമ്മായിതും ഓർത്തു.