ഡോ. വി. രാജകൃഷ്ണനുമായി അഭിമുഖം – പി.എസ്. പ്രദീപ്

       രോഗത്തിന്റെ ഭീതി നഗരത്തെ വീണ്ടും ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ഇരുണ്ട സന്ധ്യയിലാണ്. രോഗത്തിന്റെ പൂക്കൾ” (1979) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായി സംഭാഷണത്തിലേർപ്പെട്ടത്. ചെറുകഥയുടെ ഛന്ദസ്സ്”, ”മൗനം തേടുന്നവാക്ക്”, ”നഗ്നയാമിനികൾ”, “കാഴ്ചയുടെ അശാന്തി”, ”ചെറുകഥയുടെ രാഗതാളങ്ങൾ”  തുടങ്ങിയ കൃതികളിലൂടെ മലയാള സാഹിത്യത്തിലും ചലച്ചിത്ര സാഹിത്യത്തിലും വ്യത്യസ്തവും നവീനവുമായ സൗന്ദര്യ സങ്കൽപം സൃഷ്ടിച്ച വിമർശകനാണ് ഡോ.വി. രാജകൃഷ്ണൻ. അദ്ദേഹം സർഗാത്മക ജീവിതത്തിന്റെ നാല്പതു വർഷം പിന്നിടുകയാണ്. മലയാള സാഹിത്യത്തെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും കൃതികളെക്കുറിച്ചും സ്വന്തം രചനകളെക്കുറിച്ചും ആത്മാവിന്റെ അഗാധതയിൽ നിന്ന് ഇറ്റുവീഴുന്ന ആർദ്രവും ആധികാരികവുമായ ശബ്ദത്തിൽഅദ്ദേഹം സംസാരിച്ചുതുടങ്ങി.


രോഗത്തിന്റെ പൂക്കൾ” എന്ന 1979ൽ പ്രസിദ്ധീകരിച്ച ആദ്യകൃതിയുടെ പ്രസിദ്ധീകരണത്തെ തുടർന്നുള്ള അനുഭവങ്ങളെക്കുറിച്ചു പറയാമോ


 പുസ്തകം എസ്.പി.സി.എസ്. പ്രസിദ്ധീകരണത്തിന് എടുത്തില്ല. അല്ലെങ്കിൽ അവിടെയുള്ള ചിലർ തടസ്സം നിന്നു. കുടുംബജീവിതം ആരംഭിച്ച സമയത്ത് പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തികസ്ഥിതി കുറവായിരുന്നു. എങ്കിലും വാശിയോടെ പണം കണ്ടെത്തി സ്വന്തമായി അച്ചടിച്ച് എസ്.പി.സി.എസിന് അയച്ചുകൊടുത്തു. വില്പന നല്ല രീതിയിൽ നടന്നു; ഇപ്പോൾ നാലാമത്തെ പ്രിന്റുമായി. മലയാള വിമർശന സാഹിത്യത്തിൽ ഒരു ദിശാവ്യതിയാനം കുറിച്ച കൃതിയായിരുന്നു അത് എന്ന് അഭിമാനത്തോടെ പറയാം. വളരെയധികം പ്രശംസ കിട്ടി. കെ.പി.അപ്പൻ അഭിനന്ദിച്ചു. കടുത്ത വിമർശനങ്ങളുമുണ്ടായി. സച്ചിദാനന്ദൻ നഖശിഖാന്തം എതിർത്തു. സംക്രമണം‘ മാസികയിൽ ഇതെപ്പറ്റി അദ്ദേഹവുമായി സംവാദങ്ങളുണ്ടായി. സാഹിത്യത്തിൽ ചലനമുണ്ടാക്കിയ സംവാദമായിരുന്നത്. സച്ചിദാനന്ദന് അന്ന് തീവ്രവാദപരമായ കാഴ്ചപ്പാടായിരുന്നു. സച്ചിദാനന്ദൻ പിന്നീട് നിലപാട് മയപ്പെടുത്തി. പലരും ഇന്നും എന്നെ തിരിച്ചറിയുന്നത് ഈ പുസ്തകവുമായി ചേർത്താണ്.


ഏറ്റവും പ്രിയപ്പെട്ട സ്വന്തം കൃതി ഏതാണ്


 ”ചെറുകഥയുടെ ഛന്ദസ്സ്” പല കാലഘട്ടങ്ങളിലൂടെ എന്റെ മനസ്സിൽ രൂപപ്പെട്ട കൃതിയാണ്. 2000-ലെ ഇന്ത്യടുഡെ യുടെ ദശകപ്പതിപ്പിൽ ദശകത്തിലെ പത്തു പുസ്തകങ്ങളിൽ നിരൂപണത്തിൽ തിരഞ്ഞെടുത്തത് ഈ കൃതിയായിരുന്നു. ആസ്വദിച്ചെഴുതിയത് നഗ്നയാമിനികൾ” എന്ന കൃതിയാണ്. അതിലെ ഓരോ പഠനവും വളരെ സമയമെടുത്ത് സൂക്ഷ്മവും ഏകാഗ്രവുമായി എഴുതുകയായിരുന്നു. ചെറുകഥയുടെ രാഗതാളങ്ങൾ”  എന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ്. വർഷങ്ങളുടെ കഠിനാദ്ധ്വാനം ഇതിനു പിന്നിലുണ്ട്. ദീർഘകാലത്തെ അന്വേഷണവും പഠനവും നിരീക്ഷണവും കൊണ്ട് രൂപപ്പെട്ട കൃതിയാണത്. അതിലെ ഓരോ അദ്ധ്യായവും ചെറുകഥയുടെ ഓരോ മുഖം അനാവരണം ചെയ്യുന്നു.


സാഹിത്യത്തിലെ സ്വന്തം റോൾ‘ ആലോചിക്കുമ്പോൾ സാർത്ഥകമായ പലതും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നുണ്ടോതിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?


 ഏറ്റവും ചാരിതാർത്ഥ്യം ഒത്തുതീർപ്പുകൾ കുറവായ സാഹിത്യജീവിതമാണ് എന്നതാണ്. മനസ്സിന് ഇഷ്ടപ്പെട്ട കാര്യങ്ങളെപ്പറ്റി മാത്രമേ എഴുതിയിട്ടുള്ളു. പ്രലോഭനങ്ങളെ ചെറുത്തു നിൽക്കാനുള്ള ആത്മബലം ചെറുപ്പത്തിലേ നേടിയെടുത്തു എന്നു കരുതുന്നു. വളരെ കുറച്ച് അവതാരികകൾ മാത്രമേ എഴുതിയിട്ടുള്ളു. അവയിൽത്തന്നെ കരുതലോടു കൂടിയാണ് വാക്കുകൾ ഉപയോഗിച്ചിട്ടുള്ളത്. രോഗത്തിന്റെ പൂക്കൾ” തൊട്ട് ഇതുവരെയുള്ള നാലു പതിറ്റാണ്ടുകാലത്തെ എന്റെ കൃതികളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഏതെങ്കിലും രീതിയിലുള്ള തകിടംമറിച്ചിലുകളോ പ്രകടമായ വൈരുദ്ധ്യങ്ങളോ കാണുവാൻ കഴിഞ്ഞുവെന്ന് വരികയില്ല. എന്റെ സാഹിത്യജീവിതത്തിന് ഒരു അനുസ്യൂതി ഉണ്ടായിരുന്നു എന്നു കരുതുന്നു.


ആധുനിക നിരൂപകർക്ക് പുതിയ കാലഘട്ടത്തിലെ രചനകളെ ശരിയായ രീതിയിൽ വായിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നില്ല എന്ന വിമർശനമുണ്ട്. ആധുനിക നിരൂപകർക്ക് പുതിയ സാഹിത്യാന്തരീക്ഷത്തിൽ പ്രസക്തി നഷ്ടപ്പെട്ടിട്ടുണ്ടോ?


 ഒരു വിമർശകന് എന്തെല്ലാം കാര്യങ്ങൾ ഉൾക്കൊള്ളാനാകും എന്ന ചോദ്യം ബാക്കി നിൽക്കുന്നു. മുണ്ടശ്ശേരിയുടെ വിമർശനവാസന ഉന്മിഷിത്തായത് ജീവൽസാഹിത്യത്തെ അഭിമുഖീകരിച്ച വേളയിലാണ്. തകഴിക്കപ്പുറം കടന്നു ചിന്തിക്കാൻഎം.ടി.വാസുദേവൻ നായരെയോആധുനികതയെയോ ചെറുതായിപ്പോലും ഉൾക്കൊള്ളുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒരു പൊതു സത്യത്തിന്റെ ഭാഗമായാണ് ഞാനിതു പറയുന്നത്. നമുക്കാർക്കും നമ്മുടെ ജീവശാസ്ത്രത്തെ മറികടക്കാനാവില്ലല്ലോ. അതുകൊണ്ട് ഒരു നിരൂപകൻ അയാളുടെ വാസനയ്ക്കും അഭിരുചിയ്ക്കും ഇണങ്ങുന്ന വിധത്തിൽ പറഞ്ഞുവച്ച കാര്യങ്ങളുടെ സാധുത മാത്രം നോക്കുന്നതായിരിക്കും നല്ലത്. പുതിയ എഴുത്തുകാരെ താലോലിക്കലല്ല നിരൂപകധർമം.  അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധവുമില്ല. ഒരിക്കൽ പുതിയ എഴുത്തുകാരെക്കുറിച്ച് ചോദിച്ചപ്പോൾ പി.കെ. ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്ഞാനിവയൊന്നും വായിക്കാറില്ലയെന്ന്. പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ചു സാഹിത്യമാണ് അദ്ദേഹം അപ്പോൾ വായിച്ചുകൊണ്ടിരുന്നത്.


വിശ്വസാഹിത്യത്തിലെ താങ്കളുടെ പ്രിയപ്പെട്ട എഴുത്തുകാർ ആരൊക്കെയാണ്


   കാഫ്ക്കയും അൽബേർ കമ്യുവും എന്നും എന്റെ പ്രിയപ്പെട്ട എഴുത്തുകാരായിരുന്നു. കാഫ്ക്കയുടെ മെറ്റമോർഫോസീസ്”  തോമസ് മന്നിന്റെ മാജിക് മൗണ്ടൻ” പ്രൂസ്റ്റിന്റെ റിമംബ്രൻസ് ഓഫ് തിംഗ്‌സ് പാസ്റ്റ്” ബോറിസ് പാസ്റ്റർനെക്കിന്റെ ഡോ. ഷിവാഗോ” ബുൾഗാക്കോവിന്റെ മാസ്റ്റർ ആന്റ് മഗരീറ്റ” സോൾ ഷെനിത്‌സന്റെ ഫസ്റ്റ് സർക്കിൾ” എന്നിവ എന്റെ പ്രിയപ്പെട്ട കൃതികളാണ്.


മലയാളത്തിലെ സമകാലികരായ എഴുത്തുകാരിൽ ശ്രദ്ധേയരായവർ ആരൊക്കെയാണ്ശ്രദ്ധേയമായ പുതിയ സാഹിത്യ സൃഷ്ടികൾ


 നല്ല കുറെ എഴുത്തുകാർ ഈ തലമുറയിലുണ്ട്. അവർ ഇപ്പോഴും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്നു. കെ.ആർ.മീരയും, ബെന്യാമിനും, ഇ.സന്തോഷ്‌കുമാറുംടി.ഡി.രാമകൃഷ്ണനുമൊക്കെ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരാണ്. സന്തോഷ്‌കുമാറിന്റെ വാക്കുകൾ”  എന്ന പുസ്തകത്തിന് ഞാനാണ് അവതാരിക എഴുതിയത്. തികച്ചും വ്യത്യസ്തമായ രചനയാണത്. സന്തോഷ്‌കുമാറിന്റെ അന്ധകാരനഴി”, ”വാക്കുകൾ” അടുത്തകാലത്തു പ്രസിദ്ധീകരിച്ച് ജ്ഞാനഭാരം‘ എന്നിവ ശ്രദ്ധേയമാണ്. ടി.ഡി. രാമകൃഷ്ണന്റെ മാമ ആഫ്രിക്ക” എന്നെ ആകർഷിച്ച നോവലാണ്.