സില്‍വര്‍ ലൈനാണോ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടത്? – അംബികാസുതന്‍ മാങ്ങാട്

ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളിലൊന്നായ ജപ്പാനിലൂടെ ബസ്സിലും ബുള്ളറ്റ് ട്രെയിനിലുമൊക്കെ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ വരരുചിക്കഥ ഒന്നിലേറെത്തവണ ഓര്‍മിക്കാനിടയായി.


പന്ത്രണ്ട് മക്കളുടെ കഥയല്ല. വരരുചി ചോറുണ്ടതിന്റെ കഥയാണ്.


മലയാളികള്‍ പൊതുവേ ഭക്ഷണം മുമ്പിലെത്തിയാല്‍ നിതാന്ത ശത്രുവിനുമേല്‍ ചാടിവീഴുന്നതുപോലെ അക്രമാസക്തരാകും. ഭക്ഷണമേശ യുദ്ധംകഴിഞ്ഞ പടനിലംപോലെയാകും. എന്നാല്‍ ജപ്പാനികള്‍ തിന്നുന്നത് ഒരു പ്രാര്‍ത്ഥനപോലെയാണ്. ചന്തമുണ്ട് കണ്ടിരിക്കാന്‍. മാത്രമല്ല ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രാര്‍ത്ഥന ഉണ്ടുതാനും. ജപ്പാനിലെത്തിയതിന്റെ പിറ്റേന്ന് ഒസാക്ക നഗരത്തിലെ ഒരു റസ്റ്ററന്റിലിരിക്കുമ്പോള്‍ തൊട്ടടുത്ത ടേബിളില്‍ പത്തുവയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികളും ചെറുപ്പക്കാരായ മാതാപിതാക്കളുമായിരുന്നു. കാത്തിരിപ്പിനുശേഷം ഭക്ഷണം മുന്നില്‍ നിരന്നപ്പോള്‍ ഒരു നിമിഷം അവര്‍ പ്രാര്‍ത്ഥനാനിരതരായി.


”ഇത്താതാ കീ മാസ്…”


‘ഞാന്‍ വിനയത്തോടെ ഇതില്‍ പങ്കുചേരുന്നു’ എന്നാണ് ഈ ആമന്ത്രണത്തിന്റെ അര്‍ത്ഥം. ‘ടോട്ടാച്ചാന്‍’ വായിച്ചിട്ടുള്ളവര്‍ സദൃശമായ രംഗം ഓര്‍മിക്കുന്നുണ്ടാകും.


യാത്രാവേളകളില്‍ ഭക്ഷണം കഴിക്കാന്‍ വളരെ പ്രിയമാണ് ജാപ്പനികള്‍ക്ക്. പിറ്റേന്നാള്‍ ബസ്സിലിരിക്കുമ്പോള്‍ തൊട്ടടുത്ത സീറ്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരിയെ ഞാന്‍ ശ്രദ്ധിച്ചു. ആദ്യം ഒരു ടവല്‍ മടിയില്‍ വിരിച്ചു. പിന്നെ രണ്ട് ‘ഓക്കുറ’കള്‍ എടുത്ത് മടിയില്‍വച്ചു. കണ്ടാല്‍ നമ്മുടെ ഇലയടപോെലയുണ്ട്. കടല്‍പ്പായലില്‍ പൊതിഞ്ഞ ചോറാണ്. നടുവിലായി ചുവന്ന സ്ലൈഡ്. പന്നിയിറച്ചിയാണത്. വളരെ ശ്രദ്ധിച്ചാണ് കഴിപ്പ്. ഞാന്‍ ശ്രദ്ധിച്ചു. ഒരു വറ്റുപോലും താഴെ വീഴുന്നില്ല. ഭക്ഷണശേഷം അവര്‍ നിലത്ത് എന്തോ തപ്പാന്‍ തുടങ്ങി. ഒരു വറ്റിന്റെ ചെറിയ ഒരു പൊടി. ശ്രദ്ധയോടെ അത് തൊട്ടെടുത്ത് ടവലില്‍വച്ചു. ടവല്‍ മടക്കി ബാഗില്‍വച്ചു. ജപ്പാനിലുണ്ടായിരുന്ന രണ്ടാഴ്ചക്കാലവും ഈ കാഴ്ച ഞാന്‍ ആവര്‍ത്തിച്ചു കണ്ടു. ഒരു തുള്ളി ഭക്ഷണംപോലും അവര്‍ പാഴാക്കിക്കളയില്ല.


ഭക്ഷണം പ്രാര്‍ത്ഥനയ്ക്ക് തുല്യമായിത്തീരുന്ന ലോകകഥകളെടുത്താല്‍ മുന്നില്‍ വന്നു നില്‍ക്കുക നമ്മുടെ വരരുചിക്കഥയായിരിക്കും. വരരുചി ഭക്ഷണത്തിനിരിക്കുമ്പോള്‍ പറയി ചോറ്റുപാത്രത്തിനരികില്‍ ഒരു ഗ്ലാസ് വെള്ളവും സൂചിയും കൊണ്ട് വയ്ക്കുമായിരുന്നുവത്രെ! ഒരു തവണപോലും വരരുചി സൂചി ഉപയോഗിച്ചില്ല. അനിഷ്ടത്തോടെ ഭാര്യ ഒരിക്കല്‍ ചോദിച്ചു: എന്തിനാണ് വെറുതെ ഒരു ജോലി എന്നെക്കൊണ്ട് ചെയ്യിക്കുന്നത്? എന്തിനാണ് ഈ സൂചിയും വെള്ളവും?


വരരുചി പറഞ്ഞു. തിന്നുമ്പോള്‍ ഒരു വറ്റെങ്ങാന്‍ നിലത്ത് വീണാല്‍ സൂചികൊണ്ട് കുത്തിയെടുത്ത് വെള്ളത്തില്‍ കഴുകി ചോറ്റ് പാത്രത്തിലിടാനാണ്. ശ്രദ്ധിച്ചു കഴിക്കുന്നത് കൊണ്ട് ഇതുവരെ സൂചി വേണ്ടിവന്നില്ല.


ലോകോത്തരമായ ഒരു കഥ കയ്യിലുണ്ടെങ്കിലും നാം കഥയില്ലാത്തവരായി മാറി. ലോകത്തില്‍ ഏറ്റവും ഭക്ഷണം വലിച്ചെറിയുന്ന സമൂഹമായി നിര്‍ഭാഗ്യവശാല്‍ നാം മാറി. കുഴിച്ചുമൂടാനോ പൊതുസ്ഥലങ്ങളിലോ നീര്‍ത്തടങ്ങളിലോ വലിച്ചെറിയാനോ ഒരു ഉളുപ്പുമില്ലാത്തവരായി. ആ മാലിന്യമെല്ലാം സൃഷ്ടിക്കുന്ന രോഗാവസ്ഥകളെക്കുറിച്ചോ പരിസ്ഥിതി ദുരന്തങ്ങളെക്കുറിച്ചോ വിവേകമില്ലാത്തവരായി.


ഒരര്‍ത്ഥത്തില്‍ വരരുചിയും പറയിയും പെറ്റമക്കളാണല്ലോ മലയാളികള്‍. ഉദാത്തമായ ആ സൂചിക്കഥ എപ്പോഴാണ് നമുക്ക് കൈമോശം വന്നത്? ”ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന് മധുരമായി പാടി നടന്ന മലയാളികള്‍ സില്‍വര്‍ലൈന്‍ ചര്‍ച്ചയുടെ കാലത്ത് എവിടെപ്പോയി? കഥകളും കവിതകളും ഹൃദയംകൊണ്ട് പാടുകയും കേള്‍ക്കുകയും ചെയ്യാത്തതിന്റെ വലിയ തകരാറാണ് നാമിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.


ജപ്പാനില്‍ നിന്നും നാം സ്വീകരിക്കേണ്ട പരിസ്ഥിതി വിവേകത്തിന്റെ നിരവധി ആശയങ്ങളുണ്ട്. (‘യോക്കോസോ – ജപ്പാന്‍ വിശേഷങ്ങള്‍’ എന്ന 2021 ജനുവരിയില്‍ ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച എന്റെ പുസ്തകത്തില്‍ ഇവ വിവരിച്ചിട്ടുണ്ട്). നിര്‍ഭാഗ്യവശാല്‍ നാം സ്വീകരിച്ചതോ? കേരളത്തില്‍ ഒരിക്കലും ഇന്നത്തെ അവസ്ഥയില്‍ പാടില്ലാത്തതും ആവശ്യമില്ലാത്തതുമായ ‘സില്‍വര്‍ലൈന്‍’ ആണ്. ജപ്പാനിലെ സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സിയായ ജൈക്കയുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ. രണ്ട് ദശകംമുമ്പ് ഇതേ ജൈക്കയുടെ 300 കോടി വാങ്ങിച്ച് കേരളത്തില്‍ ‘ജപ്പാന്‍ കുടിവെള്ള പദ്ധതി’ നടപ്പിലാക്കിയത് വായനക്കാര്‍ ഓര്‍മിക്കുന്നുണ്ടാകുമല്ലോ. പിന്നെ നാം തുരുതുരാ കേട്ടു, കുറേ അഴിമതിക്കഥകള്‍!


അഗ്നിപര്‍വതങ്ങളുടെ നാടെന്ന് കരുതി ചെന്നിറങ്ങിയപ്പോഴാണ് മനസ്സിലായത് ജപ്പാന്‍ പുഴകളുടെയും തടാകങ്ങളുടെയും മലകളുടെയും കാടുകളുടെയും നാടാണ് എന്ന്. ഈ പ്രകൃതിയിലേക്ക് ഒന്നും, ഒരു കടലാസ് തുണ്ടുപോലും അവര്‍ വലിച്ചെറിയില്ല. എല്ലാം പരിശുദ്ധിയോടെ സൂക്ഷിക്കുന്നത് കാണാം. നാം നദികള്‍ക്കും മലകള്‍ക്കുമെല്ലാം ദൈവങ്ങളുടെ പേരുകള്‍ നല്‍കി കുപ്പത്തൊട്ടിയെപ്പോലെ പരിചരിക്കുന്നു. ജപ്പാനില്‍ 76% കാടുണ്ട് എന്നാണ് കണക്ക്. നമ്മുടെ മാതിരി കാടല്ല. കൊടുംവനമാണ്. സാന്ദ്രവനത്തിനിടയിലൂടെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്കുള്ള മണിക്കൂറുകള്‍ നീണ്ട യാത്രകള്‍ നമ്മെ പുതിയ മനുഷ്യരാക്കിക്കളയും. റോഡരികില്‍ കമ്പിവേലി കണ്ട് ഞാന്‍ അന്വേഷിച്ചു. മനുഷ്യര്‍ അതിക്രമിച്ചു കടക്കുന്നതിനാണോ? കിട്ടിയ ഉത്തരം എന്നെ അമ്പരപ്പിച്ചു. മനുഷ്യര്‍ അതിക്രമിക്കില്ല ഒരിക്കലും. മൃഗങ്ങള്‍ റോഡിലേക്കിറങ്ങിവന്ന് വാഹനങ്ങള്‍ക്കിടയില്‍ പെടാതിരിക്കാനുള്ള സുരക്ഷയാണ്.


രാഷ്ട്രീയക്കാരും മുതലാളിമാരും ഉദ്യോഗസ്ഥരും കാട് കയ്യേറി വ്യാജപട്ടയങ്ങള്‍ ഉണ്ടാക്കുന്ന നാട്ടില്‍നിന്നു പോകുന്ന ഒരാള്‍ക്ക് ഇതൊന്നും വിശ്വസിക്കാനാവില്ല. ഞാന്‍ പലരോടും അന്വേഷിച്ചു. ഒരേ ഉത്തരമായിരുന്നു. ഉദ്യോഗസ്ഥന്മാരാരും കൈക്കൂലി വാങ്ങില്ല. എപ്പോഴും ജോലിചെയ്തുകൊണ്ടേയിരിക്കുന്ന പ്രകൃതമാണ്. അഴിമതി തൊട്ടുതീണ്ടാത്ത വിഭാഗമാണ്. നമ്മുടെ രീതി ‘കാട്ടിലെ തടി തേവരുടെ ആന’ എന്നാണല്ലോ? ഈയ്യിടെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയിലായി. കാട്ടിലെ മൃഗങ്ങളെ പിടികൂടാന്‍ കെണിയൊരുക്കിയവരാണത്രെ! ‘മുട്ടില്‍ മരം മുറി’ ഒടുവിലത്തെ ഉദാഹരണം. മാറിമാറി വരുന്ന ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പകല്‍ക്കൊള്ളകളില്‍ ഒന്നുമാത്രം. കേരളത്തിന്റെ ആയിരക്കണക്കിന് ഏക്കര്‍ മലനിരകള്‍ കുത്തകകളുടെ കയ്യിലാണിപ്പോഴും. അതൊന്നും പിടിച്ചെടുക്കാന്‍ ഒരു സര്‍ക്കാരിനും ത്രാണിയില്ല എന്നതാണ് വാസ്തവം.


ജപ്പാന്‍ സംവിധായകനായ കുറോസോവയുടെ ‘ഡ്രീംസി’ല്‍ ഒരു രംഗമുണ്ട്. നൂറ് വയസ്സായ ഒരു വൃദ്ധന്‍ ചെറുപ്പക്കാരന്റെ ഉശിരോടെ കൃഷിയിടത്തില്‍ പണിയെടുക്കുകയാണ്. തന്നെ കാണാനെത്തിയ അപരിചിതനായ സന്ദര്‍ശകനോട് വൃദ്ധന്‍ പറയുകയാണ്:


”മരങ്ങള്‍ വെട്ടിമുറിക്കുന്നത് ഒട്ടും ശരിയല്ല. ഉണങ്ങിവീണ മരങ്ങള്‍ മാത്രമേ ഞങ്ങള്‍ വിറകിനായി എടുക്കാറുള്ളൂ. പ്രകൃതിയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. എന്നിട്ടും അവര്‍ പ്രകൃതിയെ നശിപ്പിക്കുന്നു. പ്രത്യേകിച്ചും ശാസ്ത്രജ്ഞര്‍. അവര്‍ മിടുക്കരാണ്. പക്ഷേ, അവര്‍ക്ക് പ്രകൃതിയുടെ ഹൃദയമറിയില്ല. അവര്‍ക്കറിയില്ല തങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുകയാണെന്ന്. അവര്‍തന്നെ നശിക്കാന്‍ പോവുകയാണെന്ന യാഥാര്‍ത്ഥ്യം അവരറിയുന്നില്ല.”


‘നിര്‍ത്തുക വീരന്മാരേ വിപിന വധോത്സവം’ എന്ന് ആറേഴ് ദശകം മുമ്പ് പാടി നടന്ന മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ ‘പദ്ധതിയെല്ലാം ശത്രുചരാചരം’ എന്നും എഴുതിയിട്ടുണ്ട്. കാസര്‍ഗോഡ് പന്ത്രണ്ടായിരം ഏക്കര്‍ സ്ഥലത്തെ കാടും ജൈവവൈവിധ്യങ്ങളും നശിപ്പിച്ചിട്ടാണ് കശുമാവ് നട്ട് കാല്‍നൂറ്റാണ്ട് കാലം എന്‍ഡോസള്‍ഫാനെന്ന മാരകവിഷം തളിച്ച് ഭരണകൂടം ‘വികസനം’ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഇവിടെ ഒരു പദ്ധതി പ്രഖ്യാപിക്കുമ്പോഴേക്കും മരംമുറിയും കുന്നിടിക്കലും തുടങ്ങും. ഒരു ജപ്പാന്‍ അനുഭവം പറയാം. ടോക്കിയോയിലെ പ്രസിദ്ധമായ മെയ്ജി ഷിന്റോ ക്ഷേത്രം രണ്ടാം ലോകമഹായുദ്ധത്തില്‍ പൂര്‍ണമായും തകര്‍ന്നു. 1958-ല്‍ അതേ സ്ഥലത്ത് ക്ഷേത്രം പുനര്‍നിര്‍മിക്കുമ്പോള്‍ അവര്‍ ചെയ്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 365 ഇനങ്ങളില്‍പെട്ട ഒരു ലക്ഷത്തിഇരുപതിനായിരം മരത്തൈകള്‍ ശേഖരിച്ച് നടുകയായിരുന്നു. ക്ഷേത്രം ഉയരുമ്പോഴേക്കും ചുറ്റും ഒരു വലിയ കാടും ഉയര്‍ന്നിരുന്നു!


കേരളത്തില്‍ കുറച്ചുകാലമായി എന്താണ് വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്? കാവുകളെല്ലാം വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുണ്ടാക്കി മുറ്റത്ത് ടൈല്‍സിടുകയാണ് ഭക്തമലയാളികള്‍! നാഗക്കാവുകളുടെയും അവസ്ഥ ഇതുതന്നെ. ”കാവ് തീണ്ടല്ലേ കുളം വറ്റും” എന്ന് ജീവിതകാലം മുഴുവന്‍ വിലപിച്ചു നടന്ന സുഗതകുമാരി മരണപ്പെട്ടപ്പോള്‍ അവര്‍ സംരക്ഷിച്ചിരുന്ന തറവാട്ട് മുറ്റത്തെ കാവുതന്നെ വെട്ടിത്തെളിച്ച മിടുക്കരാണ് മലയാളികള്‍.


ഇപ്പോള്‍ കേരളത്തില്‍ അക്കേഷ്യ നിര്‍മാര്‍ജനയത്‌നം തുടങ്ങിയിരിക്കുകയാണല്ലോ. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യവട്ടത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. വലതും ഇടതും സര്‍ക്കാരുകള്‍ ഓമനിച്ച് വളര്‍ത്തിയ പദ്ധതിയാണ് ഒരു കാലത്ത് സാമൂഹ്യവനവത്കരണം. 1983-ല്‍ യു.ഡി.എഫ്. സര്‍ക്കാരാണ് 300 കോടി രൂപ ലോകബാങ്കില്‍ നിന്നു കടം കിട്ടും എന്ന് ഉറപ്പിച്ച് ഒരിക്കലും കേരളത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ലാതിരുന്ന പ്ലാസ്റ്റിക് മരമായ അക്കേഷ്യയെ കൊണ്ടുവന്ന് നട്ടു തുടങ്ങിയത്. (‘എല്ലാവരും അക്കേഷ്യ കാണുന്നുണ്ട്, പക്ഷേ, ആരും ഒന്നും മിണ്ടുന്നില്ല’ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2016 നവംബര്‍ 25) അക്കേഷ്യ കേരളത്തില്‍ വരുത്തിയ വിപത്തിനെക്കുറിച്ച് ഞാനൊരു ലേഖനം എഴുതിയിരുന്നു. 1986-ല്‍ കാര്യവട്ടം കാമ്പസില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, അക്കേഷ്യ നടരുത്, ഫലവൃക്ഷങ്ങളാണ് നടേണ്ടത് എന്ന ആശയമുള്ള ‘കണ്ണുരോഗം’ എന്ന കഥ മാതൃഭൂമി സപ്ലിമെന്റില്‍ എഴുതിയതും ഓര്‍ക്കുന്നു. അതേ കാമ്പസിലാണ് മൂന്നരപ്പതിറ്റാണ്ടിനുശേഷം അക്കേഷ്യക്കാട് വെട്ടിത്തെളിച്ച് ഫലവൃക്ഷങ്ങള്‍ നടുന്ന പദ്ധതി ഇപ്പോള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരിക്കുന്നത്!)


മസനോബ ഫുക്കവോക്കയുടെ ‘ഒറ്റ വൈക്കോല്‍ വിപ്ലവം’ എന്ന പുസ്തകം വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് ഞാന്‍ വേദഗ്രന്ഥംപോലെ കൊണ്ടുനടന്നിരുന്നു. എന്നാല്‍ ആ പ്രകൃതി കൃഷിയല്ല, രാസവളവും രാസകീടനാശിനിയും കോരിച്ചൊരിഞ്ഞുള്ള ‘ഹരിത വിപ്ലവമാണ്’ നമുക്ക് പഥ്യമായത്.