കവിതയും ഫുട്ബോൾ കളിയും

കവിത ഫുട്ബോൾ കളി പോലെയാണ്. വെറുതേ തട്ടിക്കളിച്ചു സമയം പോക്കിയതു കൊണ്ടായില്ല. കൃത്യമായി ഗോളടിക്കണം. കവിതയിലെ ഗോൾ ചെന്നു വീഴുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെയാണ് സാഫല്യം. കവിതയിലെ ഗോളടിക്കലിന് ഒന്നേ കരുത്തു നൽകൂ. മൗലികമായ സർഗാത്മകത. “

 

ഇത്രയും വായിച്ച് വിശ്വാസം വരാതെ ഞാൻ എഴുതിയ ആളിന്റെ പേര് ഒന്നുകൂടി നോക്കി. എനിക്കു തെറ്റിയോ? ഇല്ല.  പ്രശസ്തനായ കവി പ്രഭാവർമയുടേതു തന്നെയായിരുന്നു ലേഖനം. എന്തൊരു താരതമ്യമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്! സുഗതകുമാരി ടീച്ചറിന്റെ വിയോഗത്തിൽ ദു:ഖിച്ചു കൊണ്ട് കവി പ്രഭാവർമ എഴുതിയ ലേഖനത്തിലാണ് മുകളിൽ കൊടുത്ത വാചകങ്ങൾ വായിക്കാനിടയായത്. (കണ്ണീരുപോലെയും തീക്കനൽ പോലെയും – ലേഖനം – ജനുവരി 10 ന്റെ ദേശാഭിമാനി  വാരികയിൽ.) കവിത എന്താണെന്ന് പറയുവാൻ  അതിനെ ഒരു കവി ഫുട്ബോൾ കളിയുമായി താരതമ്യം ചെയ്തിരിക്കുന്നു. ഞാനൊന്നും പറയുന്നില്ല. ഇങ്ങനെയൊരു താരതമ്യം മനസ്സിലെങ്കിലും തോന്നിയ ഒരാൾ കവിയാവില്ല എന്നു മാത്രം പറയാം. മനസ്സിൽ കവിത്വമുള്ള  ഒരാൾക്കും കവിതയെ ഇങ്ങനെ  ഫുട്ബോൾ കളിയോട് താരതമ്യം ചെയ്യാൻ കഴിയില്ല. കവിതയെവിടെ നിൽക്കുന്നു? ഫുട്ബോൾ കളിയെവിടെ നിൽക്കുന്നു ? വായനക്കാരന്റെ ഗതികേട് എന്നല്ലാതെന്തു പറയുവാൻ !

  സുഗതയ്ക്ക് യാത്രാമൊഴി   “ചുറ്റിലും വരളുന്ന മൺചെരാതുകളൊക്കെ ഇത്രകാലവും വാരിക്കോരി നീ നിറച്ചല്ലോ ഹൃ,ത്തലക്കൊള്ളും സ്നേഹധാരയാൽ. അതിൽ, നിന്നു കത്തിയ കവിതകൾ എന്റെ ഭാഷതൻ ശ്രീല- കത്തു നെയ്ത്തിരിവെട്ടം നിച്ചലം നിറച്ചല്ലോ! അക്കെടാവിളക്കിലുമെണ്ണ വറ്റിപ്പോയി; തിരി കെട്ടു പോയ്; ഇതാ കണ്ണിൽ കൂരിരുൾ നിറയുന്നൂനോവുകൾക്കഭയമില്ലാതെയാവുന്നു; മണ്ണും വേവു തിന്നുന്നു രാത്രി മഴതൻ കുളിർതേടി. പോവുക! വിശ്വാത്മാവിലൊരു തൈ നടാൻ വരൂ, ഹേ! വൈശ്വാനര! കുനിഞ്ഞേൽക്കുകീ വെളിച്ചത്തെ, കാത്തുകൊൾകണയാതെ നിൻ തുടു കൈക്കുമ്പിളിൽ. ഇതു ഞങ്ങളുടെയാത്മാവിന്റെ സൗരഭമല്ലോ! “  

കെ.വി.രാമകൃഷ്ണൻ എഴുതിയ ഈ വരികൾ സുഗതകുമാരി എന്ന കവിയ്ക്കു കിട്ടാവുന്ന ഏറ്റവും മികച്ച ശ്രദ്ധാജ്ഞലിയായി ഞാൻ കരുതുന്നു. അതിനാലാണ് കവിത മുഴുവനായും വായനക്കാർക്കായി ഇവിടെ ചേർക്കുന്നത്. (കവിത ദേശാഭിമാനി വാരികയുടെ ജനവരി 10 ന്റെ ലക്കത്തിൽ).

  കരുണാകരന്റെ ആലോചനകൾ  

ഇപ്പോൾ വായിക്കാൻ കിട്ടുന്ന അഭിമുഖങ്ങളിൽ നിന്ന് ഒന്നും നേടാൻ കഴിയുന്നില്ലല്ലോ  എന്ന് എന്നിലെ വായനക്കാരൻ പലപ്പോഴും പരാതി പറയാറുണ്ട്. എന്നാൽ ആലോചനയ്ക്ക് വക നൽകുന്ന, ചിന്തിക്കാൻ വിഷയങ്ങൾ തരുന്ന ഒരഭിമുഖം ഈയിടെ വായിക്കാൻ കഴിഞ്ഞു. കവിയും കഥാകൃത്തും നോവലിസ്റ്റുമായ കരുണാകരനുമായി പി.കൃഷ്ണദാസ് നടത്തിയ സംഭാഷണം വായിച്ചത് wtplive.in എന്ന ഓൺലൈൻ പോർട്ടലിലാണ്. കരുണാകരന്റെ ചില വിചാരങ്ങൾ ഈ മാസികയുടെ വായനക്കാർക്കു വേണ്ടി ഞാനിവിടെ  പങ്കുവയ്ക്കുകയാണ്.

 

ബോര്‍ഹസ്സിന്റെ കൂടെ ചിലപ്പോൾ ഞാൻ നടക്കാൻ പോകുന്നു. അന്ധനായ ഒരു എഴുത്തുകാരനൊടൊപ്പമുള്ള നടത്തം സങ്കല്പിക്കുന്നതില്‍തന്നെ ഞാനാ യാത്ര തുടങ്ങുന്നു.”   ” എഴുത്ത് ജീവിതത്തിൽ നിന്നുള്ള ഒരുതരം സസ്പെന്‍ഷനാണ്. നിങ്ങൾ ജീവിതത്തിൽ ഉണ്ട്, എന്നാൽ ഇല്ല എന്ന്‍  അത് തോന്നിപ്പിക്കുന്നു. അത്തരമൊരു അനുഭവമാണ് എഴുത്തിലൂടെ സാധ്യമാകുന്നത്. “   “അധികാരത്തിന്റെ വിനിയോഗം എന്ന തരത്തിലാവണം രാഷ്ട്രീയത്തെ കാണേണ്ടത് എന്ന് ഞാൻ കരുതുന്നു.  എഴുത്തിൽ ബോധപൂർവം  പ്രത്യക്ഷമായി രാഷ്ട്രീയം ഞാൻ ഒഴിവാക്കുന്നു. എഴുത്തുകളെല്ലാം കൃത്യമായ രാഷ്ട്രീയബോധ്യത്തോട് കൂടിയുള്ളതാണ്. അപ്പോൾ അധികാര സങ്കല്പങ്ങളോടുള്ള പ്രതികരണമായി എഴുത്ത് മാറുന്നു.  രാഷ്ട്രീയജീവിയാവുക എന്നാൽ നമ്മുടെ ഉള്ളിൽ ഒരു ഉള്‍വെളിച്ചം ഉണ്ടായിരിക്കുക എന്നാണ്‌ അര്‍ത്ഥം.”   “എഴുത്തുകാര്‍ എപ്പോഴും അനിശ്ചിതത്വങ്ങളിൽ ജീവിക്കണം എന്ന് കരുതുന്ന ആളാണ്‌ ഞാൻ. ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ മതബോധം പോലെ ജീവിച്ചാൽ ഇത് സാധ്യമാവില്ല. സന്ദേഹം എഴുത്തുകാരന്റെയൊപ്പം ഉണ്ടാവണം.”   പൊതുവിൽ അവനവൻ സ്തുതിയായി ചുരുങ്ങിപ്പോകാറുള്ള അഭിമുഖങ്ങളുടെ കൂട്ടത്തിൽ വേറിട്ടൊരു ശബ്ദം കേൾപ്പിച്ച കരുണാകരന് നന്ദി. എഴുത്തുകാരൻ സന്ദേഹിയായിരിക്കണം. സന്ദേഹം തീരുന്നിടത്ത് അയാളിലെ എഴുത്തുകാരൻ മരിക്കുന്നു.   2020 കഥയിലൂടെ ജീവിക്കുമ്പോൾ.   

അയാൾക്ക് ഒന്നും പറയാൻ തോന്നിയില്ല. ഇവയൊന്നും തനിക്ക് മനസ്സിലാവുന്നതല്ലെന്ന് മാത്രം അയാൾ കരുതി. എല്ലാ വാതിലുകളും അടഞ്ഞു കൊണ്ടിരിക്കുകയാണ്. അദൃശ്യമായ രോഗം മനുഷ്യനിലേക്കുള്ള വാതിലുകളോരോന്നും അടയ്ക്കുകയും ചെയ്യുന്നു.” യു.കെ. കുമാരൻ എഴുതിയ 2020 എന്ന ചെറുകഥയിലെ അയാളോട് എനിക്ക് ഏറെ പരിചയം തോന്നി. വളരെ അടുപ്പമുള്ള ഒരാളായി ആ കഥാപാത്രം കഥയിലുടനീളം നിറഞ്ഞുനിന്നു. അയാളുടെ മനസ്സ് വായിച്ചെടുക്കാൻ എനിക്ക് ഒരു പ്രയാസവും തോന്നിയില്ല. ആ മനസ്സിന്റെ സ്വാഭാവികത ഒരു നാട്ടിൻപുറത്തുകാരന്റെ ജനിതകഘടനയോട് ചേർന്നുനിൽക്കുന്നതായിരുന്നു.  ഇത്തരം മനുഷ്യർ നമ്മുടെ കഥകളിൽ നിന്ന് അപ്രത്യക്ഷമായിട്ട് കുറച്ചധികം കാലമായി. നാടിന്റെ മണമുള്ള, നാട്ടിൻപുറത്തുകാരന്റെ ആധികളും നിസ്സഹായതയും കൊണ്ടുനടക്കുന്ന സാധാരണമനുഷ്യർ. അത്തരം കഥാപാത്രങ്ങൾ  ഒരു കാലം വരെ മലയാള സാഹിത്യത്തിന്റെ കരുത്തായിരുന്നു. ഇന്നിത്തരക്കാരെ സൃഷ്ടിക്കാൻ പുതിയ എഴുത്തുകാർക്ക് കഴിയുന്നില്ല. യു.കെ.കുമാരൻ ഇവിടെ വിജയം വരിച്ചിരിക്കുന്നു. അതു തന്നെയാണ്  ആ കഥയുടെ കരുത്ത്.

  കോവിഡ് കാലത്തിന്റെ ഗതികെട്ട ജീവിതമുഹൂർത്തങ്ങളെ അയാളിലൂടെ രസകരമായി പറഞ്ഞുവയ്ക്കുകയാണ് കഥാകാരൻ. അയാളും ഭാര്യയും നാട്ടിൻപുറത്തെ വീട്ടിൽ കഴിയുകയാണ്. കാലം 2020. ലോകമെങ്ങും രോഗത്തിന്റെ പരിഭ്രാന്തിയിൽ. ആ പരിഭ്രാന്തി ആ ഗ്രാമത്തിലേക്ക് കടന്നിരിക്കുന്നു. അത് പല രീതിയിലാണ് അയാളിലേക്ക് എത്തുന്നത്. കടലിന്നക്കരെയുള്ള മകനും കുടുംബവും അയാളുടെ മനസ്സിലെ വേദനയാണ്. അവിടെയും രോഗം കൂടുന്നുണ്ട്. അവരുമായുള്ള ബന്ധം ഫോണിലൂടെ മാത്രമാവുന്നു. ഒടുക്കം അവർ എങ്ങനെയെല്ലാമോ നാട്ടിലെത്തുന്നു. പിന്നെ അതിന്റെ പ്രശ്നങ്ങളായി. ആരെയും കാണാതെ മകനും ഭാര്യയും കൊച്ചുമകനും അയാളുടെ വീടിന്റെ മുകളിലത്തെ നിലയിലെത്തുന്നു. പിന്നെ അതുമായി ബന്ധപ്പെട്ട പുതിയ പ്രശ്നങ്ങൾ. രോഗഭീതിയിൽപ്പെട്ട  കാലവും സമൂഹവും  അയാളുടെ മനസ്സിനെ വല്ലാതെ  അസ്വസ്ഥമാക്കുന്നു. കൂട്ടത്തിൽ നാട്ടിലെ ഒരു പരിചയക്കാരൻ കോവിഡ് പിടിപെട്ട് മരിക്കാനിടയാകുന്നു. ഞെട്ടലോടെയാണ് അയാളതറിയുന്നത്. അവിടെയും സമൂഹത്തിന് മനുഷ്യത്വം നഷ്ടമാവുന്നതാണ് അയാൾ കാണുന്നത്. മരിച്ചയാളാണ് നാട്ടിലെ ശ്മശാനം പണിയാൻ പണം കൊടുത്തയാൾ. എന്നിട്ടും ആ ശ്മശാനത്തിലെ ആദ്യ ജഡമാവാൻ അയാൾക്ക് തടസ്സങ്ങളുണ്ടാവുന്നു. കാരണം പുതിയ രോഗം തന്നെ. ആ രോഗം വന്നു മരിച്ച ഒരാളെ ആ ശ്മശാനത്തിൽ ദഹിപ്പിക്കരുതെന്ന് നാട്ടുകാർ വാശിപിടിക്കുന്നു!

  രോഗത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്നതൊന്നും അയാൾക്ക് ദഹിക്കുന്നതേയില്ല. മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്ന ഒരു ജീവിതാവസരം ഉടലെടുത്തുവരുന്നതിലെ വേദനയാണ് കഥാകൃത്ത് ഈ നല്ല കഥയിലൂടെ പങ്കുവയ്ക്കാൻ ശ്രമിക്കുന്നത്. നമ്മൾ നമ്മളിൽ നിന്ന് വളരെ വേഗത്തിൽ അകന്നുപോവുകയാണ്. ഏതോ  ഒരുതരം അരക്ഷിതത്വബോധം ചുറ്റുമുള്ളവരെയെല്ലാം ബാധിച്ചിരിക്കുന്നു എന്ന് പ്രായം ചെന്ന അയാൾ മനസ്സിലാക്കുന്നു. എന്നാൽ അതിനെ ഉൾക്കൊണ്ട് ജീവിക്കാൻ അയാൾ വല്ലാതെ പാടുപെടുന്നുമുണ്ട്. കൊച്ചുകൊച്ചു സംഭവങ്ങളിലൂടെ കഥയിലേക്ക് പുതിയ കാലത്തിന്റെ വലിയ പ്രശ്നങ്ങൾ കഥാകൃത്ത് നിറച്ചുവയ്ക്കുകയാണ്. കഥയുടെ പരിസരമായി സൃഷ്ടിച്ച ഭൂമിശാസ്ത്രം മനോഹരമായിരിക്കുന്നു. പ്രകൃതിപോലും ഒറ്റപ്പെടലിന്റെ ദുഃഖം പേറുന്നതായി വായനക്കാർക്ക് തോന്നും. ആരോടും പരിഭവമില്ലാതെ മറ്റൊരു കാലത്തിന്റെ പ്രതിനിധിയെന്നു തോന്നിക്കുന്ന ഒരാൾ വിചിത്രമായ ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ നടത്തുന്ന ഒരു പോരാട്ടമാണ് 2020 എന്ന കഥ. രണ്ടായിരത്തി ഇരുപത് എന്ന ദുരന്ത വർഷത്തിന്റെ ഒരു നേർചിത്രം നമ്മുടെ മുറ്റത്തു നിന്ന് വരച്ചിടുകയാണ് യു.കെ.കുമാരൻ. മഹാമാരിയെ മലായാളി കണ്ടത് ഇങ്ങനെയാണ് എന്ന് പിന്നീടൊരു കാലത്തെ വായനക്കാർ  ഈ കഥയിലൂടെ തിരിച്ചറിഞ്ഞെന്നു വരും. (കഥ പ്രഭാതരശ്മി മാസികയുടെ നവംബർ 15- ഡിസംബർ 15 ലക്കത്തിൽ).  

ഇന്ത്യൻ സാഹിത്യവും മലയാള നോവലുകളും  

ഞാനേറെ ഇഷ്ടപ്പെടുന്ന സംഭാഷണക്കാരനാണ് തമിഴ്-മലയാളം  എഴുത്തുകാരനായ ജയമോഹൻ. ഏറെ  ചിന്തനീയമായ അഭിപ്രായങ്ങൾ അദ്ദേഹം മുന്നോട്ടുവയ്ക്കാറുണ്ട്. പല വിഷയങ്ങളിലും കരുതലോടെ, വളരെ ആലോചിച്ച് കാര്യങ്ങൾ വിശദികരിക്കും. എല്ലാം തുറന്നു പറയുന്ന ഒരു സ്വഭാവക്കാരനാണ്. അതുകൊണ്ടു തന്നെ പലപ്പോഴും അപ്രിയങ്ങൾ പറഞ്ഞു വിവാദങ്ങൾക്ക് തിരികൊളുത്താറുമുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജനുവരി പത്തിന്റെ ലക്കത്തിൽ മലയാള ഭാഷയുമായി ബന്ധപ്പെട്ട് അദ്ദേഹം ധാരാളം കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ചരിത്രപരമായ പരിമിതികളെപ്പറ്റി അദ്ദേഹം നന്നായി വിശദീകരിച്ചിട്ടുണ്ട്.