സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി

സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം – എം. കൃഷ്ണന്‍ നമ്പൂതിരി

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി

ജനാധിപത്യ ഭരണവ്യവസ്ഥയുടെ സുശക്തമായ പ്രായോഗിക മാതൃകയാണ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നും രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഇന്ത്യന്‍ ഭരണഘടനയെ മുന്‍നിര്‍ത്തി മാത്രമേ ഇവിടെ രാജ്യഭരണം പുലരുകയുള്ളൂ. ഭരണഘടന നിലവില്‍ വന്നതിനുശേഷം നടക്കുന്ന 17-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം കേരളത്തില്‍ നടക്കുന്ന ദിവസമാണ് (ഏപ്രില്‍ 23) എഴുത്തുവാതില്‍ക്കുറിപ്പുകള്‍ തയ്യാറാക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഈ തിരഞ്ഞെടുപ്പിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും മത്സരബുദ്ധിയുമാണ് കൈവന്നിരിക്കുന്നത്. പലപ്പോഴും ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രചാരണ രീതികളാണ് രാഷ്ട്രീയകക്ഷികള്‍ അവലംബിക്കുന്നത്.


അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഭീകരമായ ഒരവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും ജനാധിപത്യത്തിന്റെ ഭാവി ആശങ്കാകലുഷിതമാണെന്നും ഉള്ള ഒരു ധാരണ വ്യാപകമായിട്ടുണ്ട്. ഇനിയൊരു തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാകില്ല എന്ന തരത്തിലുള്ള ഹിമാലയന്‍ അസംബന്ധങ്ങള്‍ വിളിച്ചുപറയാന്‍ വരെ ചില രാഷ്ട്രീയകക്ഷികള്‍ തയ്യാറായി എന്നത് വിചിത്രം തന്നെ. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സാധ്യതകള്‍ക്കപ്പുറം സ്വേച്ഛാധിപത്യത്തിന്റെ മര്‍ക്കടരാഷ്ട്രീയം സ്ഥാപിച്ചെടുക്കാന്‍ ഇന്നത്തെ നിലയില്‍ കഴിയുന്നതല്ല. അടിയന്തരാവസ്ഥക്കാലവും അതുകഴിഞ്ഞുനടന്ന തിരഞ്ഞെടുപ്പും അത് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥകളെയും അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു ഭരണം ഇന്ത്യയില്‍ ഒരു രാഷ്ട്രീയകക്ഷിക്കും നടത്താന്‍ കഴിയില്ല. ബലിഷ്ഠമായ ഈ അടിത്തറയില്‍നിന്നുകൊണ്ടുതന്നെ ഇന്ത്യ ഇനിയും മുന്നോട്ടുപോകണം. ഭരണയന്ത്രം തിരിക്കാന്‍ ആര്‍ക്ക് അവസരം കിട്ടിയാലും അടിസ്ഥാന സങ്കല്പങ്ങളില്‍ തകിടം മറിച്ചിലുകള്‍ ഉണ്ടാകാന്‍ പാടില്ല. ആരു ഭരിച്ചാലും ഉണ്ടാകാവുന്ന (ഉണ്ടാകാന്‍ പാടില്ലാത്തതാണെങ്കിലും) അഴിമതിയും ഭരണവൈകല്യങ്ങളും തുടര്‍ന്നും ഉണ്ടാകും എന്ന കാര്യത്തിലും സംശയമില്ല. അത് ഇന്ത്യയുടെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും വിധിയോ ശാപമോ എന്നേ പറയാനാകൂ.


കണ്ടതും കേട്ടതും

തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന ഏറ്റവും വലിയ റഫറി മുന്നോട്ടുവയ്ക്കുന്ന ചട്ടങ്ങളും നിയമങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എത്ര രാഷ്ട്രീയകക്ഷികള്‍ നമുക്കുണ്ട്? ഏതെങ്കിലുമൊക്കെ വഴികളില്‍ ചട്ടലംഘനം നടത്തി വിദഗ്ധമായി അതു മറച്ചുവയ്ക്കുന്നവരാണ് മിക്ക കക്ഷികളും. അപരനെ മാനിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ സ്വഭാവം. എന്നാല്‍ എതിരാളിയെ എങ്ങനെയെല്ലാം അപമാനിച്ചുകൊണ്ട് സ്വയം കേമനാകാം എന്നാണ് ഓരോ സ്ഥാനാര്‍ത്ഥിയും നോക്കുന്നത്. വാഗ്വാദങ്ങള്‍, തെറിവിളികള്‍, വ്യക്തിഹത്യ നടത്തല്‍, പരിഹസിക്കല്‍ എന്നിങ്ങനെയുള്ള അപക്വമായ വ്യവഹാരങ്ങളിലൂടെ തിരഞ്ഞെടുപ്പു മത്സരം മുന്നേറുന്ന കാഴ്ചയാണ് ഇന്നുള്ളത്. ജനാധിപത്യത്തെപ്പറ്റി ആധികാരികമായും ആവേശകരമായും പറയുകയും അതിനു വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നിലവാരം കുറഞ്ഞ മാനസിക സംസ്‌കാരത്തെയാണ് കാണിക്കുന്നത്.


സ്ത്രീപുരുഷസമത്വം, ലിംഗനീതി, സ്ത്രീശാക്തീകരണം, നവോത്ഥാനം എന്നെല്ലാം നാഴികയ്ക്കു നാല്പതുവട്ടം പറയുന്നവര്‍പോലും ഇരുപതു സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന വേളയില്‍ എത്ര സ്ത്രീകളെ പരിഗണിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പുരുഷാധിപത്യ തീരുമാനങ്ങളെ പരസ്യമായും ധീരമായും ചോദ്യം ചെയ്യാനാകാതെ സ്‌ത്രൈണലോല പരിഭവങ്ങളും സങ്കടങ്ങളും പറഞ്ഞ് പത്തിതാഴ്ത്തി നില്‍ക്കുകയാണ് കേരളത്തിലെ ബുദ്ധിജീവികളെല്ലാംതന്നെ. സ്ത്രീകള്‍ തിരസ്‌കൃതരാകുന്ന രാഷ്ട്രീയ ഇടങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പി.എസ്. റംഷാദിന്റെ ലേഖനം (സമകാലിക മലയാളം) നവോത്ഥാന സ്ത്രീ മുന്നേറ്റ വാദക്കാര്‍ ഇനിയെങ്കിലും വായിച്ചിരിക്കേണ്ടതാണ്.


തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യരാഷ്ട്രീയകക്ഷികള്‍ ഉപയോഗിച്ച പാരഡിഗാനങ്ങള്‍ ഒരു ഗവേഷണ വിഷയമായി സ്വീകരിക്കപ്പെടാന്‍ ഇടയുണ്ട്. ഒപ്പന, തിരുവാതിര, ഭജനപ്പാട്ടുകളായും വഞ്ചിപ്പാട്ടുകളായും സിനിമാപ്പാട്ടുകളായും മലയാള ഭാഷയും കാവ്യസംസ്‌കാരവും അപമാനിക്കപ്പെടുന്നതിന്റെ ഉച്ചഭാഷിണികളായി രാഷ്ട്രീയ പാരഡികള്‍ അധഃപതിച്ചിരിക്കുന്നു. പ്രകടനപത്രിക ഏതെങ്കിലും ഈണത്തിലേക്ക് സന്നിവേശിപ്പിച്ചാല്‍ രാഷ്ട്രീയപാരഡിയായി എന്ന അബദ്ധധാരണയാണ് ഗാനസംഘങ്ങളെ ഇത്തരം പാതകങ്ങളിലേക്കു കൊണ്ടെത്തിക്കുന്നത്. രാഷ്ട്രീയ പാരഡിഗാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ട കാലമാണിത്.


സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ പശ്ചാത്തലവും

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ അവരുടെ സ്വത്തുവിവരങ്ങളും കേസുവിവരങ്ങളും തിരഞ്ഞെടുപ്പു കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതും അത് പത്രങ്ങളില്‍ പരസ്യപ്പെടുത്തേണ്ടതും ആണെന്നു വ്യവസ്ഥയുണ്ട്. തങ്ങള്‍ വോട്ടുചെയ്ത് ജനപ്രതിനിധികളാക്കാന്‍ പോകുന്ന ജനനായകരുടെ തനിനിറം വോട്ടര്‍മാര്‍ അറിഞ്ഞിരിക്കണം എന്ന സദ്ബുദ്ധിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നിബന്ധനയ്ക്കു പിന്നിലുള്ളതെന്നു കരുതാം. പത്തു മുതല്‍ അഞ്ഞൂറിലധികം വരെ കേസുകളില്‍ പെട്ടിട്ടുള്ളവരാണ് നമ്മുടെ സ്ഥാനാര്‍ത്ഥികള്‍! പ്രധാനമന്ത്രി മുതല്‍ വാര്‍ഡു കൗണ്‍സിലര്‍ വരെയുള്ള അധികാരിവര്‍ഗ്ഗം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ക്രിമിനലുകളായിരിക്കുക എന്ന വിരോധാഭാസവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരതയെയാണോ കാണിക്കുന്നത്? വി.കെ.എന്‍., ഒ.വി. വിജയന്‍, എം.പി. നാരായണപിള്ള തുടങ്ങിയ എഴുത്തുകാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ആക്ഷേപഹാസ്യത്തിന്റെ ചാട്ടവാര്‍കൊണ്ടുള്ള അടി ഇത്തരക്കാര്‍ക്കു ശിക്ഷയായി നല്‍കുമായിരുന്നു.


കല്പറ്റയ്ക്കു വന്ന വിലക്ക്

ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പച്ചയായി എതിര്‍ത്ത കല്പറ്റ നാരായണന് വിലക്ക് ഏര്‍പ്പെടുത്തിയത് മലയാളത്തിലെ വലിയ എഴുത്തുകാരും സാംസ്‌കാരിക ബുദ്ധിജീവികളും അറിഞ്ഞമട്ട് കാണിച്ചില്ല. നാസര്‍ കക്കട്ടിലിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങ് തടഞ്ഞുകൊണ്ടാണ് കല്പറ്റയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. പയ്യോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്താനിരുന്ന ചടങ്ങ് മാറ്റിവച്ചതിനു പിന്നില്‍ കല്പറ്റ നാരായണന്‍ ഏപ്രില്‍ 4-ന് തൃശൂരില്‍ നടത്തിയ ഒരു പ്രസംഗമാണ് കാരണമായതെന്ന് പത്രവാര്‍ത്ത. വടകരയിലെ വോട്ടറായ താന്‍ അക്രമരാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായി വോട്ടു വിനിയോഗിക്കുമെന്നും അത് കൃത്യമായി ഒരാളുടെ തോല്‍വിക്കുവേണ്ടിയാണെന്നും കല്പറ്റ തുറന്നടിച്ചു. ഫാസിസം ഏതായാലും ഫാസിസം തന്നെയാണെന്നും ഇടതുവലതുഭേദം അതിനില്ലെന്നും കല്പറ്റ പറയുകയുണ്ടായി. മലയാളത്തിലെ വലിയ എഴുത്തുകാരാരും പ്രകടിപ്പിക്കാതിരുന്ന ചങ്കുറ്റം കല്പറ്റ മാഷ് പ്രകടിപ്പിച്ചു എന്നത് വലിയ കാര്യംതന്നെ. എഴുത്തിന്റെ വീറ് രാഷ്ട്രീയത്തിനു മുന്നില്‍ ശീതീകരിച്ചുവയ്ക്കാനുള്ളതല്ല എന്ന തിരിച്ചറിവ് കല്പറ്റയെപ്പോലെ എത്രപേര്‍ക്കു തെളിയിക്കാന്‍ കഴിയും? കവിതയുടെ വഴികള്‍


പ്രശസ്തരും അപ്രശസ്തരും തുടക്കക്കാരും ആയ കവികളെ, കവിതയുടെ നിലനില്പുകളുടെ അടിസ്ഥാനത്തില്‍, കാവ്യഭാവുകത്വത്തിന്റെ വെളിച്ചത്തില്‍ തുല്യതയില്‍ പരിഗണിക്കാന്‍ ഈ പംക്തിയില്‍ ശ്രദ്ധിക്കാറുണ്ട്. നൂറുകണക്കിനു കവികളുള്ളപ്പോള്‍ ആനുപാതികമായി മാത്രമേ അവരെ ഉള്‍ക്കൊള്ളാനാകൂ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചില പ്രത്യേക കവികളെമാത്രം കേന്ദ്രീകരിച്ച് ഭക്തിപ്രദക്ഷിണം വയ്ക്കുന്ന പത്രാധിപന്മാരും നിരൂപകരും മലയാളത്തിലുണ്ട്. കവിതയെ ചിലരിലേക്കു മാത്രം പരിമിതപ്പെടുത്തുന്ന പരിമിതദര്‍ശനമാണ് ഇതിനുപിന്നിലുള്ളത്. വൈയക്തികമായ കാവ്യാനുശീലനങ്ങളില്‍ നിന്നുകൊണ്ടുള്ള വിധിതീര്‍പ്പുകള്‍ വ്യക്തികള്‍ക്കു ഗുണം ചെയ്‌തേക്കാം; കവിതയ്ക്ക് അത് ഗുണകരമാകണമെന്നില്ല. ഭാവശൂന്യമായ വര്‍ത്തമാനം പറച്ചിലുകളായി മലയാള കവിത മാറിയിരിക്കുന്നു എന്നു സ്ഥാപിക്കുന്ന ബാലചന്ദ്രന്‍ വടക്കേടത്തിന്റെ ലേഖനം (സമകാലിക മലയാളം) ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്. അലങ്കാരവും ഛന്ദസും നിരാകരിക്കപ്പെട്ടതിനു പുറമെ ഭാവം കൂടിചോര്‍ത്തിക്കളയുന്ന രീതിയിലാണ് പുതുകവികള്‍ രചന നിര്‍വഹിക്കുന്നതെന്ന് വടക്കേടത്ത് നിരീക്ഷിക്കുന്നു.