മതേതര ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല –  കെ. വേണു

മതേതര ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല –  കെ. വേണു

 കെ. വേണു

മതേതര ജനാധിപത്യത്തെ ആര്‍ക്കും തകര്‍ക്കാനാവില്ല


ഫാസിസ്റ്റ് പ്രവണതകള്‍ ഇന്ത്യന്‍ ജനാധിപത്യ മതേതര  മൂല്യങ്ങളെ തിരസ്‌കരിച്ചുകൊണ്ട് ഭരണഘടനയെ അട്ടിമറിക്കാന്‍ സാധ്യതയുണ്ടോ ? ഇന്ത്യയുടെ ജനാധിപത്യ ഭാവിയെ എങ്ങനെ നോക്കിക്കാണുന്നു ?


ഇന്ത്യയുടെ മതേതര ജനാധിപത്യം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമെന്ന രീതിയില്‍ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. എഴുപതു വര്‍ഷത്തിലധികമായി വലിയ പ്രതിസന്ധികള്‍ ഇല്ലാതെ, ഇടക്കാലത്തെ അടിയന്തരാവസ്ഥ ഒഴിച്ചാല്‍, ഏറെക്കുറെ ചലനാത്മകമായ മതേതര ജനാധിപത്യമായി ഇന്ത്യ നിലനില്‍ക്കുന്നുവെന്നതാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും സവിശേഷമായത് 130 കോടി ജനങ്ങളുള്ള, നിരവധി ഭാഷകള്‍, അനവധി ജാതിമതങ്ങള്‍, സംസ്‌കാരം ഇതെല്ലാം ഉള്ള ഇത്രയും വലിയ സമൂഹം വളരെ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ സജീവമായ ഒരു ജനാധിപത്യ സമൂഹമായി നിലനില്‍ക്കുന്നു എന്നതാണ് ഇന്ത്യ ലോകത്തിന്റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമാകുന്നത്. അതേസമയം, ഇപ്പോള്‍ സമീപകാലത്ത് ഇതിന് ഭീഷണി ഉണ്ടെന്ന് വന്നിട്ടുണ്ട്. കേവല ജനാധിപത്യം അടിസ്ഥാനപരമായി അംഗീകരിക്കാത്ത രാഷ്ട്രീയശക്തികളാണ് ഇപ്പോള്‍ മേധാവിത്വം വഹിക്കുന്നത്. പക്ഷേ, അവര്‍ക്കുപോലും നമ്മുടെ ജനാധിപത്യവ്യവസ്ഥയെ അപകടകരമാംവിധം തുരങ്കംവയ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അത്തരം ശക്തികള്‍ക്ക് വലിയ ഭൂരിപക്ഷമൊന്നും കിട്ടിയിട്ടില്ല. വെറും 30 ശതമാനത്തിനുമുകളിലെ വോട്ടുകൊണ്ടാണ് അധികാരത്തില്‍ നില്‍ക്കുന്നത്. ഭൂരിപക്ഷം അവരുടെ കൂടെയല്ല. അതുകൊണ്ടുതന്നെ വലിയൊരു അട്ടിമറി ശ്രമത്തിലൂടെ ഇവിടുത്തെ ജനാധിപത്യ മതേതരമൂല്യങ്ങള്‍ തകര്‍ക്കാനാവില്ല എന്നൊരു പൊതുവിലയിരുത്തലുണ്ട്. സൈനികശക്തികളുടെ വലിയ ആക്രമണം ഇന്ത്യയില്‍ വരാത്തതിനു കാരണം, സൈനിക ശക്തികള്‍ അധികാരം പിടിച്ചെടുക്കാത്തതിന്റെ കാരണം ഈ വൈപുല്യവും വൈവിധ്യവുമൊക്കെ തന്നെയാണ്. ജനാധിപത്യത്തിനു എതിരായി ഉയര്‍ന്നുവരുന്ന ശക്തികളുടെ ഭീഷണി ഉണ്ടെങ്കില്‍ തന്നെയും മൊത്തത്തില്‍ നമ്മുടെ ജനാധിപത്യവ്യവസ്ഥ തകര്‍ക്കപ്പെടുമെന്നു കരുതുന്നില്ല. നാമതിനെ അതിജീവിക്കുകതന്നെ ചെയ്യും. മതേതരത്വവും ജനാധിപത്യവും ഇത്തരം പ്രതിസന്ധികളെ, ഇത്തരം വിരുദ്ധശക്തികളെ മറികടന്നുകൊണ്ട് അതിജീവിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ ഈ ഫാസിസ്റ്റ് പ്രവണത ഉള്ള ഫാസിസ്റ്റ് ആകാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ സത്യത്തില്‍ ഭീഷണിയാണെങ്കില്‍ത്തന്നെയും മതേതര ജനാധിപത്യത്തെ തകര്‍ക്കാന്‍ അത്തരം ശക്തികള്‍ക്ക് കഴിയില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കണം, ഭീഷണികളെ അതിജീവിച്ച് അതു നിലനില്‍ക്കുമെന്നുതന്നെ കരുതുന്നു. 


ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാനത്തിനുള്ള വഴികള്‍ തെളിയേണ്ടതല്ലേ… ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലവിലെ നിലപാടുകളെ കുറിച്ച് എന്താണ് പറയാനുള്ളത് ?


ഇന്ത്യ-പാക് വിഷയം ഇപ്പോഴത്തെ നിരീക്ഷണത്തില്‍ അല്ലെങ്കില്‍ ആ അര്‍ത്ഥത്തില്‍ എളുപ്പം പരിഹരിക്കാവുന്ന ഒന്നല്ല. തത്ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. രണ്ട് ഗവണ്‍മെന്റുകളും എന്തെങ്കിലുമൊക്കെ ധാരണയുണ്ടാക്കി താല്‍ക്കാലിക പരിഹാരം കാണും. പക്ഷേ അടിസ്ഥാനപ്രശ്‌നം കാശ്മീരാണ്. കാശ്മീരുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജനത്തിന്റെ കാര്യത്തില്‍ ഉണ്ടായ രാഷ്ട്രീയമായ വലിയ ചില പാളിച്ചകളാണ് ഇപ്പോഴത്തെ ഈ സംഭവവികാസങ്ങളുടെയെല്ലാം അടിത്തറിയിടുന്നത്. കാശ്മീരിനു പ്രത്യേക പദവി കൊടുത്തുള്ള ഒരു സു പ്രധാനതീരുമാനം ഉണ്ടാകുന്നു. തുടര്‍ന്ന് അത് പരിഹരിക്കപ്പെടാതെ പോകുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്‌നം വലുതാണ്. ഇന്ത്യാ-പാക് വിഭജനം നടക്കുമ്പോള്‍തന്നെ മുസ്ലീം മേഖലകള്‍ പാക്കിസ്ഥാനിലേക്കും ഹിന്ദുമേഖലകള്‍ ഇന്ത്യയിലേക്കും എന്ന തരത്തിലുള്ള വിഭജനമാണ് അന്ന് തീരുമാനിച്ചത്. കാശ്മീരുമായി ബന്ധപ്പെട്ട് അങ്ങനെയൊരു വിഭജനം നടന്നില്ല. അത് വളരെ തെറ്റായ ചില രാഷ്ട്രീയ തീരുമാനങ്ങള്‍ക്കും അന്നത്തെ കാശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് തീരുമാനങ്ങള്‍ ഒക്കെയാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. അത് പിന്നീട് പരിഹരിക്കാനാകാത്ത ഒരു വിഷയമായി മാറി. ഇനി പരിഹരിക്കണമെങ്കില്‍ അടിസ്ഥാനപരമായ ഒരു വലിയ തീരുമാനം ജമ്മുകാശ്മീര്‍ മേഖലകളെ സംബന്ധിച്ച് ഉണ്ടാകേണ്ടതാണ്. ഇതിനുമുമ്പ് വാജ്‌പേയ് ഗവണ്‍മെന്റിന്റെ കാലഘട്ടത്തില്‍ വാജ്‌പേയ് അത്തരമൊരു നീക്കം തുടങ്ങിവച്ചതാണ് അമേരിക്കയുടെ ഒക്കെ സഹായത്തോടുകൂടി പാക്കിസ്ഥാനുമായി വ്യത്യസ്തമായ ഒരു ധാരണയുണ്ടാക്കാനുള്ള ശ്രമം തുടങ്ങിവച്ചിരുന്നു. പക്ഷെ മുന്നോട്ടുപോയില്ല. പിന്നീടുവന്ന കോണ്‍ഗ്രസ് – ബിജെപി ഭരണാധികാരികള്‍ക്കാര്‍ക്കും ആ രീതിയിലുള്ള അടിസ്ഥാനപരമായ പരിഹാരത്തിലേക്ക് നിര്‍ദ്ദേശങ്ങള്‍ വയ്ക്കുവാനോ അതിനു മുന്‍കൈ എടുക്കുവാനോ കഴിഞ്ഞില്ല. അതെന്നു കഴിയുന്നുവോ അന്നുമാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ.


പുല്‍വാമ ആക്രമണം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചയാണെന്ന ആരോപണം ഉണ്ടല്ലോ. സൈനികര്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയുള്ളതായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ല എന്നൊരു ആരോണം ശക്തമാണല്ലോ. അതിനെ എങ്ങനെ നോക്കിക്കാണുന്നു ?


സംഘര്‍ഷ വിഷയത്തില്‍ ദുരൂഹത സൃഷ്ടിക്കുന്നതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വേണ്ടത്ര രീതിയില്‍ പാക്കിസ്ഥാനെ ഇന്ത്യ ആക്രമിച്ച് പരാജയപ്പെടുത്തി എന്നുള്ള കണക്കുകളൊന്നും ശരിയല്ല, ആക്രമണം പോലും ഉണ്ടായിട്ടില്ല എന്ന് ചില വിദേശമാധ്യമങ്ങള്‍ പറയുന്നതില്‍വരെ കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്ത്യയുടെ നേരെ നടന്ന ആക്രമണത്തിനെതിരെ മറ്റു ചില വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു യുദ്ധാന്തരീക്ഷം സൃഷ്ടിക്കാന്‍വേണ്ടി നടത്തിയ കരുനീക്കങ്ങളുടെ ഭാഗമായിട്ടാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണം എന്നും തിരിച്ചടി നടത്തിയതെന്നുള്ള വിലയിരുത്തലും ഉണ്ട്. ഏതാണ് കൃത്യമായ വസ്തുത എന്നു പറയാന്‍ കഴിയില്ല. ഏതായാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകൊണ്ട് ഗവണ്‍മെന്റ് ജനങ്ങളുടെ ദേശാഭിമാനബോധത്തെ കൃത്യമായി വളര്‍ത്തിക്കൊണ്ട് വന്ന് അത് വോട്ടായി മാറ്റുക എന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. അത് ഏറെക്കുറെ താഴെപോയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആശയക്കുഴപ്പങ്ങളും ഉണ്ടായിട്ടുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് ആര്‍ക്കും അറിഞ്ഞുകൂടാത്ത രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്. സര്‍ക്കാര്‍ പറയുന്നതും വിദേശമാധ്യമങ്ങളുടേതും തുടങ്ങി പരസ്പര വിരുദ്ധമായ നിലപാടുകളാണ് സംഭവത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ മൊത്തത്തില്‍ ലക്ഷ്യംവച്ചത് നടക്കാതെ പോവുകയും നേരെ തിരിച്ചാകുകയും ചെയ്യുന്ന  അവസ്ഥയിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 


തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍ തുടങ്ങിയവരോട് സര്‍ക്കാരിനുണ്ടാകേണ്ട സമീപനം എന്താണ്?


തെരഞ്ഞെടുപ്പിന്റെ ഭാഗമായല്ല ഇവരോടൊക്കെ സമീപനം സ്വീകരിക്കേണ്ടത്. തെരഞ്ഞെടുപ്പ് എന്നാല്‍ വോട്ട് ലക്ഷ്യമാക്കിയുള്ള തീരുമാനമാണ്. അതല്ലല്ലോ വേണ്ടത്. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന ജനവിഭാഗങ്ങളാണ്. അവരെ സംരക്ഷിക്കാനും അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഒരുക്കാനുമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ഏത് ഗവണ്‍മെന്റിന്റെയും ഉത്തരവാദിത്വമാണ്. അതിപ്പോള്‍ തെരഞ്ഞെടുപ്പ് നോക്കേണ്ട കാര്യമില്ല. ഈ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ല എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. നോട്ട് നിരോധനം വന്നപ്പോള്‍ ഏറ്റവും അധികം കഷ്ടപ്പെട്ടത് കര്‍ഷകരാണ്. ജി.എസ്.ടി.അവരെ നേരിട്ട് ബാധിച്ചില്ല. ഇടത്തരക്കാരയ വ്യാപാരികളെയും കച്ചവടക്കാരെയുമാണ് ജി.എസ്.ടി. ബാധിച്ചത്. ഇതിന്റെ ഫലമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരത്തെ വലിയ മുന്‍കൈ ലഭിച്ചിരുന്ന ഇപ്പോഴത്തെ ഭരണകക്ഷിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നത് കര്‍ഷകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കൊണ്ടാണ്.