അതിജീവനം മനസ്സിലൂടെ

അതിജീവനം മനസ്സിലൂടെ
ഭീതിജനകവും അപകടകരവും ജീവനുതന്നെ ഭീഷണിയാകുന്ന ദുരന്തങ്ങള്‍ ഓര്‍ക്കാപ്പുറത്ത് മനുഷ്യര്‍ നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ അത് മനസ്സിനെ വല്ലാതെ ഉലയ്ക്കും. ദീര്‍ഘനാളത്തേക്കു നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ പ്രശ്‌നമായി അത് മാറാനും ഇടയുണ്ട്. എല്ലാവരും അത്തരം ഒരു മാനസികപിരിമുറുക്കത്തിനു അടിമപ്പെടണമെന്നില്ല. ഓരോ വ്യക്തിയുടെയും പ്രകൃതങ്ങള്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്തുനില്‍ക്കാനുള്ള കഴിവ്, അവരെ പിന്തുണയ്ക്കുന്ന ശക്തികള്‍ അതുപോലുള്ള ഘടകങ്ങള്‍ ഒരു പരിധിവരെ മനുഷ്യമനസ്സിനു സംരക്ഷണം നല്‍കാം. എന്നിരുന്നാല്‍ പോലും പ്രളയം അല്ലെങ്കില്‍ വെള്ളപ്പൊക്കം എന്നതിന്റെ വ്യാപ്തി വളരെ വലുതായതുകൊണ്ട് പലര്‍ക്കും അതൊന്നും വേണ്ടവിധം വിനിയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. 
പ്രളയത്തില്‍ പലരുടെയും വീട് നഷ്ടമാകുന്നു. അല്ലെങ്കില്‍ ഉപയോഗശൂന്യമാകുന്നു. വീട്ടിലെ വസ്തുവകകളും സാമഗ്രികളും നാശമടയുന്നു. ഇതെല്ലാം മറ്റൊരു മാനസിക സംഘര്‍ഷത്തിനു ഇടയാക്കുന്നു. ഭീകരമായ ദുരന്തം ഉണ്ടാകുമ്പോള്‍ സാധാരണഗതിയിലുള്ള ഒരു വ്യക്തിയുടെ മാനസികസംഘര്‍ഷത്തെ പോസ്റ്റ്ട്രമാറ്റിക് ഡിസോഡര്‍ എന്നു പറയുന്നു. ഈ പോസ്റ്റ്ട്രമാറ്റിക് ഡിസോഡര്‍ ഉണ്ടാകുമ്പോള്‍ ദുരന്തത്തെ കുറിച്ചുള്ള ചിന്തകള്‍ ആ വ്യക്തിയുടെ അനുവാദമില്ലാതെതന്നെ മനസ്സിലേക്ക് കടന്ന് ആഞ്ഞടിച്ചുകൊണ്ടിരിക്കും.  അതും മറ്റൊരു പ്രളയം പോലെ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും അതേക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ മനസ്സിലേക്ക് കടന്നുവരും. അതുകൊണ്ട് തന്നെ അവര്‍ വല്ലാത്ത ഒരു ഉത്കണ്ഠയില്‍പെട്ടു പോകും. പലപ്പോഴും ഈ പ്രളയത്തെ കുറിച്ചോ അല്ലെങ്കില്‍ അതുപോലെയുള്ള സമാനകാര്യങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പലതും ഇവരെ ഭയചകിതരാക്കും. അതുകൊണ്ട് തന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ഒഴിവാക്കുക. പോസ്റ്റ്ട്രമാറ്റിക് ഡിസോഡറില്‍ പെടുന്ന ആളുകള്‍ പലപ്പോഴും ടെലിവിഷനിലെ ദുരന്തവാര്‍ത്തകള്‍ നോക്കാന്‍ തന്നെ ഭയപ്പെടാറുണ്ട്. അവര്‍ നേരിട്ടിട്ടുള്ള ദുരന്തങ്ങളെകുറിച്ചുള്ള ഓര്‍മ്മകളാണ് അവരില്‍ അത്തരത്തിലുള്ള ഭയത്തിന് ഇടയാക്കുന്നത്. അതുകൊണ്ടു തന്നെ അത്തരം ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്ന പ്രവണത അവരില്‍ ഉണ്ടാകും. ഇവരില്‍ പലരും നിസ്സാരമായ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ഞെട്ടി വിറയ്ക്കുന്നവരാണ്. പലരിലും അകാരണമായ കോപം വരെ ഉണ്ടാകും. ഈ അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഒന്നും ഓര്‍ക്കാനോ ശ്രദ്ധിക്കാനോ കഴിയാതെ ഒന്നിലും താത്പര്യമില്ലാത്തവരായി വൈകാരിക പ്രശ്‌നങ്ങളും ഇവരില്‍ ഉണ്ടാകാം. ഇത് പലപ്പോഴും പെട്ടെന്നുണ്ടായി അപ്രത്യക്ഷമാകുന്ന തരത്തിലും ചിലര്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ ക്രമേണ ഇത്തരം അവസ്ഥ ഉണ്ടാകുന്ന സാഹചര്യങ്ങളും ഉണ്ട്.  നല്ലൊരു ശതമാനം സാമൂഹിക പിന്തുണയും സമാശ്വാസവും ലഭിക്കുമ്പോള്‍ ആറു മാസത്തിനുള്ളില്‍ ഇത്തരം മാനസികാവസ്ഥ ഇല്ലാതാകുന്ന സാഹചര്യവും കാണുന്നുണ്ട്. പക്ഷേ ഒരു നിശ്ചിത വിഭാഗത്തിന് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു മനോവ്യഥയായും ഇത് മാറിത്തീരാറുണ്ട്. 
ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ പ്രളയം പലര്‍ക്കും വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഈ നഷ്ടം എന്ന അവസ്ഥയുമായി സമരസപ്പെടുക എന്നുള്ളതിന്റെ പ്രശ്‌നങ്ങളും ഒരുപക്ഷേ പോസ്റ്റ്ട്രമാറ്റിക് ഡിസോഡറിനേക്കാള്‍ ഭീകരമായ മാനസികാവസ്ഥ ഉണ്ടാക്കുന്നതിനു സാധ്യതയുണ്ട്. വീട് നഷ്ടപ്പെട്ടു, സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു, ഇതുവരെ കരുതലോടെയും കടമെടുത്തും ഉണ്ടാക്കിയവ പെട്ടെന്ന് നഷ്ടമാകുന്ന അവസ്ഥ വല്ലാത്ത ഒരു നിരാശാബോധവും വിഷാദവുമൊക്കെ ധാരാളം പേരില്‍ ഉണ്ടാക്കാം. ഇതു പരിഹരിക്കാന്‍ സാമൂഹികവും സാമ്പത്തികവും അര്‍ത്ഥവത്തുമായ പുനരധിവാസം എത്രയും പെട്ടെന്ന് നല്‍കുക എന്നതും വളരെ പ്രധാനമാണ്. അതൊക്കെ മാനസികാരോഗ്യ ഇടപെടലുകളേക്കാള്‍ കൂടുതല്‍ ഒരുപക്ഷേ ആ തരത്തിലുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി ഉണ്ടാകേണ്ടി വരും. പ്രളയത്തില്‍ വീടെല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു, വീട്ടുപകരണങ്ങളെല്ലാം നഷ്ടപ്പെട്ടു, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടമായി ഈ തരം അവസ്ഥകള്‍ ഒരു വൈകാരിക വിക്ഷോഭം ഉണ്ടാക്കുമ്പോള്‍ ആളുകളെ സാന്ത്വനിപ്പിക്കാനായി അവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സാന്നിധ്യമാണ് യഥാര്‍ത്ഥ മാനസികാരോഗ്യ പ്രളയശുശ്രൂഷ.