തിരകള്‍ എഴുതുന്ന നാള്‍വഴികള്‍

തിരകള്‍ എഴുതുന്ന നാള്‍വഴികള്‍

വര്‍ഗീസ് അങ്കമാലി

ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന കൃതിയെക്കുറിച്ച്

തീരദേശ സംസ്‌കൃതിയുടെ തീവ്രമായ യാതനകളുടെ അടയാളപ്പെടുത്തലാണ് ഫ്രാന്‍സീസ് നൊറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന നോവല്‍. വിരലിലെണ്ണാവുന്ന ചെറുകഥകളിലൂടെ സാഹിത്യമണ്ഡലത്തിന്റെ മുന്‍ നിരയിലെത്തിയ ഫ്രാന്‍സീസ് നൊറോണയുടെ കഥാഭൂമിക കടല്‍ത്തീര ക്രിസ്ത്യന്‍ സമൂഹത്തിന്റെ സങ്കേതങ്ങളിലൊന്നായ അര്‍ത്തുങ്കലിന് ചുറ്റുമുള്ള കടല്‍ത്തീര ഗ്രാമങ്ങളാണ്.

കടല്‍ ജീവിതത്തില്‍ ഇഴചേര്‍ക്കപ്പെട്ട കഥയില്‍ ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളും അനാഥരുടെ നിലവിളികളും മിത്തും യാഥാര്‍ത്ഥ്യവും തനിമയോടെ അടയാളപ്പെടുത്തുന്നു. പരസ്പരം തുണയാകുന്ന അനാഥജന്മങ്ങള്‍ക്ക് കാവലാകുന്നത് നിസ്വാര്‍ത്ഥരായ ചില പാതിരിമാരാണ്. സര്‍വ്വനാശമുണ്ടാകാതിരിക്കാന്‍ തീരം തോറും കുരിശുനാട്ടി കടന്നുപോയ സെന്റ് ആന്‍ഡ്രൂസ് മിഷനറിമാര്‍ ക്രിസ്തുമതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് മീന്‍പിടുത്തക്കാരെയായിരുന്നു. അര്‍ത്തുങ്കല്‍ വികാരിയായിരുന്ന സായിപ്പച്ചനെ വെളുത്തച്ചന്‍ എന്നുവിളിച്ച നാട്ടുകാര്‍ പഞ്ഞംപടവസന്ത എന്നിവയില്‍ നിന്നും തങ്ങളെ കാത്തുപോന്ന സെബസ്ത്യാനോസ് പുണ്യാളനെ അതേ പേരുതന്നെ വിളിച്ചു. ദേശപ്പെരുമയിലൂടെ വികസിക്കുന്ന കഥാ തന്തുവില്‍ ബൈബിളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ചാവറ കുര്യാക്കോസ് പിതാവും, കുഞ്ഞുകുഞ്ഞു ഭാഗവതരും, ടി.വി. തോമസും, കുഞ്ചാക്കോയും, ഇ.ജെ. ജോണും മുഖം കാണിക്കുന്നുണ്ട്. നന്മനിറഞ്ഞ മാര്‍ഗദര്‍ശനവും ഭക്തിജീവിതത്തിന്റെ ഔന്നിത്യവുമായി അശരണര്‍ക്ക് അത്താണിയാവുന്നത് ഫാദര്‍ റെയ്‌നോള്‍ഡ് പുരയ്ക്കല്‍ എന്ന പാതിരിയാണ്. സ്വജീവിതം ദൈവത്തിന് സമര്‍പ്പിക്കുന്ന സുവിശേഷ നിയോഗവുമായി, കുഞ്ഞുങ്ങളുമായി ഹൃദയം തുറക്കുന്ന ആലപ്പുഴയുടെ വല്യച്ചന്‍ എന്നറിയപ്പെടുന്ന മോണ്‍സിഞ്ഞോര്‍ റെയ്‌നോള്‍ഡ് പുരയ്ക്കല്‍ (1909 – 1988 ) എന്ന വാഴ്ത്തപ്പെട്ട താപസന്റെ ജീവിതത്തിന്റെ നാളാഗമമാണ് നോവലിന്റെ കാതല്‍ എങ്കിലും കടല്‍ത്തീരപോരാട്ടങ്ങളും പകയും വിശ്വാസങ്ങളും കഥയോടൊപ്പം രേഖപ്പെടുത്തുന്നുണ്ട്.

പരിമിതികള്‍ ഏറെയുള്ള സാഹചര്യത്തില്‍ നിന്നും ജീവിതത്തിന്റെ നടുക്കടലിലേക്ക് എറിയപ്പെടുമ്പോഴും പ്രകടമായ മൂല്യബോധവും ധാര്‍മ്മീകമായ ഔന്നിത്യവും ഒരു നിയോഗം പോലെ ഏറ്റെടുക്കുവാന്‍ ദൃഢനിശ്ചയം ചെയ്ത അനേകം കഥാപാത്രങ്ങള്‍ ഫാദര്‍ റെയ്‌നോള്‍ഡിന്റെ ജീവിതത്തില്‍ പങ്കുചേരുന്നു. ക്രിസ്തുവിലേക്ക് എത്തിപ്പെടുന്ന സത്യാന്വേഷണത്തിന്റെ മൂല്യവും ദര്‍ശനവും വെളിപ്പെടുത്തുന്ന ഒരു അന്വേഷണം കൂടിയാണീ നോവല്‍. ജീവിതദര്‍ശനത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാതൃസ്വാധീനം പരിശുദ്ധ മറിയത്തെ ഓര്‍മ്മപ്പെടുത്തുന്നു. സത്ഫലം ആര്‍ജ്ജിച്ച പരിശീലനത്തിലൂടെ അനാഥാലയത്തില്‍ നിന്നും തുറയിലേക്കും കടലിലേക്കും പോകാതെ കടലിനക്കരെയുള്ള പുതിയ തൊഴില്‍ മേഖലയിലേക്ക് കുതറിയോടുന്ന യുവാക്കളുടെ നിരയാണ് ഒടുവില്‍ ഫാദര്‍ റെയ്‌നോള്‍ഡിന്റെ നാള്‍വഴി പുസ്തകം പൂര്‍ത്തിയാക്കുന്നത്. സ്‌നാനം ചെയ്ത് ഇറങ്ങിവരുന്ന അക്ഷരവിശുദ്ധിയാണ് ഫ്രാന്‍സീസ് റെയ്‌നോള്‍ഡയെ വേറിട്ടതാക്കുന്നത്.

കറുത്ത ഹാസ്യം ചമക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങനെയും ജീവിതമുണ്ടോ എന്ന് വായനക്കാര്‍ ചോദിക്കും മട്ടിലാണ് കണ്ണീരിന്റെ ഉപ്പുരസമുള്ള കടല്‍ത്തീരത്തെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നത്. കടല്‍ സല്ലാപങ്ങളും വര്‍ണ്ണനകളും ഇഴുകി ചേര്‍ന്ന രചനാപാടവത്തില്‍ പ്രാദേശികയില്‍ നിന്നും സാര്‍വ്വദേശീയ തലത്തിലേക്ക് കഥയുടെ ഒഴുക്ക് തിരകള്‍ക്കൊപ്പം ചേരുന്നു. റമ്പാന്‍ പാട്ടും, ചവിട്ടു നാടകവും, ദേവാസ്ത വിളിയും കഥയില്‍ ഇടം തേടുന്നു. പട്ടിണി കിടക്കുന്ന മക്കള്‍ക്കുവേണ്ടി കൈനീട്ടിയ ഒരു പുരോഹിതന്റെ കണ്ണുനീരു വീണ ഇടങ്ങളില്‍ വന്നുപോകുന്ന അശരണജന്മങ്ങളെ വായനക്കാര്‍ക്ക് പെട്ടെന്ന് മറന്നു കളയാന്‍ കഴിയുകയില്ല. ഇടയ്ക്കിടെ വന്നുപോകുന്ന ലാറ്റിന്‍ കീര്‍ത്തനങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ആവര്‍ത്തനം മാത്രമേ ഈ നോവലിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാനാവൂ. കടല്‍ത്തീര കഥകളുടെ വേറിട്ട ചിത്രീകരണം എന്ന നിലയില്‍ ഫ്രാന്‍സീസ് നൊറോണ അടയാളപ്പെടുത്തുന്നത് ദേശ ചരിത്രവും ആലപ്പുഴയുടെ വല്യച്ചനായ മോണ്‍സിഞ്ഞോര്‍ റെയ്‌റോള്‍ഡ് പുരയ്ക്കലിന്റെ ജീവചരിത്രവും കൂടിയാണെന്ന് ബോദ്ധ്യമാകുമ്പോഴാണ് സുവിശേഷ ചിത്രീകരണത്തില്‍ പെരുളുണ്ടെന്ന് വായനക്കാര്‍ക്ക് ബോദ്ധ്യമാകുന്നത്.

 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<