ഹോക്കിങ്: സ്വപ്നങ്ങൾ ബാക്കിയാക്കി ചരിത്രത്തിലേക്ക്

ഹോക്കിങ്: സ്വപ്നങ്ങൾ ബാക്കിയാക്കി ചരിത്രത്തിലേക്ക്

മാര്‍ച്ച്‌ 14-ന്‌ അന്തരിച്ച സ്റ്റീഫന്‍ ഹോക്കിംഗ്‌ എന്ന അത്ഭുതപ്രതിഭയ്‌ക്ക്‌ ഭാവനയുടെ വിളഭൂമിയായിരുന്നു ശാസ്‌ത്രം. തത്ത്വചിന്ത, ഗണിതം, നിരീക്ഷണം എന്നീ മൂന്നു രൂപകങ്ങളുടെ സമഞ്‌ജസ സമ്മേളനമാണ്‌ സൈദ്ധാന്തികഭൗതികം. ഭാവനാപരമായ സങ്കല്‌പങ്ങളെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഉപകരിക്കുന്നവിധത്തില്‍ ആവിഷ്‌കരിക്കുന്നതിന്‌ ഗണിതം കൂടിയേ തീരൂ. ഒരു സിദ്ധാന്തത്തിന്റെ ഭാഗധേയം നിര്‍ണയിക്കുക, അതിന്റെ പ്രവചനങ്ങളെ ശരിവെയ്‌ക്കുമ്പോഴാണ്‌. ഇത്‌ സംഭവിക്കാത്തിടത്തോളം, ഏതൊരു സിദ്ധാന്തവും ഗണിതപരഭൗതികം മാത്രമാണ്‌. ഹോക്കിംഗിന്റെ സൈദ്ധാന്തിക പ്രവചനങ്ങളില്‍ ഒന്നുപോലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍, അദ്ദേഹത്തിന്‌ നൊബേല്‍ പുരസ്‌കാരം ലഭിച്ചില്ല.

നൊബേല്‍ പുരസ്‌കാരത്തെ മാത്രം ഒരു ശാസ്‌ത്രജ്ഞന്റെ പ്രതിഭയുടെ മാനദണ്‌ഡമായി കരുതിക്കൂടാ. തുല്യ പ്രശസ്‌തിയുള്ള മറ്റ്‌ പല പുരസ്‌കാരങ്ങളും അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 21 വയസ്സ്‌ മുതല്‍ 55 വര്‍ഷക്കാലം, അദ്ദേഹത്തെ പീഡിപ്പിച്ച എ.എല്‍.എസ്‌. എന്ന രോഗം വകയ്‌ക്കാതെ, ധീരമായി പോരാടി, അദ്ദേഹം മഹത്വത്തിന്റെ പീഠം കയറി. പ്രപഞ്ചത്തിന്റെ ഉല്‌പത്തി, പരിണാമം, ഭാവി തുടങ്ങിയ സമസ്യകളെപ്പറ്റി അദ്ദേഹം ചിന്തിച്ചു. പൊതു ആപേക്ഷികത എന്നറിയപ്പെടുന്ന, ഐന്‍സ്റ്റൈന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ വെറുമൊരു കൗതുകകരമായ കണ്ടെത്തല്‍ മാത്രമായിരുന്ന തമോഗര്‍ത്തങ്ങള്‍ സ്‌പേസിലുള്ള വാസ്‌തവഘടനകളാണെന്ന്‌ നിര്‍ദ്ദേശിച്ചവരുടെ കൂട്ടത്തില്‍ ഹോക്കിംഗും ഉണ്ടായിരുന്നു. ഐന്‍സ്റ്റൈന്‍ സിദ്ധാന്തത്തിന്റെ മകുടമായ സമവാക്യത്തിന്റെ നിര്‍ദ്ധാരണങ്ങള്‍ ചിലര്‍ കണ്ടുപിടിച്ചിരുന്നു. എന്നാല്‍ പ്രപഞ്ചാസ്‌തിത്വത്തിന്റെ ആദ്യ നിമിഷത്തിന്‍രെ കാര്യത്തില്‍, സമവാക്യം തകര്‍ന്നടിയുന്നതായാണ്‌ കണ്ടത്‌. ഈ നിമിഷത്തെയാണ്‌ പ്രപഞ്ചോല്‌പത്തിയുടെ നിമിഷമെന്ന്‌ വിശേഷിപ്പിക്കുന്നത്‌. ഇതാണ്‌ മഹാസ്‌ഫോടന സിദ്ധാന്തമെന്ന്‌ അറിയപ്പെട്ടത്‌. എന്നാല്‍ ഈ ആദ്യനിമിഷ തകര്‍ച്ച ഐന്‍സ്റ്റൈന്‍ സമവാക്യത്തിന്റെ ഒരു പൊതുസവിശേഷതയാണെന്നും, അതിന്റെ പ്രത്യേകതരം നിര്‍ദ്ധാരണങ്ങളുടേതല്ലെന്നും ഹോക്കിംഗും റോബെര്‍ട്ട്‌ പെന്‍റോസും തെളിയിച്ചു. എല്ലാ ഭൗതികതത്ത്വങ്ങളും നിഷ്‌ഫലമാകുന്ന ഈ അവസ്ഥാവിശേഷത്തിന്‌ സിങ്കുലാരിറ്റി എന്നാണ്‌ പറയുന്നത്‌. പ്രകൃതിയില്‍ നഗ്നമായ സിങ്കുലാരിറ്റികളില്ലെന്ന്‌ ഇവര്‍ ആവിഷ്‌കരിച്ച പ്രമേയങ്ങള്‍ സൂചിപ്പിക്കുന്നു. മഹാസ്‌ഫോടന ബിന്ദു എന്‌നു പറയുന്നത്‌, സ്ഥല-കാലത്തില്‍ ഇത്തരത്തിലുള്ള ബിന്ദുവാണ്‌. തമോഗര്‍ത്തങ്ങളിലും സിങ്കുലാരിറ്റി ഉണ്ടെന്ന്‌ വ്യക്തമായി.