ഭയം സിനിമയുടെ നിശാവസ്ത്രം

by ezhuthuadmins2 | December 2, 2017 9:09 am

ഭയം ചലച്ചിത്രത്തിന്റെ ഒസ്യത്തും ജന്മാവകാശവുമാണ്. ഭയജനകത്വമെന്ന വാസന അതിനു ജന്മസഹജവും. 1895ല്‍ ലൂമിയര്‍ സഹോദരന്മാരുടെ ഉദ്യമഫലമായി ആദ്യമായൊരു കൊട്ടകയില്‍ തീവണ്ടി കാണികളുടെ മുമ്പിലേക്ക് അവര്‍ക്കറിയില്ലാതിരുന്നൊരു സുരക്ഷിതയകലം പാലിച്ച് പാഞ്ഞുവന്നുനിന്നപ്പോള്‍ കാണികള്‍ പിടഞ്ഞെണീറ്റു പാഞ്ഞൊളിച്ച സംഭവം (ഒരുപക്ഷേ കഥ!) ആ ഭീതിജനകവാസനയെ തെളിയിക്കുന്നുണ്ട്. പിന്നീടും സിനിമ ഭയത്തിന്റെ നിഴലുപറ്റിത്തന്നെയാണല്ലോ ഇക്കാലമത്രയും സഞ്ചരിച്ചത്. സാങ്കേതികമായും അതുവഴി സാങ്കേതികകലാപരമായും സിനിമ മുതിര്‍ന്ന ഓരോ മുതിര്‍ച്ചയും ഭയംകൂടി ജനിപ്പിച്ചുകൊണ്ടായിരുന്നു. ജോര്‍ജ് മെലിയേ അവിചാരിതമായി ഉപരിമുദ്രണം കണ്ടെത്തുമ്പോഴും ഗ്രിഫിത്ത് പാരലല്‍ കട്ടിനു കത്രിക രാകിയപ്പോഴും എഡ്വിന് എസ് പോര്‍ട്ടര്‍ മരം മുറിക്കുന്ന പോലെ മനുഷ്യന്റെ കഴുത്തു കണ്ടിച്ച് രക്തമിറ്റാത്ത തല ഫ്രെയിമിന്റെ വെള്ളിത്താലത്തില്‍വച്ച് കാഴ്ചക്കാര്‍ക്കു മുന്നിലേക്കു നീട്ടിയപ്പോഴും ഈ ഭയനിര്‍മാണസാദ്ധ്യത കൂടുതല്‍ തിടംവയ്ക്കുകയായിരുന്നു.

മെലിയേയുടെ ചന്ദ്രബിംബത്തിലേക്ക് റോക്കറ്റ് തുളച്ചുകയറുമ്പോഴും ക്ലോസ് അപ്പില്‍ മനുഷ്യാവയവങ്ങള്‍ വെവ്വേറേ ദര്‍ശിച്ചപ്പോഴും ഒക്കെ മനുഷ്യര്‍ വായും പൊളിച്ച് അമ്പരന്നിരുന്നിട്ടുണ്ട്. പിന്നീട്, എപ്പോഴൊക്കെ ചലച്ചിത്രത്തില്‍ സാങ്കേതികവിദ്യാലോലുപമായി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജനം ഭയാത്മകമായി വിസ്മയിച്ചിട്ടുണ്ട്. സാല്‍വദോര്‍ ദാലിയും ലൂയി ബുനുവേലും ചേര്‍ന്നെടുത്ത അന്‍ഡാലുഷന്‍ നായയുടെ ഓരികള്‍ ജനത്തെ വിരട്ടിയത് അതിലൊരുദാഹരണം മാത്രം. കണ്ണുകീറുന്ന റേസര്‍ ബ്ലേഡ് കാണിയുടെ സിരകളില്‍ ചോരയുടെ ആഴത്തില്‍ ഭയത്തിന്റെ നുരകള്‍ ഇളക്കിവിട്ടിരുന്നു. എല്ലാ ഭയാത്മക അമ്പരപ്പുകളെയും പക്ഷേ, കാണി തന്റെ ധൈര്യത്തിന്റെ പരിശീലനക്കളവും പുതിയ ഭയത്തിന്റെ കാത്തിരുപ്പുസങ്കേതവുമാക്കി മാറ്റിയതുകൊണ്ട്, ഓരോ ഞെട്ടിക്കുന്ന സാങ്കേതികപരീക്ഷണങ്ങളും വേഗംതന്നെ, അലയൊടുങ്ങിയ തടാകമായി ശാന്തത പുല്കി. ഭയം എന്തുതരം വികാരമാണ്? അത് സാങ്കേതികമായ ഒന്നാണോ നൈസര്‍ഗികമായ ഒന്നാണോ? സാംസ്‌കാരികമായ ഒരു പ്രവര്‍ത്തനമാണോ അതോ പ്രാകൃതമായ വാസനയാണോ? പൂര്‍വ(ജന്മ)ാര്‍ജിതമായ അവബോധമോ അബോധമോ ആണോ?

അതിനു തീര്‍പ്പുകല്പിക്കുന്നതിനേക്കാള്‍ കൗതുകകരമായിരിക്കും ഭയോന്മീലനത്തിന്റെ സാങ്കേതികത തിരയുന്നത്. സാങ്കേതികകലയായ സിനിമയ്ക്ക് എങ്ങനെ ഇത്രമേല്‍ വിഹ്വലാത്മകത സ്വായത്തമായി? ജന്മനാ അതു ഐന്ദ്രജാലികമായ യാഥാര്‍ത്ഥ്യത്തിന്റെ, പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ ആഭിചാരസ്വഭാവമുള്ള ആവിഷ്‌കരണയിടമായിത്തീരുന്നു. കണ്‍കെട്ടുവിദ്യപോലെ, ഇരുള്‍മന്ത്രവാദപ്രവര്‍ത്തനംപോലെ സിനിമ ഒരു ഭീതികലയായിരിക്കുന്നു. ക്യാമറ എന്നത് ഒരു ഇരുള്‍പേടകമാണ്. മാഗസിന് ഇരുട്ടിന്റെ ആത്മാവായ അറയും. അതിലൂടെ എടുക്കുന്ന വെളിച്ചത്തിന്റെ നിഴലുകള്‍ കാഴ്ചപ്പെടുന്നത് തിയറ്റര്‍ എന്ന മറ്റൊരു ഇരുള്‍ശാലയില്‍. ഇങ്ങനെ ഇരുട്ടിനോടു പറ്റിച്ചേര്‍ന്നുകൊണ്ടാണ് സിനിമയുടെ എടുപ്പും കൊടുപ്പും നിര്‍വഹിക്കപ്പെടുന്നത് (ഇവിടെ പുതുകാലത്തെ വെളിച്ചത്തിലെ സിനിമകാണല്‍ വിഷയമല്ല. വെളിച്ചത്തു കാണുന്നത് ലൂമിയര്‍ സഹോദരങ്ങള്‍ കണ്ടുപിടിച്ച സിനിമ എന്ന കലാ/വ്യാപാരവസ്തുവല്ല. മറിച്ച്, തോമസ് ആല്‍വാ എഡിസന്‍ കണ്ടുപിടിച്ച മറ്റൊരു കാഴ്ചവസ്തുവാണ്).

ഇതെല്ലാം കാട്ടിത്തരുന്നത്, സിനിമയുടെ ജന്മബന്ധം ഭീതിയോടാണെന്നാണ്. സത്യത്തില്‍ അത് പൂര്‍ണമായും ഭീതിയോടല്ല; പ്രത്യുത, സ്വപ്‌നത്തോടാണ്. സ്വപ്‌നങ്ങളില്‍ ഏറിയ കൂറും ഭയാത്മകങ്ങളാകയാല്‍ സ്വപ്‌നത്തോടുള്ള അതിന്റെ കൂറ് ഭയത്തോടായിച്ചായുന്നുവെന്നുമാത്രം. സിനിമ പോലെ തന്നെ ഭയവും ഒരു സാങ്കേതികകലയാണ്. സാങ്കേതികമായി തെരുവുവിളക്കുകള്‍ പ്രകാശിക്കാന്‍ തുടങ്ങുന്നതിനു മുന്പുള്ള കേരളത്തിന്റെ കുഗ്രാമീണ ഇടവഴികളില്‍ മറഞ്ഞും തെളിഞ്ഞും കളിച്ച മാടനും മറുതയും യക്ഷിയും ഒടിയനുമെല്ലാം ചോരക്കൊതിയടക്കി, തെരുവുവെളിച്ചത്തിന്റെ പാല്‍പ്പരപ്പോടെ എന്നേക്കുമായി ഒഴിഞ്ഞുപോയി. മാടനും ഒടിയനുമെല്ലാം സാങ്കേതികമായി മാത്രം പ്രവര്‍ത്തിക്കുന്ന രക്ഷസ്സുകള്‍ തന്നെയായിരുന്നു. അപരിഷ്‌കൃതമായ സങ്കേതങ്ങളായിരുന്നു അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, പുരോഗമനത്തിന്റെ വെളിച്ചത്തിനൊപ്പം മറഞ്ഞ രക്ഷസ്സുകളെല്ലാം (കൂടുതലും യൂറോപ്യന്‍ രക്ഷസ്സുകള്‍ പിന്നീടു സിനിമയുടെ ഇരുള്‍വെളിച്ചച്ചതുരത്തിലേക്കാണു ചേക്കേറിയത്).

ജര്‍മന്‍ എക്‌സ്പ്രഷനിസ്റ്റ് സിനിമ ഒരു രാഷ്ട്രം കണ്ട ഭീതിസ്വപ്‌നങ്ങളായിരുന്നുവെന്നു കരുതാനാകും. സമാനമായി നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ക്യാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി, മെബൂസ, ഗോലെം, നൊസ്‌ഫെറാതു തുടങ്ങിയ സിനിമകള്‍ 1918ല്‍ അവസാനിച്ച രണ്ടാംലോകമഹായുദ്ധം തകര്‍ത്ത ജര്‍മനിയിലെ ശിഥിലമനസ്‌കരായ ജനങ്ങള്‍ക്കുവേണ്ടി, സമൂഹമനസ്സാക്ഷി കണ്ട പേക്കിനാവുകളായിരുന്നു. ഓരോന്നിലും ഓരോ രാഷ്ട്രീയഫ്രാന്‍കന്‍സ്‌റ്റൈന്മാര്‍ ഉദിച്ചുയര്‍ന്നസ്തമിച്ചു. കുട്ടിത്തത്തിന്റെയും നിഷ്‌കളങ്കതയുടെയും സ്പര്‍ശങ്ങളാണു പലപ്പോഴും അതിനു വിരാമഗീതം പാടിയത്.

 

Source URL: http://ezhuthu.org/2017/12/02/anwarabdullafilmand-fear/