സ്ത്രീ-ശരീരം-സ്വത്വം ചില ഭയചിന്തകള്‍

by ezhuthuadmins2 | December 2, 2017 9:09 am

മനുഷ്യശരീരം ഏതു കാലത്തും പൂര്‍ണ്ണമായി സ്വതന്ത്രമല്ല. സ്ത്രീശരീരത്തിന്റെ കാര്യത്തിലാവുമ്പോള്‍, ഇച്ഛ, തിരഞ്ഞെടുപ്പ്, വസ്ത്രധാരണം, ലൈംഗികത തുടങ്ങിയ മേഖലകളിലേക്ക് ഈ പൊതുബോധത്തിന്റെ കണ്ണുകള്‍ നീണ്ടുചെല്ലുന്നു. ഓരോ സ്ത്രീക്കും തന്റേതായൊരിടം നിര്‍മ്മിച്ചെടുക്കുന്ന പ്രക്രിയയില്‍ സമൂഹത്തോടുള്ള നിരന്തരമായ കലഹങ്ങളും സമരങ്ങളും ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. ഈ സമര/കലഹങ്ങളുടെ പല ഘട്ടങ്ങളിലും ഉയര്‍ന്നുവരുന്ന പലതരം ഭീതികളുണ്ട്. ഈ പേടികളിലാദ്യം ശരീരത്തെക്കുറിച്ചുള്ള ഭയം തന്നെയാണ് ആദ്യം ചര്‍ച്ചചെയ്യേണ്ടത്. ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഒന്നായി ചില സ്ത്രീകളെങ്കിലും തങ്ങളുടെ ശരീരത്തെ കാണുന്നുണ്ട്. സമൂഹത്തിലെ പലതട്ടിലുള്ള സ്ത്രീ കള്‍ ഇവിടെ ഈ വിഷയത്തില്‍ പ്രതികരിക്കുന്നു.

തയ്യാറാക്കിയത് : അനു പതിയാട്ടില്‍
[1]

ഫാത്തിമ ഫൗസിയ (സിനിമാറ്റോഗ്രാഫര്‍)

സ്ത്രീയുടെ ആന്തരികതയെന്ന യാഥാര്‍ത്ഥ്യത്തെ എല്ലാ പൊതുബോധങ്ങള്‍ക്കുമപ്പുറം ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ നേടേണ്ടതുണ്ട്. ആത്മാഭിമാനം, ആത്മാവബോധം എന്നീ ഘടകങ്ങള്‍ ഉയര്‍ന്ന തോതില്‍ എത്തിയാല്‍ മാത്രമേ അകാരണമായ ഈ ഭയത്തെ മറികടക്കാനാകൂ. 1945 മാര്‍ച്ച് 15നുശേഷം 365 ദിവസവും പോലീസ് തുടര്‍ച്ചയായി പീഡിപ്പിച്ചു. മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ടായിരുന്നു അന്ന്. ഒരു ദിനചര്യപോലെ വന്ന് കാവല്‍നില്‍ക്കുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു അവര്‍. പീഡിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ പകുതിയോ അതില്‍ കൂടുതലോ വീതിച്ചുകിട്ടിയിട്ടുണ്ട് എന്ന് പാര്‍വ്വതി ടീച്ചര്‍ ഓര്‍മപ്പെടുത്തുന്നു. സി.എച്ച്. കണാരനോളം പേരും പെരുമയും എത്രകണ്ട് ഭാര്യ പാര്‍വ്വതി ടീച്ചര്‍ക്ക് കിട്ടിയിട്ടുണ്ട് എന്നത് സംശയമാണ്. എന്നാല്‍ എക്കാലവും സി.എച്ച്. കണാരനോടൊപ്പം കൂട്ടിവായിക്കേണ്ട പേരുതന്നെയാണ് പാര്‍വ്വതി ടീച്ചറുടെതെന്ന് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. കെ. ദേവായനിയുടെ ജീവിതക്കുറിപ്പാണ് ‘ചോരയും കണ്ണീരും നനഞ്ഞവഴികള്‍’. നിരന്തരമായ മര്‍ദ്ദനങ്ങള്‍ക്കും ഭീഷണികള്‍ക്കുമിടയിലെ തികഞ്ഞ അരക്ഷിതത്വത്തില്‍ മകളെ പ്രസവിക്കുകയും മുഴുപട്ടിണിയിലും മരണതുല്യമായ ജീവിതത്തിലും മകളെ നഷ്ടപ്പെടുകയും ചെയ്ത അനുഭവങ്ങളുടെ നേര്‍ക്കുറിപ്പാണ് ഈ പുസ്തകം. കവുങ്ങിനോട് ചേര്‍ത്തുകെട്ടി രക്തം ഒഴുകുന്നതുവരെ പോലീസ് ബയണറ്റുകൊണ്ട് മര്‍ദ്ദിക്കുകയുണ്ടായി. അന്നുമുതലാണ് തനിക്ക് പോലീസിനോടുള്ള പേടി ഇല്ലാതായതെന്ന് ലക്ഷ്മിയമ്മ ഓര്‍മ്മപ്പെടുത്തുന്നു.

 
[1]

ടെന്‍സി (മാധ്യമ പ്രവര്‍ത്തക)

സ്ത്രീകള്‍, പുരുഷന്മാരേക്കാള്‍ ദുര്‍ബ്ബലരാണ് എന്ന പൊതുബോധമാണ് എക്കാലത്തേയും ഭൂരിപക്ഷ സ്ത്രീസമൂഹത്തെ നേരിടുന്നത്. പൊതുഇടങ്ങളുടെ നോട്ടങ്ങള്‍ അത്തരത്തില്‍ത്തന്നെയാണ് സ്ത്രീശരീരങ്ങളുടെ നേര്‍ ക്കെത്തുന്നതും. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഞാന്‍ എന്റെ ശരീരത്തെയും ആന്തരികതയെയും നിരീക്ഷിച്ചറിഞ്ഞ ഒരു കാര്യം, പൊതുബോധത്തിന്റെ വ്യവസ്ഥാപിത നേട്ടങ്ങള്‍ക്കോ സങ്കല്‍പ്പങ്ങള്‍ക്കോ, കല്‍പ്പനകള്‍ക്കോ അടിപ്പെടാത്ത, തീര്‍ച്ചയായും ടെലിവിഷനില്‍ നിന്ന് വ്യത്യസ്തമായ ഒരു സ്ത്രീയാണ് ഞാന്‍ എന്നതാണ്.

 
[1]

സി. ജസ്മി (എഴുത്തുകാരി, ആക്ടിവിസ്റ്റ്)

അഭയം ഇല്ലെന്ന മാനസികാവസ്ഥയാണ് സാധാരണക്കാരില്‍ ഭയം ജനിപ്പിക്കുന്നത്. എന്നാല്‍ മറ്റുള്ളവരെ ഭയപ്പെടുന്നവര്‍ ഭീരുക്കള്‍ ആണ്. അവര്‍ പരാജയം ഭയപ്പെടുന്നതുകൊണ്ട് ധീരരെ അടിച്ചമര്‍ത്താന്‍ ഭയാന്തരീക്ഷം സൃഷ്ടിക്കുന്നു. നഷ്ടപ്പെടുവാന്‍ ഒന്നുമില്ലാത്തവര്‍ ഭയപ്പെടേണ്ട ആവശ്യമില്ല. ആ ധീരത സാധാരണക്കാരില്‍ ഉണര്‍ത്തേണ്ടത് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കേണ്ടവരാണ്.

[1]

സ്വപ്നം സി. കൊമ്പത്ത് (അധ്യാപിക)

കുട്ടിക്കാലത്ത് ഇരുട്ടിനെ ഭയന്നിരുന്നു. ഇരുട്ടിലെ ഒച്ചയനക്കങ്ങളെയും തൊട്ടടുത്ത് അമ്മയുടെ ചൂടുണ്ടായിട്ടും ഓടുകളില്‍ വീഴുന്ന ഇലകളും മഴത്തുള്ളികളും എന്തിന് കാറ്റുകൊണ്ടിടുന്ന പക്ഷിത്തൂവലുകളുടെ വീഴ്ചകളില്‍ വരെ ഞാന്‍ പേടിച്ചുവിറച്ചു. ഇരുട്ടില്‍ ഏതോ ഒരു കള്ളന്‍ എന്റെ വീട്ടില്‍ കയറാന്‍ തക്കം പാര്‍ത്തിരിപ്പുണ്ടെന്നതായിരുന്നു എന്നെ പിടിച്ചുവിഴുങ്ങിയ ചിന്ത. അയാളുടെ കാലൊച്ചകള്‍ക്കു കാതോര്‍ത്ത് ഉറങ്ങാതെ ചെവി പാര്‍ത്തിരുന്ന ദിവസങ്ങളായിരുന്നു ജീവിതത്തിന്റെ വലിയൊരു ഭാഗം. ഇതിന്റെ തുടര്‍ച്ചയെന്നോണം പകലുകളില്‍ തൊട്ടുപിന്നിലെ ഓരോ വിളിയൊച്ചയേയും ഞാന്‍ ഭയന്നു. അടുക്കളയില്‍ വേവുന്ന ചിന്തകള്‍ക്കിടയില്‍ അലക്കുകല്ലില്‍ കറ തിരുമ്മിത്തീര്‍ക്കുന്ന ഏകാഗ്രതയ്ക്കിടയില്‍ വായനയുടെ ലോകത്ത് പ്രിയപ്പെട്ടവന്റെ ചെറുവിളിയൊച്ചകളില്‍പ്പോലും ഞാന്‍ അലറി വിളിച്ച് കിതച്ച് കണ്ണില്‍ ഭയത്തിന്റെ കയം തീര്‍ത്തു. എത്ര ഉരിഞ്ഞെറിഞ്ഞിട്ടും അതെന്നില്‍ നിന്ന് പോവാന്‍ കൂട്ടാക്കുന്നേയില്ല. കുട്ടിക്കാലം നല്‍കിയ അരക്ഷിതാവസ്ഥയെന്ന് സ്വയം നിര്‍വചനം നല്‍കി ഞാനതിനെ കൂട്ടിലടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

[1]

ലിജിഷ (കഥാകാരി)

 

പല കാലങ്ങളിലായി പല തരത്തിലുള്ള ഭയങ്ങളാല്‍ ഭരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. മൃഗങ്ങളോ അമാനുഷികശക്തികളോ ഒന്നുമല്ല മനുഷ്യര്‍ തന്നെയാണ് എന്നെ ഏറ്റവുമധികം ഭയപ്പെടുത്തുന്നത്. നൈമിഷികമായ സുഖങ്ങള്‍ക്കോ, കൂട്ടല്‍ കുറയ്ക്കലുകള്‍ക്കിടയില്‍ പെട്ടെന്നുതന്നെ ശൂന്യമായി പോകുന്ന രൂപയ്‌ക്കോ വേണ്ടി സ്വന്തബന്ധങ്ങള്‍ നോക്കാതെ ക്രൂരതചെയ്യാന്‍ മടിക്കാതെ മനുഷ്യര്‍. സഹതാപത്തെ മുതലെടുത്ത് അവര്‍ ചെയ്യുന്ന ക്രൂരതകളില്‍ പിടഞ്ഞുതീരുന്ന സ്വപ്നങ്ങളും പ്രതീക്ഷകളും സ്‌നേഹവുമെല്ലാം ആരറിയുന്നു. കഴിഞ്ഞ ദിവസം ചെറിയ ചാറ്റല്‍മഴയില്‍ ഡ്രൈവ് ചെയ്തുവരുമ്പോഴാണ് മധ്യവയസ്സ് കഴിഞ്ഞ ഒരു സാധാരണ സ്ത്രീ, ഒരു വലിയ വീടിനുള്ളിലേക്ക് ഗേറ്റിലൂടെ നോക്കി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഗേറ്റിനു അകത്തും പുറത്തുമുള്ള ജീവിതങ്ങളെക്കുറിച്ചും മഴ നനയേണ്ടിവരുന്ന സ്ത്രീജന്മങ്ങളെക്കുറിച്ചും വിഷമത്തോടെ ചിന്തിച്ചിരിക്കുമ്പോഴാണ് ഭയം ഒരു വലിയ പെരുമ്പാമ്പിനെപോലെ മനസ്സിനുള്ളിലേക്ക് ഇഴഞ്ഞുകയറിയത്. മഴയത്ത് കയറി നില്‍ക്കാന്‍ ഇഷ്ടംപോലെ വൃക്ഷച്ചുവടുകളുള്ളിടത്ത് ഇവരെന്താണ് ആ ഗേറ്റിനുള്ളിലൂടെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നത്. നിഷ്‌കളങ്കമായി കൊഞ്ചിക്കുഴയുന്ന ഒരു ചെറിയ കുട്ടി ആ വീട്ടിലില്ലേ… അവളെയായിരിക്കുമോ അവര്‍ നോക്കിയത്? കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘാംഗമാണോ അവര്‍? അവര്‍ എന്റെ വീടിനുമുമ്പിലും വന്നു നിന്നിട്ടുണ്ടാവുമോ? ചിന്തകള്‍ ഭ്രാന്തു പിടിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെത്തി മോനെ കണ്ടപ്പോഴാണ് സമാധാനമായത്. സത്യം പറയാമല്ലോ ജീവിതത്തിലേറ്റവും മൂല്യമുള്ളതിനെക്കുറിച്ചോര്‍ത്താണ് നമ്മളെല്ലായ്‌പ്പോഴും അഭിമാനിക്കുന്നതും ഭയക്കുന്നതും.

കൂടുതൽ വായിക്കുന്നതിനായി.….https://www.magzter.com/IN/LIPI/Ezhuthu/Art/[2]                
Endnotes:
  1. : #
  2. https://www.magzter.com/IN/LIPI/Ezhuthu/Art/: https://www.magzter.com/IN/LIPI/Ezhuthu/Art/

Source URL: http://ezhuthu.org/2017/12/02/%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%9a%e0%b4%bf%e0%b4%b2/