ഭീതിയുടെ ഉള്ളറകള്‍

by ezhuthuadmins2 | December 2, 2017 9:06 am

ഡോ. അരുണ്‍ ബി. നായര്‍

ഏതു പ്രായത്തിലുള്ള മനുഷ്യനെയും ബാധിക്കുന്ന ഒരടിസ്ഥാന വികാരമാണ് ഭയം. ഒരു ജീവിയുടെ ആത്മരക്ഷയ്ക്ക് സഹായകമാകുന്ന ഒന്നാണ് ഭയം. എന്നാല്‍ ഭയം അമിതമാകുമ്പോള്‍, അതുതന്നെ ഒരു രോഗാവസ്ഥയായി മാറുന്നതായും കണ്ടുവരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, ഭയത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് പരിശോധിക്കും. വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു പട്ടി നമ്മെ നോക്കി കുരച്ചാല്‍ നമുക്ക് ഭയം തോന്നിയേക്കും. എന്നാല്‍, പരീക്ഷയുടെ തലേദിവസം വൈകീട്ടും മിക്കവാറും വിദ്യാര്‍ത്ഥികള്‍ക്ക് പേടി തോന്നാറുണ്ട്. ഇതു രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടുതാനും. ആദ്യ സാഹചര്യത്തില്‍, നമ്മുടെ ശരീരത്തിനു പുറത്തുള്ള ഒരു സംഗതി (പട്ടി)യാണ് പ്രയാസത്തിനു കാരണമാകുന്നത്. വ്യക്തമായി ചൂണ്ടിക്കാണിക്കാവുന്ന ഈ സംഗതി, നമ്മളുമായി സംഘട്ടനത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടുതാനും. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ ഭയം എന്നു വിശേഷിപ്പിക്കുന്നത്. എന്നാല്‍, രണ്ടാമത് പറഞ്ഞ സാഹചര്യത്തില്‍, മനസ്സില്‍ നിന്നുടലെടുക്കുന്ന അവ്യക്തമായൊരു അസ്വസ്ഥതയാണ് പ്രയാസമുണ്ടാക്കുന്നത്. ഈയവസ്ഥയെ ഉത്കണ്ഠ എന്നാണ് വിശേഷിപ്പിക്കാവുന്നത്. ചെറുപ്രായത്തില്‍ത്തന്നെ മനുഷ്യരെ പലവിധത്തിലുള്ള പേടി പിടികൂടാറുണ്ട്. പലപ്പോഴും കുട്ടികളെ അച്ഛനമ്മമാര്‍ പേടിപ്പിക്കാറുണ്ട്. ഇരുട്ട്, തീ, ഇഴജന്തുക്കള്‍ തുടങ്ങി പലതിനേയുംകുറിച്ച് പറഞ്ഞ് കുട്ടികളെ രക്ഷിതാക്കള്‍ ഭയപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം ചില പേടികള്‍ പിന്നീട് സ്‌പെസിഫിക് ഫോബിയ എന്ന രോഗാവസ്ഥയായി മാറുന്നതും കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇഴജന്തുക്കളെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കുന്ന കുട്ടികളും, രക്തം കണ്ടാല്‍ തലകറങ്ങിവീഴുന്ന മുതിര്‍ന്നവരുമൊക്കെ നമ്മുടെ നാട്ടില്‍ സാധാരണമാണല്ലൊ. മറ്റുള്ളവരോടിടപെടാന്‍ പേടിയുള്ള ആളുകളാണ് മറ്റൊരു വിഭാഗം. മറ്റുള്ളവര്‍ തങ്ങളെ കളിയാക്കുമോ എന്നു ഭയന്നാണ് പലപ്പോഴും ഇവര്‍ പ്രയാസപ്പെടുന്നത്. എന്നാല്‍, ഇത് കേവലം ഒരു ഉത്കണ്ഠാവസ്ഥ മാത്രമാണ്. മറ്റുള്ളവര്‍ തങ്ങളെ കളിയാക്കുമെന്ന അയഥാര്‍ത്ഥമായ ആശങ്കയാണ് ഇവരെ പ്രയാസപ്പെടുത്തുന്നത്. കുട്ടിക്കാലത്തുതന്നെ ഇത് ചെറിയ രൂപത്തില്‍ പ്രകടമാകാം. വീടിനുപുറത്ത് ആരെന്തു ചോദിച്ചാലും മറുപടി പറയാന്‍ തയ്യാറാകാത്ത ചില കുട്ടികളുണ്ട്. എന്നാല്‍ വീട്ടിനുള്ളില്‍ എല്ലാവരോടും നല്ല സംസാരവുമായിരിക്കും ഇവര്‍. ഈയവസ്ഥയെ സാന്ദര്‍ഭിക നിശ്ശബ്ദത എന്നു പറയും. കൗമാരത്തിലേക്കെത്തുമ്പോള്‍ മറ്റുള്ളവരോടിടപെടാനുള്ള വിമുഖത കൂടുതല്‍ പ്രകടമാകും. ഇതിനെ ശാസ്ത്രഭാഷയില്‍ സാമൂഹിക ഉത്കണ്ഠാരോഗം എന്നു പറയും.

തുടര്‍ന്ന് വായിക്കുന്നതിന്‌  https://www.magzter.com/IN/LIPI/Ezhuthu/Art/[1]
Endnotes:
  1. https://www.magzter.com/IN/LIPI/Ezhuthu/Art/: https://www.magzter.com/IN/LIPI/Ezhuthu/Art/

Source URL: http://ezhuthu.org/2017/12/02/%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b1%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d/