സി.എ. ജോസഫ് : കാലം ഒളിപ്പിച്ചുവച്ച ഒരു കവി -വി.ജി. തമ്പി

സി.എ. ജോസഫ് : കാലം ഒളിപ്പിച്ചുവച്ച ഒരു കവി  -വി.ജി. തമ്പി

മലയാളം മറന്നുപോയ ഒരു കവിയെക്കുറിച്ച്, സി.എ. ജോസഫ് ഓര്‍മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം.


ചില കവികള്‍ അങ്ങനെയാണ്. സ്വന്തം ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വായിക്കപ്പെടാതെ കടന്നുപോകും. നിശ്ശബ്ദവും ഏകാന്തവുമായ കാവ്യജീവിതവൃത്തി മറ്റൊരു കാലം തിരിച്ചറിഞ്ഞു തുടങ്ങും. കവിതയുടെ മാത്രം സ്വത്വബലംകൊണ്ട് ആ കവിതകള്‍ക്ക് പിന്നീടൊരു ജീവിതം കിട്ടും. ഭാഷയുടെയും ദര്‍ശനങ്ങളുടെയും അതിശയകരമായ മൗലികത തൊട്ടറിയാന്‍ തുടങ്ങും. അന്തസ്സാരശൂന്യമായ ശബ്ദമുഖരിതമായ സമകാലികതയില്‍ നഷ്ടപ്പെട്ടുപോയ ആ കവിതകളുടെ അകമേ മുഴങ്ങിയ മൗലികനാദങ്ങള്‍ തിരിച്ചറിയപ്പെടാതെയിരിക്കില്ല. കാവ്യചരിത്രം ഇപ്രകാരം ചില തിരുത്തലുകളും കണ്ടെത്തലുകളും കൊണ്ടാണ് പുതിയ ദിശകളിലേക്ക് വളരുന്നത് എന്ന് ആശ്വസിക്കേണ്ടിവരുന്നു.


സി.എ. ജോസഫ് എന്ന കവിയെ സമകാലികകവിതയില്‍ പ്രവര്‍ത്തിക്കുന്ന എത്ര പേര്‍ക്കറിയാം? നിന്നിടത്തു നിന്ന് തിളയ്ക്കുകയും അല്പംപോലും ഒഴുകാതിരിക്കുകയും ചെയ്യുന്ന കവിതയുടെ സ്തബ്ധകാലങ്ങളില്‍ ഇതുപോലൊരു കവിയുടെ കാതല്‍ കണ്ടെത്തുകതന്നെ ചെയ്യണം. നദിയെ നോക്കുമ്പോള്‍ അതിന്റെ ഉപരിതലത്തെ വായിക്കരുതെന്ന് ഓര്‍മപ്പെടുത്തിയ എഴുത്തുകാരനാരാണ്? നദി അതിന്റെ ആഴങ്ങളിലാണ് വായിക്കപ്പെടേണ്ടത്. ഒളിപ്പിച്ചുവച്ച പ്രഹേളികാസൗന്ദര്യത്തെയാണ് സ്പര്‍ശിക്കേണ്ടത്. ജീവിതംപോലെ കവിതയും ഒരു വിഷമസമസ്യയാണ്. സന്ദിഗ്ദ്ധവും നിഗൂഢവുമായ അര്‍ത്ഥങ്ങളുടെ, ആവിഷ്‌കരിക്കാനാവാത്തതിന്റെ ആവിഷ്‌കാരമാണ് കവിത. 


”കൊണ്ടുപോകുവാനെനിക്കുണ്ടൊരു നിധി, ദൗത്യ-

മുണ്ടെനിക്കൊന്നുണ്ടൊരു ലക്ഷ്യവും പ്രയാണത്തില്‍.”


സി.എ. ജോസഫ് തന്റെ കാവ്യജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കുറിച്ചിട്ട വരികളാണിത്. മിതവാക്കില്‍ മിതസ്വരത്തില്‍ അപൂര്‍വ്വമായ ആശയവിതാനത്തില്‍ ഉറച്ചുനില്‍ക്കുന്ന അര്‍ത്ഥസമ്പന്നമായ അന്തസ്സുറ്റ കവിതകള്‍ എന്നാണ് വൈലോപ്പിള്ളി തന്റെ സഹോദരകവിയെക്കുറിച്ച് എഴുതിയത്. സാംസ്‌കാരികമായ ദീപ്തിയും പരിമളവുംകൊണ്ട് ചിന്താമധുരങ്ങളാണ് സി.എ. ജോസഫിന്റേതെന്ന് ആ കവിതകളുടെ മഹത്ത്വത്തെ ആദരിച്ചുകൊണ്ട് വൈലോപ്പിള്ളി അക്കാലത്ത് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്.


പ്രശസ്തിയുടെ കുറവ് ആ കവിതകളുടെ പത്തരമാറ്റിനെ കാക്കപ്പൊന്നാക്കുന്നില്ല എന്നാണ് മഹാകവി അക്കിത്തം സി.എ. ജോസഫിനെക്കുറിച്ചോര്‍ത്ത് 1981 ല്‍ എഴുതിയത്.


”വരും, ഏതെങ്കിലുമൊരു അനുവാചകനായ ഭാവിപൗരന്‍ വരും. അയാള്‍ ജോസഫിന്റെ കവിതയെ ഇതുവരെ ആരും കാണാത്ത ദര്‍ശനകോണിലൂടെ കാണുകയും ചെയ്യും. അതായിരിക്കും കാഴ്ച. കാരണം ആ വാക്കുകളെ പില്‍ക്കാല തലമുറകള്‍ അത്ഭുതാദരപൂര്‍വ്വം ഏറ്റുപറയാതിരിക്കില്ല. ഇതെന്റെ വിശ്വാസമത്രേ.” ഇങ്ങനെയാണ് തന്റെ കാലത്ത് വേണ്ടത്ര തിരിച്ചറിയാതെപോയ സഹോദരകവിയെക്കുറിച്ച് അക്കിത്തം വികാരനിര്‍ഭരമായി എഴുതിയത്. ചുരുങ്ങിയത് അമ്പതുവര്‍ഷം മലയാളകവിതയില്‍ ഈര്‍ക്കിലിക്കരകസവുപോലെ നിലനിന്ന കവിതകളാണ് ജോസഫിന്റേത്. എല്ലാ കവിതകളിലും ചരടായ്, അന്തര്‍ധാരയായി ഒരു ഉല്‍ക്കണ്ഠയുണ്ട്. അത് ആഴമേറിയ മതബോധമാണ്. വിട്ടുവീഴ്ചയില്ലാത്ത ഒരു സദാചാരപക്ഷപാതമാണ്. ഒരുപക്ഷേ, അതായിരിക്കുമോ ഈ കവിതകളുടെ സൗമ്യതേജസ്സിനെ വായിക്കപ്പെടാതെ പോകാന്‍ ഇടയാക്കിയതെന്ന് വൈലോപ്പിള്ളിയും ആശങ്കപ്പെട്ടിട്ടുണ്ട്. കാവ്യഭംഗിയെ ഒട്ടും പരിക്കേല്പിക്കാതെ, ആദര്‍ശപ്രസംഗങ്ങള്‍ നടത്താതെ നിത്യതപോലെ സുതാര്യമായി, ശുഭ്രസ്വച്ഛമായ ഒരമേയതയ്ക്ക് അനുഭവഗോചരത നല്‍കുകകയായിരുന്നു ജോസഫ്. നവരസങ്ങള്‍ക്കപ്പുറമുള്ള ശാന്തതയാണ് ആ കവിതകളുടെ അംഗീരസം എന്ന് വാഴ്ത്തപ്പെട്ടിട്ടുമുണ്ട്. ഇത്ര ഏകാഗ്രമായ ശാന്തരസോപാസന മലയാളകവികളില്‍ അധികമില്ലെന്ന് പറയേണ്ടിവരും.


ചുറ്റിനില്‍ക്കുന്ന തമോവലയങ്ങളെ അകറ്റിയകറ്റി ദര്‍ശനീയമായ തേജ:പുഞ്ജത്തെ അതിന്റെ പൂര്‍ണ്ണദീപ്തിയോടും സൗഭാഗ്യത്തോടും വെളിപ്പെടുത്തുന്നതിനാണ് ഞാനെഴുതുന്നതെന്ന് സി.എ. ജോസഫിന്റെ സത്യവാങ്മൂലം. ആത്മഗീതങ്ങളും വിലാപകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളുമായി ഇരുപത്തിയഞ്ച് ഗ്രന്ഥങ്ങളുണ്ട്. ജീവിതത്തിന്റെ പരമസത്യവും അര്‍ത്ഥവും തേടുന്ന തത്ത്വചിന്തകളുടെ ആഴങ്ങളിലാണ് ആ കവിതകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ദര്‍ശനങ്ങളിലും ശൈലിയിലും വേറിട്ടൊരു യാത്ര അതിലുണ്ട്. ആദ്ധ്യാത്മിക വിശുദ്ധിയുള്ള ദാര്‍ശനികകാവ്യങ്ങളാണ് അദ്ദേഹം ഏറെ എഴുതിയിട്ടുള്ളത്. ഒരു സാര്‍വ്വജനീന മനുഷ്യനെ തേടിയുള്ള പ്രയാണങ്ങള്‍ ആ രാത്രി എന്ന ദീര്‍ഘകാവ്യത്തിന് ഒരു ഇതിഹാസമാനം നല്‍കുന്നുണ്ട്. മനുഷ്യജീവിതത്തെ ഒരു ജീവിതയാത്രയായി സങ്കല്പിച്ച ജോണ്‍ ബനിയന് സമാനമായി ജീവിതത്തെ ഒരു വിപുലശില്പമാക്കി മാറ്റുകയാണ് സി.ഏ. ജോസഫ് ആ കാവ്യത്തില്‍ ചെയ്തിരിക്കുന്നത്. അത് മലയാളത്തില്‍ സമാനതകളില്ലാത്ത ഒരു ചരിത്രകാവ്യമാണ്. വിശാലപ്രപഞ്ചത്തെയും മനുഷ്യസമൂഹത്തെയും അതിന്റെ ചരിത്രത്തേയും അഞ്ച് ഖണ്ഡങ്ങളിലായി വികസിപ്പിക്കുകയാണിവിടെ. മനുഷ്യജീവിതം ഒരു സായംസന്ധ്യയില്‍ തുടങ്ങി കൊടും രാത്രിയിലൂടെ കടന്നുപോയി പ്രഭാതസന്ധ്യയുടെ തൂവെളിച്ചത്തില്‍ സംഗമിക്കുന്നു.  മനുഷ്യചരിത്രം ശുഭസംഗീതമായി പരിവര്‍ത്തിക്കുന്നു. ഒരു മനുഷ്യന്‍ ഒരു സായാഹ്നത്തില്‍ ഒരു കുന്നിന്‍മുകളില്‍ പിറക്കുകയും അറിഞ്ഞോ അറിയാതെയോ തിന്മയുടെ പിടിയില്‍പ്പെടുകയും ഒടുവില്‍ വെള്ളിനക്ഷത്രങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന ആ കവിതയുടെ ഭാവനാസവിശേഷതകള്‍ സുകുമാര്‍ അഴീക്കോട് വിദഗ്ദ്ധമായി അപഗ്രഥിച്ചിട്ടുണ്ട്. ഒരുപക്ഷേ, ജോസഫിന്റെ കാവ്യാദര്‍ശങ്ങളുടെ സാരസംഗ്രഹ മാണ് ‘ആ രാത്രി’ എന്ന കവിത.