സമകാലിക സഭയിലെ ആത്മീയ പ്രതിസന്ധി

സമകാലിക സഭയിലെ ആത്മീയ പ്രതിസന്ധി

എം.വി ബെന്നി

കേരളത്തില്‍ കഴിഞ്ഞ 10-20 വര്‍ഷത്തിനുള്ളില്‍ വന്നിരിക്കുന്ന പരിവര്‍ത്തനം വളരെയാണ്. കഴിഞ്ഞ 500-1000 വര്‍ഷങ്ങള്‍ക്കൊണ്ട് പല രാജ്യങ്ങളില്‍ നടന്നിട്ടുള്ള പരിവര്‍ത്തനമാണ് കേരളത്തില്‍ ഈ ചെറിയ കാലത്തിനുള്ളില്‍ നടന്നിരിക്കുന്നത്. ഈ ചെറിയ കാലത്തിനിടയ്ക്ക് ഇത്രയും പരിവര്‍ത്തനം നടക്കുമ്പോള്‍ സ്വയം അപ്‌ഡേറ്റ് ചെയ്ത് മുന്നോട്ട് പോകുവാന്‍ സ്വാഭാവികമായും സഭയും കുറേ നവീകരണം നടത്തേണ്ടതുണ്ട്. അത് വിശ്വാസപരമായ പ്രശ്‌നങ്ങളില്ല. സഭ കൊണ്ടുനടക്കുന്ന ചട്ടക്കൂടിന്റെ അകത്തുള്ള, നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്. ഇത്രയും വിശാലമായ മാധ്യമ സംവേദനങ്ങളുടെ ലോകത്താണ് കേരളം നിലനില്‍ക്കുന്നത് എന്നുള്ള ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ സഭയ്ക്ക് കഴിയുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബിഷപ്പുമാരാണെങ്കിലും അച്ചന്മാരാണെങ്കിലും അവരെ ചുറ്റിപ്പറ്റിയുള്ള സ്തുതിപാടകരുടെ (സൈക്കോ ഫാന്‍സിന്റെ)  സാങ്കല്‍പ്പിക ലോകത്താണ് ഇവര്‍ നില്‍ക്കുന്നത്. പല ബിഷപ്പുമാരും പല അച്ചന്മാരും അവരെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുതാല്‍പര്യം എന്താണെന്ന് അറിയുന്നില്ല. അത് അറിയാതെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ളതുപോലെതന്നെ പെരുമാറുകയാണ്. വര്‍ധിച്ചു വരുന്ന മാധ്യമസംസ്‌കാരം ഓരോ ചലനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന ബോധ്യം ഇവര്‍ക്ക് വേണ്ടത്രയില്ല. ഒരു വൈദികന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് മൊത്തം വൈദികരും പറഞ്ഞായാണ് കണക്കാക്കപ്പെടുന്നത്. അവര്‍ പ്രതിനിധീകരിക്കുന്നത് വലിയ ശ്യംഖലയാണ് എന്ന ബോധ്യത്തോടെ, വിശാലമായ മാധ്യമസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യത്ത് എങ്ങനെ ഇവരുടെ പെരുമാറ്റത്തിലും സംസാരത്തിലും നടത്തിപ്പിലും സ്ഥാപനങ്ങള്‍ കൊണ്ടുനടക്കുന്നതിലും ശ്രദ്ധചെലുത്തണമെന്ന് സഭയ്ക്കകത്ത് തന്നെ ആന്തരിക പരിശോധന നടത്തേണ്ടതാണ്. ദൗര്‍ഭാഗ്യവശാല്‍ അതിന്ന് നടക്കുന്നില്ല. ചുറ്റിനുമുള്ള സ്തുതിപാടകരുടെ പ്രശംസാവാചകങ്ങളാണ് സമൂഹത്തിന്റെ അഭിപ്രായമെന്ന് തെറ്റിദ്ധരിക്കുന്നു ഇവര്‍. ഇതില്‍ സഭ ജാഗ്രത പുലര്‍ത്തേണ്ടതാണ്. വിമര്‍ശന ബുദ്ധിയോടെ സംസാരിക്കുന്നവര്‍ പുറത്ത് വിശ്വാസികളാണെങ്കിലും, അവര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലൂടെ സ്തുതിപാടകര്‍ അവരെ വൈദികസമൂഹത്തിനു മുന്നില്‍ ശത്രുക്കളാകുകയും ചെയ്യുന്നു.

മറ്റൊന്ന്, ഇതൊരു ബഹുമത സമൂഹമാണെന്ന ബോധ്യം ക്രൈസ്തവര്‍ക്കെങ്കിലും ഉണ്ടാകണം. അന്തമായ ഒരു വിവേചനാവസ്ഥയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ മനസിലാക്കണം. കാരണം ഇവര്‍ സമൂഹത്തില്‍ ന്യൂനപക്ഷമാണ്. ന്യൂനപക്ഷസമൂഹമെന്ന നിലയില്‍ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന ഇന്ത്യാരാജ്യത്ത് അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നിയമനങ്ങള്‍ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ന്യൂനപക്ഷരായ ക്രൈസ്തവര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. ബഹുജന സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പുരോഹിതരും ക്രൈസ്തവരും മെത്രാന്മാരും പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സ്വയം വിലയിരുത്തല്‍ നടത്തേണ്ടതാണ്. മുസ്ലീം സമുദായത്തില്‍ പല തീവ്രവാദി ഗ്രൂപ്പുകള്‍ അതിശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നു കരുതി എല്ലാ മുസ്ലീംങ്ങളും തീവ്രവാദികളാണെന്നല്ല പറയുന്നത്. പരിവാര്‍ സംഘടനകളുമായ് ബന്ധപ്പെട്ടും അതുമായി ബന്ധപ്പെടാത്ത തരത്തിലുള്ള ഹിന്ദുത്വവാദങ്ങളായിട്ടും പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുണ്ട്. നമ്മുടെ ശബ്ദം രണ്ടു കൂട്ടര്‍ക്കുമിടയിലെ വിവേകത്തിന്റെ ശബ്ദമായി മാറേണ്ടതിന് പകരം ഇതരമതബഹുമാനത്തിനു വിരുദ്ധമായി പ്രസംഗിക്കുന്ന സഭാധികാരികള്‍ ഉണ്ട്. എന്നാല്‍ അവര്‍ പറയുന്നത് എത്ര വ്യാപകമായാണ് പ്രചരിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. ബഹുമത സമൂഹത്തില്‍ ജീവിക്കുന്ന ആളുകള്‍ എങ്ങനെ ജീവിക്കണമെന്നുള്ളതും ഇന്നത്തെ മാധ്യമലോകത്ത് എങ്ങനെ ജീവിക്കണമെന്നുള്ളതും സഭയ്ക്ക് അകത്ത് ആത്മപരിശോധന നടത്തേണ്ട വിഷയമാണ്. അത് മതിയായ അളവില്‍ സഭയ്ക്കുള്ളിലും പുറത്തും നടക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

ഷിജു അച്ചാണ്ടി

ആത്മവിമര്‍ശനവും മറ്റും സഭയ്ക്കുള്ളില്‍ കാലാകാലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും അത് നടപ്പാക്കുന്ന തലത്തിലാണ് വലിയ പോരായ്മകള്‍ ഉള്ളത്. പാവങ്ങളോട് പക്ഷംചേരുക തുടങ്ങിയ പ്രമേയങ്ങളും മനോഹരമായ പ്രഖ്യാപനങ്ങളും നടത്തുമെങ്കിലും കാര്യങ്ങള്‍ പഴയതുപോലെ തുടര്‍ന്നു പോകുന്നു. അത് പ്രവൃത്തി പഥത്തിലെത്തുന്നില്ല. കേരളത്തിലെ സഭയ്ക്കുള്ളില്‍ ഇപ്പോള്‍ ഗുരുതര പ്രതിസന്ധിയുണ്ട്. പല വിധത്തിലും ആളുകളുടെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടിയിരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആ വിശ്വാസ്യത ഇനി വീണ്ടെടുക്കാന്‍ കഴിയുമോ എന്നതും സംശയമാണ്. ക്രിസ്തുമതം എന്നാല്‍ ക്രിസ്തുവിന്റെ ദൗത്യം നിറവേറ്റുക എന്നതാണ്. ഗാന്ധിജിയുടെ വാചകം എല്ലാവരും ഉദ്ധരിക്കും. അതായത്, ഒരു കാര്യം ചെയ്യണമോ വേണ്ടയോ എന്ന് സംശയം തോന്നുമ്പോള്‍ ഏറ്റവും ദരിദ്രനായവനെ ഓര്‍മ്മിക്കുക എന്ന്. അതുപോലെ നമ്മുടെ മാനദണ്ഡം ക്രിസ്തു ഒരു സാഹചര്യത്തില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ചിന്തിച്ചാല്‍ മതി. വിമോചന ദൈവശാസ്ത്രമൊക്കെ ഒരു പരിധിവരെ അതാണല്ലോ. ക്രിസ്തു എന്തു നിലപാട് എടുക്കുമായിരുന്നു എന്തു പറയുമായിരുന്നുവെന്ന് ആലോചിച്ച് നമ്മള്‍ ഒരു കാര്യം ചെയ്തു കഴിഞ്ഞാല്‍ അത് ശരിയാകാനുള്ള സാധ്യതയുണ്ട്. ജസ്വിറ്റ് സ്പിരിച്ച്വാലിറ്റിയില്‍ പറയുന്നതു പോലെ ആ ഒരു വിവേചനം നമ്മള്‍ നിരന്തരം നടത്തേണ്ടതായിരുന്നു. സ്ഥാപനങ്ങള്‍ തുടങ്ങുമ്പോഴും സ്ഥാപനങ്ങള്‍ നടത്തുമ്പോഴെങ്കിലും ക്രിസ്തുവിന്റെ സ്ഥാനത്തു നിന്നാണ് ഞാനിതു ചെയ്യുന്നതെന്ന തോന്നല്‍ നമ്മുടെ അധികാരികള്‍ക്കുണ്ടോ എന്ന് സംശയാസ്പദമാണ്. റോമന്‍ കോണ്‍സ്റ്റന്റ്റൈന്‍ സംഗതികളെല്ലാമാണ് നാമിപ്പോഴും കൊണ്ടുനടക്കുന്നത്. മെത്രാന്മാരും അധികാരികളുമെല്ലാം ഈ രാജകീയാധികാരത്തിന്റെ ഹാങ്ങ് ഓവറില്‍ നിന്നുകൊണ്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും. ഈ പൊതുസമൂഹത്തിന്റെ വിഷയങ്ങളെകുറിച്ചുള്ള യാതൊരു ചിന്തയും ഇല്ല. സഭാ ദൗത്യം എന്നത് പൊതുസമൂഹത്തിലാണല്ലോ ചെയ്യേണ്ടത്. 

എം.വി ബെന്നി

നീതിയെകുറിച്ചുള്ള ഉത്ക്കണ്ഠ ഇല്ലാതായിട്ട് കാലങ്ങളായി. വലിയ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന ഏജന്‍സികളായ് മാറിയിരിക്കുന്ന സഭാ സമൂഹങ്ങളുണ്ട്. ഇത്തരത്തില്‍ കോഴ വാങ്ങി വലിയ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കി ആര്‍ഭാടമാണ് സഭയുടെ കീഴില്‍ നടക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ സ്വത്തും ആര്‍ഭാടവുമുണ്ടായിരുന്നതാണ് യൂറോപ്യന്‍ സഭകള്‍. എന്നിട്ടിപ്പോള്‍ അവിടുത്തെ പള്ളികളില്‍ ആളുകള്‍ പോകുന്നില്ല. സ്വത്തും ആര്‍ഭാടവുംകൊണ്ട് സഭയെ വളര്‍ത്താന്‍ കഴിയില്ലെന്ന് യൂറോപ്പിലെ ആളുകള്‍ തെളിയിച്ചു. 

കൂറ്റന്‍ കോംപ്ലക്‌സുകളും പള്ളികളുമൊക്കെ പണിതിട്ട ശേഷം അതില്‍ ക്രിസ്തു മാത്രം ഇല്ലെന്ന അവസ്ഥയിലാണ് കേരളത്തിലെ സഭ. ഇതേക്കുറിച്ച് സഭയില്‍ ഉള്ളവര്‍ തന്നെ ആന്തരിക പരിശോധന നടത്തി സ്വയം വിലയിരുത്തേണ്ടതാണ്. ആത്മീയമായ ഔന്നിത്യമോ ആ തരത്തിലുള്ള നിലവാരം സൂക്ഷിക്കുവാനോ നമുക്ക് കഴിയുന്നില്ല. പണ്ടൊക്കെ ബിഷപ്പുമാര്‍ക്കും കര്‍ദ്ദിനാള്‍മാര്‍ക്കും സെക്കുലറായി പൊതുസമൂഹത്തോട് സംസാരിക്കുവാനുള്ള കഴിവും ഭാഷയും ഉണ്ടായിരുന്നു.  ഇന്നിപ്പോള്‍ അങ്ങനെയൊരു സാംസ്‌കാരിക സദസിനു മുമ്പില്‍ സംസാരിക്കാന്‍ കഴിയുന്നവര്‍ ഇല്ല. അതുകൊണ്ട് തന്നെ അത്തരം വേദികളിലേക്ക് അവര്‍ ക്ഷണിക്കപ്പെടുന്നില്ല. സമൂഹത്തില്‍ നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചറിയാതെ വീണ്ടും അതേ രീതിയില്‍ തന്നെ മുന്നോട്ട് പോവുകയാണ്. ഇങ്ങനെ അധികം കാലം മുന്നോട്ട് പോകാന്‍ സഭയ്ക്ക് കഴിയില്ല. 

ഷിജു അച്ചാണ്ടി

ഭാഷയേക്കാള്‍ ഉപരി സമൂഹത്തില്‍ സഭാധികാരികള്‍ക്കുള്ള വിശ്വാസ്യതയാണ് പ്രധാനം. അത് അവരുടെ നിലപാടും വ്യക്തിത്വവും പൊതുസമൂഹത്തില്‍ സംവേദനം ചെയ്യപ്പെടുകയും അത് അവര്‍ക്ക് ഒരു വിശ്വാസ്യത ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ആളുകള്‍ക്ക് മനോഹരമായ ഭാഷാശൈലിയും സംസാരശൈലിയും ഉണ്ടായിരിക്കാം. പക്ഷേ, അവര്‍ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നില്ല. കാരണം ആത്യന്തികമായി അവരുടെ മൂല്യബോധം, അവരുടെ വ്യക്തിത്വം, അവര്‍ എന്താണെന്നുള്ളത് എന്നിവയാണ് സംവേദനം ചെയ്യപ്പെടുന്നത്. എന്തൊക്കെ ഗിമിക്കുകള്‍ ഉപയോഗിച്ചാലും നമ്മള്‍ എന്താണോ അത് ആളുകള്‍ക്ക് മനസ്സിലാകും. വിദ്യാഭ്യാസ രംഗത്തേക്ക് രൂപതകളും സഭകളും മത്സരിച്ച് കടന്നു വരുന്നുണ്ട്. അത് സഭയുടെ ഒരു മിഷനാണോ എന്ന് ചോദിക്കേണ്ടതാണ്. ഇവിടെ തങ്ങള്‍ക്ക് ഒരു മിഷന്‍ ചെയ്യാനുണ്ടെന്ന് കരുതിയല്ല, മറിച്ച് പ്രസ്ഥാനത്തെ എളുപ്പത്തില്‍ കൊണ്ടുനടക്കാനാണ് ഇത്തരം കിടമത്സരങ്ങള്‍ നടത്തുന്നത്. 

വി.ജി തമ്പി

കേരളത്തിലെ കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആത്മീയ പ്രതിസന്ധി ഭയാനകമായ തലത്തിലേക്കാണ് വന്നുപെട്ടിരിക്കുന്നത്. ലൈംഗികവും സാമ്പത്തികവുമായ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഒപ്പം കുമ്പസാര ഭീഷണിയും. കുറച്ച് കാലങ്ങളായി കത്തോലിക്കാ സഭയില്‍ ഉണ്ടായിരിക്കുന്ന വൃണങ്ങളും ദുര്‍മേധസുകളും പൊട്ടിയൊലിക്കുന്നതാണിത്. സഭയ്ക്കകത്ത് ജനാധിപത്യ സംസ്‌കാരമോ ലിംഗസമത്വമോ ഇല്ല. ദളിത്, പ്രകൃതി വിരുദ്ധതയാണ് ഒളിഞ്ഞുകിടക്കുന്നത്. ഇതെല്ലാം കൂടിച്ചേര്‍ന്ന ഭയാനക പ്രതിസന്ധിയിലേക്കാണ് കേരളത്തിലെ സഭ എത്തിച്ചേര്‍ന്നിരിക്കുന്നത്. അത്രമാത്രം സഭയില്‍ ആത്മീയ ജീര്‍ണ്ണത വന്നുപെട്ടിട്ടുണ്ട്. വിശ്വാസ്യതയുടെ തകര്‍ച്ച ഉണ്ടായി കഴിഞ്ഞു. ഇതൊന്നും അല്‍മായരുടെ പ്രശ്‌നം കൊണ്ടല്ല. ഇനിയുള്ള കാലം എന്തെങ്കിലും മാറ്റങ്ങളിലേക്ക് തുടക്കമിടണമെങ്കില്‍ അല്‍മായരുടെയും സഭയ്ക്കകത്തെ സ്ത്രീകളുടെയും ഊഴമാണ്. സഭയ്ക്കകത്ത് നടന്ന സാമ്പത്തികക്രമക്കേടുകള്‍ മറിച്ചുവെക്കേണ്ട കാര്യമല്ല. ചെയ്ത കാര്യങ്ങള്‍ നിയമപരമായി തെളിയിക്കപ്പെട്ടോ എന്നത് മറ്റൊരു കാര്യമാണ്. എന്താണേലും ഇതിന്റെയെല്ലാം ജീര്‍ണ്ണത കത്തോലിക്കാ സഭയില്‍ വന്നിട്ടുണ്ട്. കത്തോലിക്കാ സഭ അല്‍മായരുടെ, സ്ത്രീകളുടെ സഭയായി മാറണം. 

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫ്രാന്‍സീസ് പോപ്പ് കത്തോലിക്കാസഭയുടെ ചരിത്രത്തെ വളരെ മാനുഷികതയില്‍ നിന്നുകൊണ്ട് നവീകരിക്കുന്ന ഒരു വ്യക്തിയാണ്. അത് വാക്കുകൊണ്ടായാലും പ്രവൃത്തി കൊണ്ടായാലും നിലപാട് കൊണ്ടായാലും അദ്ദേഹം അഞ്ച് വര്‍ഷമായി ശക്തമായി തന്നെ അത് നിര്‍വ്വഹിക്കുന്നു. ഇതില്‍ ഏതെങ്കിലുമൊരു കാര്യം കേരളത്തിലെ കത്തോലിക്കാസഭ ഏറ്റെടുക്കുന്നുണ്ടോ? പകരം അത്തരം കാര്യങ്ങളെ നിര്‍വ്വീര്യമാക്കി കളയുകയാണ് ചെയ്യുന്നത്. അത് അപകടകരമായ വലിയ പാപമാണ്. ഫ്രാന്‍സീസ് പാപ്പയെ എന്താണ് കേരള സഭ ശ്രദ്ധിക്കാത്തത്. പാപ്പയുടെ ചിന്തകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആര്‍ഭാടകരമായി പള്ളികളും പുരോഹിതമേടകളും നിര്‍മ്മിക്കുന്നു. പണ്ടൊക്കെ പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥാനത്ത് എയര്‍കണ്ടീഷന്‍ ചെയ്ത മണിമേടകളാണ് ഉയര്‍ന്നുപൊങ്ങുന്നത്. ഇത് ഭയാനകമായ ഒരു പ്രശ്‌നമാണ്. ഇതൊന്നും അല്‍മായരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന കാര്യങ്ങളേയല്ല. സഭ എന്താണ് സ്ത്രീ വിരുദ്ധമായി പോകുന്നത് ? ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള പ്രശ്‌നത്തില്‍ വലിയൊരു പുരുഷാധിപത്യ പ്രവണതയാണ് തികട്ടിവന്നിരിക്കുന്നത്. കത്തോലിക്കാസഭ പുറത്തു നിന്നുള്ള ഭീഷണികൊണ്ടാകില്ല തകരുന്നത്, മറിച്ച് ആന്തരിക ജീര്‍ണ്ണതകള്‍ കൊണ്ടാവും. സഭയുടെ സമഗ്രമായ ശുദ്ധീകരണത്തിന് ഒരു ആത്മവിമര്‍ശനം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ബിനോയ് വിശ്വം

കേരളാ സഭകളിലെ ആത്മീയ പ്രതിസന്ധി വിശ്വാസികളായ മുഴുവന്‍ പേരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഈ പ്രതിസന്ധിയുടെ കാരണങ്ങളെപ്പറ്റി മുന്‍വിധികളില്ലാതെ അവര്‍ ചിന്തിക്കുകയും ഉത്തരം കണ്ടുപിടിക്കുകയും ചെയ്യാത്തപക്ഷം സഭയും വിശ്വാസവും അകപ്പെടുക അഗാധമായ തകര്‍ച്ചയായിരിക്കും. വിശ്വാസത്തിന്റെ മഹോന്നതമായ മൂല്യങ്ങളെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കാന്‍ കടപ്പെട്ട ഇടയന്‍മാര്‍ തന്നെ ആ പാഠങ്ങളെ സമ്പൂര്‍ണ്ണമായും നിരാകരിക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. ദൈവത്തിന്റെ വാക്കില്‍ നിന്ന് അജപാലകന്‍മാര്‍ വഴിമാറി പോയാല്‍ കുഞ്ഞാടുകള്‍ക്ക് എന്തുസംഭവിക്കും എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. വിശ്വാസികളും അവിശ്വാസികളും അടങ്ങുന്ന നമ്മുടെ സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും ഏതെങ്കിലും മത വിശ്വാസങ്ങളെ പിന്‍പറ്റുന്നവരാണ്. അവരോട് പലപ്പോഴും പല കേന്ദ്രങ്ങളും പറഞ്ഞു പഠിപ്പിച്ചു പോന്നത് വിശ്വാസങ്ങളുടെ മുഖ്യശത്രു അവിശ്വാസികളാണെന്നാണ്. ഒരുപാട് കാലമായി പറഞ്ഞു പോരുന്ന വസ്തുതകള്‍ക്ക് നിരക്കാത്ത ഒരു കാര്യമാണത്. സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന വിശ്വാസികളും ന്യൂനപക്ഷം മാത്രം വരുന്ന അവിശ്വാസികളും തമ്മിലുള്ള വിയോജിപ്പുകള്‍ ആശയപരമാണ്. അത് ഇന്നലെ ആരംഭിച്ചതോ നാളെ അവസാനിക്കുന്നതോ അല്ല. ആശയവാദവും ഭൗതികവാദവും തമ്മിലുള്ള അത്തരം താത്വികവിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മാനവരാശിയെ ബാധിക്കുന്ന പൊതുവിപത്തുകള്‍ക്കെതിരെ അവര്‍ക്ക് തമ്മില്‍ കൈകോര്‍ത്ത് പിടിച്ച് നീങ്ങാന്‍ സാധിക്കണമെന്ന് വിശ്വസിക്കുന്ന ഒരു അവിശ്വാസിയാണ് ഞാന്‍. ആ ആദരവോട്കൂടി പറയട്ടെ; വിശ്വാസം ഇന്നു നേരിടുന്ന പ്രതിസന്ധി സത്യത്തില്‍ പുറത്തു നിന്നല്ല. അകത്തു നിന്നുതന്നെയാണ്. 

എല്ലാ മതങ്ങളും പ്രവാചകന്‍മാരും പഠിപ്പിച്ചത് സത്യത്തിന്റെയും കര്‍മ്മത്തിന്റെയും നീതിയുടെയും വഴിയാണ് വിശ്വാസത്തിന്റെ വഴിയെന്നാണ്. എന്നാല്‍ ആ പാഠങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് പണത്തിന്റെയും ലാഭത്തിന്റെയും പുതിയ ദൈവം അവതരിപ്പിച്ചപ്പോഴാണ് എല്ലാ മതവിശ്വാസങ്ങളിലേയും ധാര്‍മിക അടിത്തറ ആടിയുലയാന്‍ തുടങ്ങിയത്. ഈ സത്യം തിരിച്ചറിഞ്ഞാല്‍ മാത്രമേ സഭകള്‍ നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ കഴിയൂവെന്നാണ് എന്റെ വിനീതമായ വിശ്വാസം. 

ലിഡ ജേക്കബ്

സഭയ്ക്കുള്ളിലെ ആത്മീയ പ്രതിസന്ധിയില്‍ ഏറെ ദുഃഖമുണ്ട്. സത്യത്തില്‍ ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കുമെന്ന് പലര്‍ക്കും ഉള്ളില്‍ ഭയമുണ്ടായിരുന്നു. പല കാര്യങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോള്‍, സ്ഥാപനങ്ങളുടെയും ഇടവകകളുടെയും ഭരണത്തിന്റെ കാര്യത്തിലായാലും രൂപതകളുടെ മുന്‍ഗണനകളുടെ കാര്യത്തിലായാലും ഇതൊക്കെ ഒരിക്കല്‍ സംഭവിക്കാനിരിക്കുന്ന പ്രതിസന്ധികളാണെന്ന് തോന്നലുണ്ടായിരുന്നു. ഇതു വേദനാജനകമാണെങ്കിലും ഇതില്‍നിന്ന് ഒരു ഉയിര്‍പ്പ് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ക്രിസ്തു സ്ഥാപിച്ച സഭ ഇതുപോലുള്ള കാര്യങ്ങള്‍കൊണ്ട് തകര്‍ന്നുപോകുന്ന ഒന്നല്ല. ഇങ്ങനെയുള്ള പ്രതിസന്ധിയില്‍ എവിടെയൊക്കെയാണ് ഇതിന്റെ കാരണക്കാര്‍, കാരണങ്ങള്‍ എന്നുള്ളത് നമ്മള്‍ കാണേണ്ടതുണ്ട്; പരിഹാരവും കണ്ടെത്തണം.

സഭ ദന്തഗോപുരം പോലെയാണ്. ഈ ദന്തഗോപുരത്തില്‍ വിള്ളല്‍ വരുമ്പോള്‍ ആളുകള്‍ക്ക് അതിനോട് ഒരുപാടു കാര്യങ്ങള്‍ പ്രതികരിക്കാനുണ്ടാവും. ആളുകള്‍ക്ക് പറയാനുള്ളത് പറയാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ വന്നുകഴിഞ്ഞു.

പണ്ട് അല്മായര്‍ പള്ളിയും പ്രസ്ഥാനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നു. എന്നാല്‍ ഇന്നത്തെ നവസംസ്‌കാര പശ്ചാത്തലത്തില്‍, ഉപഭോക്തൃ സംസ്‌കാരവും മെച്ചപ്പെട്ട ജീവിതരീതിയുമൊക്കെ വന്നതോടെ ഓരോരുത്തരും അവരവരുടെ പ്രൊഫഷനിലേക്ക് ഒതുങ്ങിക്കൂടി. കരിയറിസം എന്ന ഒരു സംസ്‌കാരം രൂപപ്പെട്ടു. കരിയറിസം ഒരു കാഴ്ചപ്പാടായി മാറി. സഭാകാര്യങ്ങളും ഒരു തൊഴിലായി കാണുന്ന കാഴ്ചപ്പാട് നിലവില്‍ വന്നു. അത് അല്മായരുടെയും പുരോഹിതരുടെയും കാര്യത്തിലും, സഭയ്ക്കകത്തും വന്നുകഴിഞ്ഞു. അതോടെയാണ് സഭയ്ക്കകത്ത് പുഴുക്കുത്തുകള്‍ രൂപപ്പെടാന്‍ തുടങ്ങിയത്. അല്മായരും പുരോഹിതരും സഭയെ ഒരു തൊഴിലിടമായി കാണുമ്പോള്‍ ആത്മീയതയ്ക്ക് രണ്ടാം സ്ഥാനമാണ് ലഭിക്കുന്നത്. കരിയറിസത്തില്‍ ഓരോരുത്തരും അവരവരുടെ കഴിവും കാര്യക്ഷമതയും കാണിക്കുക എന്ന തലത്തിലേക്ക് ഒതുങ്ങി കാര്യങ്ങള്‍. കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കിക്കൊടുക്കുക, കൂടുതല്‍ പ്രസ്ഥാനങ്ങളും നിര്‍മ്മാണങ്ങളും ഓര്‍ഗനൈസേഷനുകളും മറ്റും, അതില്‍ ഓരോരുത്തരും പ്രമാണികളായി മാറുന്നു. പണ്ടൊക്കെ വൈദികരും കന്യാസ്ത്രീകളും പ്രാര്‍ത്ഥിക്കുന്നത് കാണുന്നത് ജനങ്ങള്‍ക്ക് വലിയ പ്രചോദനമായിരുന്നു. എന്നാല്‍ ഇന്ന് ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് കണ്ട് വൈദീകര്‍ പഠിക്കേണ്ട അവസ്ഥയാണ്.

നമ്മള്‍ എല്ലാവരും എളിമ ഉള്ളവരാവണം. നമുക്ക് തെറ്റുകള്‍ ഉണ്ടാവാം. തെറ്റുകള്‍ക്ക്  വിധേയരല്ലാത്ത ആരുംതന്നെ ലോകത്തില്ല. പ്രധാനപ്പെട്ടത് ഈ സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാകുക എന്നതാണ്. തെറ്റുകള്‍ സംഭവിക്കുന്നത് കണ്ടിട്ട് അതില്‍ നിന്നകലാതെ പ്രശ്‌നങ്ങള്‍ കലുഷിതമാകുമ്പോള്‍ പിന്നീട് പരിഹരിക്കാന്‍ ആവാത്തവിധം അതില്‍പ്പെട്ടുപോകുന്ന ഉദാഹരണങ്ങള്‍ ഞാന്‍ വളരെ കണ്ടിട്ടുണ്ട്, എന്റെ ഔദ്യോഗിക ജീവിതത്തില്‍. പ്രശ്‌നപരിഹാരത്തിന് തുറന്ന ചര്‍ച്ചയാണാവശ്യം. തുറന്ന ചര്‍ച്ചയില്‍ നമ്മുടെ ഉള്ളിലുള്ള എല്ലാ വേദനകളും പിരിമുറുക്കങ്ങളും ഇല്ലാതാകും. മാറിനിന്ന് വിമര്‍ശനങ്ങള്‍ ചൊരിയുക മാത്രമല്ല, എല്ലാവരും ഉള്‍പ്പെട്ട ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. എല്ലാ തലങ്ങളിലും തുറന്ന ചര്‍ച്ച സാധ്യമാവണം. പക്ഷപാതപരമല്ലാതെ പരസ്പര സംഭാഷണങ്ങളിലൂടെയേ കാര്യങ്ങള്‍ മെച്ചപ്പെടുകയുള്ളൂ. നമ്മെ അസ്വസ്ഥരാക്കുകയും വ്യാകുലപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ, രഹസ്യാത്മകതയില്‍ കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാതെ തുറന്ന ചര്‍ച്ചകളാണ് ആവശ്യം.