സത്യാനന്തരകാലത്തെ ഇന്ത്യ -കുരുവിള പാണ്ടിക്കാട്ട്

സത്യാനന്തരകാലത്തെ ഇന്ത്യ  -കുരുവിള പാണ്ടിക്കാട്ട്
സത്യമെന്നത് വ്യക്തികളുടെ കേവലമായ അഭിലാഷം മാത്രമല്ല. സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ നാം സത്യത്തെ അന്വേഷിക്കുകയും അതിനെ സാക്ഷാത്കരിക്കാന്‍ യത്‌നിക്കുകയും ചെയ്യും. ഈ അന്വേഷണമാണ് സമൂഹത്തെ കൂട്ടിയിണക്കുന്നത്. ഈ അന്വേഷണം പ്രകാശിപ്പിക്കപ്പെടുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ വിവിധ ഘടകങ്ങള്‍ വഴിയത്രേ. യഥാര്‍ത്ഥ വിജ്ഞാനം തേടുന്ന ശാസ്ത്രം, നന്മയുടെ ജീവിതശൈലി കാണിച്ചുതരുന്ന ധാര്‍മ്മികത, യഥാര്‍ത്ഥ സ്വത്വം തേടുന്ന രാഷ്ട്രീയം, ആദ്ധ്യാത്മിക സത്യം അന്വേഷിക്കുന്ന മതം എന്നിവയാണ് ഈ ഘടകങ്ങള്‍.
എന്നാല്‍ അടുത്തകാലത്ത് നാം നമ്മുടെ സൗകര്യത്തിനായി നമ്മുടേതായ സത്യം സൃഷ്ടിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുണ്ട്. വിവിധ മാധ്യമങ്ങളുടെ വര്‍ധിച്ചതോതിലുള്ള ഉപയോഗം ഉത്തരാധുനിക ചിന്തകളുടെ പിന്തുണയും അതിനു സഹായകരമായിട്ടുണ്ട്. അവര്‍ സത്യത്തെ സമൂഹത്തിലെ അധികാര സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നുമുണ്ട്. നാം സത്യമെന്നു കരുതുന്നതിനെ അവര്‍ കാണുന്നത് പ്രബലമായ സത്യത്തെ അടിച്ചമര്‍ത്താനുള്ള തുടര്‍ പ്രവൃത്തികളുടെ ഒരു മാര്‍ഗമായിട്ടാണ്. അതില്‍ അല്‍പം സത്യം ഇല്ലാതില്ല. എങ്കിലും മുഴുവന്‍ സത്യവും അതല്ല.
കൂടാതെ, സ്ഥാപിത താല്പര്യക്കാര്‍ നുണക്കഥകള്‍ സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുകയും ചെയ്യുന്നുണ്ട്. പൊതുജന സമ്പര്‍ക്കമാധ്യമങ്ങളും സോഷ്യല്‍മീഡിയയും അവര്‍ സൗകര്യംപോലെ ഉപയോഗപ്പെടുത്തിക്കൊണ്ട് ദുരുദ്ദേശ്യത്തോടുകൂടി അസത്യ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നു. എന്തും കണ്ണടച്ചു വിശ്വസിക്കുന്ന മനുഷ്യരുടെ വികാരങ്ങളെ ഇളക്കിമറിച്ചുകൊണ്ട് സത്യത്തെ മറച്ചുവയ്ക്കുകയും തങ്ങളുടെ അധീശത്വം തുടരുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തില്‍ സത്യാനന്തരകാലത്തെ പ്രവണതകള്‍ മുമ്പോട്ടുപോവുകയാണെങ്കില്‍ ഒരു സമൂഹത്തിന് ഒരുതരത്തിലും നിലനില്‍ക്കാനാവാതെവരും. നാം മനസ്സില്‍ താലോലിക്കുന്ന എല്ലാ സ്ഥാപനങ്ങളും തകര്‍ന്നടിയും. ഉദാ: നിയമസംവിധാനം, കോടതി, ശിക്ഷ, വിദ്യാഭ്യാസം, കുടുംബം, മൂല്യങ്ങള്‍, രാഷ്ട്രം, സമൂഹങ്ങള്‍ അങ്ങനെയെല്ലാം. സത്യത്തിനുനേരെ ഇത്തരത്തില്‍ സ്ഥിരമായ ഒരു വെല്ലുവിളി നിലനില്‍ക്കുകയാണെങ്കില്‍ നമ്മുടെ ജനാധിപത്യ – ലിബറല്‍ സമൂഹത്തിനു നിലനില്‍ക്കാനാവില്ല.
നമ്മുടെ സത്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന വസ്തുത നാം തീര്‍ച്ചയായും അംഗീകരിക്കണം. എന്നാല്‍ ഉത്തരാധുനികരോടു ചേര്‍ന്ന് ”എല്ലാം ആപേക്ഷികമാണെന്ന സിദ്ധാന്തം നാം സ്വീകരിക്കുന്നപക്ഷം, എല്ലാം സ്വീകാര്യമാണെന്നു വരികയും സമൂഹത്തിനു നിലനില്‍ക്കാനാവാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും. കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും മതത്തിലും അംഗമായി നിന്നുകൊണ്ട് മനുഷ്യനായി വളര്‍ച്ച പ്രാപിക്കണമെങ്കില്‍ ചില മാര്‍ഗരേഖകളും മാനദണ്ഡങ്ങളും നമുക്ക് കൂടിയേ കഴിയൂ. അതൊരിക്കലും ഏകപക്ഷീയമാവരുത്. നാം പൊതുവായി പങ്കുവയ്ക്കുന്ന മൂല്യങ്ങളും ദര്‍ശനങ്ങളുമാണ് അവയ്ക്ക് അടിസ്ഥാനമായി വര്‍ത്തിക്കേണ്ടത്.
സത്യാനന്തരകാലത്തെ ഈ താത്കാലിക ഭ്രമത്തെ അല്‍പായുസ്സ് മാത്രമുള്ള ഒരു പ്രതിഭാസമായിട്ടാണ് ഞാന്‍ കാണുന്നത്. അത് ഒട്ടും താമസിയാതെ ജനങ്ങള്‍ മനസ്സിലാക്കുമെന്നാണ് എന്റെ പ്രത്യാശ. ഇല്ലെങ്കില്‍ നാം പൊതുവായി പങ്കുവയ്ക്കുന്ന സ്വപ്നങ്ങളും ദര്‍ശനങ്ങളും എല്ലാം തകര്‍ന്നടിയും. അത്തരമൊരു സാഹചര്യത്തില്‍ മനുഷ്യരെ ഐക്യത്തില്‍ നിലനിര്‍ത്താനൊന്നുംതന്നെ ഉണ്ടാവുകയില്ല. ഉദാ: മൂല്യങ്ങള്‍, പരസ്പരബന്ധം, ഐക്യം തുടങ്ങിയവ. ഭൂമുഖത്ത് നിന്നും മനുഷ്യരാശിയുടെതന്നെ തിരോഭവിക്കലിനും അത് കളമൊരുക്കാം.