‘സത്യസ്യാപിഹിതം മുഖം’ കടവും പിഴയും സത്യാനന്തരലോകവും -ഡോ. തോമസ് സ്‌കറിയ

‘സത്യസ്യാപിഹിതം മുഖം’ കടവും പിഴയും സത്യാനന്തരലോകവും  -ഡോ. തോമസ് സ്‌കറിയ
മനുഷ്യന് ഞാനെന്ന ബോധ്യം കഴിഞ്ഞാല്‍ പിന്നെ നേരിടേണ്ടിവരുന്ന സങ്കീര്‍ണ്ണ സമസ്യകളില്‍ പ്രധാനമായത് ‘സത്യ’മാണ്. ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായിയെന്നു ചോദിച്ചു, വയലാര്‍ രാമവര്‍മ്മ. സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമായ സത്യത്തിനു മുന്നില്‍ വിശ്വസംസ്‌കാര മഹാശില്പികള്‍ വിസ്മയം പൂണ്ടുനിന്നു. സത്യം മിഥ്യാ ധാരണയ്ക്കിടകൊടുക്കുന്ന പ്രാപഞ്ചിക വ്യാമോഹങ്ങളാല്‍ മറയപ്പെട്ടാണിരിക്കുന്നതെന്ന് ‘ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച യാജ്ഞവല്ക്യന്‍’ പാടി ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’. സ്വര്‍ണ്ണമയമായ പാത്രത്താല്‍ സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ യഥാര്‍ത്ഥ തത്ത്വമറിയാന്‍ അജ്ഞാനത്തിന്റെ ആവരണം നീക്കണം. ‘അന്ധകാരത്തിനെക്കാവിയുടുപ്പിച്ചു’വെന്നും ‘സത്യത്തെ മിഥ്യതന്‍ ചുട്ടികുത്തിക്കുന്ന ശില്പി’യെന്നും വയലാര്‍ എഴുതിയതിനു സത്യാനന്തരകാലത്തില്‍ പ്രസക്തിയേറുകയല്ലേ? സത്യം ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന നൂറ്റാണ്ടിനെ ഭാവന ചെയ്ത ശ്രീകുമാരന്‍ തമ്പിയെ വിസ്മരിക്കുന്നില്ല. സത്യാനന്തരമെന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്താണ്? അതൊരുതരം പ്രത്യയശാസ്ത്ര മേധാവിത്വ അവകാശവാദമാണ്. തെളിവുകളെ അവഗണിച്ച് ചിലതൊക്കെ വിശ്വസിക്കാന്‍ ചിലരെ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നു അതിന്റെ പ്രയോക്താക്കള്‍ എന്നു പണ്ഡിതന്മാര്‍ പതം പറയുന്നു. എന്തുകൊണ്ട് നമ്മള്‍ സത്യാനന്തര ലോകത്താണ് ജീവിക്കുന്നതെന്ന് അവര്‍ ആവര്‍ത്തിച്ചുപറയുന്നു? സത്യാനന്തരലോകത്തിന്റെ കഥയില്‍ ഒരു പ്രതിനായക മൂകാഭിനേതാവുണ്ടെങ്കില്‍ അതു വ്യാജവാര്‍ത്തകളായിരിക്കുമെന്നു ജയിംസ് ബാള്‍ ഉറപ്പിക്കുന്നു. അത്തരം വ്യാജവാര്‍ത്തകള്‍ നമ്മുടെ മാധ്യമങ്ങള്‍ക്കും തുടര്‍ന്ന് ജനാധിപത്യത്തിനും ഭീഷണിയായിത്തീരുമെന്നു അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. സമൂഹമാധ്യമയുഗത്തില്‍ ഇതൊരു പുതുപ്രതിഭാസമായി മാറുന്നു. സമൂഹമാധ്യമോപയോക്താക്കളിലാണവന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കപടകഥകള്‍ സൃഷ്ടിക്കുന്നത് എത്രമാത്രം ക്രൂരസത്യമാണോ അതിലേറെ ക്രൂരമാണ് അവ ഷെയറുചെയ്തു പോകുന്നതെന്നാണ് അദ്ദേഹം വിലപിക്കുന്നത്. എല്ലാറ്റിനുമൊരു കാലമുണ്ട്, വൈയക്തിക സ്വാതന്ത്ര്യത്തില്‍ 1968 ഒരു വിപ്ലവത്തെ അടയാളപ്പെടുത്തിയതുപോലെ സത്യാനന്തരകാലത്തിന്റെ സമാരംഭവര്‍ഷമായി 2016 ആണ് ചൂണ്ടിക്കാണിക്കാറുള്ളത്. മോശം പൊതുവുടമാസിദ്ധാന്തത്തിന്റെ തരംഗത്താല്‍ 2016ല്‍ ജനാധിപത്യ മര്യാദകളുടെ അടിത്തറയിളകുകയും അത്തരം സ്ഥാപനങ്ങള്‍ തകരുകയും ചെയ്തു. ഇതൊരാഗോള പ്രവണതയായിരുന്നു. സത്യത്തിന്റെ മൂല്യത്തില്‍ ഒരു തകര്‍ച്ച സംഭവിച്ചു, ആ വര്‍ഷം. അതിനെ മാത്യു ഡി. ആന്‍കോന ഓഹരിത്തകര്‍ച്ചയോടും പണത്തിന്റെ മൂല്യത്തകര്‍ച്ചയോടും താരതമ്യപ്പെടുത്തുന്നു. രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഉന്നതമൂല്യങ്ങളായി പരിഗണിച്ചിരുന്ന സത്യസന്ധതയ്ക്കും കൃത്യതയ്ക്കുമൊക്കെ മാറ്റം കൈവരുന്നത് നമ്മള്‍ കണ്ടും കൊണ്ടും അറിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കവര്‍ന്നെടുക്കലും സത്യാപചയവും സത്യത്തിന്റെ മരണവുമൊക്കെ ചര്‍ച്ചാ വിഷയങ്ങളായിത്തീര്‍ന്നു. വ്യതിരിക്ത വസ്തുതകള്‍ യഥാര്‍ത്ഥ വസ്തുതകളെയും വികാരങ്ങളെയും മാറ്റിവയ്ക്കുന്നതാണ് സത്യാനന്തര കാലത്തിന്റെ സത്യം. അവയ്ക്ക് തെളിവുകളെക്കാള്‍ പ്രാമുഖ്യം ലഭിക്കുന്നതാണ് സത്യത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. സത്യാനന്തരകാലത്തിന്റെ മൂന്നു സഖ്യകക്ഷികള്‍ നുണകളും പ്രചാരവേലയും വ്യാജവാര്‍ത്തകളുമാണ്. വാര്‍ത്തകളുടെയും ദൗര്‍ഭാഗ്യങ്ങളുടെയും നിഷ്‌ക്രിയ ഉപഭോക്താക്കളായി മാറുന്നു, ബഹുജനം. ആരൊക്കെയാണ് സമൂഹത്തില്‍ അസംബന്ധം പരത്തുന്നതെന്നു ജയിംസ്ബാള്‍ അക്കമിട്ടു പറയുന്നതുനോക്കുക. രാഷ്ട്രീയക്കാര്‍, പഴഞ്ചന്‍ മാധ്യമങ്ങള്‍, പുതുമാധ്യമങ്ങള്‍, വ്യാജമാധ്യമങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ കഴിഞ്ഞ് ആറാമതായി നിങ്ങളും എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ അത്ര നിഷ്‌ക്രിയ ഉപഭോക്താക്കളാണോ? നമ്മളാര്‍ക്ക് വോട്ടു ചെയ്യണമെന്നും എന്തു വായിക്കണമെന്നും എന്തു കാണണമെന്നും എന്തു ഷെയറു ചെയ്യണമെന്നും തീരുമാനിക്കുന്നത് നമ്മള്‍ തന്നെയാണോ? ഇവിടെയൊക്കെ എത്രമാത്രം വിശ്വസ്തത പാലിക്കാന്‍ നമുക്കു സാധിക്കുന്നുണ്ട്? സെലിബ്രിറ്റി വാര്‍ത്തകള്‍ക്ക് ഇത്രമാത്രം പ്രാധാന്യം കൈവരുവാന്‍ കാരണക്കാര്‍ ആരാണ്? മാധ്യമങ്ങളോ നമ്മളോ? നമ്മള്‍ അര്‍ഹിക്കുന്ന മാധ്യമങ്ങളെയല്ലേ നമുക്ക് ലഭിക്കുന്നത്. ഭരണാധികാരികളുടെ കാര്യത്തില്‍ നമ്മള്‍ പ്രചരിപ്പിച്ച ആ തത്ത്വം മാധ്യമങ്ങളുടെ കാര്യത്തിലും പ്രസക്തമായിക്കൊണ്ടിരിക്കുന്നു. മാധ്യമ പരിതസ്ഥിതികളിലേക്ക് പരിവര്‍ത്തിപ്പിച്ച ഒരു സാമൂഹികജീവിതത്തെ സഹസൃഷ്ടിക്കുന്ന സമ്പൂര്‍ണ പ്രക്രിയയില്‍ നമ്മളും പങ്കാളികളാണ്. പ്രബല പങ്കാളികള്‍ മാധ്യമം തന്നെ. അവിടെ സത്യാനന്തരത അനുഭവകലയാണ്.
സത്യം നീതിയിലോ ന്യായത്തിലോ കേന്ദ്രീകരിക്കുന്നതായി സത്യാനന്തരലോകം വിശ്വസിക്കുന്നില്ല. യുക്തിയെപ്പോലും അവഗണിക്കാനാണീ കാലം പഠിപ്പിക്കുന്നത്. വിശ്വസിച്ചാശ്രയിക്കാവുന്ന വസ്തുതകളെയോ, തെളിയിക്കാവുന്ന വസ്തുതകളെയോ പരിഗണിക്കാതെതന്നെ നിഷ്പ്രയാസം വാദിച്ചു ജയിക്കാമെന്നു ചിലര്‍ തെളിയിക്കുന്നു. വസ്തുതകള്‍ അപ്രധാനമായിത്തന്നെ മാറുന്നു. വേണ്ടത് ശരിയായ വൈകാരികബട്ടണില്‍ വിരലമര്‍ത്തുകയാണ്. അതില്‍ സത്യാനന്തര വിശാരദന്‍ വിജയിച്ചാല്‍ വസ്തുതകള്‍ പിന്നെ നമ്മുടെ മനസ്സിനെ മാറ്റുകയേയില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? നമ്മുടെ ചായ്‌വിനെ ദൃഢീകരിക്കുകയും സ്ഥിരീകരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അങ്ങനെ സത്യാനന്തരത മനുഷ്യകേന്ദ്രിതാസ്തിത്വത്തിന്റെ ഭ്രമകല്പനയായിത്തീരുന്നു. വ്യക്തി സത്യത്തിന്റെ മാനദണ്ഡവുമാകുന്നു. ഒരുവേള സത്തയുടെ തന്നെയും. യഥാര്‍ത്ഥ മനുഷ്യാവസ്ഥ ചായ്‌വിന്റെയും പഴിയുടെയും കീര്‍ത്തിയുടെയും വായ്പയുടെയും വലക്കുരുക്കിലകപ്പെടുന്നു. കാല്പനിക പലായന പ്രവണതയുടെ ഒരു രൂപമെന്ന നിലയില്‍ സത്യാനന്തരതയെ ഇഗ്നാസ് കാല്‍പോകസ് വിലയിരുത്തുന്നുണ്ട്. പിഴവിനെ അഭിമുഖീകരിക്കുമ്പോള്‍ അതിനെ അവഗണിച്ചേക്കാനാണ് സത്യാനന്തരകാലം ആവശ്യപ്പെടുന്നത്. പകരം ഒരു ഭ്രമകല്പനയില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്നു. അയാള്‍ സ്വശക്ത്യാഭിമാനിയായിത്തീരണം. സ്വന്തം സാഹചര്യങ്ങളുടെമേല്‍ ആധിപത്യം നേടണം. ഇങ്ങനെ സത്യമായ കാല്പനിക മാതൃകയിലെന്നപോലെ മനുഷ്യവ്യക്തി ലോകത്തിന്റെ കേന്ദ്രമായിത്തീരുന്നു. അയാളുടെ ആശയങ്ങള്‍, മുന്‍വിധികള്‍, പൂര്‍വ്വഭാവനകള്‍ എന്നിവയൊക്കെ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡമായിത്തീരുന്നു. വസ്തുതകളും പക്ഷാന്തരവസ്തുതകളും നില്‍ക്കെ ഏതു തിരഞ്ഞെടുക്കണമെന്ന് അയാള്‍ക്ക് സന്ദേഹമില്ലാതാകുന്നു. അങ്ങനെ സമസ്തലോകവും ബാഹ്യദൃഷ്ടിയില്‍ മനുഷ്യസര്‍ഗ്ഗാത്മകതയിലേക്കും അനുഭവത്തിലേക്കും പ്രീണനത്തിലേക്കും തുറക്കുന്നു. അതിന്റെ ആശയാവിഷ്‌കാരങ്ങള്‍ കണ്ടുതുടങ്ങുന്നു. കാരണ-പ്രഭാവങ്ങളെ നിഷേധിച്ച കാല്പനികതയിലാണത് എത്തിച്ചേരുന്നത്. സത്യാനന്തര ഭ്രമാത്മകത പലായനകെട്ടുകഥയുടെ ഒരു രൂപമായി അവശേഷിക്കുന്നു. അത് സമുദായത്തെ ഒരു കുറ്റാധിഷ്ഠിത ബന്ധത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നു. ആ ബന്ധം ഒരു ബന്ധനമാണെന്നു തിരിച്ചറിയാതാകുന്നതിന്റെ ദുരന്തമാണ് സത്യാനന്തരലോകം നേരിടാന്‍ പോകുന്നതെന്നു പറയുന്നതില്‍ തെറ്റില്ല.
വൈകാരിക പരിപ്രേക്ഷ്യം ഒരു വാദഗതിയില്‍ വിജയിക്കുന്നതിനുള്ള മാന്യമായ മാര്‍ഗമല്ലെന്നു പണ്ടേ ലോകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, സത്യാനന്തര കാലത്തില്‍ അതിനു പ്രാബല്യമില്ല, രാഷ്ട്രീയ സംവാദങ്ങളില്‍ പ്രത്യേകിച്ചും. പൊതുനയ സംവാദങ്ങള്‍ വൈകാരിക നിവേദനങ്ങളല്ല. വിമര്‍ശനാത്മക ചിന്തയുടെ അഭാവവും കരുതിക്കൂട്ടിയുള്ള വളച്ചൊടിക്കലും കൗശലങ്ങളും തെളിക്കാവുന്ന വസ്തുതകളുടെ ഒഴിവാക്കലുകളുമൊക്കെ രാഷ്ട്രീയ സംവാദങ്ങളുടെ സ്വഭാവമായിത്തീര്‍ന്നിട്ടുണ്ട്. അന്ധബിന്ദുക്കളെ പൂരിപ്പിക്കലായി അവ മാറുകയാണ്. താന്‍ പറയുന്നത് സത്യമാണെന്നു വിശ്വസിച്ചുകൊണ്ട് കള്ളം പറയുന്ന അവസ്ഥയിലൂടെ പൊതുസമൂഹം സഞ്ചരിക്കുന്നു. നമ്മള്‍ സത്യമാണെന്നു വിശ്വസിച്ചുകൊണ്ട് പറയുന്ന കള്ളങ്ങള്‍ നമ്മളെ എങ്ങനെ നുണയനാക്കുമെന്നതാണ് വിഷയം. വസ്തുതകള്‍ നമ്മുടെ മനസ്സിനെ മാറ്റുന്നില്ലായെന്നതാണ് രാഷ്ട്രീയ നുണകളുടെ നേട്ടം. വാക്കുകളിലെ അയാഥാര്‍ത്ഥ്യം ഒരാത്മാവിലെ കാപട്യത്തിന്റെ പകര്‍പ്പാണെന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. അയാഥാര്‍ത്ഥ്യം അശുദ്ധാത്മാവിന്റെ ചിഹ്നമാണ്. അതുകൊണ്ടതിനെ ഭയപ്പെടേണ്ടതുണ്ടെന്നായിരുന്നു പ്ലേറ്റോയുടെ പക്ഷം.