സംസ്‌കാരവൈവിധ്യം സൗന്ദര്യമാണ് – എസ്. പൈനാടത്ത് എസ്‌ജെ

സംസ്‌കാരവൈവിധ്യം സൗന്ദര്യമാണ് – എസ്. പൈനാടത്ത് എസ്‌ജെ

മതങ്ങളിലെ വൈവിധ്യം ആദരിച്ചുകൊണ്ടുതന്നെ ആദ്ധ്യാത്മികതയിലെ സമന്വയരേഖകള്‍ അന്വേഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യകുലത്തിന്റെ ഭാവി. മതാത്മകത സംസ്‌കാരബദ്ധമാണ്; അതില്‍ വൈവിധ്യമുണ്ട്. വൈവിധ്യം ആദരിക്കണം.


വൈവിധ്യം – ഏകത്വം


വൈവിധ്യം സൗന്ദര്യമാണ്. നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിലേക്കു നോക്കുക: രണ്ടിലകള്‍ പൂര്‍ണ്ണമായും ഒരുപോലെയിരിക്കുകയില്ല. ഒരു വൃക്ഷത്തില്‍ ആയിരക്കണക്കിന് ഇലകള്‍ ഉണ്ടെങ്കിലും രണ്ട് ഇലകള്‍ ഒരുപോലെയല്ല. പക്ഷേ, വൃക്ഷം ഒന്നാണ്. ധന്യമായ വൈവിധ്യം – ആഴമായ പാരസ്പര്യം, അതാണ് വൃക്ഷം.


എത്രയോ വൈവിധ്യമാര്‍ന്ന അവയവങ്ങളാണ് മനുഷ്യശരീരത്തിലുള്ളത്. ഒരവയവത്തിന്റെ കര്‍ത്തവ്യമല്ല മറ്റൊന്നു ചെയ്യുന്നത്; ഒരവയവം പോലെയല്ല മറ്റൊന്ന്. ധന്യമായ വൈവിധ്യം, പക്ഷേ, എല്ലാ അവയവങ്ങളും സമന്വയത്തില്‍ വര്‍ത്തിക്കുന്നു, അതാണ് ആരോഗ്യം.


വൈവിധ്യം സൗന്ദര്യമാണ്, ആരോഗ്യപ്രദമാണ്, ജീവദായകമാണ്- ഇതാണ് പ്രകൃതിയുടെ പാഠം. പ്രകൃതിയിലെന്നപോലെ സംസ്‌കൃതിയിലും വൈവിധ്യം സമ്പന്നതയാണ്. മനുഷ്യന്റെ സര്‍ഗാത്മകത വിടര്‍ത്തുന്ന സംസ്‌കാരരൂപങ്ങളില്‍ ധന്യമായ വൈവിധ്യമുണ്ടല്ലോ. നിരവധി ഭാഷകള്‍, ചിന്താധാരകള്‍, കലാരൂപങ്ങള്‍, തത്ത്വദര്‍ശനങ്ങള്‍, മതപാരമ്പര്യങ്ങള്‍, സാഹിത്യരചനകള്‍, ശാസ്ത്രീയ അറിവുകള്‍… ധന്യമായ വൈവിധ്യം! മാനവചരിത്രത്തിന്റെ വികാസപരിണാമത്തില്‍ വിടരുന്ന വൈവിധ്യം ധന്യതയാണ്. സംസ്‌കാരവൈവിധ്യത്തില്‍ ജീവിതത്തിന്റെ ഗുണനിലവാരം പരിപുഷ്ടമാകുന്നു.


ഒരു പാട്ടുകച്ചേരി ശ്രദ്ധിക്കുക. വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങള്‍. ഓരോന്നിനും തനതായ ശബ്ദവും താളവും. എന്നാല്‍ കച്ചേരി നടക്കുമ്പോള്‍ അവയ്ക്കിടയില്‍ സുന്ദരമായ ഒരു താളലയമുണ്ട്: തബല വയലിനായി മാറുകയില്ല; ഓടക്കുഴല്‍ മദ്ദളമായി പരിവര്‍ത്തിതമാകുന്നില്ല. ഓരോന്നും തനതുവ്യക്തിത്വം നിലനിര്‍ത്തും. താളലയമാണ് സൗകുമാര്യത. ഇതുപോലെയാണ് നൃത്തവും: വൈവിധ്യമാര്‍ന്ന മുദ്രകള്‍, അംഗചലനങ്ങള്‍, മുഖഭാവങ്ങള്‍, ചുവടുവയ്പുകള്‍, അവയിലൂടെ വാര്‍ന്നൊഴുകുന്ന സൗന്ദര്യഭാവം.


വൈവിധ്യം സൗന്ദര്യമാകുന്നത്, ധന്യതയാകുന്നത്, സര്‍ഗാത്മകമാകുന്നത്, അതിലെ സമന്വയരേഖകള്‍ തെളിയുമ്പോഴാണ്. വൈവിധ്യം സൗന്ദര്യമാണ്; ഏകത്വമാണു സത്യം. ചലനാത്മകമായ പാരസ്പര്യമാണ് വൈവിധ്യത്തിലെ സൗന്ദര്യം പ്രകടമാക്കുന്നത്. മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളിലെല്ലാംതന്നെ ചലനാത്മകമായ പാരസ്പര്യമുണ്ട്. പ്രകൃതിയിലായാലും മനുഷ്യശരീരത്തിലായാലും സംഗീതസദസ്സിലായാലും നൃത്തവേദിയിലായാലും വൈവിധ്യത്തില്‍ സമന്വയമുണ്ട്. നിര്‍ജീവമായ ഐകരൂപ്യമല്ല ചലനാത്മകമായ സമന്വയമാണ് സൗന്ദര്യാനുഭൂതിയുണര്‍ത്തുന്നത്. എല്ലാം ഒരുപോലെ വാര്‍ത്തെടുക്കുന്നതിലല്ല, പാരസ്പര്യത്തിന്റെ വികാസപരിണാമത്തിലാണ് സൗന്ദര്യവും സത്യവും നന്മയും വിടരുക. വൈവിധ്യം ചരിത്രത്തിന്റെ വികാസപ്രക്രിയയിലെ ദാനമാണ്, മനുഷ്യര്‍ക്കുള്ള ഒരു ഉത്തരവാദിത്വവുമാണ്. വൈവിധ്യം കൃപയാണ്, ചുമതലയുമത്രേ.


ഭാരതം, വൈവിധ്യത്തിന്റെ സംഗമഭൂമി


വൈവിധ്യത്തിലെ പാരസ്പര്യം – അതാണ് ഭാരതസംസ്‌കാരത്തിന്റെ ചാലകശക്തി. ഇന്നുള്ള ലോകരാഷ്ട്രങ്ങളില്‍ ഇത്രമാത്രം വൈവിധ്യമുള്ള മറ്റൊരു രാഷ്ട്രമുണ്ടെന്നു തോന്നുന്നില്ല. വടക്കുനിന്നു തെക്കുവരെ, കിഴക്കുനിന്നു പടിഞ്ഞാറുവരെ, ഇന്ത്യയിലൂടെ യാത്രചെയ്താലറിയാം എത്ര ധന്യമായ വൈവിധ്യമാണ് ഈ രാഷ്ട്രത്തിലുള്ളതെന്ന്: വൈവിധ്യമാര്‍ന്ന ഭാഷകള്‍, ഉപഭാഷകള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പാരമ്പര്യങ്ങള്‍, വസ്ത്രധാരണരീതികള്‍, കലാരൂപങ്ങള്‍, സംഗീതങ്ങള്‍, നൃത്തരൂപങ്ങള്‍, മതങ്ങള്‍, ജീവിതദര്‍ശനങ്ങള്‍ – ഇതാണ് ഇന്ത്യ. വൈവിധ്യം ആഘോഷിക്കുന്നവരാണ് നാം. വൈവിധ്യത്തില്‍ സര്‍ഗാത്മകത വിടര്‍ത്തുന്നതില്‍ ഭാരതം അഭിമാനംകൊള്ളുന്നു. ”ഏകം സത്, വിപ്രാ: ബഹുധാ വദന്തി” എന്ന ഋഗ്‌വേദമന്ത്രം ഭാരതസംസ്‌കാരത്തിന്റെ ഹൃദയസ്പന്ദനമാണ്. (സത്ത ഒന്നുമാത്രം; അതറിയുന്നവര്‍ വൈവിധ്യമാര്‍ന്ന രീതികളില്‍ അവതരിപ്പിക്കുന്നു.) വൈവിധ്യം ആദരിക്കുക; ഏകത്വം അംഗീകരിക്കുക – ഇതാണ് ഭാരതത്തിന്റെ മൗലികസമീപനം.


സംസ്‌കാരവൈവിധ്യം ആഘോഷിക്കുമ്പോഴും ഒരൊറ്റ രാഷ്ട്രത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ പാരസ്പര്യം ഉള്‍ക്കൊള്ളുന്നവരാണ് നാം. ആചാര-മത-ഭാഷാ വൈവിധ്യത്തിന്റെ ആഴത്തില്‍ ഒരുമയുടെ ബോധം ജനമനസ്സിലുണ്ട്. ഇതറിയണമെങ്കില്‍ നമ്മുടെ ഗ്രാമങ്ങളിലേക്കു ചെല്ലുക, അയല്‍പക്കബന്ധങ്ങള്‍ ശ്രദ്ധിക്കുക; വിദ്യാലയങ്ങളിലും തൊഴില്‍ശാലകളിലും വാഹനങ്ങളിലും നിരത്തുകളിലും മനുഷ്യര്‍ ജന്മസിദ്ധമായ സൗഹാര്‍ദത്തോടെ പരസ്പരം ബന്ധപ്പെടുന്നത് നിരീക്ഷിക്കുക. ‘ഒരു രാഷ്ട്രം, ഒരൊറ്റ ജനത’ എന്ന പൗരബോധം ഇന്ത്യക്കാരായ നമ്മില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ട്. എന്തോ നമ്മെ ഒന്നിപ്പിച്ചുനിര്‍ത്തുന്നുണ്ട് എന്ന അവ്യക്തമെങ്കിലും സുദൃഢമായ അവബോധം നമ്മിലുണ്ടല്ലോ. ഋഷിമാരിലൂടെയും ആചാര്യന്മാരിലൂടെയും സാമൂഹികനവോത്ഥകരിലൂടെയും നമുക്ക് കിട്ടിയ കൃപയാണിത്. ഇത് പരിപോഷിപ്പിക്കുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇതിനുള്ള ഒരു പ്രധാനമാര്‍ഗം ഇന്ത്യ ഒരു ഫെഡറല്‍ റിപ്പബ്ലിക്ക് ആയപ്പോള്‍ നാം വിരചിച്ച ഭരണഘടനതന്നെയാണ്; അതിലെ സെക്യുലര്‍ദര്‍ശനങ്ങളും മൗലികമൂല്യങ്ങളും അടിസ്ഥാനഭാവങ്ങളും സംസ്‌കാരവൈവിധ്യത്തില്‍ പാരസ്പര്യത്തിന്റെ ഏകത്വം സുദൃഢമാക്കാന്‍ പോരുന്നതാണ്. ചലനാത്മകമായ ഏകത്വത്തെ വൈവിധ്യത്തില്‍ സമ്പന്നമാക്കാന്‍ കഴിവുറ്റതാണ്. വൈവിധ്യം ഏകത്വത്തിലേക്കു നയിക്കുന്നു; ഏകത്വം വൈവിധ്യത്തില്‍ പ്രകടമാകുന്നു. ഇതാണ് ഭാരതസംസ്‌കാരം (എസ്.കാപ്പന്‍, Hindutva and Religious Tradition, 51 )


അടിച്ചേല്‍പ്പിക്കുന്ന ഏകതാനത


ധനാത്മകമായ ഈ ചിത്രത്തിന് ഒരു മറുവശമുണ്ട്. കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പലയിടത്തും വൈവിധ്യം അംഗീകരിക്കാനുള്ള വിമുഖത ശക്തമാകുന്നുണ്ട്. സംസ്‌കാരധാരകളില്‍ ഐകരൂപ്യം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നമ്മുടെ സംസ്‌കാരത്തിന്റെ ധന്യതയെ നിഷേധിക്കുന്നതാണ്. ജനായത്ത സംവിധാനത്തില്‍ വൈവിധ്യം അംഗീകരിക്കുകതന്നെവേണം.