ശാസ്ത്രവും ആത്മീയതയും ഊര്‍ജാദ്വൈതം – ഡോ. കെ. ബാബുജോസഫ്

അദ്വൈതം എന്ന വാക്കിന് ദ്വൈതം, അല്ലെങ്കില്‍ രണ്ട് അല്ലാത്തതെന്ന അര്‍ത്ഥമാണുള്ളത്. വേദാന്തദര്‍ശനത്തിന് മൂന്നു തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്: ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം. രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെപ്പറ്റി സുകുമാര്‍ അഴീക്കോട് (തത്ത്വമസി) പറയുന്നതിങ്ങനെ: ‘ഉപാസകനായ ഭക്തന്‍ സഗുണമായ ബ്രഹ്മത്തോട്… അഭിന്നത പ്രാപിച്ചാലും അത് രൂപപരമായ അദ്വൈതമേ ആകുന്നുള്ളൂ. വ്യക്തിയുടെ വ്യത്യാസം അപ്പോഴും നിലനില്ക്കും.’ ശങ്കരാചാര്യരുടെ അദ്വൈതദര്‍ശനത്തില്‍ ഒറ്റപ്പെട്ട ആത്മ (Self) ങ്ങളില്ല. എല്ലാം ഒന്നുതന്നെ. ഒന്നല്ലെന്ന തോന്നല്‍ ഉണ്ടാക്കുന്നത് മായയാണ്. സ്വാമി വിവേകാനന്ദന്‍ (The Complete Works of Swami Vivekananda Vol.1) പറയുന്നതിങ്ങനെ : ‘പ്രപഞ്ചത്തിന്റെ വാസ്തവ കാരണം മായയാണ്. ബ്രഹ്മന്‍ അല്ലെങ്കില്‍ ദൈവം നല്കുന്ന നാമവും രൂപവും ദ്രവ്യത്തിന് അല്ലെങ്കില്‍ വസ്തുവിന് ലഭ്യമാക്കുന്നത് മായയാണ്.’ അജ്ഞാനമാണ് മായ. കേവലത (Absolute) അല്ലെങ്കില്‍ ഉണ്മ എന്ന് വിശേഷിപ്പിക്കുന്നത് മാറ്റമില്ലാത്ത സത്തയെയാണ്. ഇമ്മാതിരിയുള്ള ആശയങ്ങള്‍ക്ക് സമാന്തരമായി ഭൗതികത്തില്‍ ചൂണ്ടിക്കാട്ടാവുന്നത്, ഊര്‍ജപരികല്പനയെയാണ്. ഇത്തരമൊരന്വേഷണത്തിന് തുടക്കം കുറിക്കുകയാണീ ലേഖനത്തിന്റെ ലക്ഷ്യം.


ഊര്‍ജം, സംഭാവ്യത


വേദാന്തവും ഭൗതികപരികല്പനയായ ഊര്‍ജവുമായി സാദൃശ്യങ്ങളുണ്ട്. പ്രപഞ്ചം ഏകീകൃതമാണെന്നും, അതിനെ ഉണ്മ, സത്ത്, അല്ലെങ്കില്‍ ആയിരിക്കല്‍ (Being) എന്ന് വിളിക്കാമെന്നും അദ്വൈതവാദികള്‍. പ്രപഞ്ചം, മനുഷ്യന്‍, ആത്മാവ്, അസ്തിത്വമുള്ള ഇതരവസ്തുക്കള്‍-ഇവയെല്ലാം ഉണ്മയുടെ രൂപാന്തരങ്ങളാണ്. അദ്വൈതത്തില്‍ പറയുന്നത്, പ്രപഞ്ചം ഉത്ഭവിച്ചത് ഈശ്വരനില്‍ നിന്നാണെന്നാണ്. എന്നാല്‍, ഇത് ദൈവത്തിന്റെ പരിണാമമായി ഗോചരമാകുന്നു. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ : ‘മുഴുവന്‍ പ്രപഞ്ചവും നിലനില്ക്കുന്നത് ആ ഉണ്മയായിട്ടാണ്. മാറ്റമില്ലാത്തതാണെങ്കില്‍ അതില്‍ മാറ്റങ്ങള്‍ കാണുന്നത് വെറും തോന്നലാണ്.’ (The Complete Works Vol.1). ഭാരതീയ തത്ത്വചിന്തയില്‍ അദ്വൈതത്തിന് നല്കുന്ന അനന്യസ്ഥാനം ഭൗതികത്തിലെ ഊര്‍ജസങ്കല്പത്തെ അനുസ്മരിപ്പിക്കുന്നു. ഊര്‍ജത്തിന്റെ ഭിന്നാവിഷ്‌കാരങ്ങളാണ് ദ്രവ്യവും, ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത ഇരുണ്ടദ്രവ്യം (Dark Matter), ഇരുണ്ട ഊര്‍ജം (Dark Energy) തുടങ്ങിയവയും. അദ്വൈതവും ഊര്‍ജസിദ്ധാന്തവും തമ്മിലുള്ള ഈ സാദൃശ്യമാണ് ഊര്‍ജാദ്വൈതത്തിന്റെ കാതല്‍. ഊര്‍ജത്തെക്കുറിച്ചുള്ള ഭൗതികശാസ്ത്രപരമായ കാഴ്ചപ്പാടെന്തെന്ന് സംഗ്രഹിക്കാം. ഒരു വ്യൂഹ (System)ത്തിന്റെ ഊര്‍ജമെന്ന് പറയുന്നത് ജോലി ചെയ്യുന്നതിനുള്ള അതിന്റെ കഴിവാണ്. സചേതനങ്ങള്‍ക്കും അചേതനങ്ങള്‍ക്കും ഉണ്ട് ഊര്‍ജം. പരിസരവുമായി പ്രതികരണമില്ലാത്ത വ്യൂഹങ്ങളുടെ ഊര്‍ജം സ്ഥിരമാണ്. എന്നാല്‍, ഊര്‍ജത്തിന് രൂപാന്തരണം സാധ്യമാണ്. ഉദാഹരണമായി യാന്ത്രികോര്‍ജ (Mechanical Energy) ത്തെ താപം, പ്രകാശം, വൈദ്യുതി തുടങ്ങിയ രൂപങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴിയും. ഏറ്റവും മൗലികവും ലളിതവുമായ രൂപാവിഷ്‌കാരമാണ് യാന്ത്രികോര്‍ജം.


ചാലകോര്‍ജം (Kinetic Energy), സ്ഥാനീയ ഊര്‍ജം (Potential Energy) എന്നീ രണ്ട് ഭാഗങ്ങളാണതിനുള്ളത്. ഇവ യഥാക്രമം, ചലനവും സ്ഥാനവും അനുബന്ധിച്ചുള്ള ഊര്‍ജരൂപങ്ങളാണ്. ഒരു കെട്ടിടത്തിന്റെ മുകളിലിരിക്കുന്ന ഒരു കല്ലിന്, ഗുരുത്വാകര്‍ഷണം മൂലം ലഭിക്കുന്ന സ്ഥാനീയ ഊര്‍ജമേയുള്ളൂ. കല്ല് സ്വതന്ത്രമായി താഴോട്ട് വീഴുന്നതായി സങ്കല്പിക്കുക. കല്ലിന്റെ സ്ഥാനീയ ഊര്‍ജം കുറേശ്ശേയായി ചാലകോര്‍ജമായി രൂപാന്തരപ്പെടുന്നു. നിലംതൊടുന്ന നിമിഷത്തില്‍ കല്ലിന്റെ മൊത്തം ഊര്‍ജം ചാലകോര്‍ജമാവും. എന്നാല്‍ നിലവുമായുള്ള ഘര്‍ഷണത്തിലൂടെയും, അന്തരീക്ഷത്തിലേക്കുള്ള തുറവിയിലൂടെയും ഈ ഊര്‍ജം താപമായി അപ്രത്യക്ഷമാകുന്നു. നിലത്തിരിക്കുന്ന കല്ലിന്റെ ചാലകോര്‍ജവും സ്ഥാനീയ ഊര്‍ജവും പൂജ്യം. അതിനെ വീണ്ടും ചലിപ്പിക്കണമെങ്കില്‍ പുറത്തുനിന്ന് ഊര്‍ജം നല്കണം.


ഒരു രൂപാവിഷ്‌കാരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പരിവര്‍ത്തിപ്പിക്കാമെന്നതാണ് ഊര്‍ജത്തിന്റെ പ്രധാന സവിശേഷത. ഊര്‍ജത്തെ താപമായോ, പ്രകാശമായോ, വൈദ്യുതിയായോ ഒക്കെ രൂപാന്തരപ്പെടുത്താന്‍ സാധിക്കുന്നത് ഇതു മൂലമാണ്. ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധന്തപ്രകാരം, ദ്രവ്യവും ഊര്‍ജവും സമാനങ്ങളാണ്. അതിനാല്‍ ദ്രവ്യത്തെ ഊര്‍ജമായും, ഊര്‍ജത്തെ ദ്രവ്യമായും രൂപാന്തരപ്പെടുത്താവുന്നതാണ്. ഏതൊരു ഭൗതിക പ്രക്രിയയിലും ഊര്‍ജത്തിന്റെ ഇടപെടലുണ്ട്. ഉദാഹരണമായി, ഒരു എക്‌സോ തെര്‍മല്‍ രാസപ്രവര്‍ത്തനത്തില്‍ ഊര്‍ജം മോചിക്കപ്പെടുകയും, എന്‍ഡോതെര്‍മല്‍ പ്രക്രിയയില്‍ വ്യൂഹം പുറത്തുനിന്ന് ഊര്‍ജം ആഗിരണം ചെയ്യുകയും ചെയ്യുന്നു.