വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളും നവോത്ഥാന പാരമ്പര്യവും -ഡോ. ആന്റണി പാലയ്ക്കല്‍

വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളും നവോത്ഥാന പാരമ്പര്യവും  -ഡോ. ആന്റണി പാലയ്ക്കല്‍

ശബരിമല വിഷയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് അരങ്ങേറുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍, വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളെക്കുറിച്ച് സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചവട്ടത്തില്‍ നടത്തുന്ന ഏതാനും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം.


കേരളത്തിന് സമ്പന്നവും ഉദാത്തവുമായ ഒരു മത-സാംസ്‌കാരിക പാരമ്പര്യമുണ്ട്. ഈ നാടിന്റെ നവോത്ഥാന ചരിത്രം വികസ്വരമാകുന്നതുതന്നെ ആത്മീയ ആചാര്യന്മാരുടേയും ഗുരുവര്യരുടെയും കര്‍മ്മനിരതമായ മഹത്‌സാന്നിധ്യം കൊണ്ടാണ്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, വാഗ്ഭടാനന്ദ, ബ്രഹ്മാനന്ദ സ്വാമി ശിവയോഗികള്‍, സ്വാമി ആഗമാനന്ദ എന്നിവരൊക്കെ ഈ ശ്രേഷ്ഠമായ ആത്മീയ പാരമ്പര്യത്തിന്റെ നീലവിഹായസ്സില്‍ നിതാന്തമായി പ്രശോഭിക്കുന്ന ഉജ്ജ്വല താരങ്ങളാണ്. ആധുനിക കേരളത്തിന്റെ ബോധമണ്ഡലത്തെ മാനവികോന്മുഖമായി പരിവര്‍ത്തിപ്പിക്കുകയും, സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റെയും ശാദ്വലഭൂമിയിലേക്ക് ആനയിക്കുകയും ചെയ്ത വിമോചനാത്മകമായ ആത്മീയധാരയുടെ പ്രതിനിധികളായിരുന്നു ഈ മഹത്‌വ്യക്തിത്വകള്‍. ഇന്ത്യയുടെ ആത്മാവില്‍ കുടികൊള്ളുന്ന ഉത്കൃഷ്ടമായ മതാത്മക പാരമ്പര്യത്തെ മലയാള മണ്ണിലേക്ക് സംക്രമിപ്പിക്കുകയായിരുന്നു ഈ മതാചാര്യന്മാര്‍ ചെയ്തത്.


നവോത്ഥാന കാലഘട്ടത്തിലെ കേരളത്തിന്റെ ഈ മതാത്മക പൈതൃകത്തിന്റെ കാഴ്ചവട്ടത്തില്‍ നിരീക്ഷിക്കുമ്പോള്‍, സമകാലീന മതാത്മകതയും സംഘടിത മതപ്രസ്ഥാനങ്ങളും ഇവിടെ നിലനിന്നിരുന്ന ചൈതന്യവത്തായ മതപാരമ്പര്യത്തിനു തീര്‍ത്തും വിപരീതമായ പ്രതലത്തിലാണു വ്യാപരിക്കുന്നതെന്ന് കാണാം. വിപരീത ധ്രുവങ്ങളില്‍ വ്യാപരിക്കുന്ന മതധാരകളുടെ ഈ പശ്ചാത്തലത്തില്‍, വിശ്വാസം, മതം, ആത്മീയത എന്നിവയെ സംബന്ധിച്ച് ഗൗരവമായ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ആനുകാലിക മത വ്യവഹാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ദൈവസങ്കല്പം, വിശ്വാസം, മതബോധം, ആത്മീയത എന്നിവയുടെയൊക്കെ യഥാര്‍ത്ഥ സ്വഭാവം എന്താണ്? കേരളത്തിലെ നവോത്ഥാന കാലഘട്ടം പ്രതിനിധീകരിക്കുന്ന ആദിമ മതപാരമ്പര്യവും വര്‍ത്തമാന മുഖ്യധാരാ മതവ്യവഹാരങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മതാത്മകതയും തമ്മില്‍ എന്തുകൊണ്ടാണ് ഇടര്‍ച്ചയുണ്ടാകുന്നത്? ആനുകാലിക മതവ്യവഹാരങ്ങള്‍ എത്രമാത്രം യുക്തിസഹവും മാനവികവും സമകാലീന ജീവിതസാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമായി അഭിമുഖീകരിക്കുവാന്‍ പര്യാപ്തവുമാണ്? നവഉദാരകാലഘട്ടത്തിലെ ഉത്തരമുതലാളിത്ത വ്യവസ്ഥിതിയുമായും അതിന്റെ രാഷ്ട്രീയവുമായും മതപ്രസ്ഥാനങ്ങള്‍ക്കുള്ള സംബന്ധമെന്താണ്? ഈ രീതിയില്‍, മതം, വിശ്വാസം, ആത്മീയത, യുക്തി, വാണിജ്യം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീര്‍ണ്ണമായ ഒരു വര്‍ത്തമാന സാമൂഹിക കാലാവസ്ഥയിലേക്കാണ് ഇന്നത്തെ സംഘടിത മതവ്യവഹാരങ്ങളും അവയുടെ ശക്തികേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും വിരല്‍ചൂണ്ടുന്നത്.

മതാധിനിവേശവും ആള്‍ദൈവാധിപത്യവും

ഇന്ന് കേരളത്തിന്റെ വര്‍ത്തമാന സാമൂഹിക ഭൂമിക സമ്പൂര്‍ണ്ണമായും സംഘടിതമതം കയ്യേറിയിരിക്കുകയാണ്. വിമോചനപരവും പുരോഗമനാത്മകവുമായ ഈ നാട്ടിലെ നവോത്ഥാന പാരമ്പര്യത്തെ വിഴുങ്ങുമാറ് കേരള ജനതയുടെ പൊതുസ്വകാര്യ ഇടങ്ങള്‍ സമസ്തവും മതത്തിന്റെ അധീനതിയിലമര്‍ന്നിരിക്കുന്നു. ഈ നിരീക്ഷണത്തിന് ഉപോദ്ബലകമായ ഏതാനും വസ്തുതകള്‍ താഴെപ്പറയുന്നു.


· നഗര-ഗ്രാമ വ്യത്യാസമില്ലാതെ നിരന്തരം കൊണ്ടാടുന്ന പെരുന്നാളുകള്‍, ഉത്സവങ്ങള്‍, ധ്യാന-രോഗശാന്തി-പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍, മതപ്രഭാഷണങ്ങള്‍, കണ്‍വെന്‍ഷനുകള്‍, സത്സഗ്, യോഗ, കുടുംബയോഗങ്ങള്‍, കരയോഗങ്ങള്‍… ഇവയോടനുബന്ധിച്ചുള്ള കാതടപ്പിക്കുന്ന ഉച്ചഭാഷിണികള്‍, ദീപാലാങ്കാരങ്ങള്‍, ജയഘോഷാരവങ്ങള്‍…


· സ്ഥലകാലഭേദമെന്യേ പൊതുനിരത്തുകള്‍ നിറഞ്ഞൊഴുകുന്ന വളരെ സംഘടിതവും ആര്‍ഭാടകരവുമായ ഘോഷയാത്രകള്‍, പ്രദക്ഷിണങ്ങള്‍, താലപ്പൊലികള്‍, കുരിശിന്റെ വഴി, കാവടിയാട്ടം… · വര്‍ഷം മുഴുവന്‍ ഇടതടവില്ലാതെ ഒഴുകുന്ന തീര്‍ത്ഥാടനമേളകള്‍ – മലയാറ്റൂര്‍, ശബരിമല, പരുമല, ഗുരുവായൂര്‍, എടത്വാ, ബീമാപ്പള്ളി, ശിവഗിരി, ചെമ്പഴന്തി… പൊങ്കാലപോലുള്ള മഹാമേളകള്‍…


· വീടുകളിലും ആരാധനാലയങ്ങളിലുമായി ആഘോഷപൂര്‍വ്വം അരങ്ങേറുന്ന വമ്പന്‍ ചടങ്ങുകള്‍, അനുഷ്ഠാനങ്ങള്‍, പൂജാദികര്‍മ്മങ്ങള്‍…

· അനേകകോടികള്‍ മുടക്കി അതിവിപുലമായ രീതിയില്‍ നവീകരിക്കുകയോ, പഴയവ പൊളിച്ച് പുതിയതായി പണിതുയര്‍ത്തുകയോ ചെയ്യുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍, പ്രാര്‍ത്ഥനാമന്ദിരങ്ങള്‍, മതസ്ഥാപനങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍, അരമനകള്‍…

· മതപരമായ ചടങ്ങുകളുടേയും പ്രവര്‍ത്തനങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും പേരില്‍ സ്വന്തം മതസ്ഥര്‍ക്കിടയില്‍ പ്രത്യേകിച്ചും, അന്യമതസ്ഥര്‍ക്കിടയില്‍ പൊതുവെയും, ഒന്നിനു പിറകെ ഒന്നായി നടക്കുന്ന പണപ്പിരിവ്, വിഹിതപ്പിരിവ്, ധനശേഖരണം….

· മതങ്ങളുടെ വാഹകരായും, മതമേധാവികളുടേയും മേലദ്ധ്യക്ഷന്‍മാരുടേയും സംരക്ഷകരായും, സദാചാരത്തിന്റെ സ്വയം പ്രഖ്യാപിത കാവലാളുകളായും നിലകൊള്ളുന്ന മത-സമുദായ സംഘടനകളുടെ ബാഹുല്യം. ഇവരില്‍ ചിലരെങ്കിലും അപരമതസ്ഥരില്‍ ഭീതിപടര്‍ത്തുവാന്‍പോന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയും ഹിംസാത്മകമാകുകയും ചെയ്യുന്നു.

· വീടുവീടാന്തരം കയറിയിറങ്ങിയും തെരുവുയോഗങ്ങള്‍ നടത്തിയും മത്സരബുദ്ധിയോടെ മതപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്ന നൂറുകണക്കിന് പെന്തക്കോസ്ത സഭകളുടെ രംഗപ്രവേശം. പരസ്യ കോലാഹലങ്ങളോടുകൂടി വിപുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചാത്തന്‍സേവാമഠങ്ങള്‍…

· നിരത്തുകളും മാധ്യമങ്ങളും നിറഞ്ഞൊഴുകുന്ന മതസംബന്ധമായ വാര്‍ത്തകള്‍, ദൃശ്യങ്ങള്‍, പരസ്യങ്ങള്‍…

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ വിപരീത ധ്രുവത്തില്‍ കാണുവാന്‍ കഴിയുന്ന ഇത്തരം മതാധിനിവേശ വ്യവഹാരങ്ങളുടെ പട്ടികയില്‍ വളരെ സജീവവും, എന്നാല്‍ ഏറ്റവും ആശങ്കാജനകവുമായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ആള്‍ദൈവങ്ങളുടേത്. കേരള സമൂഹത്തെ അധീനപ്പെടുത്തിയ മേല്‍സൂ?ിപ്പിച്ച മതവ്യവഹാരങ്ങളെ പൊതുവെ പ്രതിനിധാനം ചെയ്യുന്ന ഈ ആള്‍ദൈവപ്രതിഭാസം, സമകാലീന കേരളത്തില്‍ നിലനില്ക്കുന്ന നിഷേധാത്മക മതമണ്ഡലത്തിന്റെ പരിച്ഛേദമാണെന്നു കാണുവാന്‍ കഴിയും.

ആത്മീയ വാണിജ്യം

ഉപഭോഗസംസ്‌കാരം അടിമുടി ഗ്രസിച്ചു കഴിഞ്ഞ കേരള സമൂഹത്തില്‍, വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളും ആള്‍ദൈവങ്ങളും ആത്മീയതയെ വമ്പിച്ച വില്പന മൂല്യമുള്ള വിപണന വസ്തുവാക്കുകയും ഒരു കോര്‍പ്പറേറ്റു ബിസിനസ്സായി അധഃപതിപ്പിക്കുകയും ചെയ്തു. സമ്പത്ത് വാരിക്കൂട്ടുവാന്‍ കഴിയുന്ന കച്ചവടമായി മതം മാറുകയും ആത്മീയത മുഖ്യചരക്കായി വില്ക്കപ്പെടുകയും ചെയ്യുന്ന കേന്ദ്രങ്ങളായി അവരുടെ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും. ആഗോളവത്കരണത്തിന്റെ സാമൂഹ്യ–സാംസ്‌കാരിക പരിതോവസ്ഥയില്‍ മതത്തിനു സംഭവിച്ച പരിണിതികളാണ് ഈ വാണിജ്യവത്കരണവും കോര്‍പ്പറേറ്റുവത്കരണവും. മതാത്മകമായ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടിവ് ഡയറക്ടറും, മാനേജിംഗ് ഡയറക്ടറുമായിട്ടൊക്കെയാണ് പല മതമേലദ്ധ്യക്ഷന്മാരും മഠാധിപതികളും ആള്‍ദൈവങ്ങളും പെരുമാറുന്നത്. ഇപ്രകാരം മതത്തേയും, ആത്മീയതയേയും കച്ചവടച്ചരക്കുകളാക്കുന്ന പ്രവണതയെ ‘ആത്മീയ വാണിജ്യ സംരഭകത്വം’ എന്ന് വിശേഷിപ്പിക്കാം.


സാമ്പത്തിക രംഗത്ത് നിക്ഷേപം നടത്തുകയും ലാഭകരവും കാര്യക്ഷമവുമായ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവരാണ് പ്രഫഷണല്‍ സ്വയംസംരംഭകര്‍. തങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ആത്മീയ പരിവേഷം മൂലധനമാക്കിക്കൊണ്ട്, പ്രഫഷണല്‍ ആത്മീയ സ്വയംസംരഭകരായിത്തീരാന്‍ അവര്‍ക്ക് കഴിയുന്നു. ഈ ആത്മീയ വ്യാപാരകേന്ദ്രങ്ങള്‍ ഒട്ടുമിക്കവയും തങ്ങളുടെ കണക്കറ്റ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഉന്നതവിദ്യഭ്യാസമേഖലയിലും ആരോഗ്യമേഖലയിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി രംഗത്തും നിക്ഷേപിക്കുന്നതിന്റെ സാമ്പത്തികശാസ്ത്രവും മറ്റൊന്നല്ല.