വ്യക്തിഗത കാര്യക്ഷമതാ പരീക്ഷ, നിയമനങ്ങളില്‍ നിര്‍ണ്ണായകം – പ്രഫ. പി.രാമചന്ദ്രപൊതുവാള്‍/ഡോ. കെ. ബാബുജോസഫ്

കൊച്ചിന്‍ സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ അധ്യാപകജീവിതത്തിലെ സ്മരണീയമായ സംഭാവന ?


സര്‍വകലാശാലാ തലത്തില്‍ ബിരുദാനന്തര പഠനത്തിന്റെ ലക്ഷ്യത്തെ ആശ്രയിച്ചേ എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കുകയുളളൂ. സാധാരണ നിലയില്‍ അധ്യാപനത്തെ വിവക്ഷിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നല്‍കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ്. ഞാന്‍ മാത്രം കാരണമാണ് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയത് എന്നു പറയാന്‍ സാധിക്കില്ല. എന്തെന്നാല്‍ അധ്യാപകന്‍ ആകെക്കൂടിയുള്ള സമ്പ്രദായത്തിന്റെ ഒരു ഉത്പന്നമാണ്. ഓരോ അധ്യാപകനും തന്റേതായ സംഭാവന നടത്തിയിരിക്കും. കൂട്ടായ്മയുടെ ഫലമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മികവിനാധാരം. അധ്യാപകന്റെ രണ്ടാമത്തെ ചുമതല ഗവേഷണമാണ്. അധ്യാപനവും ഗവേഷണവും കൂടാതെ വേറെ രണ്ടു കാര്യങ്ങള്‍ കൂടെ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഒന്ന്, അവരവരുടെ പ്രാഗത്ഭ്യം സമൂഹത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കണമെന്നുള്ളത്. വിദഗ്‌ധോപദേശം നല്‍കുന്നത്. രണ്ടാമത്, വിജ്ഞാന വ്യാപനം. ഇങ്ങനെ നാല് കാര്യങ്ങളാണ് സാധാരണ ഒരധ്യാപകനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടവ.


സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിന്റെ തുടക്കക്കാലത്ത് അധ്യാപനത്തിനായിരുന്നു പ്രാമുഖ്യം. രണ്ടാമത്, വിദഗ്‌ധോപദേശം നല്‍കലിനും. അതായത് മാനേജ്‌മെന്റ് വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരുന്നില്ല വ്യവസായങ്ങള്‍ക്ക് കൂടിയായിരുന്നു. വ്യാവസായിക വികസനത്തിനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു അന്ന് മാനേജ്‌മെന്റ് സ്‌കൂള്‍ ചെയ്തിരുന്നത്. അന്നത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളെല്ലാം ഇത്തരത്തില്‍ സഹായം തേടിയിരുന്നു. എന്റെ പ്രധാനപ്പെട്ട സംഭാവനയെന്നു പറയുന്നത്, അധ്യാപനത്തിലും കണ്‍സല്‍ട്ടന്‍സിയിലുമായിരുന്നു.പിന്നീട് എന്റെ ശ്രദ്ധ കൂടുതലും ഗവേഷണത്തിലായിരുന്നു. അധ്യാപനത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത അനുഭവമെന്നു പറഞ്ഞാല്‍ : എം.കോം.കാരനായ, പാര്‍ട്ട്‌ടൈം എം.ബി.എ. ചെയ്യുന്ന മിടുക്കനായ ഒരു ബാങ്ക് മാനേജരുണ്ടായിരുന്നു. നാലാളുടെ മുന്നില്‍ വര്‍ത്തമാനം പറയാന്‍ പറ്റാത്ത ആളായിരുന്നു അയാള്‍. ആലുവ പാലസില്‍വച്ച് ഒരു സെന്‍സിറ്റിവിറ്റി ട്രെയിനിംഗ് നടത്തിയിരുന്നു. ആ സെഷനില്‍വച്ചാണ് ഇയാളുടെ സഭാകമ്പം മാറി മികച്ച ഒരു പ്രാസംഗികനായി മാറുന്നത്. തുടര്‍ന്ന് മികച്ച ജീവിതവിജയം നേടിയ ഒരാളായി മാറി. അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത്, ഇനിയെനിക്ക് എം.ബി.എ. ബിരുദം കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാനാഗ്രഹിച്ചത് ഞാന്‍ നേടിയെടുത്തു കഴിഞ്ഞുവെന്നാണ്. പിന്നീടദ്ദേഹം ജോലി ചെയ്തിരുന്ന ബാങ്കിലെ സ്റ്റാഫ് ട്രെയിനറായി, അതിന്റെ തലവനായി റിട്ടയര്‍ ചെയ്തു. ഇതുപോലെയുള്ള വ്യക്തിത്വ വികസനപദ്ധതികളിലൂടെയുള്ള അനുഭവങ്ങള്‍ ധാരാളമുണ്ട്. ഇത്തരം ആശയവിനിമയശേഷിയില്ലാത്ത ആളുകളെ വ്യക്തിത്വവികസന പരിശീലനത്തിലൂടെ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കും.


? മറ്റേതെങ്കിലും മേഖലയില്‍ താങ്കളുടെ സംഭാവന എന്തൊക്കെയാണ്?


പ്രധാന സംഭാവന വ്യക്തികളുടെ തിരഞ്ഞെടുക്കലിലാണ്. ഒരു കമ്പനിയുടെ ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന നിരീക്ഷണങ്ങള്‍ ഇടപെടലുകള്‍ എന്റേതായിട്ടുണ്ട്. നീണ്ടനാളത്തെ എന്റെ ഗവേഷണ ഫലമായി ഇത്തരം തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഉപകാരപ്രദമായ ഒരു പരീക്ഷാരീതി ഞാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.


? അതിനെക്കുറിച്ച് വിശദമാക്കാമോ?


ഒരു സ്ഥാപനത്തിലെ ഏറ്റവും നിര്‍ണായകമായ പ്രക്രിയയാണ് മാനവവിഭവ തിരഞ്ഞെടുപ്പ്. അത് ഒരു സംരംഭത്തിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ എന്റെ ഇടപെടലുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ പിന്നീട് ആ സ്ഥാപനത്തിന് മുതല്‍ക്കൂട്ടായ ധാരാളം അനുഭവങ്ങളുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയിലെ പ്രവര്‍ത്തന മികവുകളെ അളക്കുന്ന ചില മനഃശാസ്ത്ര അപഗ്രഥനങ്ങളിലൂടെയാണ് ഞാനിത് പ്രവചിക്കുന്നത്.


സാധാരണ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സമയത്ത് നേരിടേണ്ടിവരുന്ന ചില പ്രവണതകളെ ലഘൂകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഞാന്‍ ഇന്ത്യയിലാദ്യമായി തൊഴിലാളികളുടെ മാനസികാപഗ്രഥനത്തിനുള്ള പരീക്ഷ ആവിഷ്‌കരിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നല്ല നിലവാരം പുലര്‍ത്തിയ ഉദ്യോഗാര്‍ത്ഥി ചിലപ്പോള്‍ ജോലിയില്‍ പ്രവേശിച്ചതിനുശേഷം തൊഴില്‍ ദാതാവിന്റെ പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നില്ലായെന്നുവരാം. ഇതിനു പരിഹാരമെന്ന നിലയ്ക്കാണ് നിയമനപ്രക്രിയയില്‍തന്നെ ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവ സവിശേഷതകള്‍ മുന്‍കൂട്ടി കണ്ട് അവ സ്ഥാപനത്തിന് എത്രത്തോളം ഉപകാരപ്രദമാവുമെന്നു പ്രവചിക്കുന്ന സംവിധാനം രൂപപ്പെടുത്തിയത്. ഇത് ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും ശക്തവും പ്രായോഗികവുമായ മാനസിക അപഗ്രഥന ഉപകരണമായാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം മുപ്പതു വര്‍ഷത്തെ ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ഞാനിത് വികസിപ്പിച്ചെടുത്തത്. പൊതുവാളിന്റെ വ്യക്തിഗത കാര്യക്ഷമതാ പരീക്ഷ (Poduval’s Personal Efficacy Test – PPET) എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.