വീടും നാടും കെട്ടുപാടുകൾ ഇല്ലാത്ത സമൂഹവും – ഡോ.ജെ.പ്രഭാഷ്

വീടും നാടും കെട്ടുപാടുകൾ ഇല്ലാത്ത സമൂഹവും  – ഡോ.ജെ.പ്രഭാഷ്

കാലത്തേയും കാര്യത്തേയും നിശ്ചലമാക്കി നിർത്തുക എന്നതാണ് മഹാമാരികളുടെ പൊതുവേയുള്ള ഏർപ്പാട്.തൊഴിൽ ശാലകളെല്ലാം അടച്ചും പ്രവൃത്തികളെല്ലാം നിർത്തിവച്ചും അവ മനുഷ്യനെ വീടുകളിലേക്ക് ആട്ടിതെളിക്കുന്നു. “അതിവേഗത്തിൽ ഭൂതകാലമായി തിരോഭവിക്കുന്ന വർത്തമാന നിമിഷങ്ങൾ / നിരന്തരമായി മുന്നോട്ടു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന കാലം’ എന്ന് മഹാകവി പി. പറഞ്ഞത് മാരിക്കാലത്തിന് ബാധകമാവുന്നില്ല. മനുഷ്യൻ നിശ്ചലനായി നിൽക്കുമ്പോൾ കാലത്തിനെങ്ങനെ മുന്നോട്ട് പോകാനാവും?


റഷ്യൻ കവി ഒസിപ്പ് മണ്ഡെൽസ്റ്റാം (ഛശെു ങമിറലഹമെോ) പറഞ്ഞതാണ് ശരി: “മണ്ണിൽ ചവിട്ടാതെ, ഉച്ചരിക്കുന്ന ശബ്ദങ്ങൾ പത്ത് ചുവടുകൾക്കപ്പുറം കേൾപ്പിക്കാനാവാതെ നാം ജീവിക്കുന്നു’. സമഗ്രാധിപത്യത്തിന്റെ ഏകാന്തതയിൽ, സ്ഥലകാല ബോധമില്ലാതെ, കേൾക്കപ്പെടാനോ കാണപ്പെടാനോ അവകാശമില്ലാതെ, സമൂഹം പോലും കെട്ടുപോയ അവസ്ഥയെ ധ്വനിപ്പിക്കാനാണ് മണ്ഡെൽസ്റ്റാം ഇങ്ങനെ പറഞ്ഞത്.


മഹാമാരികൾ തീർക്കുന്നതു ഒരുതരം സമഗ്രാധിപത്യത്തിന്റെ അന്തരീക്ഷമാണ്. പൗരാവകാശങ്ങളുടെ വിലക്കുകൾ സൃഷ്ടിക്കുന്ന ശൂന്യതയാണല്ലോ സമഗ്രാധിപത്യത്തിന്റെ ലക്ഷണങ്ങളിൽ സുപ്രധാനം. ഇത്തരമൊരു ശൂന്യതയിൽ അല്ലെ ലോകമിപ്പോൾ കഴിയുന്നത്? സ്പർശം, സഞ്ചാരം, രാഷ്ട്രീയം, സാമുഹ്യ ഇടപഴകലുകൾ, ബന്ധങ്ങൾ, എല്ലാം ലോക്ക്ഡൗണിലാണ്. മുഖാവരണം നിർബന്ധമാക്കിയതോടെ, മൂക്ക് പൊത്തിയുള്ള ശ്വസനവും വാപൊത്തിയുള്ള സംസാരവുമാണ് എവിടെയും. വാ പൊത്തിനിൽക്കുന്നവൻ ഒന്നും സംസാരിക്കാത്തവനും വെറും ആജ്ഞാനുവർത്തിയും ആണെന്നാണ് ജാതി സമ്പ്രദായം നൽകുന്ന ഏറ്റവും വലിയ പാഠം. നാം ഇപ്പോൾ അത്തരമൊരു അവസ്ഥയിലാണ്. സംസാരിക്കുന്നവരെ കൊല്ലുന്നതാണ് ലോകത്തെ ഏറ്റവും ‘മഹത്തായ’ ജനാധിപത്യത്തിന്റെ (അമേരിക്കയുടെ) രീതി. മുൻപ് സംസാരിച്ചതിന്റെയും പ്രവർത്തിച്ചതിന്റെയും പേരിൽ മനുഷ്യരെ ഇപ്പോൾ കരുതൽ തുറങ്കലിൽ അടയ്ക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ (ഇന്ത്യയുടെ) ശൈലി. പൗരത്വനിയമ ഭേദഗതിക്കും വർഗീയതയ്ക്കുമെതിരെ നടന്ന പ്രതിഷേധങ്ങൾ ഒാർക്കുക. കൊറോണ മൂലമായാലും ശരി, ഭരണകൂടം മൂലമായാലും ശരി, നാം ഇപ്പോൾ മൗനത്തിന്റെ വാഗ്മേയത്തിലാണ് കഴിയുന്നത്.മുൻപ് പറഞ്ഞ വാക്കുകളുടെയും മുൻപ് ചെയ്ത പ്രവൃത്തികളുടെയും അവശിഷ്ടങ്ങളാണ് ചുറ്റും. ഇൗ വിധം മൃതമായ വാക്കുകളുടെയും പ്രവൃത്തികളുടെയും അവകാശ നിഷേധത്തിന്റെയും പരിസരത്തു നിന്നു വേണം വീടിനേയും നാടിനേയും ബന്ധങ്ങളേയും കുറിച്ച് ചർച്ച ചെയ്യേണ്ടത്.


നാട്ടുചന്തയും മാളും


വീടും നാടും ഉണ്ടെങ്കിലും ഇല്ലെങ്കിലും, ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരക്കുന്ന കാലമാണ് നമ്മുടേത്. സാമൂഹ്യജീവി ആയിരിക്കേണ്ട/ ആയിരുന്ന മനുഷ്യൻ, നവ ഉദാരവൽക്കരണത്തിന്റെ വരവോടെ, വെറും സാമ്പത്തിക ജീവിയായി (ഋരീിീാശര ങമി)  മാറിയിരിക്കുന്നു. അങ്ങേയറ്റം സ്വാർത്ഥനും തനിക്ക് പരമാവധി ഗുണം ലഭിക്കുന്ന കാര്യങ്ങളിൽ മാത്രം വ്യാപൃതനുമാണ് അയാൾ. മൂല്യങ്ങൾ മുതലിന് വഴിമാറുകയും, ലാഭനഷ്ട കണക്കുകൾ മനുഷ്യബന്ധങ്ങളെ നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. പണം സംസ്കാരവും സംസ്കാരം പണവും ആയി മാറിയിരിക്കുന്നു. സാമ്പത്തിക മനുഷ്യൻ ഒരു വിപണിജീവി കുടിയാണ് (ങമൃസല േമിശാമഹ).. പൗരനിൽനിന്ന് ഉപഭോക്താവിലേക്കുള്ള പരിണാമവും ഇത് സൂചിപ്പിക്കുന്നുണ്ട്.


ഇൗ പരിണാമം പഴയ നാട്ടുചന്തയിൽ നിന്ന് ഷോപ്പിംഗ് മാളിലേക്കുള്ള പരിവർത്തനത്തിന്റെ പ്രതീകം കൂടിയാണ്. നാട്ടുചന്തയിലെ മനുഷ്യൻ സാമൂഹ്യജീവി ആയിരുന്നല്ലോ. അയാൾ മറ്റുള്ളവരുമായി മുട്ടിഉരുമ്മി നടന്നും, പരസ്പരം സംസാരിച്ചും, പരിചയം പുതുക്കിയും, പുത്തൻ ബന്ധങ്ങൾ ചമച്ചും, സാമൂഹ്യ ജീവിതത്തിന്റെ ഇഴപിരിയാ കണ്ണിയായി വർത്തിച്ചുപോന്നു.എന്നാൽ നാട്ടുചന്തയിൽ നിന്ന് മാളുകളിൽ എത്തിയപ്പോൾ അയാൾ വെറും ഉപഭോക്താവ് മാത്രമായി പരിമിതപ്പെട്ടു. ഇവിടെ അയാൾ മാനിയും,ബന്ധങ്ങൾ പുതുക്കുന്നതിലും പുത്തൻ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും വിമുഖനുമാണ്. എല്ലാ സാധനങ്ങളും തരംതിരിച്ച്, ലേബൽ ഒട്ടിച്ച് പ്രദർശിപ്പിച്ചിരിക്കുന്നതിനാൽ അവരവർക്ക് വേണ്ടുന്ന സാധനങ്ങൾ സഞ്ചിയിൽ പെറുക്കി ഇടുകയെ വേണ്ടു. നാട്ടു ചന്തകൾ സാമൂഹ്യജീവിയാക്കിയ മനുഷ്യനെ മാളുകൾ വെറും പെറുക്കികളാക്കി മാറ്റി.


സാമ്പത്തിക ജീവി ലോക്ക്ഡൗൺ കാലത്ത് യാതൊരുവിധ സാമ്പത്തിക ക്ഷതവുമേൽക്കാതെ രക്ഷപ്പെട്ടവരും ഇവരാണ്.ഇവർ സ്ഥിര വരുമാനക്കാരോ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ (ംീൃസ ളൃീാ വീാല)  കഴിയുന്നവരോ ആണ്.ഇവരെ സംബന്ധിച്ചിടത്തോളം വീട്, കേറികിടക്കാനുള്ളൊരിടത്തിനപ്പുറം, ഒരു കംഫർട്ട് സോൺ ആണ്. അനുഭവവേദ്യമായ യാഥാർത്ഥ്യമാണ്.ഇവരാണ് സമൂഹത്തിൽ ഗണിക്കപ്പെടുന്നവർ.ഇവരുടെ ശബ്ദത്തിനാണ് സമൂഹവും ഭരണകൂടവും ചെവികൊടുക്കുന്നതും.


എന്നാൽ ഇതിന്റെ നേരെ വിപരീതമാണ് മറ്റുള്ളവരുടെ കാര്യം. സാമ്പത്തിക മനുഷ്യനോ വിപണിജീവിയോ അല്ലാത്ത ഇവർക്ക് പൌരാവകാശങ്ങളോ ഭരണഘടനയുടെ പരിരക്ഷയോ ഭരണകൂടത്തിന്റെ സംരക്ഷണമോ ലഭിക്കുന്നില്ല. പരൻ എന്ന നിലയ്ക്കുള്ള ഇവരുടെ അസ്തിത്വത്തിന്റെ ഏക മാനദണ്ഡം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിരിക്കുന്നു എന്നത് മാത്രമാണ്.ഇവർ ഒരിക്കലും ആരുമായിരുന്നില്ല. ഒരിക്കലും ആരുമാകുന്നുമില്ല. ഒഴിവാക്കപ്പെടാവുന്ന ജ•ങ്ങൾ. വിപണിയാലും ഭരണകൂടത്താലും ഉപേക്ഷിക്കപ്പെട്ട ഇവരിൽ മഹാഭൂരിപക്ഷത്തിനും വീടും നാടും – പ്രത്യേകിച്ച് വീട് – അനുഭവം എന്നതിനെക്കാൾ കേവലം സംജ്ഞകൾ മാത്രമാണ്. ഇവർക്ക് വീട്ടിൽ (വീട് ഉണ്ടെങ്കിൽ) പട്ടിണിയും നാട്ടിൽ അവഗണനയുമാണ്.വീട് ഇല്ലാത്തവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഭരണകൂടത്തിന്റെ രാഷ്ട്രീയവും സമൂഹത്തിന്റെ പരികല്പനകളും ഇവരെ തൊട്ടുഴിഞ്ഞ് കടന്നുപോകുന്നു. രണ്ട് കൂട്ടർക്കും അരക്ഷിതത്വത്തിന്റെ രാഷ്ട്രീയം അന്യമായതുകൊണ്ട് ഇത്തരക്കാരുടെ ആവലാതികൾ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നു. ഭരണകൂടങ്ങൾ എവിടെയും വരേണ്യവർഗം (വീടും നാടുമുള്ളവർ എന്നും വായിക്കാം) പറയുന്നത് ശ്രദ്ധിക്കുകയും, ജനങ്ങളോട് പ്രസംഗിക്കുകയും ചെയ്യുകയാണ് പതിവ്. ഇതാണ് കേൾവിയുടെയും പറച്ചിലിന്റെയും രാഷ്ട്രീയം – ുീഹശശേര െീള ഹശലെേിശിഴ മിറ ുെലമസശിഴ..


തുച്ഛ വേതനത്തിനാണെങ്കിലും,മറ്റുള്ളവരെ അപേക്ഷിച്ച്, ഇവർ പണിയെടുക്കുന്നത് വീടിന് പുറത്താണെന്നത് ശ്രദ്ധേയമാണ്.ഇത് മറ്റൊരു വസ്തുതയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.മഹാമാരിയെ പേടിച്ചുള്ള വീട്ടിലിരിപ്പ് ഇവർക്ക് ഇരട്ട പ്രഹരമായി. തൊഴിൽ നഷ്ടപ്പെട്ടതോടെ ആരോഗ്യ പ്രതിസന്ധി ജീവസന്ധാരണത്തിന്റെ പ്രതിസന്ധി കൂടിയായി.കൂലിപ്പണിയെക്കാൾ (ംമഴല ഹമയീൗൃ)  കൂലി ഇല്ലാ ജീവതമാണ് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭയാനകം.പ്രശസ്ത അമേരിക്കൻ സാംസ്കാരിക ചരിത്രകാരൻ മൈക്കൽ ഡെന്നിംഗിന്റെ ഭാഷയിൽ പറഞ്ഞാൽ, ചൂഷണത്തെക്കാൾ ചൂഷണം ചെയ്യപ്പെടാതിരിക്കുക എന്നതാണ്, ഇന്നത്തെ അവസ്ഥയിൽ, മുതലാളിത്ത വ്യവസ്ഥയിലെ ഏറ്റവും വലിയ ദുരന്തം.


ഇതിനേക്കാൾ വലുതാണല്ലോ കുടിയേറ്റ തൊഴിലാളികളുടെ ധർമ്മസങ്കടം. നാട്ടിൽ പോകാനാവാതെ, തൊഴിൽ ഇടത്തിനും വീടിനും ഇടയിൽ തറഞ്ഞു നിൽക്കേണ്ടി വന്നത് അവർക്ക് സ്വത്വ പ്രതിസന്ധിയുടെ മറ്റൊരു മാനംകൂടി പ്രദാനം ചെയ്തു. ഇതുതന്നെയല്ലെ പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയും? രാജ്യം അന്യതാവുമ്പോൾ സാമൂഹ്യ-സാംസ്കാരിക അരക്ഷിതാവസ്ഥ പ്രശ്നത്തിന്റെ അളവും തൂക്കവൂം വർദ്ധിപ്പിക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം.ഇത് വീടും നാടും ഉള്ളവരുടെ കാര്യമാണ്. എന്നാൽ വീടും നാടും നഷ്ടപ്പെട്ടവരുടെ അവസ്ഥ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്നു. ഇതിൽ ചിലർക്കെങ്കിലും വീടും നാടും ഒരു പേക്കിനാവ് കൂടിയാണ്.


വീടും നാടും നഷ്ടപ്പെട്ടവർ


വീടും നാടും സ്വന്തക്കാരും ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നവരുടെ ധർമ്മസങ്കടം ഏത് തുലാസിൽവച്ച് അളന്ന് തിട്ടപ്പെടുത്താനാണ് നമുക്കാവുക? ഭരണകൂട പീഡനമോ വംശീയ സംഘർഷമോ പാരിസ്ഥിതിക ദുരന്തങ്ങളോ ഭീകരപ്രവർത്തനമോ ആകാം പലായനത്തിന്റെ നിമിത്തം.ഇറാനും ഇറാഖും ടർക്കിയും സിറിയയും മിയാൻമറുമെല്ലാം നമുക്ക് മുന്നിലെ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ മറ്റൊരു രീതിയിൽ ഇത് സംഭവിക്കാൻ തുടങ്ങുന്നു. ഇവിടെ പലായനമല്ല നിയമനിർമ്മാണത്തിലൂടെ ഒരുകൂട്ടം മനുഷ്യരെ (ഏതാണ്ട് 20 ലക്ഷത്തോളം പേരെ) പൗരത്വത്തിൽനിന്ന് പുറത്താക്കാനാണ് ശ്രമം.അസമിലെ പൗരത്വ പ്രശ്നത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.


ഒരു തീയതിയാണ് ഇവിടെ കാര്യങ്ങൾ നിർണ്ണയിക്കുന്നത്. അതിന്റെ അപ്പുറവും ഇപ്പുറവും പൗരത്വത്തേയും പൗരത്വം ഇല്ലായ്മയേയും – ഒരർത്ഥത്തിൽ അകവും പുറവും – നിശ്ചയിക്കുന്നു. 1971 മാർച്ച് 25 ആണ് പ്രസ്തുത തീയതി. എഴുപത്തി ഒന്നിന് മുൻപ് ജനിച്ചവർ ഇന്ത്യൻ പൗര•ാർ, അതിനുശേഷം പിറന്നവർ ഒഴിവാക്കപ്പെടേണ്ടവർ “മിച്ച മനുഷ്യർ’ (ൗെൃുഹൗ െവൗാമി യലശിഴ)െ. എത്ര ലാഘവത്തോടെയാണ് ഒരുപറ്റം മനുഷ്യരെ ഭരണകൂടവും നിയമവ്യവസ്ഥയും അധികാര രാഷ്ട്രീയവും ചേർന്ന് അശരണരാക്കിയത്? അവരുടെ വർത്തമാനവും ഭാവിയും തട്ടിയെടുത്തത്?


രാജ്യങ്ങളുടെ ജനനത്തിലും മുന്നോട്ടുള്ള പ്രയാണത്തിലും തീയതികൾക്ക് പ്രാധാന്യമുണ്ടെങ്കിലും – ഉദാഹരണമായി, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗസ്റ്റ് 15, 1947 – പലപ്പോഴും അവ അന്തസാര ശൂന്യമായി ഭവിക്കാറുണ്ടെന്ന് ഇത് തെളിയിക്കുന്നു. ഘടികാരത്തിന്റെ സഞ്ചാരമാണല്ലോ – ഒന്നു മുതൽ 12 വരെയുള്ള അതിന്റെ ഗമനം – തീയതികൾ സൃഷ്ടിക്കുന്നത്. അതിന്റെ ചലനം യാന്ത്രികമാണെങ്കിലും, മനുഷ്യൻ അതിന് ആശയങ്ങൾ നൽകുന്നു. അങ്ങനെ മാസങ്ങളും വർഷങ്ങളും ജനിക്കുന്നു. എന്നാൽ ഇത് മനുഷ്യരെ അകറ്റാനും സമൂഹത്തെ കീറിമുറിക്കാനും ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.


അസം പ്രശ്നത്തിലേക്ക് തിരിച്ചുവന്നാൽ, 1971 മാർച്ച് 25 എന്ന തീയതിയിൽ നാം എത്തിച്ചേരുന്നത് 1988 ഒാഗസ്റ്റ് 15 നാണ് (അന്നാണല്ലോ അസം ഉടമ്പടി ഒപ്പിടുന്നത്). പരരത്വ പട്ടിക പ്രസിദ്ധീകരിച്ചതാവട്ടെ 2018 ജൂലൈ 30-ഉം. അതായത്, 1971 സംഭവിക്കുന്നത് 2018 -ൽ ആണ്. ഇതാണ് തീയതികളുടെ അന്തസാരശൂന്യത. ഇതിനിടയിൽ (1971-2018)ഇവിടെ ജനിച്ചവരും വളർന്നവരും ഇൗ അന്തസാരശുന്യതയുടെ ഇരകളാവാൻ പോവുകയാണ്. ‘പുറത്താക്കൽ’ ആരംഭിച്ചിട്ടില്ലാത്തതിനാൽ ‘മിച്ചമനുഷ്യർക്ക്’ ഇനി ജനിക്കുന്ന കുഞ്ഞുങ്ങൾക്കും ഇൗ ഗതി തന്നെയാണ്.


വീടും നാടും ബന്ധങ്ങളും എത്ര ദുർബലമാണെന്ന് ഇത്തരം കാര്യങ്ങൾ ഒാർമ്മപ്പെടുത്തുന്നു. മനുഷ്യർ തമ്മിൽ സ്നേഹിക്കുന്നിടത്തോളംകാലം, പരസ്പരം മനസിലാക്കാൻ വാക്കുകൾ പോലും വേണ്ടിവരുന്നില്ല. ചക്രവാളത്തിൽ കടലും ആകാശവും കൂട്ടിമുട്ടുന്നു എന്നത് മിഥ്യയാണല്ലോ. അത് വെറും വിശ്വാസവും ആഗ്രഹവുമാണ്. ഇത് തന്നെയാണ് മനുഷ്യർ സ്നേഹിക്കുമ്പോൾ സംഭവിക്കുന്നതും. ബന്ധങ്ങളിൽ ഇല്ലാത്ത പലതും നാം കല്പിച്ചെടുക്കുന്നു. തമ്മിൽ ശത്രുതാപരമായ ഭിന്നതകളും, അകവും പുറവും, അവിടെയും ഇവിടെയും ഇല്ലെന്ന് നമുക്ക് തോന്നുന്നു. ഇത്തരം തോന്നലുകളാണ് വീടിനെയും നാടിനേയും ബന്ധങ്ങളെയും കോർത്തിണക്കുന്നത്.


പക്ഷേ പ്രശ്നം, മനുഷ്യൻ കൽപ്പാന്തകാലത്തോളം സ്നേഹിക്കുന്നില്ല എന്നതാണ്.അധികം ചെല്ലുമുമ്പ് താല്പര്യ സംഘർഷങ്ങൾ പൊട്ടിമുളയ്ക്കുന്നു. അധികാര രാഷ്ട്രീയക്കാരും ചുവപ്പുനാടയുടെ വാണിഭക്കാരും (യൗൃലമൗരൃമര്യ)  മൂലധന ശക്തികളും ചേർന്ന് പ്രശ്നങ്ങൾ മുതലെടുക്കുന്നു.


ഇത്തരം ശക്തികളെ നിലയ്ക്ക് നിർത്താൻ പാകത്തിൽ ജനാധിപത്യത്തെ പുന:നിർവചിക്കുക എന്നതാണ് കാലഘട്ടത്തിന്റെ ആവശ്യം.ഇതിന്, പക്ഷേ, നമുക്ക് വർത്തമാനത്തിന്റെ ഭയ-ക്രൗര്യത്തേയും, നമ്മുടെതന്നെ മൃഗ തൃഷ്ണയേയും മറികടക്കാനാവണം. പ്രകൃതിയും മനുഷ്യനുമായുള്ള ഒരു ഇണങ്ങിച്ചേരലും ഇതിൽ അന്തർലീനമായിട്ടുണ്ട്. ഇതിനെ ഉൾക്കൊള്ളുന്നതും വരുംതലമുറകൾ ഉൾപ്പടെ എല്ലാ മനുഷ്യരുടെയും നിലനില്പിനും വളർച്ചയ്ക്കും ഇടം നൽകുന്നതുമാവണം വികസനം.”തൊട്ടു തൊട്ടില്ലെന്നായ സമസുന്ദരലോകം / ദൃഷ്ടിയിൽ നിൽപ്പൂ ദൂരെ ഗന്ധർവപുരി പോലെ” എന്നാണ് വൈലോപ്പിള്ളി വിലപിച്ചത്. ആ ഗന്ധർവപുരിയെ സമൂഹമധ്യത്തിലേക്ക് കൊണ്ടുവരാൻ നമുക്കാവണം. അപ്പോഴാണ് വീടും നാടും തമ്മിൽ ജൈവ ബന്ധം ഉണ്ടാവുന്നത്.